Wednesday, July 25, 2007

ഡിങ്കോളിഫിക്കേഷന്‍

ഉപജ്ഞാതാവ്: ശ്രീമാന്‍ കൈപ്പള്ളി
വ്യാഖ്യാതാവ്: ഈ ഞാന്‍ തന്നെ, അല്ലാതാരാ?

പുതിയ പുതിയ വാക്കുകളുടെ സൃഷ്ടി ഭാഷയെ വിപുലീകരിക്കുകയും ധന്യമാക്കുകയും ചെയ്യുന്നു. ചില വാക്കുകള്‍ ഒരു പ്രത്യേക ഭാഷയില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ ചിലത് അതിന്റെ അതിര്‍‌വരമ്പുകള്‍ ഭേദിച്ച് ദിഗ്വിജയം നേടുന്നു. അങ്ങിനെ ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ പ്രയോഗിക്കാവുന്നതും ഒരു പ്രത്യേക അര്‍ത്ഥതലത്തില്‍ മാത്രം ഒതുങ്ങിക്കൂടാത്തതുമായ വാക്കാണു ശ്രീമാന്‍ കൈപ്പള്ളി അവതരിപ്പിച്ചിരിക്കുന്ന “ഡിങ്കോളിഫിക്കേഷന്‍” എന്ന വാക്കു.

ബ്ലോഗര്‍മാരില്‍ ചിലര്‍ എന്തായിരിക്കാം ഇതിന്റെ അര്‍ത്ഥം എന്നോര്‍ത്തു വിഷണ്ണരാവുന്നതു കണ്ടു. ശ്രീമാന്‍ ഡിങ്കനുമായി ഇതിനു ബന്ധമുണ്ടോ എന്നു ആരെങ്കിലും സന്ദേഹിച്ചാല്‍ അവരെ നമുക്കു കുറ്റപ്പെടുത്താന്‍ കഴിയില്ല. കൃത്യമായി ഒരര്‍ത്ഥം കല്‍പ്പിക്കാന്‍ കഴിയില്ല എന്നുള്ളതുകൊണ്ടാണു ഇത്തരത്തില്‍ ചിലര്‍ സംശയിക്കുന്നത്.

അര്‍ത്ഥവൈപുല്യം കൊണ്ട് വളരെ ധന്യമായ ഒരു പദമാണിത്. വിഷാദത്തിലും ആമോദത്തിലും ഇതുപയോഗിക്കാം. നീരസം, സന്തോഷം, ധൈര്യം, നിരാശ,തട്ടിക്കൊണ്ടുപോകല്‍, കോപം എന്നിങ്ങനെ അനേകം അര്‍ത്ഥങ്ങളാണു ഈ വാക്കിനുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഇതെങ്ങനെ പ്രയോഗിക്കാം എന്നു നോക്കാം.

1. ഇന്റര്‍വ്യൂവിനു ചെന്ന ഉദ്യോഗാര്‍ത്ഥിയോടു ചെയര്‍മാന്‍:“എന്താണു നിങ്ങളുടെ ഡിങ്കോളിഫിക്കേഷന്‍?”

എന്താണു നിങ്ങളുടെ യോഗ്യത?

2. എടി പെണ്ണെ നെഗളിക്കാതെടീ. നിന്റെ ആ ഡിങ്കോളിഫിക്കേഷനൊക്കെ അങ്ങു വീട്ടില്‍ വച്ചാല്‍ മതി.

നിന്റെ അഹങ്കാരമൊക്കെ വീട്ടില്‍ വച്ചാല്‍ മതി.

3. മഴ പെയ്തിട്ടെത്ര കാലമായി ! എന്തൊരു ഡിങ്കോളിഫിക്കേഷന്‍!

എന്തൊരു ചൂട്!

4. അവന്‍ അവളുടെ കവിളിലൊന്നു നുള്ളി. ഡിങ്കോളിഫിക്കേഷന്‍ കൊണ്ട് അവള്‍ നമ്രശിരസ്കയായി.

അവള്‍ നാണം കൊണ്ടു തല കുനിച്ചു.

5. എടാ ശവ്യേ, ഈ ഡിങ്കോളിഫിക്കേഷനില്‍ കേറാതെ നമുക്ക് ബ്ലാക്കില്‍ കിട്ടുമോന്നു നോക്ക്യാലോ?
ഏതായാലും രജനീടെ പടം വിടാന്‍ പറ്റൂല്ലട കന്നാലീ.

ഈ തിരക്കില്‍ കേറാതെ ബ്ലാക്കില്‍ കിട്വോന്നു നോക്കാം.

6. നിന്റെ ഡിങ്കോളിഫിക്കേഷനൊന്നും ഇവിടെ ചെലവാവൂല്ല.

നിന്റെ ചെപ്പടാച്ചിവിദ്യകളൊന്നും ഇവിടെ എടുക്കണ്ട.

7. പൊറിഞ്ചൂന്റെ കല്യാണത്തിനു ഒരു നൂറു തരം കോഴിക്കറി ഉണ്ടായിരുന്നപ്പാ. ഇഞ്ചിച്ചിക്കന്‍,ചിക്കന്‍ കുറുമാനിയ,
ചില്ലിച്ചിക്കന്‍, ചിക്കന്‍ ചിത്തിരതിരുനാള്‍...... ആകപ്പാടെ ഡിങ്കോളിഫിക്കേഷനായിപ്പോയി.

ആകപ്പാടെ കണ്‍ഫ്യൂഷനായി.

8. ഇന്നു ജീവന്‍ ടി വിയില്‍ മണല്‍കാറ്റിന്റെ ഡിങ്കോളിഫിക്കേഷന്‍ രാത്രി കൃത്യം 10 മണിക്കു.

മണല്‍ക്കാറ്റിന്റെ പ്രക്ഷേപണം.

9. കുമാരേട്ടാ, ഞാന്‍ വരാന്‍ വൈകും. തുടങ്ങിക്കോ. എന്റെ ഡിങ്കോളിഫിക്കേഷന്‍ അവിടെ വച്ചിരുന്നാല്‍ മതി.

എന്റെ വീതം അവിടെ വച്ചിരുന്നാല്‍ മതി.

(തീര്‍ന്നില്ല. ഇനിയും ധാരാളമുണ്ട്)

ഇനി നമുക്കു ഈ വാക്ക് ഇംഗ്ലീഷില്‍ എങ്ങിനെ പ്രയോഗിക്കാം എന്നു നോക്കാം.

1. Kuruman was dingolified mysteriously on his way to the hotel: കുറുമാനെ ഹോട്ടലിലേക്കുള്ള
മാര്‍ഗ്ഗമദ്ധ്യേ ആരോ ദുരൂഹസാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോയി.

2. Congratulations! I am dingolified with your performance. : I am impressed with
your performance.

3. Shame on you! I am so dingolified with your behaviour = I am so ashamed of your
behaviour!

4. Do not keep the fruits uncovered. Flies and insects will dingolify them = Flies
and insects will infest them.

5. Digolificaion, thy name name is womam! = Frailty, thy name is woman!

6. Oh your Dingolification! = Oh your Highness!

10.Objection, your Dingolification! = Objection, your honour!

11. After the book launching, bloggers will be dingolified to a cocktail party=
Bloggers will be treated to a cocktail party.

12. Madhu dingolifies as Pareekkutty in Chemmeen= Madhu acts as Pareekkutty in
Chemmeen.

13. Don't dingolify with women writers, you neurotic! = Don't mess with women writers.

14. Oh my dingolification! = Oh my foot!

15. Friends, you are cordially dingolified to the launching of my book= You are cordially invited to the launching of my book

(The list is endless)

Monday, July 23, 2007

മാങ്ങ പാല്‍ക്കുളം

മൂന്നു ഘട്ടങ്ങളായിട്ടാണു “മാങ്ങ പാല്‍ക്കുളം” എന്ന സവിശേഷമായ ഈ കറി പാകപ്പെടുത്തിയെടുക്കുന്നത്.

ഇതില്‍ ആദ്യത്തെ രണ്ടു ഘട്ടങ്ങള്‍ പരീക്ഷണഘട്ടങ്ങളും അവസാനത്തേത് നിര്‍വഹണഘട്ടവും ആകുന്നു.

ഘട്ടം: ഒന്ന്

പൊതുവെ മലയാളികളായ വീട്ടമ്മമാര്‍ കോളേജുകുമാരിയായ സന്താനത്തെപ്പറ്റി വളരെ അഭിമാനത്തോടുകൂടി പറയാറുണ്ട്. “അവള്‍ അങ്ങു തിരുവനന്തപുരത്തു കോളേജിലല്ലിയോ എന്റെ തെറുത്യാകുട്ട്യേ. അവളു ഉറങ്ങുവാ. ഇന്നലെ രാത്രി മുഴുവന്‍ തീവണ്ടീലിരുന്നു വന്നതല്ലായോ, ക്ഷീണം കാണൂന്നു വെച്ചോ. പിന്നെ ഒരു കാര്യം പറയണമല്ലോ, അവള്‍ക്കീ കാപ്പീം ചായേം ഒന്നും ഉണ്ടാക്കാനറിയില്ല കേട്ടോ.....ഒരു പാടു പഠിക്കാനുണ്ടെന്നു വച്ചോ. പിന്നെ ഇതൊക്കെയുണ്ടാക്കിനോക്കാനെവുടാ സമയം? എടീ അമ്മിണ്യേ മോളെഴുന്നേക്കുമ്പോഴേക്കും പുട്ടും കാപ്പീം റെഡിയാക്കി മേശപ്പുറത്തു വച്ചേക്കണം.”

ഈ പാചകം പരീക്ഷിക്കാനായി കച്ച കെട്ടി വരുന്നവര്‍ കാപ്പീം ചായേം പോലും ഉണ്ടാക്കാന്‍ അറിയാന്‍ പാടില്ലാത്തവരാണെങ്കില്‍ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കണമെന്നില്ല. ഇവിടെ തന്നെ കോലൊടിച്ചിട്ട് തിരിച്ചു പോകാം. അതായിരിക്കും നല്ലത്.

ഈ ഘട്ടത്തില്‍ വിജയിച്ചു എന്നു പൂര്‍ണ്ണബോദ്ധ്യമുള്ളവര്‍ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കാം.


ഘട്ടം: രണ്ട്

ഇതും ഒരു പരീക്ഷണഘട്ടമാണ്. സ്വയം വിലയിരുത്തല്‍ (self appraisal)എന്ന കര്‍മ്മമാണു ഇവിടെ നിര്‍‌വഹിക്കേണ്ടത്. അതിനായി “എനിക്ക് സാമാന്യബോധം (common sense) ഉണ്ടോ?” ഈ ചോദ്യം സ്വയം ചോദിക്കുക. എന്റെ പാചക വിധിയില്‍ കുറച്ചു മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കുക എന്നേ ഞാന്‍ ചിലപ്പോള്‍ എഴുതൂ. വായിക്കുന്ന ആള്‍ക്ക് സാമാന്യബോധം ഉണ്ട് എന്നുള്ള മുന്‍‌വിധിയോടെയാണു ഞാനിത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് എന്നു മനസ്സിലാക്കണം. ഈ “കുറച്ച്” എന്നു പറഞ്ഞാല്‍ ഞാനെന്താണു അര്‍ത്ഥമാക്കുന്നത് എന്നു അനുവാചകന്‍ സ്വയം മനസ്സിലാക്കണം.

കോമണ്‍ സെന്‍സില്ലാത്തവര്‍ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കണമെന്നില്ല. ഇവിടെ വച്ചു സുല്ലു പറഞ്ഞ് സ്ഥലം കാലിയാക്കാം. അതായിരിക്കും ഉചിതം.

ഈ പരീക്ഷയില്‍ വിജയിയായവര്‍ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കൂ.


ഘട്ടം: മൂന്ന്

ആവശ്യം വേണ്ട സാധനങ്ങള്‍

1. നല്ല പുളിയുള്ള നാട്ടു മാങ്ങ
2. പച്ചമുളക്
3. ഇഞ്ചി
4. ചുവന്നുള്ളി
5. കരിവേപ്പില
6. തേങ്ങാപ്പാല്‍
7. ഉപ്പ്
8. മഞ്ഞള്‍പ്പൊടി
9. മുളകുപൊടി
10. വറ്റല്‍മുളക്
11. കടുക്
12. വെളിച്ചെണ്ണ
13. വെണ്ണ പോലെ അരച്ചെടുത്ത പച്ചക്കൊത്തമല്ലി


പാചകം.

നാലഞ്ചു നാട്ടുമാങ്ങ തൊണ്ടു കളഞ്ഞ് പൂളി, ഓരോ പൂളും കുറുകെ തളിരായി അരിയുക. ഈ കഷണങ്ങള്‍ ചൂടുവെള്ളത്തിലിട്ടു ഒരു മിനിറ്റു കഴിഞ്ഞ് വെള്ളം ഊറ്റി കളയുക. മാങ്ങയുടെ അമിതമായിട്ടുള്ള പുളി കുറയാനാണീ വിദ്യ.

ഇഞ്ചി നീളത്തില്‍ ഈര്‍ക്കിളിക്കനത്തില്‍ അരിയുക. ആവശ്യത്തിനു പച്ച മുളകെടുത്ത് രണ്ടായി കീറുക. ചുവന്നുള്ളി (മാങ്ങയുടെ കാല്‍ഭാഗം വേണം) നാലായി കീറുക.

ചീനച്ചട്ടി അടുപ്പത്തു വച്ചു അതില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. അതില്‍ വറ്റല്‍ മുളകു മുറിച്ചതും കടുകും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാലുടന്‍ അതിലേക്കു ഉള്ളി അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും കരിവേപ്പിലയും ചേര്‍ത്ത് കുറച്ചു നേരം ഇളക്കുക. പിന്നെ അതിലേക്ക് മാങ്ങാക്കഷണങ്ങള്‍ ചേര്‍ത്തു കുറച്ചു സമയം വഴറ്റുക. ഇനി ശകലം ചൂടുവെള്ളം ചേര്‍ത്ത് കുറച്ചു നേരം വേവിക്കാം. വെന്തു കുഴയരുത്.

ഇനി ഉപ്പ്, മഞ്ഞള്‍പ്പൊടി , മുളകുപൊടി ഇവ ചേര്‍ക്കുക. ഒപ്പം മല്ലി അരച്ചതും ചേര്‍ത്തിളക്കുക. പിന്നെ അതിലേക്കു തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. കൊഴുപ്പു കൂടുതലെങ്കില്‍ കുറച്ചു ചൂടുവെള്ളം ചേര്‍ക്കാം.

അധികം തിളച്ചു മറിയരുത്.

ശേഷം മണ്‍കലത്തില്‍ കുത്തരിച്ചോറു തയ്യാറിക്കുക.

ഇനി ഊണാരംഭിക്കാവുന്നതാണ്.

ഒറ്റ ഇരുപ്പിനു ഈ കൂട്ടാന്‍ കൂട്ടി ഇരുനാഴി അരിയുടെ ചോറു അകത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ദേ ഇങ്ങടു നോക്കിക്കേ, നിങ്ങളെന്നെ ഇങ്ങനെ (കൈ ഞൊടിക്കുന്ന ശബ്ദം) വിളിച്ചോ.

Wednesday, July 11, 2007

സാങ്കേതിക ശബ്ദതാരാവലി

http://avanazhi.blogspot.com/2007/07/blog-post.html
പ്രിയപ്പെട്ട ബ്ലോഗൂഴിനിവാസികളെ,

ഒരു ദിവസം വരമൊഴിഭാഷണമദ്ധ്യേ (ചാറ്റിംഗ്) ശ്രീമാന്‍ കൈപ്പള്ളി ഇംഗ്ലീഷിലുള്ള സാങ്കേതികപദങ്ങള്‍ക്കു സമാനമായ മലയാളവാക്കുകള്‍ കണ്ടുപിടിക്കുന്നത് നന്നായിരിക്കും എന്നു അഭിപ്രായപ്പെട്ടു. ഒരു തുടക്കം എന്ന നിലക്ക് ചില സാങ്കേതികപദങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. അങ്ങിനെയാണു സാങ്കേതിക ശബ്ദതാരാവലി എന്ന ആശയം ഉടലെടുത്തത്.

ഇംഗ്ലീഷുഭാഷയിലുള്ള സാങ്കേതിക പദങ്ങള്‍ക്കു സമാനമായ മലയാളപദങ്ങള്‍ കണ്ടുപിടിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുക എന്നതാണു ഈ സംരഭത്തിന്റെ ലക്‍ഷ്യം.

ഒറ്റവാക്കുകള്‍ അഥവാ ഹ്രസ്വപദങ്ങള്‍ ആണു ഉദ്ദേശിക്കുന്നത്. ഞാന്‍ കൊടുത്തിരിക്കുന്ന പദങ്ങള്‍ തെറ്റാണെങ്കില്‍ പണ്ഡിതവരേണ്യന്‍‌മാരായ ബ്ലോഗുലകവാസികള്‍ സദയം ആയതു തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ചില പദങ്ങള്‍ക്കു പരിഭാഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അറിവുള്ളവര്‍ പറഞ്ഞുതരുമെന്നു പ്രതീക്ഷിക്കുന്നു. അതുപോലെ പുതിയ കൂടുതല്‍ സാങ്കേതിക പദങ്ങള്‍ അര്‍ത്ഥസഹിതമോ അല്ലാതെയോ സമര്‍പ്പിക്കുന്നതായാല്‍ അവയെല്ലാം ക്രോഡീകരിച്ച് മാലോകര്‍ക്ക് ഉപകാരപ്രദമായ ഒരു സാങ്കേതികശബ്ദതാരാവലി സൃഷ്ടിക്കാന്‍ സാധിക്കും.

സസ്നേഹം
ആവനാഴി.

acoustic insulation=ശബ്ദ കവചനം
anvil=അടക്കല്ല്
airconditioner = ശീതീകരണി, താപനിയന്ത്രിണി
antimatter=
architrave=പ്രാകാരപരിധി

balustrade=തൂണ്‍നിര, സ്തൂപശ്രേണി
bay=ഉള്‍ക്കടല്‍
bevel=ചെരിവ്
blow moulding = ഊത്തുവാര്‍പ്പ്
bus = വണ്ടി

camouflage=കപടാവരണം
capacitor=വൈദ്യുതസ്വേദനോപകരണം
chamfer=പാത്തി, ഓവ്
chatting=വരമൊഴിഭാഷണം
cliff=കൊടുമുടി, ചെങ്കുത്തായ പാറ

condensation=സാന്ദ്രീകരണം
condenser=സാന്ദ്രീകരണയന്ത്രം
cornice=മേല്‍ഭിത്തിനൂപുരം
cupola=താഴികക്കുടം, കുംഭഗോപുരം
diode =

dormer=കിളിവാതില്‍
dyanamo=വൈദ്യുതീജനകയന്ത്രം
electrical capacitance=വൈദ്യുതാധാനസ്ഥാനികാനുപാതം
electrical resistance=വൈദ്യുതരോധം
electrostatic=വൈദ്യുതിസ്ഥിതിതം

enclave =വലയിതപ്രദേശം, അടച്ചുകെട്ടിയ പ്രദേശം
engine= യന്ത്രം
evaporation=ബാഷ്പീകരണം
exclave=
external combustion engine=ബാഹ്യദഹനയന്ത്രം

filament lamp= തന്തു വിളക്ക്
fluid mechanics=ദ്രവതന്ത്രം
font = അക്ഷരമുദ്ര
frosting=ഹിമാവൃതി
gulf=ഉള്‍ക്കടല്‍, നീര്‍ച്ചുഴി

handle= കൈപ്പിടി, അലക്
heat treatment=താപാചരണം
hollow brick=ചാലിഷ്ടിക , പൊള്ളയിഷ്ടിക
humidity= ജലബാഷ്പം
internal combustion engine= ആന്തരദഹനയന്ത്രം

keyboard=ചിഹ്നവിന്യാസപ്പലക, അക്ഷരവിന്യാസപ്പലക
lake=തടാകം
language support system = ഭാഷ മുദ്രണ സംവിധാനം
left click=(മാക്രിയുടെ) ഇടതുകണ്ണു ഞെക്കൂ
matter =പിണ്ഡം

mercury vapour lamp= രസബാഷ്പവിളക്ക്
miter=മട്ടാര്‍ദ്ധസംഗമം, മട്ടാര്‍ദ്ധസന്ധി
mould=മൂശ
moulding=വാര്‍ക്കല്‍,കരുപ്പിടിപ്പിക്കല്‍
mouse= മാക്രി. (കമ്പ്യൂട്ടര്‍ മൌസിനു ഒരു തനിമലയാളപദം സൃഷ്ടിച്ചിരിക്കുന്നതാണു. കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍‌മാര്‍ ഈ പദം
അവരുടെ ലേഖനങ്ങളില്‍ ഉപയോഗിക്കുന്നതായാല്‍ ഇതിനു പ്രചുരപ്രചാരം ലഭിക്കുന്നതാണു.)
neutron =
nuclear Fission =
nuclear Fusion =
nucleus=ബീജകേന്ദ്രം
peninsula=ഉപദ്വീപ് , അര്‍ദ്ധദ്വീപ്

photons =
pixel = ചിത്രാംശം
plinth=അടിത്തറ
positron =
printing=മുദ്രണം,അച്ചടി

proton =
pulley=കപ്പി, ചാട്
quark =
refrigerator=ശീതീകരണയന്ത്രം , ശീതീകരണി
recycle = പുനരാവര്‍ത്തനം

right click=(മാക്രിയുടെ) വലതുകണ്ണു ഞെക്കൂ
sand blasting=മണലൂത്ത്
skirting=കീഴ്ഭിത്തിനൂപുരം
slanting plane=ചെരിവുതലം
switch = വൈദ്യുതഗമനാഗമനയന്ത്രം, ഗമനാഗമനയന്ത്രം

telephone= ദൂരഭാഷിണി, വിദൂരഭാഷിണി
tempering=പതംവരുത്തല്‍
thermal insulation=താപ കവചനം
USB connector =
 

hit counter
Buy.com Coupon Code