വളരെ പ്രസിദ്ധമായ ഒരു സംസ്കൃതശ്ലോകത്തിനു ഞാന്‍ ഒരു മലയാളഭാഷാന്തരീകരണം നടത്താന്‍ ശ്രമിച്ചു. അതാണിവിടത്തെ പ്രതിപാദ്യവിഷയം.
മൂലശ്ലോകവും പരിഭാഷയും താഴെ കൊടുക്കുന്നു.
മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്‍മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ?
മദ്യം ശാപ്പിട്ടു കോന്തന്‍, കലപിലബഹളംകൂട്ടിടും നേരമയ്യോ!
ചന്തിക്കാഞ്ഞാഞ്ഞുകൊത്തീ, കരളവിഷമയം മുറ്റുമാത്തേളുവീരന്‍
തിട്ടം കള്ളോടുചേര്‍ന്നി, ട്ടതിസരഭസം തേള്‍വിഷം പ്രാസരിക്കേ
മുഠാളന്‍ മര്‍ക്കടന്‍ താന്‍, ചറപറ വളിവിട്ടെന്റെ വാര്‍തിങ്കളാളെ
ഇങ്ങിനെയൊരു പരിഭാഷക്ക് പ്രേരകമായത് എന്താണെന്നു പറയാം.
ആദ്യമായി ഏതു സന്ദര്‍ഭത്തിലാണു ഈ സാഹസത്തിനു തുനിഞ്ഞത് എന്നു വിവരിക്കാം.
ദൂരദേശത്ത് തീര്‍ത്ഥാടനത്തിനു പോയി തിരിച്ചു വരുന്ന ഒരു കാമുകന്‍ തന്റെ കാമുകിയോട് വഴിയോരക്കാഴ്ചകള്‍ വര്‍ണ്ണിക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ടാണു മേല്‍പ്പറഞ്ഞ ശ്ലോകത്തിനു പരിഭാഷയെഴുതാനിരുന്നത്. അതുകൊണ്ടാണു “വാര്‍തിങ്കളേ” എന്നു പ്രയോഗിച്ചിരിക്കുന്നത്.
അതിരിക്കട്ടെ.
ഒരു കുരങ്ങന്‍ കള്ളുകുടിച്ച് പരാക്രമം കാണിക്കുന്നു. സ്വതവേ ചപലസ്വഭാവിയാണല്ലോ വാനരന്‍. പിന്നെ കള്ളു കുടിച്ചാലത്തെ കഥ പറയാനുണ്ടോ?
അപ്പോഴാണു അവനെ ഒരു തേള്‍ കുത്തുന്നത്. പിന്നെ എന്തൊക്കെ കാട്ടിക്കൂട്ടി എന്നു ഊഹിക്കാവുന്നതേയുള്ളു.
ഇത്രയും കാര്യങ്ങള്‍ മൂലശ്ലോകത്തിന്റെ ആദ്യത്തെ രണ്ടു വരികള്‍ വ്യക്തമാക്കുന്നു.
ഇനിയാണു കളി.
പിന്നെ കവി ഇങ്ങിനെ പറയുന്നു:
തന്‍മദ്ധ്യേ = അതിനിടയില്‍
ഭൂതസഞ്ചാരം = ഭൂതസഞ്ചാരവും സംഭവിച്ചു.
കിം ബ്രൂമോ? = എന്തു പറയാന്‍?
വൈകൃതം സഖേ = കാട്ടിക്കൂട്ടിയ കോപ്രായങ്ങളെപ്പറ്റി.
ഇനി ഈ “ഭൂതസഞ്ചാരം” എന്ന പ്രയോഗം കൊണ്ട് കവി എന്താണുദ്ദേശിച്ചത് എന്നതാണു ചോദ്യം?
പണ്ഡിതവര്യന്‍മാരായ പലരുടേയും ശ്ലോകങ്ങള്‍ വ്യാഖ്യാനങ്ങളില്‍ക്കൂടി വിവിധങ്ങളായ ആശയങ്ങള്‍ പ്രകടീകരിച്ച് അത്യന്തശോഭയണിയാറുണ്ട്.
പഞ്ചഭൂതങ്ങളില്‍ പെടുന്ന ഒന്നാണല്ലോ “വായു”. അപ്പോള്‍ “ഭൂതസഞ്ചാരം” എന്നതിനെ “വായുസഞ്ചാരം” എന്നും വ്യാഖ്യാനിക്കാവുന്നതാണു.
അതിനെ കവി “വൈകൃതം” എന്ന പ്രയോഗത്തിലൂടെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് പരിഭാഷയിലെ അവസാനവരിയില്‍ വര്‍ണ്ണിച്ചിരിക്കുന്നതു തന്നെയല്ലേ അദ്ദേഹം ഉദ്ദേശിച്ചത് എന്നു ബലമായി സംശയിക്കുന്നു.
ഈ പരിഭാഷ ഞാന്‍ ഉമേഷിന്റെ തേളും ബ്ലോഗറും എന്ന പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.
ബൂലോകത്തിലെ പണ്ഡിതവര്യന്‍മാര്‍ വിധിക്കട്ടെ.
തെറ്റാണെങ്കില്‍ കല്ലെറിയൂ.
ചാത്തനെവിടെ?
പകര്‍പ്പവകാശം: ആവനാഴി
Subscribe to:
Post Comments (Atom)
1 comment:
“വളരെ പ്രസിദ്ധമായ ഒരു സംസ്കൃതശ്ലോകത്തിനു ഞാന്‍ ഒരു മലയാളഭാഷാന്തരീകരണം നടത്താന്‍ ശ്രമിച്ചു. അതാണിവിടത്തെ പ്രതിപാദ്യവിഷയം.”
Post a Comment