Friday, February 16, 2007

ഷാപ്പിന്റെ പിറകില്‍ കണ്ടത്

രാവിലെ എഴുനേറ്റപ്പോള്‍ അയാള്‍ക്കു കള്ളുകുടിക്കണമെന്നു തോന്നി.

തലേന്നു ദുബായില്‍ നിന്നു നെടുമ്പാശ്ശേരിക്കുള്ള ഫ്ലൈറ്റ്. പിന്നെ കാറില്‍ വീടു വരെയുള്ള യാത്ര.

വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായി.

ഒന്നു കുളിച്ചു. ചോറുണ്ടു. കിടന്നു.

എയര്‍കണ്‍‌ഡീഷണറിന്റെ സുഖശീതളിമയില്‍ ഗാഢനിദ്രയിലായ അയാള്‍ രാവിലെ ഉണര്‍ന്നപ്പോള്‍ പത്തു മണി കഴിഞ്ഞിരുന്നു.

കള്ളു കുടിക്കണം.

രാവിലെയായാല്‍ നല്ല മധുരക്കള്ളു കിട്ടും.

എത്രയൊക്കെ ശ്രദ്ധിച്ചാലും കള്ളുംകുടത്തില്‍ ചെറിയ ചെള്ളുകളും പ്രാണികളും ചത്തു പൊങ്ങിക്കിടപ്പുണ്ടാകും.

അതുകൊണ്ടു തന്നെയാണു നാട്ടിലേക്കു പുറപ്പെടുന്നതിനു ആറു മാസം മുമ്പേ അയാള്‍ മേല്‍മീശ വളര്‍ത്തുകയും അതു ട്രിം ചെയ്യാതെ സൂക്ഷിക്കുകയും ചെയ്തത്.

കുളിച്ചു മുടി ചീകി സില്‍ക്കുഷര്‍ട്ടിട്ട് മേലാകെ അത്തറു പൂശി അയാള്‍ കള്ളുഷാപ്പിലേക്കു നടന്നപ്പോള്‍ വേലിക്കരികില്‍ പെണ്ണുങ്ങള്‍ കിന്നാരം പറയാനെത്തി.

“ബാലഗോപാലന്‍ ചേട്ടനെപ്പോള്‍ വന്നു?”

“കഴിഞ്ഞ തവണ വന്നപ്പോള്‍ ചേട്ടന്‍ ക്ലീന്‍ ഷേവായിരുന്നല്ലോ. ഇപ്പോഴെന്താ ചേട്ടാ ഈ കൊമ്പന്‍ മീശ?”

കൊമ്പന്‍ മീശ കണ്ടു പേടിക്കണ്ട പെണ്ണേ.

ന്നാലും നിനക്കു വയസ്സറിയിച്ച വിവരം എന്നെയൊന്നറിയിച്ചില്ലല്ലോ എന്നയാള്‍ പറഞ്ഞില്ല.

**********************************

കള്ളുഷാപ്പിനു കഴിഞ്ഞകൊല്ലം കണ്ടതിനേക്കാള്‍ പരിഷ്കാരം വരുത്തിയിരിക്കുന്നു.

“എയര്‍ കണ്‍‌ഡീഷനില്ലെങ്കില്‍ കഷ്ടമേഴ്സിനെ കിട്ടില്ല ബാലാ”

“കോളേജുപിള്ളേരല്ലേ ഇപ്പോള്‍ ഷാപ്പു മുഴുവന്‍. രാവിലെ രണ്ടെണ്ണം വീശിയിട്ടാണു കോളേജിലേക്കു പോകുന്നത്. ഇപ്പോള്‍ പണ്ടത്തെ കാലമൊന്നുമല്ല ബാലാ”

കൊച്ചു കുടത്തില്‍നിന്നു കള്ളു മോന്തിക്കൊണ്ട് കണാരേട്ടന്‍ പറഞ്ഞു.

“ഇപ്പോള്‍ കോപ്പയിലല്ലേ കള്ള്?”

പഴമയിലേക്കു തിരിച്ചുപോകാനുള്ള ആവേശം, പഴമയില്‍ പതിരില്ല എന്നുള്ള തിരിച്ചറിവ് ഇതെല്ലാം ഈ പോസ്റ്റ് മോഡേണ്‍ യുഗത്തില്‍ നാടെല്ലാം അല തല്ലാന്‍ തുടങ്ങിയിരുന്നു.

ഒരിക്കല്‍ മണ്‍‌മറഞ്ഞുപോയ പാലക്കാമോതിരവും, കുന്നികുരുമാലയും, അഡ്ഡിലും, പതക്കവും, പാദസരവുമെല്ലാം ഇന്നത്തെ ഫാഷന്‍ സ്റ്റേറ്റുമെന്റുകളായി മാറി.

കയ്യില്‍ നാലു ചക്രമുള്ളവര്‍ പഴയ പ്രതാപത്തിലുള്ള നാലുകെട്ടുകളും എട്ടുകെട്ടുകളും പണിതുയര്‍ത്തി.

അസ്തിത്വദുഖത്തിന്റെ വേപഥു പേറുകയും അതില്‍ ഒരു പാരഡൈം ഷിഫ്റ്റ് കണ്ടെത്തുകയും ചെയ്ത ജനം മല്‍‌സരിച്ചു മല്‍‌സരിച്ചു ഒരു രസത്തിനും പിന്നെ മാനസോല്ലാസത്തിനും വേണ്ടി ധാരാളമായി മരനീര്‍ മോന്തുകയും ഷാപ്പില്‍ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തപ്പോള്‍ കിഴക്കന്‍ മലകളില്‍ വെടിയിറച്ചിയും കള്ളറാക്കും കഴിച്ച് പൂസായ ചാക്കിരിമൂപ്പന്‍ ഒരു സെവന്‍ അപ് വിട്ടു.

മൂന്നു മേലോട്ടും. നാലു കീഴോട്ടും.

മൂന്നും നാലും ഏഴ്.

കടിപ്പാനും കൊറിപ്പാനും ധാരാളമുണ്ടായിരുന്നതിനാല്‍ കൊറിയല്ല കടിയാണു നന്നെന്നു ശഠിച്ചു.

“റാന്‍. തിരുവായ്ക്കില്ലെതിര്‍‌വായ്”

പഞ്ചപുഛമടക്കിനിന്ന സപ്ലയര്‍ കൊച്ചു കൊച്ചു കുടങ്ങളില്‍ പനങ്കള്ളു നിറച്ച് അവരുടെ മുമ്പില്‍ വക്കുകയും രണ്ടടി പുറകോട്ടു മാറി നിന്നു ചപ്പതം കുറച്ചു ചോദിക്കുകയും ചെയ്തു.

“തിമ്മാന്‍?”

“താറാവു പെരളനോ, അതോ പോത്തോ?”

“ബണ്ടി ഇടിച്ചു ചത്ത കോയീന്റെ കറീം ഇണ്ട്”

പനങ്കള്ളും പോത്തിറച്ചി ഉലര്‍‌ത്തിയതുമാണു ബാലഗോപാലന്‍ ഓര്‍‌ഡര്‍ ചെയ്തത്.

തലയില്‍ തൊപ്പിപ്പാള ധരിച്ച സപ്ലയര്‍ ഒരു കുടം നിറയെ കള്ളു കൊണ്ടു വന്നു വച്ചു.

“ഇറച്ചി താളിക്കാം, അല്ലേ ചേട്ടാ?”

“ആയിക്കോട്ടെ”

സപ്ലയര്‍ ഒരു മണ്‍ചട്ടി ഗ്യാസ്കുക്കറില്‍ വച്ച് ശകലം വെളിച്ചെണ്ണ ഒഴിച്ച് കടുകു വറുത്തു. രണ്ടു ഇതള്‍ കരിയാപ്പിലയും കുറച്ചു ഉള്ളി അരിഞ്ഞതും കൂടി വാരിയിട്ടിളക്കി ഒന്നു മൊരിഞ്ഞപ്പോള്‍ ഒരു പ്ലേറ്റു നിറയെ പോത്തിറച്ചിക്കറി ഒരു വലിയ ഉരുളിയില്‍നിന്നു കോരിയെടുത്ത് ചട്ടിയിലിട്ടു ചട്ടുകം കൊണ്ടു രണ്ടിളക്കിളക്കി ചട്ടിയെപ്പാടെ ബാലഗോപാലന്റെ മുമ്പില്‍ കൊണ്ടു വച്ചു.


അയാള്‍ ചുറ്റും നോക്കി.

എല്ലാവര്‍ക്കും കള്ള് കുടങ്ങളിലും തിമ്മാനുള്ളത് ചട്ടികളിലുമാണു വിളമ്പുന്നത് എന്നു അയാള്‍ക്കു മനസ്സിലായി.

കറി ഒന്നു താളിച്ചു ചൂടാക്കി കൊടുക്കുന്നത് പുതിയ പരിഷ്കാരമാണെന്നും സപ്ലയറുടെ തലയിലെ തൊപ്പിപ്പാള പഴമയിലേക്കു തിരിച്ചുപോകുന്നതിന്റെ ഭാഗമായിട്ടാണെന്നും തിരിച്ചറിയാന്‍ അയാള്‍ക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഒരു കുടം കള്ളു കൂടി വാങ്ങി കുടിച്ചതിനുശേഷം അയാള്‍ കുറച്ചു കപ്പ വേവിച്ചതും കോഴിക്കറിയും ടേക് എവേ ആയി വാങ്ങി ഷാപ്പിന്റെ പിന്നാമ്പുറത്തെ വാതില്‍ തുറന്നു പുറത്തിറങ്ങി.

ഷാപ്പിന്റെ പുറകിലൂടെ ഒഴുകുന്ന തോട് ചാടിക്കടന്നാല്‍ പുഞ്ചപ്പാടം.

പാടത്തിനക്കരെയാണു കനകോപ്പോളുടെ വീട്.

പാടത്തൂടെ പോയാല്‍ വേഗം ഓപ്പോളുടെ വീട്ടിലെത്താം.

അതുകൊണ്ടാണയാള്‍ ഷാപ്പിന്റെ പുറം വാതിലിലൂടെ പുറത്തിറങ്ങിയത്.

ഷാ‍പ്പിന്റെ പുറകുവശത്ത് തെങ്ങിന്‍‌ചോട്ടില്‍ നല്ല വൃത്തിയുള്ള മണ്‍‌ചട്ടികള്‍ ഇരിക്കുന്നതയാള്‍ കണ്ടു. അയാള്‍ കറി വാങ്ങി കഴിച്ച അതേ മാതിരി മണ്‍ചട്ടികള്‍.

അവിടെ വഴിമുടക്കി നിന്ന കൊടിച്ചിപ്പട്ടിയുടെ പള്ളക്ക് ആഞ്ഞൊരു ചവിട്ടു കൊടുത്തുകൊണ്ട് അയാള്‍ മുന്നോട്ടു നടന്നു.

കീ കീ എന്നു മോങ്ങിക്കൊണ്ട് പട്ടി അകലേക്കോടിപ്പോയി.

അയാള്‍ തോടിന്നക്കരെയെത്തിയപ്പോള്‍ പട്ടി വീണ്ടും പൂര്‍‌വസ്ഥാനത്തെത്തി അടഞ്ഞ വാതിലിലേക്കും നോക്കിയിരുപ്പായി.

അടുത്ത ചട്ടിയും കാത്ത്.


*********************************************


പകര്‍പ്പവകാശം: ആവനാഴി

Tuesday, February 13, 2007

ഒവ്വ

കഴിഞ്ഞ കൊല്ലം കന്നിമാസത്തിലെ നിലാവുള്ള ഒരു രാത്രിയിലാണു അയാള്‍ വന്നത്. നേരം വെളുക്കും മുമ്പേ തിരിച്ചുപോവുകയും ചെയ്തു.

ഇക്കൊല്ലമാകട്ടെ അയാള്‍ കര്‍‌ക്കിടകത്തിലെ കറുത്ത വാവിന്‍ നാള്‍ സന്ധ്യ മയങ്ങിയപ്പോള്‍ വന്നു.

വന്ന പാടെ അയാള്‍ നേരെ അടുക്കളയിലേക്കു പോയി. അവിടെ നിലത്തിട്ടിരുന്ന ചാക്കുകഷണത്തില്‍ ചമ്രം പടിഞ്ഞിരുന്നു.

“ഊണു കഴിക്കാം, അല്ലേ കനകം?”

“മീന്‍ വെന്തില്ലല്ലോ ചേട്ടാ.“ കരിവേപ്പിലയുടെ രണ്ടു കതിരുകള്‍ മീന്‍ ചട്ടിയിലേക്കെറിഞ്ഞുകൊണ്ട് അവള്‍ പ്രതിവചിച്ചു.

“വേവട്ടെ; എന്നിട്ടു വിസ്തരിച്ചുണ്ണാം. നീ രണ്ടു കാന്താരിമുളകും ചുവന്നുള്ളിയും ഇങ്ങോട്ടെടുക്ക്”

പിന്നെ കനകം ഒട്ടും വൈകിച്ചില്ല. അയാള്‍ക്കു തൂശനിലയില്‍ ഒരു കൂന ചോറു വിളമ്പി.

ഇലയുടെ അറ്റത്ത് മൂന്നുനാലു കാന്താരിമുളകും രണ്ടു ചുള ചുവന്നുള്ളിയും അവള്‍ കൊണ്ടു വച്ചു.

അയാള്‍ പെരുവിരലും ചൂണ്ടാണിവിരലും ചേര്‍‌ത്ത് ഉള്ളിയും കാന്താരിമുളകും ഉടച്ചു. ശകലം പച്ചവെളിച്ചെണ്ണയും ഉപ്പുപൊടിയും ചേര്‍‌ത്തിളക്കി നാക്കത്തു തൊട്ടു.

“നല്ല എരുവ്”

ചെറുപ്പം മുതലേ, എന്തെല്ലാം വിഭവങ്ങളുണ്ടായാലും ഊണിനു ഒരു കാന്താരി ഉടച്ചതു നിര്‍‌ബ്ബന്ധമായിരുന്നു അയാള്‍ക്ക്.

അയാള്‍ തൂശനിലയിലെ കുത്തരിച്ചോറു വലതുകൈകൊണ്ടു കുഴച്ചുരുട്ടി. ഓരോ ഉരുളയും ചമ്മന്തിയില്‍ മുക്കി വായിലേക്കെറിഞ്ഞു.

രണ്ടു കലം ചോറുണ്ടു തീര്‍‌ന്നപ്പോഴേക്കും മീന്‍ വെന്തു പാകമായി.

പിന്നെ രണ്ടു കലം ചോറു കൂടി മീന്‍ ചാറു കൂട്ടി കഴിച്ചു.

“വല്ലാത്തൊരാലസ്യം കനകം. ഉറക്കം വരുന്നു”

“അതിനെന്താ? ചേട്ടനുറങ്ങിക്കോളൂ” അവള്‍ അയയില്‍ തെറുത്തു കെട്ടിത്തൂക്കിയിരുന്ന മെത്തപ്പായ് നിവര്‍ത്തി അയാളുടെ തൊട്ടു പിറകില്‍ വിരിച്ചു.

അയാള്‍ ഇരുന്ന പടി പുറകോട്ടു മറിഞ്ഞ് കൂര്‍‌ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി.

വെളുപ്പിനു തന്നെ തിരിച്ചുപോകണമെന്നും അതുകൊണ്ടു വിളിച്ചുണര്‍‌ത്താന്‍ മറക്കരുതെന്നും പറഞ്ഞാണു അയാള്‍ കിടക്കപ്പായിലേക്കു മറിഞ്ഞത്.

കനകം ഒരു പാത്രത്തില്‍ വെള്ളം കൊണ്ടു വന്ന് അയാളുടെ കയ്യും ചുണ്ടും കഴുകി തന്റെ സാരിത്തലപ്പുകൊണ്ടു തുടച്ചു വൃത്തിയാക്കി. പിന്നീട് എച്ചിലില കൊണ്ടു പോയി തെങ്ങിന്‍ ചുവട്ടിലെറിയുകയും നിലം അടിച്ചു തളിച്ച് അയാളുടെ ഓരം ചേര്‍‌ന്നു കിടക്കുകയും ചെയ്തു.

കല്യാണം കഴിഞ്ഞു പോയതിനുശേഷം ഇതു രണ്ടാം പ്രാവശ്യമാണു അയാള്‍ വരുന്നതെന്നു അവളോര്‍‌ത്തു.

താലികെട്ടു കഴിഞ്ഞു സദ്യ ഉണ്ടെന്നും ഉണ്ടില്ലെന്നും വരുത്തി ഉടന്‍ പോയതാണയാള്‍.

ഏറനാടന്‍ കാടുകളില്‍ കരിവീട്ടി വെട്ടലായിരുന്നു അയാളുടെ പണി. ഉടന്‍ പോയി കുറെ തടി വെട്ടേണ്ട കാര്യമുണ്ടായിരുന്നതിനാല്‍ വലിയ ധൃതിയിലായിരുന്നു അയാള്‍.

പിന്നെ വന്നത് കഴിഞ്ഞ കന്നിമാസത്തിലാണു.

അന്നു അത്താഴത്തിനു കൂട്ടാന്‍ നത്തോലി ആയിരുന്നു എന്നും ഊണു കഴിച്ചതും മറിഞ്ഞതും ഒപ്പമായിരുന്നു എന്നും അവള്‍ ഓര്‍‌ത്തു. അവള്‍ രാവിലെ ഉണര്‍‌ന്നപ്പോഴേക്കും അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

പാതി മയങ്ങിയ അവളുടെ ചെവിയില്‍ അടുത്ത മുറിയില്‍നിന്നു അയാളുടെ അമ്മയുടെ ശബ്ദം വന്നലച്ചു.

“എന്റെ തേവരെ, എന്നാണു ഈ വീട്ടില്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ യോഗമുണ്ടാവുക? മച്ചിപ്പശുവാ മച്ചിപ്പശു. ചെന പിടിക്കാത്ത മച്ചിപ്പശു. ”

അതിനു മറുപടിയെന്നോണം അര്‍‌ദ്ധനിദ്രയില്‍ അവള്‍ പറഞ്ഞു:

“ഒവ്വ”

***************************


പകര്‍‌പ്പവകാശം: ആവനാഴി

Wednesday, February 7, 2007

ചില (ഗദ്യ) കവിതകള്‍ക്ക് ഞാന്‍ നല്‍കിയ മൊഴിമാറ്റം

ബ്ലോഗിലങ്ങനെ സഞ്ചരിച്ചപ്പോള്‍ ചില ബ്ലോഗമ്മാര്‍ എഴുതിയ (ഗദ്യ)കവിതകള്‍ക്ക് ഞാന്‍ മൊഴിമാറ്റം കൊടുക്കാനൊരു ശ്രമം നടത്തി. ഞാന്‍ കൊടുത്ത മൊഴിമാറ്റങ്ങള്‍ താഴെ കൊടുക്കുന്നു:

1. ഗുണം ദുഷ്ടന്നുചെയ്തീടില്‍
‍ഫലത്തില്‍ ദോഷമായ്‌വരും
പാലു നാഗത്തിനേകീടില്‍
നിര്‍ണ്ണയം വിഷദംശനം.

2. നീചന്നുചെയ്തോരുപകാരമെല്ലാം
പ്രത്യാഗമിക്കും പുന: ദോഷമായി
പാല്‍ വീഴ്ത്തു ചേരക്കുടനേയവന്‍
‍നിന്‍ നേരെകുതിക്കും കരിമൂര്‍ഖനായി.

3. ദോഷമായിബ്ഭവിച്ചീടുംനീചന്നേകുന്ന നന്‍മകള്‍
ദുഗ്ദ്ധധാരവിഷം കൂട്ടാനുതകും കാളിയന്നഹോ!

4. നീചര്‍ക്കു നന്‍‌മ ചെയ്തീടില്‍
കിട്ടും ദോഷഫലം ശൃണു
പാമ്പിന്നേകുന്ന പാല്‍ത്തുള്ളി
വിഷവര്‍ദ്ധകമല്ലയോ?

5. “വൃശ്ചികസ്യ വിഷം പുഛം…….” എന്ന ശ്ലോകത്തിനൊരു ഭാഷാന്തരീകരണം:

വിഷം തേളിന്നു വാലിന്‍മേല്‍
‍ തേനീച്ചക്കതു മോന്തയില്‍
‍പാമ്പിനോ പല്ലിലാണത്രേ
മേലാകേ ദുര്‍ജ്ജനത്തിനു!

6. കാക:കൃഷ്ണ: പിക:കൃഷ്ണ:
കോഭേദം പികകാകയോ:?
വസന്തകാലേസംപ്രാപ്തേ
കാക: കാക: പിക:പിക:!

ഇതിനു ഞാന്‍ നല്‍കിയ മറുമൊഴി ഇതാ:

കാക്കയും കുയിലും തമ്മില്‍
‍ എന്താണന്തരമോര്‍ക്കുകില്‍?
വസന്തകാലം വന്നീടില്‍
‍ കാക്ക കാക്ക കുയില്‍ കുയില്‍!

7. ഈ ശ്ലോകം ഞാന്‍ ഉമേഷിന്റെ പ്രതികരണങ്ങള്‍ എന്ന തലക്കെട്ടില്‍ ഉണ്ടാപ്രിയുടെ ദോശയും ശാര്‍ദ്ദൂലവിക്രീഡിതവും എന്ന
പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഞെക്കുക.

ഉണ്ടാപ്രിക്കൊരു കൌതുകം, മൊരിയെഴും ദോശക്കുചേരും പുന:
തൃക്കണ്ണന്നുടെ കാമ്പുകൊണ്ടു രുചിയേറുന്നോരു ചമ്മന്തിയും
ഉണ്ടാക്കീയഥവച്ചു തട്ടുകടയില്‍ തിന്നാനൊരാറായിരം
വന്നൂ ഭോജനസുപ്രിയര്‍ ബഹുമഹാകേമര്‍ വിഭോ കൈ തൊഴാം.

8. ഈ ശ്ലോകം ഞാന്‍ ഉമേഷിന്റെ പ്രതികരണങ്ങള്‍ എന്ന തലക്കെട്ടില്‍ ഉണ്ടാപ്രിയുടെ ദോശയും ശാര്‍ദ്ദൂലവിക്രീഡിതവും എന്ന
പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഞെക്കുക.

താളിച്ച ചട്ടിണീയതില്‍പ്പരമുപ്പുമില്ല
ദോശക്കുവട്ടമിതുപോരയിതെന്തു ഹോട്ടല്‍?
ഉണ്ടാപ്രിയെന്നൊരുപുമാനിഹ കച്ചകെട്ടീ
യുണ്ടാക്കിയീ പരമനാറിയ ഭോജ്യഗേഹം.

9. ഈ ശ്ലോകം ഞാന്‍ ഉമേഷിന്റെ പ്രതികരണങ്ങള്‍ എന്ന തലക്കെട്ടില്‍ ഉണ്ടാപ്രിയുടെ ദോശയും ശാര്‍ദ്ദൂലവിക്രീഡിതവും എന്ന
പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഞെക്കുക.

മത്തനും പയറുമുപ്പിലിട്ടതും
തട്ടിവേണ്ടവിധമിന്നുരാവിലെ
ചായയൊന്നുമുകരാനിവന്‍ തഥാ
വന്നു ഹോട്ടലിതിലൊട്ടുനേരമായ്.

10. ഈ ശ്ലോകം ഞാന്‍ ഉമേഷിന്റെ പ്രതികരണങ്ങള്‍ എന്ന തലക്കെട്ടില്‍ ഉണ്ടാപ്രിയുടെ ദോശയും ശാര്‍ദ്ദൂലവിക്രീഡിതവും എന്ന
പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഞെക്കുക.

മത്തനും പയറുമുപ്പിലിട്ടതും
തട്ടിവേണ്ടവിധമിന്നുരാവിലെ
ചായയൊന്നുമുകരാനിവന്‍ തഥാ
വന്നു ഹോട്ടലിതിലൊട്ടുനേരമായ്.

Tuesday, February 6, 2007

നരസിംഹം

സേഫില്‍ അവശേഷിച്ച നൂറ്റിയൊന്നാമത്തെ ആഭരണപ്പെട്ടിയും താങ്ങിക്കൊണ്ട് അയാള്‍ കിടപ്പുമുറിയില്‍ പ്രവേശിച്ചപ്പോള്‍ കനകമയീദേവി തന്റെ ചികുരഭാരത്തില്‍ കുടമുല്ലപ്പൂക്കള്‍ ചൂടുകയായിരുന്നു.

മുല്ലപ്പൂമണം ഒരു മദലഹരിയായി അയാളുടെ നാസാരന്ധ്രങ്ങളില്‍ അരിച്ചു കയറി.

ചക്രവാളസീമയില്‍ രജസ്വലയായ സന്ധ്യയുടെ രക്തഛവി അറബിക്കടലിന്റെ ഓളങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നത് ആ ബഹുനില സൌധത്തിന്റെ പതിനേഴാംനിലയിലെ ശയ്യാഗാരത്തില്‍ നിന്നു വ്യക്തമായി കാണാമായിരുന്നു.

“ദേവിക്കിഷ്ടപ്പെട്ട ആഭരണം ഇതിലുണ്ടാകും, തീര്‍ച്ച”.

അയാള്‍ പെട്ടി മേശപ്പുറത്തു വച്ചു.

നഗരത്തിലെ ആഭരണക്കടകളില്‍ കാലാകാലങ്ങളില്‍ പുതുതായി ഇറങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം തന്നെ ഓരോന്നു വാങ്ങിക്കൂട്ടുന്നതില്‍ അയാള്‍ ഒരലംഭാവവും കാട്ടിയിരുന്നില്ല.

അയാള്‍ പെട്ടി തുറന്നു വൈറ്റ് ഗോള്‍ഡില്‍ തീര്‍ത്ത ഒരു വജ്രമാല പുറത്തെടുത്തു.

“ഇതു ചേരും, ഇല്ലേ കനകം?”

അന്നു രാത്രി ഹോട്ടല്‍ ലേ മെറിഡിയനില്‍ നടക്കാന്‍ പോകുന്ന വിവാഹവിരുന്നില്‍ തന്റെ പ്രിയതമയുടെ ഗളത്തില്‍ വിദ്യുത്ദീപങ്ങളില്‍ ഒളിമിന്നുന്ന ആ വജ്രഹാരം അയാള്‍ ഭാവനയില്‍ ദര്‍ശിച്ചു.

“ഓ, ഒരോര്‍മ്മയുമില്ല ഈ സിംഹേട്ടനു. അതു കഴിഞ്ഞ കൊല്ലം റോട്ടറിക്ലബ്ബിന്റെ ഡിന്നറിനു പോയപ്പോള്‍ അണിഞ്ഞതല്ലേ?”

ഛേ, അതു ഞാനെങ്ങനെ മറന്നു? അയാള്‍ തന്റെ മറവിയെ മനസാ ശപിച്ചു.

തന്റെ ഭാര്യ വെറുംകഴുത്തോടെ ഏതെങ്കിലും ചടങ്ങില്‍ സംബന്ധിക്കുക എന്നത് അയാള്‍ക്കു സങ്കല്‍പ്പിക്കാന്‍ കൂടി വയ്യായിരുന്നു.

എന്തു ചെയ്യും എന്നു എത്ര ആലോചിച്ചിട്ടും അയാള്‍ക്കു ഒരെത്തും പിടിയും കിട്ടിയില്ല.

പെട്ടെന്നാണു ആ ഐഡിയ അയാളുടെ മസ്തിഷ്കത്തില്‍ കൊള്ളിയാന്‍ മിന്നിയത്.

“ഞാന്‍ നിന്നെ ആരും കാണാത്ത ഒരു ഹാരമണിയിക്കും കനകം” അയാള്‍ പറഞ്ഞു.

“എവിടെ സിംഹേട്ടാ, എവിടെ?”

അക്ഷമയുടെ സ്ഫുലിംഗങ്ങള്‍ അവളുടെ മുഖത്ത് പ്രസ്ഫുരിക്കുന്നത് നരസിംഹം കണ്ടു.

“ഒരു നിമിഷം” അയാള്‍ പ്രതിവചിച്ചു.

പിന്നീട് വാതായനത്തെ ലക്ഷ്യമാക്കി നടന്നു. ഉമ്മറപ്പടിയില്‍ ഉപവിഷ്ടനായ അയാള്‍ തന്റെ കൂര്‍ത്ത നഖങ്ങള്‍ തന്റെ രോമാവൃതമായ വയറില്‍ കുത്തിയിറക്കി.

വിണ്ടു കീറിയ ഉദരത്തില്‍നിന്നു വലിച്ചെടുത്ത കുടല്‍മാല അയാള്‍ കനകമയീദേവിയുടെ കണ്ഠത്തിലണിയിച്ചു.

സന്തോഷാധിക്യത്താല്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ തുള്ളിച്ചാടി.

“വേദനയോ? എന്തോന്നു വേദന?”

ധര്‍മദാരത്തിന്റെ നിഷ്കളങ്കമായ ആമോദകുതൂഹലത്തില്‍ അയാള്‍ക്കു ഒരുറുമ്പുകടിക്കുന്ന വേദനപോലും അനുഭവപ്പെട്ടില്ല.

പന്ത്രണ്ടിഞ്ചു മുടമ്പുള്ള സ്റ്റിലെറ്റോയില്‍ കയറി ഇടതുകൈത്തണ്ടയില്‍ വെര്‍സാച്ചിയുടെ ഡിസൈനര്‍ ബാഗും തൂക്കി എലിവേറ്ററിലേക്കു നടന്നുപോയ പ്രിയതമയുടെ ഷിഫോണില്‍ പൊതിഞ്ഞ നിതംബഗോളങ്ങള്‍ അയാളുടെ നയനങ്ങളില്‍ തത്തിക്കളിച്ചു.

“കാക്കേം പരുന്തും റാഞ്ചാതെ നോക്കണേ കനകം”

എലിവേറ്ററിന്റെ വാതില്‍ അപ്പോഴേക്കും അടഞ്ഞിരുന്നതിനാല്‍ അയാള്‍ പറഞ്ഞത് അവളുടെ ചെവിയില്‍ എത്തിയോ എന്തോ?

Sunday, February 4, 2007

ആരാധനാലയങ്ങളും ഉച്ചഭാഷിണികളും

2007 ഫെബ്രുവരി 4 ലെ മലയാളമനോരമ പത്രത്തില്‍ വന്ന വാര്‍ത്തയാണു ഈ ലേഖനത്തിനാധാരം. ഈ വാര്‍ത്ത മറ്റെല്ലാ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു കാണും.

വാര്‍ത്ത ഇതാണു: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നാനൂറോളം ക്ഷേത്രങ്ങളില്‍ രാത്രി സമയത്തെ വാദ്യങ്ങളും വെടിക്കെട്ടും ബോര്‍ഡ് നിരോധിച്ചു........... ശബ്ദമലിനീകരണനിയമം പാലിക്കണമെന്ന സുപ്രീംകോടതി വിധി പാലിക്കാന്‍ വേണ്ടിയാണു ബോര്‍ഡ് പ്രത്യേകമായി നിരോധന ഉത്തരവിറക്കിയത്.

വളരെ സ്വാഗതാര്‍ഹമായ ഒരു ഉത്തരവാണതെന്നാണു എന്റെ അഭിപ്രായം. എന്നാല്‍ അത് പ്രത്യേക ഒരു മത വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ക്കു മാത്രം ബാധകമാക്കാതെ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളെ ബാധിക്കുന്ന ഒരു ഉത്തരവായി അതു വിപുലീകരിക്കണം. ആരാധനാലയങ്ങള്‍ തന്നെയല്ല ശബ്ദശല്യമുണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാക്കേണ്ടതാണു. നിയമം നിര്‍മ്മിച്ചതുകൊണ്ടു മാത്രമാ‍യില്ല. അതു കര്‍ശനമായി നടപ്പാക്കപ്പെടുകയും വേണം.

ഇന്നു ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും മത്സരിച്ച് ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയും അവയിലൂ‍ടെ ഭക്തിഗാനങ്ങളും ബാങ്കുവിളികളും അത്യുച്ചത്തില്‍ വിക്ഷേപിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണു നാം കേരളത്തില്‍ കാണുന്നത്.

ആരാധനാലയങ്ങള്‍ ശാന്തിയും സമാധാനവും ഏകാഗ്രതയും പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളാകണം. ഉച്ചഭാഷിണികളിലൂടെയുള്ള ഈ ശബ്ദഘോഷണം ശാന്തിക്കും സമാധാനത്തിനും ഏകാഗ്രതക്കും പ്രതിലോമകരമായി വര്‍ത്തിക്കുന്നു.

എന്റെ അനുഭവത്തില്‍ ക്ഷേത്രങ്ങളില്‍ പൊതുവെ മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൌകര്യങ്ങള്‍ കണ്ടിട്ടില്ല. സൌണ്ട് സിസ്റ്റങ്ങള്‍ക്കു ചിലവാക്കുന്ന തുക ആരാധനാലയങ്ങളോടനുബന്ധിച്ച് നല്ല നല്ല ശൌചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വിനിയോഗിക്കപ്പെടട്ടെ.

ഉച്ചഭാഷിണികള്‍ തച്ചുടക്കപ്പെടട്ടെ.
 

hit counter
Buy.com Coupon Code