Friday, March 30, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 8

വസന്തം ഗ്രീഷ്മത്തിനും ഗ്രീഷ്മം ശരത്കാലത്തിനും വഴിമാറി.

വഗ്രീശഹേകള്‍‍ ചാക്രികഭാവം കൈക്കൊണ്ട് ധരിണിയില്‍ വര്‍ണ്ണവിന്യാസങ്ങളുടേയും ഭാവവൈവിദ്ധ്യങ്ങളുടേയും ഒരു മോഡേണ്‍ ആര്‍ട് വിരചിച്ചു.

ശരത്കാലത്തോടെ ഇലകൊഴിയാന്‍ തുടങ്ങിയ തരുക്കള്‍ ഹേമന്തവും പിന്നിട്ട് വസന്തഋതുവിന്റെ സമാഗമത്തോടെ തളിരും പൂവുമണിഞ്ഞു.

പുലര്‍കാലവേളകളില്‍ പതിവുപോലെ ബസ്സിറങ്ങി ചായക്കടയുടെ മുന്നിലൂടെ കോളേജിലേക്കു നടന്നു പോകുന്ന ടീച്ചര്‍ക്ക് തന്റെ മലര്‍വാടിയില്‍നിന്നു ഒരു നവ‍ കുസുമം സമ്മാനിക്കുന്നതില്‍ നസീര്‍ വര്‍മ്മ മുടക്കം വരുത്തിയില്ല.

വള്ളിനിക്കറിട്ട പയ്യന്‍ പൂവും തുണ്ടുകടലാസും ടീച്ചറെ ഏല്‍പ്പിച്ചു.

“എന്റെ ഹൃതയതമനികളില്‍ ഓടുന്ന ചുവന്ന ചേരയുടെ നിറമുള്ള ഈ പു ടീച്ചറിന്റെ തലയില്‍ ഇരിക്കണത് കാണുമ്പോള്‍ ഹൃതയം തടി കട്ടുന്നു.”

കാലം കഴിയുന്തോറും വര്‍മ്മയുടെ തുണ്ടുകടലാസ് കൂടുതല്‍ സാഹിത്യഭാഷ കൈക്കൊള്ളാന്‍ ശ്രമിച്ചുവെങ്കിലും അതോടൊപ്പം അക്ഷരത്തെറ്റുകളും വയ്യാകരണത്തെറ്റുകളും കൂടിക്കൂടിവന്നു.

പതിവുപോലേ ടീച്ചര്‍ പൂവെറുത്ത് തലയില്‍ ചൂടുകയും കമ്പും തുണ്ടുകടലാസും ഓടയിലേക്കു വലിച്ചെറിയുകയും ചെയ്തു.

“മണ്ടന്‍ മുത്തപ്പ”

ടീച്ചര്‍ കോളേജിലേക്കുള്ള നടപ്പു തുടര്‍ന്നു.

അങ്ങകലെ വളവില്‍ മറയുന്നതുവരെ ചായക്കടയുടെ തുറന്നിട്ട ജാലകത്തിലൂടെ നസീര്‍ വര്‍മ്മ കണ്ണിമക്കാതെ ടീച്ചറെത്തന്നെ നോക്കി നിന്നു.

ബേബി ഐ ലവ് യൂ.

ഐ വാണ മേക് യൂ മൈ വുമണ്‍

ആന്‍ഡ് മേക് ലവ് ടു യൂ.

റൈറ്റ് ഹിയര്‍, റൈറ്റ് നൌ.

അയാളുടെ മനസില്‍ അവളെക്കുറിച്ചുള്ള ഭാവനകള്‍ വര്‍ണ്ണരാജി സൃഷ്ടിച്ചു.

അയാള്‍ക്ക് ഓര്‍ഗസമുണ്ടായി.

...............................................

ടിച്ചറിന്റെ വരവ് ഉദാരന്‍ മാസ്റ്ററുടെ ട്യൂട്ടോറിയല്‍ കോളേജിനു ഒരു നവോന്മേഷം പകര്‍ന്നു.

കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍, മികവുറ്റ പാണ്ഡിത്യം, കാന്തികശക്തിയുള്ള പ്രഭാഷണ ചാതുര്യം ഇത്യാദികളാല്‍ ടീച്ചര്‍ എല്ലാവരുടേയും സ്നേഹവും ബഹുമാനവും പിടിച്ചു പറ്റി.

ഒരു കാര്യം മാത്രം പ്രഹേളികയായി നിലകൊണ്ടു.

ടീച്ചറുടെ പേര്.

ചോദിച്ചവരോടൊക്കെ ടീച്ചര്‍ പറഞ്ഞു: “ പ്രിന്‍സിപ്പലോടു ചോദിക്കൂ”

സത്യത്തില്‍ ടീച്ചര്‍ പറഞ്ഞതാണതിന്റെ ശരി.

ഒരു സ്ഥാപനത്തില്‍ പുതിയൊരു ഉദ്യോഗസ്ഥയെ നിയമിക്കുമ്പോള്‍ അവരെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തേണ്ട ചുമതല ആ സ്ഥാപനത്തിന്റെ മേധാവിക്കുണ്ട്.

ആ പ്രൊട്ടോക്കോള്‍ ഖണ്ഡിക്കാന്‍ ടീച്ചര്‍ സന്നദ്ധയായില്ല.

ഉദാരന്‍ മാസ്റ്റര്‍ ഇതാ ഭൌതികശാസ്ത്രം പഠിപ്പിക്കാന്‍ ഒരു പുതിയ ടീച്ചര്‍ എന്നല്ലാതെ പേരു പറഞ്ഞില്ലായിരുന്നു.

പിന്നീട് ടീച്ചറുടെ പേരു അന്വേഷിച്ചവരോടൊക്കെ മാസ്റ്റര്‍ പറഞ്ഞു:

“സമയമായിട്ടില്ല”

ഇതിനെന്താണിത്ര സമയം നോക്കാന്‍ എന്നു ഉള്ളില്‍ തോന്നിയെങ്കിലും ആരും ഒരു പുനര്‍ചോദ്യത്തിനു ധൈര്യപ്പെട്ടില്ല.

മറ്റുള്ള അദ്ധ്യാപകര്‍ വേലായുധന്‍ പിള്ളസ്സാര്‍, പ്രഹളാദന്‍ സാര്‍ എന്നൊക്കെ അറിയപ്പെട്ടപ്പോള്‍ പുതിയ അദ്ധ്യാപികയെ എല്ലാവരും ടീച്ചര്‍ എന്നു വിളിച്ചു.

പിന്നെപ്പിന്നെ പേരെന്താണെന്നു ആരും ചോദിക്കുകയോ അതിനെക്കുറിച്ചു വേവലാതിപ്പെടുകയോ ചെയ്തില്ല.

ടീച്ചര്‍ എന്നു പറഞ്ഞാല്‍ ആരെയാണുദ്ദേശിക്കുന്നതെന്നു സാറമ്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാതൊരു സംശയവുമില്ലാതായി.

ഇടവേളകളില്‍ സ്റ്റാഫ് റൂമിലിരുന്നു ടീച്ചര്‍ ചിന്തിച്ചു.

എന്തുകൊണ്ടാണു ഉദാരന്‍ മാസ്റ്റര്‍ തന്റെ ജാതി ചോദിച്ചത്? ജാതി ചോദിക്കുന്നത് തെറ്റാണു എന്നു എന്തുകൊണ്ടു താന്‍ തിരിച്ചടിച്ചില്ല? പകരം ഇന്ന ജാതിയാണെന്നു ഒരു ഹിപ്നോടിക് വലയത്തിലകപ്പെട്ടവളെപ്പോലെ പറയുകയും ചെയ്തു.

എന്തുകൊണ്ട് മാസ്റ്റര്‍ തന്റെ ചായപ്പറ്റു വാങ്ങിയില്ല?

പിറന്നാള്‍ സമ്മാനമായി കരുതണമെന്നു പറഞ്ഞപ്പോള്‍ പിന്നെ നിര്‍ബ്ബന്ധിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും നിരസിക്കാമായിരുന്നില്ലേ?

എന്തുകൊണ്ടാണു മാസ്റ്റര്‍ തന്റെ പേരു വെളിപ്പെടുത്താതിരിക്കുന്നത്?

സമയമായില്ല പോലും!

അല്ല, ഇനി ആ ശ്ലോകത്തില്‍ നിന്നു തന്റെ പേരു കണ്ടു പിടിക്കാന്‍ മാസ്റ്റര്‍ക്കു കഴിഞ്ഞില്ലായിരികുമോ?

ഐ ഡോണ്ട് തിങ്ക് സോ.

മാസ്റ്റര്‍ ശാസ്ത്രത്തിലെന്നപോലെ ഭാഷയിലും വലിയ വിശാരദനാണു.

ഇങ്ങനെ പലവിധ ചിന്തകള്‍ ടീച്ചറുടെ മനസിനെ മഥിച്ചുകൊണ്ടിരുന്നു.

ബെല്ലടിച്ചപ്പോള്‍ അടുത്ത ക്ലാസിലേക്കു പോകാന്‍ ടീച്ചര്‍ തയ്യാറായി.

പ്രസിദ്ധ കോസ്മോളജിസ്റ്റായ പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിന്‍സിന്റെ “A Brief History of Time" എന്ന ഗ്രന്ഥവുമെടുത്തുകൊണ്ട് ടീച്ചര്‍ ക്ലാസിലേക്കു പുറപ്പെട്ടു.

.............


(തുടരും)

പകര്‍പ്പവകാശം: ആവനാഴി‍

Monday, March 26, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 7

ഉദാരന്‍ മാസ്റ്റര്‍ ചുമരില്‍ തൂക്കിയിരുന്ന കലണ്ടറില്‍ നോ‍ക്കി.

രോഹിണി നക്ഷത്രം.

സ്ത്രീജന്മഥോ രണ്ടഥ മൂന്നുമഞ്ചുമാറും വിവര്‍ജ്ജിക്ക.
ഒന്നാകില്‍‍ രണ്ടാളുമൊരൊറ്റനാളു ഏകാദശം നന്നിതരേഷു മദ്ധ്യ:

ആ പ്രമാണം വച്ചു നോക്കുമ്പോള്‍ ദിനപ്പൊരുത്തം അത്യുത്തമം എന്നു കാണുന്നു.

ദേവവനാളനിഴം ചോതീ, രേവതീയത്തമോണവും
പുണര്‍പൂയശ്വതീമാനും, ഇവനാളൊമ്പതും തഥാ
മനുഷ്യഗണേ രോഹിണീ ഭരണി...........

അപ്പോള്‍ മനുഷ്യ ഗണം.

ഗണമൊന്നാകിലോ നന്നു....................
.........................................................

മനുഷ്യാസുരം മരണം എന്നും പ്രമാണം.

എന്നാല്‍ അതിനിവിടെ സാംഗത്യമില്ല.

ഗണം ഒന്നു തന്നെയാകകൊണ്ട് ഉത്തമം എന്നു തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.

പിന്നെ, അശ്വതീം ഭരണീം കാര്‍ത്തികക്കാലും മേടക്കൂറ്. കാര്‍ത്തികമുക്കാലും രോഹിണിയും മകീരത്തരയും ഇടവക്കൂറ്.

ഇടവം രാശി.

സ്ത്രീരാശിയില്‍നിന്നെണ്ണുമ്പോള്‍ പുരുഷരാശി.........................

അപ്പോള്‍ രാശിപ്പൊരുത്തവും നന്നു.

സ്ത്രീജന്മനക്ഷത്രത്തില്‍ നിന്നു പുരുഷജന്മനക്ഷത്രം പതിനഞ്ചു നാളപ്പുറമെങ്കില്‍ സ്ത്രീദീര്‍ഘപ്പൊരുത്തമുണ്ട് എന്നു ഗണിക്കണം.

അതും ഒത്തു വന്നിരിക്കുന്നു.

മദ്ധ്യമരജ്ജുവേധദോഷങ്ങളും ഒഴിവായിട്ടുണ്ട്.

ഇത്രയുമായപ്പോള്‍ ടീച്ചര്‍ അങ്ങോട്ടു കടന്നു വന്നു.

“മാഷെ, പബ്ലിക് പരീക്ഷയുടെ ടൈം ടേബിളൊക്കെ വന്നോ?”

“നേരത്തെ അറിഞ്ഞാല്‍ അതിനനുസരിച്ച് റിവിഷന്‍ തുടങ്ങാമായിരുന്നു.”

“രണ്ടു ദിവസത്തിനകം കിട്ടിയിരിക്കും. അതു നിര്‍ണ്ണയം”

പരീക്ഷാ വിഭാഗത്തിലെ ഹെഡ് ക്ലാര്‍ക്ക് മാസ്റ്ററുടെ ഒരു സുഹൃത്തായതുകൊണ്ട് ടൈം ടേബിള്‍ പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പേ അയാള്‍ മാസ്റ്റര്‍ക്ക് ഒരേകദേശരൂപം കൊടുക്കാറുണ്ട്.

മസ്കറ്റ് ഹോട്ടലില്‍ വച്ചുള്ള ഒരു ചാന്‍സ് എന്‍‌കൌണ്ടറാണു പിന്നീട് മലപോലൊരു സൌഹൃദമായി വളര്‍ന്നത്.

നാലു കൊല്ലം മുമ്പ് തിരുവനന്തപുരത്ത് ഒരു അക്ഷരശ്ലോകമത്സരത്തിനോടനുബന്ധിച്ച് പോയപ്പോഴാണ് ആ സമാഗമം സംഭവിച്ചത്.

ഹോട്ടലിന്റെ ബാറില്‍ ഒരു കിംഗ് ഫിഷര്‍ സിപ്പു ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു മാസ്റ്റര്‍.

നുരഞ്ഞുപൊങ്ങിയ ലാഗര്‍ സിപ്പുചെയ്യുമ്പോള്‍ രസമുകുളങ്ങളില്‍ ഹോപ്സിന്റെ സുഖദമായ കയ്പ്.

ആ കയ്പ്പാണു ബിയറിനെ ബിയറാക്കുന്നത്. അല്ലെകില്‍ വെറും പച്ചവെള്ളം കുടിക്കുന്ന മാതിരി ഇരിക്കും.

“മേ ഐ സിറ്റ് ഹിയര്‍?”

സുമുഖനായ ഒരു ചെറുപ്പക്കാരന്‍.

“യൂ ആര്‍ വെല്‍കം”

അയാളും ഒരു കിംഗ്ഫിഷര്‍ ഓര്‍ഡര്‍ ചെയ്തു.

സംഭാഷണത്തില്‍ ഒരു സരസനാണെന്നു മനസിലായി.

ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്‍സില്‍ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്.

കവിതയിലും മരനീരിലും നല്ല വ്യുല്‍പ്പത്തി.

സംഭാഷണം മാനിനിമാരുടെ ഗജരാജവിരാജിതമന്ദഗതിയും കടന്ന് അവസാനം പനങ്കള്ളില്‍ വന്നു നിന്നു.

“വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനുസമമാം
നല്ലിളം കള്ളു ചില്ലിന്‍ വെള്ളഗ്ലാസില്‍പ്പകര്‍ന്നി
ട്ടതി രുചികരമാം മത്സ്യമാംസാദികൂട്ടി......”

മാസ്റ്റര്‍ക്കു ക്ഷ പിടിച്ചു.

പിന്നെ അയാള്‍ മൂത്ത് ഹെഡ്ക്ലാര്‍ക്കായി.

സൌഹൃദവും അതോടൊപ്പം മൂത്തു.

“അല്ല, ചോദിക്കുന്നതില്‍ ടീച്ചര്‍ക്കു വിഷമം തോന്നരുത്.”

“തരിമ്പുമില്ല.”

“എന്താ ടീച്ചറുടെ ജാതി?”

“.............യാണ്.”

ജാതിയും മതവും കാലാകാലങ്ങളില്‍ ഓരോ വിഭാഗക്കാരുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണെന്നും ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണു ഒരു വ്യക്തിയുടെ മഹത്വം നിര്‍ണ്ണയിക്കേണ്ടതെന്നും ജാതിയുടേയും മതത്തിന്റേയും മതിലുകള്‍ ഇടിച്ചുനിരത്തിയാല്‍ മാത്രമേ മാനവരാശിക്ക് പുരോഗതി ഉണ്ടാവുകയുള്ളു എന്നും എത്രയോ സദസ്സുകളില്‍ പ്രസംഗിച്ചിട്ടുള്ള മാസ്റ്റര്‍ക്കിപ്പോഴെന്തു പറ്റി?

"ഒരു നല്ല നാളേക്ക്” എന്ന ശീര്‍ഷകത്തില്‍ കേരളത്തിലെ ഒരു പ്രശസ്തമായ ആനുകാലികപ്രസിദ്ധീകരണത്തില്‍ പബ്ലിഷ് ചെയ്ത ലേഖനപരമ്പരയില്‍ മാസ്റ്റര്‍ ജാതിവ്യവസ്ഥയെ നഖശിഖാന്തം എതിര്‍ത്തിട്ടുണ്ടല്ലോ എന്ന കാര്യവും ടീച്ചര്‍ ഓര്‍ത്തു.

പിന്നെ പിറന്നാള്‍ സമ്മാനം.

കോളേജിലെ മറ്റു അദ്ധ്യാപകര്‍ക്കൊക്കെ പിറന്നാള്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്. ആര്‍ക്കും മാസ്റ്റര്‍ കാല്‍ക്കാശിന്റെ സാധനം സമ്മാനമായി കൊടുത്തിട്ടില്ലെന്നാണല്ലോ കേട്ടത്.

അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനാ. പിന്നെ എനിക്കു മാത്രം ഒരു സമ്മാനം?

ടീച്ചര്‍ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.


..............................................


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Saturday, March 24, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 6

കുട്ടന്‍ ചോന്റെ മകന്‍ അനിരുദ്ധനു ചോമാതിരിപ്പാടിന്റെ മകള്‍ സാവിത്രിക്കുട്ടിയോടു പ്രേമം.
അവന്‍ അവളെ നോക്കി സൈറ്റടിച്ചു.
അവള്‍ തിരിച്ചും.

ഒരീസം അവന്‍ അവളുടെ നേര്‍ക്കു അനുരാഗത്തിന്റെ കൂരമ്പു തൊടുത്തു വിട്ടു.
അവള്‍ തിരിച്ചൊരെണ്ണം ഇങ്ങോട്ടും കാച്ചി.

ടീച്ചര്‍ സര്‍ ഐസക് ന്യൂട്ടന്റെ ചലനനിയമങ്ങളില്‍ മൂന്നാമത്തേതായ “ഓരോ അടിക്കുമുണ്ട് തത്തുല്യമാം തിരിച്ചടി” എന്ന തത്വം‍ പഠിപ്പിക്കുകയായിരുന്നു ക്ലാസില്‍.

ഗണിതം ഭൌതികം തുടങ്ങിയ ശാസ്ത്രങ്ങള്‍ സെക്ലൂഡഡ് ഐലന്‍ഡുകളെപ്പോലെ ദന്തഗോപുരവാസികളായ ശാസ്ത്രവിശാരദന്മാരുടെ തട്ടകത്തിലെ എന്റിറ്റികളാണെന്നും അവ സാധാരണക്കാരന്റെ ചിന്താസരണികള്‍ക്കപ്പുറമാണെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകള്‍ക്ക് ഒരറുതി വരുത്തുക, ഒപ്പം ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ആ കാലഘട്ടത്തില്‍ ജാതിയെന്ന പ്രതിഭാസത്തെ നോക്കി കൊഞ്ഞനം കുത്തുക അതു വഴി ഒരു സോഷ്യല്‍ റിഫൊര്‍മേഷനു വഴിമരുന്നിടുക ഇതൊക്കെയായിരുന്നു ചോനും ചോമാതിരിപ്പാടും തമ്മിലുള്ള പ്രണയകഥയിലൂടെ ഭൌതികശാസ്ത്രത്തിലെ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ ടീച്ചര്‍ക്കു പ്രചോദകമായി വര്‍ത്തിച്ചത്.

പ്രണയത്തിന്റെ വിവിധഭാവങ്ങളിലൂടെയുള്ള തിരനോട്ടം അതിലൂടെ ഇഴ പിരിയാതെ അലിഞ്ഞുചേര്‍ന്ന ഭൌതികശാസ്ത്രതത്വങ്ങള്‍. അവയെ രണ്ടിനേയും സമന്വയിപ്പിച്ചുകൊണ്ട് ടീച്ചറുടെ ലെക്ചര്‍ അങ്ങനെ കത്തിക്കയറുമ്പോള്‍ ശിപായി പാശുപതാസ്ത്രന്‍ പിള്ള വാതില്‍ക്കല്‍ മുട്ടി.

ടീച്ചറിനെ പ്രിന്‍സിപ്പല്‍ വിളിക്കുന്നു.
ഉടനെ കാണണം.
എമര്‍ജന്‍സിയാണു.

ടീച്ചര്‍ ഉടന്‍ ക്ലാസ് നിര്‍ത്തി പ്രിന്‍സിപ്പാളുടെ ഓഫീസിലേക്കു നടകൊണ്ടു.

പോകും വഴി സ്റ്റാഫ് റൂമില്‍ കയറി രാവിലെ കൊണ്ടു വന്ന ഡവറയും കയ്യിലെടുത്തു.

ഏതായാലും ഇന്റര്‍വെല്‍ സമയത്ത് മാസ്റ്ററെ കാണാനിരുന്നതാണു.
അപ്പോഴാണു വിളിവന്നത്.
എന്നാല്‍ ഇപ്പോള്‍ത്തന്നെ ആവാം എന്നു കരുതി.

“എന്താ മാസ്റ്റര്‍ അത്യാവശ്യമായിട്ടു കാണണം എന്നു പറഞ്ഞത്?”

“വസന്തുര്‍ത്തുവിലെ പ്രഭാതം.പക്ഷികളുടെ കളകൂജനങ്ങളാല്‍ മുഖരിതമായ മന്ദസമീരണന്‍‍.ഭ്രമരങ്ങളുടെ മുരളല്‍. എന്താ ടീച്ചര്‍ക്കു തോന്നുന്നില്ലേ ഒരു അക്ലിഷ്ടാല്‍മക വൈക്ലിഷ്ട്യം.എനിക്കതു തോന്നി. ഹായ്, പാലപ്പൂവിന്റെ മണം മന്ദഗതിയാം മന്ദമരുതിയില്‍ മദഭരിതം വിതറി. എനിക്കൊന്നു ടീച്ചറിനെ കാണണമെന്നു തോന്നി.”

“കാണണമെന്നു തോന്നിയല്ലോ. അതിലെന്റെ കൃതജ്ഞത അകൈതവമാണു മാസ്റ്റര്‍”

“പിന്നെ വേറൊന്നുകൂടി ഉണ്ട് ഈ കാണണമെന്നു ശഠിച്ചതില്‍‍. പ്രൊഫഷണലാണു”

“അതെന്താണു മാസ്റ്റര്‍?”

“ടീച്ചറുടെ വിഷയത്തിലുള്ള അഗാധമായ പരിജ്ഞാനം, പ്രഭാഷണചാതുര്യം ഇവയൊക്കെ നാട്ടില്‍ പാട്ടായിരിക്കുന്നു, പ്രൊഫഷണല്‍ സര്‍ക്കിളിലും. കണ്‍ഗ്രാജുലേഷന്‍സ്”

ടീച്ചര്‍ മാസ്റ്റര്‍ക്കു നന്ദി പറഞ്ഞു. ഒപ്പം കയ്യിലിരുന്ന ഡവറ മാസ്റ്റരുടെ മുമ്പില്‍ വച്ചു.

“ശകലം പായസമാണു”

ഉദാരന്‍ മാസ്റ്റര്‍ ഡവറ തുറന്നു കുറച്ചു പായസം ഇടതുകയ്യില്‍ ഒഴിച്ചു നക്കി.

“ങൂം, രസ്യനായിരിക്കുന്നു”

“ടീച്ചര്‍ക്കു കുക്കിങ്ങൊക്കെ നല്ല വശമാണു. എന്താ?”

“അമ്പലത്തീന്നാണ്”

“ങൂം?”

“ഇന്നെന്റെ പിറന്നാളാണു”

“അത്യോ? ഹാപ്പി ബെര്‍ത്ത് ഡേ. മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ”

“താങ്ക് യൂ സര്‍”

“പിന്നെ സര്‍, എന്റെ ചായപ്പറ്റിന്റെ ചീട്ടു കണ്ടീല്ല”

“അതിനു ഞാന്‍ ചീട്ടു കൊടുത്തയച്ചിരുന്നില്ലല്ലോ”

“അതെന്താ മാസ്റ്റര്‍? എന്റെ പറ്റെത്രയാന്നു പറഞ്ഞിരുന്നെങ്കില്‍ അതങ്ങു തീര്‍ക്കാമായിരുന്നു”

“ടീച്ചര്‍ തരണ്ട”

വല്ലവരുടെയൊക്കെ കയ്യില്‍നിന്നു ഫ്രീയായി അനുഭവിക്കുന്നതിനോടു ടീച്ചറിനു ഒട്ടും താല്പര്യമില്ലായിരുന്നു.

“അങ്ങിനെയല്ല മാസ്റ്റര്‍. മാസ്റ്റര്‍ എന്റെ പറ്റെത്രയാണെന്നു പറയൂ”

“അതെന്റെ ഒരു പിറന്നാള്‍ സമ്മാനമായി കൂട്ടിക്കോളൂ ടീച്ചര്‍. നിരസിക്കരുത്. വലിയ ഇഛാഭംഗത്തിനു കാരണമാവും”

പിന്നെ ടീച്ചര്‍ ഒന്നും പറഞ്ഞില്ല.

അപ്പോഴാണു ഇതുവരെ ടീച്ചറുടെ പേരു ചോദിച്ചില്ലല്ലോ എന്ന കാര്യം മാസ്റ്റര്‍ ഓര്‍ത്തത്.

“ടീച്ചറേ, പേരു ചോദിക്കാന്‍ മറന്നു. ഐ ആം വെരി സോറി”

“എന്താ ടീച്ചറുടെ പേര്?”

അതിനു ടീച്ചര്‍ നേരിട്ടൊരുത്തരം നല്‍കിയില്ല.

പകരം താഴെ കാണുന്ന ശ്ലോകം അങ്ങിട്ടു കൊടുത്തു.

മമ നാമസ്യ പൂര്‍‌വാര്‍‌ദ്ധം ഉദകേ സലിലേ നഹി
ഉത്തരാര്‍ദ്ധമതാകട്ടെ വൃഷഭേ കളഭേ നഹി
ബാലാര്‍ക്കനെന്റെ നാമത്തില്‍ ലത വൃക്ഷത്തിലെന്നപോല്‍
കഥിക്കൂ അവിലും പഴവും നല്‍കാം പേരെന്റെ ശാരികേ.

“ഇതിലുണ്ടെന്റെ പേര്. മാഷൂഹിച്ചെടുത്തോളൂ”

അപ്പോഴേക്കും മണിയടിച്ചു.

ടീച്ചര്‍ അടുത്ത ക്ലാസെടുക്കാന്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങി നടന്നു.


.........


(തുടരും)


പകര്‍പ്പവകാശം: ആവനാഴി

Wednesday, March 21, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 5

ഉച്ചസ്ഥായിയായ സൂര്യന്‍ പശ്ചിമാംബരത്തിലേക്കു പായാന്‍ ഉദ്യുക്തനാകുന്നതേ ഉള്ളു.

വൈകുന്നേരത്തെ ചായക്കു പരിപ്പുവടയും ഉഴുന്നുവടയും സുഖിയനും ഉണ്ടന്‍ പൊരിയും ഉണ്ടാക്കണമെന്ന പ്രൊപ്രൈറ്ററുടെ ശാസനം ശിരസാവഹിച്ച്‌ എക്സിക്യൂട്ടീവ്‌ ഷെഫായ D.I.G ഗീര്‍വാണവര്‍മ്മ അടുക്കളയില്‍ മേല്‍പറഞ്ഞ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ജാഗരൂകനായി.

തലമുറകളായി പലഹാരമുണ്ടാക്കലും അവ വ്യാപാരം നടത്തലും കുലത്തൊഴിലായി സ്വീകരിച്ചിരുന്നതിനാല്‍ ദാനവേന്ദ്രമഠത്തില്‍ ഇന്ദ്രപ്രസ്ഥവര്‍മ്മ ഗജമസ്തകവര്‍മ്മ മകന്‍ ഗീര്‍വാണവര്‍മ്മ സ്വീറ്റ്‌ മീറ്റ്‌സ്‌ തെയ്യാറിക്കലിനെ തന്റെ മിഡില്‍ നെയിമായി സ്വീകരിച്ചിരുന്നു.

പലഹാരങ്ങള്‍ ഡാല്‍ഡയിലും ശുദ്ധമായ വെളിച്ചെണ്ണയിലും വറുത്തെടുക്കുന്നതിന്റെ ഗന്ദ്ധം നസീര്‍ വര്‍മ്മയുടെ ചായക്കടയിലും പ്രാന്തപ്രദേശങ്ങളിലും വ്യാപരിച്ചു.

ചായക്കട അടിവച്ചടിവച്ചു കയറിയപ്പോള്‍ വര്‍മ്മ തന്റെ രണ്ടു കാതിലും സ്വര്‍ണ്ണവളയങ്ങളും വിരലുകളില്‍ സ്വര്‍‌ണ്ണമോതിരങ്ങളും വാങ്ങിയണിഞ്ഞു.

രണ്ടു കൈകളിലും കൂടി മൊത്തം പതിനൊന്നു മോതിരങ്ങളാണുണ്ടായിരുന്നത്‌.

ഇടതുകൈപ്പത്തിയില്‍ ആറു വിരലുകളുണ്ടായിരുന്ന വര്‍മ്മ, എല്ലാ വിരലുകളേയും ഒരു പോലെ സ്നേഹിക്കുകയും ട്രീറ്റു ചെയ്യുകയും ചെയ്തു.

അതോടൊപ്പം അയാള്‍ക്കു വിവാഹപ്രായമായി വരികയുമായിരുന്നു.

പണ്ടൊക്കെ കണ്ട ഭാവം നടിക്കാതിരുന്ന വലിയ പാട്ടി തന്റെ പതിനേഴിലെത്തിനില്‍ക്കുന്ന മകളുമായി പതിവായി ചായക്കടയില്‍ വരികയും പലഹാരനിര്‍മ്മാണത്തില്‍ സഹായിക്കാനെന്ന വ്യാജേന മകളെ വര്‍മ്മക്കടുത്തു നിര്‍ത്തിയിട്ട്‌ അടുക്കളയിലേക്കു വലിയുകയും ചെയ്തു.

അപസര്‍പ്പക വര്‍ക്കുമായി ബന്ധപ്പെട്ടും കൂടാതെ സ്വന്തം നിലയില്‍ ഒരു തീര്‍ഥാടനമെന്ന രീതിയിലും ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ഖജുരാഹോ സന്ദര്‍ശിക്കാറുള്ള വര്‍മ്മക്കു തന്റെ പട്ടമഹിഷിയുടെ ജ്യോഗ്രഫിയും ടോപോഗ്രാഫിയും എങ്ങിനെയുള്ളതായിരിക്കണമെന്നും ഏതെല്ലാം കലകളില്‍ അവള്‍ തല്‍പരയും നിപുണയുമായിരിക്കണമെന്നും വ്യക്തമായ ധാരണകളുണ്ടായിരുന്നു.

പാട്ടിയുടെ പുത്രിയെക്കൂടാതെ, സൗന്ദര്യധാമങ്ങളായ അനേകം യുവകന്യകമാര്‍ വര്‍മ്മയെ അടിച്ചെടുക്കാന്‍ ലൈനിട്ടിരുന്നു എന്നത്‌ നഗ്നമായ സത്യം.

പക്ഷെ, അവരാരും വര്‍മ്മയുടെ സൗന്ദര്യകലാചാതുര്യസങ്കല്‍പങ്ങളുടെ ബെഞ്ചുമാര്‍ക്കിനടുത്തെത്തിയിരുന്നില്ല എന്നതിനാല്‍ അയാള്‍ അവിവാഹിതനായിത്തന്നെ കഴിഞ്ഞു കൂടി.

കാലക്രമേണ അയാള്‍ക്കു സ്ത്രീവര്‍ഗ്ഗത്തോടു വിരക്തിയും വിദ്വേഷവുമായി.

അതിനൊരു മാറ്റം വന്നത്‌ ടീച്ചറുടെ വരവോടു കൂടിയായിരുന്നു.

അന്നു മാസാവസാനം ട്യൂട്ടോറിയല്‍ കോളേജിലെ മറ്റു മാഷമ്മാരുമൊത്ത്‌ തന്റെ ചായക്കടയില്‍ ചായസല്‍ക്കാരത്തിനു വന്നപ്പോഴാണു നസീര്‍ വര്‍മ്മ ടീച്ചറിനെ ആദ്യമായി കാണുന്നത്‌.

പ്രഥമദൃഷ്ടിയില്‍ത്തന്നെ അനുരാഗമങ്കുരിക്കുകയും ചെയ്തു.

തന്റെ മണിയറയിലെ മണവാട്ടിയാകാന്‍ എന്തുകൊണ്ടും യോഗ്യയാണു ടീച്ചറെന്നും എങ്ങിനേയും ആ മഹതിയെ സ്വന്തമാക്കണമെന്നും നസീര്‍ വര്‍മ്മ ശപഥം ചെയ്തു.

ഖജുരാഹോയിലെ ശില്‍പങ്ങള്‍ അചേതനങ്ങളായ വെറും കൃഷ്ണശിലകളാണെന്നു അയാള്‍ക്കു തോന്നി.

ഒപ്പം അങ്ങോട്ടുള്ള അസൈന്‍മെന്റുകള്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ സെന്‍‌ട്രല്‍‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷനെ വിളിച്ചറിയിക്കുകയും ചെയ്തു.

വര്‍മ്മ തല ഉയര്‍ത്തി നോക്കി.

മിഴികളില്‍ സുറുമയും കേശഭാരത്തില്‍ പനിനീര്‍സൂനവും ധരിച്ച്‌ ടീച്ചര്‍ ഒരു അപ്സരകന്യകയെപ്പോലെ കടന്നു വരുന്നതുകണ്ട്‌ അയാള്‍ അല്‍ഭുതപരതന്ത്രനായി.

സിംഹാസനത്തില്‍നിന്നെഴുനേറ്റ്‌ വെണ്ണക്കല്‍പ്പടവുകള്‍ ചവിട്ടി മഹാരാജാ നസീര്‍ വര്‍മ്മ തന്റെ മൊഞ്ചുള്ള മണവാട്ടിയുടെ നേര്‍ക്കു നടന്നു.

കൂടെയുണ്ടായിരുന്ന തോഴിമാരോടു പോകാന്‍ ആംഗ്യം കാണിച്ചിട്ട്‌ ചക്രവര്‍ത്തി പ്രണയിനിയുടെ താടി മെല്ലെ പിടിച്ചുയര്‍ത്തി.

തോഴിമാരില്‍ ചിലര്‍ അന്തപ്പുരത്തിലേക്കു പോയി. മറ്റുള്ളവര്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ചെടികള്‍ക്കു പിറകില്‍ മറഞ്ഞു നിന്നു.

"ഞാന്‍ ഭവതിയെ കാത്തിരിക്കുകയായിരുന്നു"

"എങ്ങിനെ?"

"ഒരു വേഴാമ്പലിനെപ്പോലെ"

"ഞാനും"

"എത്രനാളാണു ഭവതീ?"

"കഴിഞ്ഞ ആയിരം ജന്മങ്ങള്‍"

"ആ ആയിരം ജന്മങ്ങളിലും ജ്ജ്‌ അന്റെ ബീവി ആയിരുന്നു എന്നു എനിക്കു തോന്നുന്നുവല്ലോ."

"അന്റെ കാക്കത്തൊള്ളായിരം വരുന്ന ക്ടാങ്ങള്‍ക്ക്‌ ഉമ്മയായി, അന്റെ മല്‍ഗോവ മാമ്പയത്തിനുള്ളിലെ പുയുവായി......., എന്റെ പുന്നാരമുത്ത്‌"

"ഞാന്‍ ധന്യയായി പ്രഭോ"

ആ കവിളുകളില്‍ വിരിഞ്ഞ നുണക്കുഴികളില്‍ ചാടി മുങ്ങാംകുളിയിടണമെന്നു തോന്നി ഹിസ്‌ ഹൈനെസ്സിനു.

അപ്പോള്‍ ആ പൂങ്കാവനത്തില്‍ റംസാനിലെ ചന്ദ്രിക പാലൊളി വീശാന്‍ തുടങ്ങിയിരുന്നു.

അത്തറിന്റെ മണമുള്ള പ്രഭുല്ലസൂനങ്ങളില്‍ ഭ്രമരങ്ങള്‍ തേന്‍ കുടിക്കാനെത്തുന്ന മൂളല്‍ കേട്ടുകൊണ്ട്‌ രാജന്‍ പറഞ്ഞു:

"വരൂ, നമുക്കാ വള്ളിക്കുടിലിലിരിക്കാം"

"എന്റെ കിനാവുകളിലെ ഹൂറി, ഞാന്‍ ഭവതിയുടെ കരപല്ലവങ്ങള്‍ ഒന്നു ഗ്രഹിച്ചോട്ടെ"

അവര്‍ കൈകോര്‍ത്തുപിടിച്ച്‌ ജലധാരായന്ത്രങ്ങള്‍ പേമാരി പെയ്യിക്കുന്ന ഈന്തപ്പനകളും മഹൂവപ്പുഷ്പങ്ങളും നിറഞ്ഞ ഉദ്യാനത്തില്‍ വെണ്ണക്കല്‍പ്പാതയിലൂടെ നടന്നു ഒരു ലതാനികുഞ്ജത്തില്‍ പ്രവേശിച്ചു.

അകത്തു പ്രവേശിച്ചവാറേ വരവര്‍ണ്ണിനി തിരുവാ തുറന്നു.

"നാഥാ, ഈ ഒരു നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു അങ്ങയുടെ ഈ എളിയ ദാസി"

"നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഈ നിശീഥിനിയില്‍ അങ്ങയുടെ ഒരു ദര്‍ശനത്തിനുവേണ്ടി, ഒരു പരിരംഭണത്തിനുവേണ്ടി , ഒരു ചുടുചുംബനത്തിനുവേണ്ടി....."

മഹാരാജാവ്‌ കാമിനിയുടെ മുഖം പിടിച്ചുയര്‍ത്തി, മെല്ലെ.

തൊണ്ടിപ്പഴങ്ങളെ ദാസിമാരാക്കുന്ന ശോണാധരങ്ങളിലേക്കു തന്റെ ചുണ്ടുകളെ അടുപ്പിച്ചു.

തൊട്ടു, തൊട്ടില്ല....തൊട്ടു തൊട്ടില്ല....

"രണ്ടു ചായേ"

അടുക്കളയിലേക്കു വിളിച്ചുകൂവുന്ന സപ്ലയര്‍ മാധവന്റെ ചെവിക്കല്ലു പൊട്ടിക്കുന്ന ശബ്ദം കേട്ട്‌ നസീര്‍ വര്‍മ്മ ഞെട്ടിയുണര്‍ന്നു.

മേശപ്പുറത്ത്‌ പത്തിന്റെ ഒരു നോട്ടും ചായപ്പറ്റിന്റെ ബില്ലും.

"എന്താണപ്പാ, ഈ നട്ടുച്ചക്ക്‌ കിനാവു കാണുകയായിരുന്നോ?"

പാറപ്പുറത്ത്‌ ചിരട്ടയിട്ടുരക്കുന്ന ശബ്ദമാധുരിയില്‍, തലേക്കെട്ടും നെറ്റിയില്‍ നിസ്കാരത്തഴമ്പും വെള്ളലുങ്കിപ്പുറത്തുകെട്ടിയ ബെല്‍റ്റില്‍ തിരുകിയ മലപ്പുറം കത്തിയുമായി മുന്നില്‍ അറവുകാരന്‍ ഹൈദ്രോസ്‌.

"എന്റെ ചില്ലറ താ"

"കൊയിലാണ്ടി വണ്ടി വിടാന്‍ പോണു."

"നാളെ കൊയിലാണ്ടീന്നു മുനീറിനേം കൂട്ടി രാജസ്ഥാനില്‍ പോവാനുള്ളതാ"

"അതെന്തിനാടോ മാപ്ലേ ഇപ്പോള്‍ രാജസ്ഥാനില്‍?"

"ഒരു ഒട്ടകത്തിനെ കിട്ടാന്നു ബെച്ചിട്ടൊണ്ട്‌"

"പെരുന്നാളൊക്കെയല്ലേ ബരണത്‌"

ചില്ലറ വാങ്ങി ഹൈദ്രോസ്‌ കൊയിലാണ്ടി വണ്ടി പിടിക്കാന്‍ ഓടി.


.....


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Sunday, March 18, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 4

കിഴക്കു പ്രഭാതം പൊട്ടിവിടര്‍ന്നു.

സൂര്യന്റെ അരുണകിരണങ്ങളേറ്റ്‌ സസ്യലതാദികള്‍ക്കുള്‍പ്പുളകമുണ്ടായി.

ലതാനികുഞ്ജങ്ങളില്‍ വസന്ത കോകിലങ്ങള്‍ പന്തുവരാളി പാടി നടന്നു.

വസന്തവിസ്മയങ്ങളൊന്നും ടീച്ചറിന്റെ മനസ്സില്‍ പനിനീര്‍മഴ പെയ്യിച്ചില്ല.

ബസ്സിറങ്ങി നസീര്‍വര്‍മ്മയുടെ ചായക്കടയുടെ മുന്നിലൂടെ കോളേജിലേക്കു നടന്നു നീങ്ങിയ ടീച്ചറുടെ മനസ്സു നിറയെ ഭയപ്പാടുകളും വേവലാതികളുമായിരുന്നു.

"ഇനി മാസ്റ്റര്‍ക്കു വല്ല അണ്ടര്‍ വേള്‍ഡുമായി ബന്ധമുണ്ടായിരിക്കുമോ?"

"അദ്ദേഹം എങ്ങോട്ടാണു ഒരു വാക്കുപോലും പറയാതെ വായുവേഗത്തില്‍ ഗമിച്ചത്‌?"

ഉത്തരം കിട്ടാതെ ചോദ്യശരങ്ങള്‍ ടീച്ചറുടെ മനസ്സിനെ കുത്തിനോവിച്ചു.

അങ്ങിനെ ജീവഛവമായി ആ പാതയിലൂടെ നടന്നു നീങ്ങിയപ്പോള്‍ പിറകിലൊരു വിളികേട്ടു.

തിരിഞ്ഞു നോക്കി.

വള്ളിനിക്കറിട്ട ഒരു കൊച്ചു പയ്യന്‍.

അവന്‍ കയ്യിലിരുന്ന റോസാപ്പൂവും നിക്കറിന്റെ പോക്കറ്റില്‍നിന്നു വലിച്ചെടുത്ത തുണ്ടുകടലാസും ടീച്ചറുടെ കയ്യില്‍ കൊടുത്തിട്ട്‌ ട്‌ര്‍ എന്നു ശബ്ദമുണ്ടാക്കി തിരിഞ്ഞോടി.

ടീച്ചര്‍ തുണ്ടുകടലാസു നിവര്‍ത്തി വായിച്ചു:

"ഇതു എന്റെ പന്തോട്ടത്തില്‍ വരിഞ്ഞ പു. എന്നു സി.ഐ.ഡി. നസീര്‍ വര്‍മ്മ"

ടീച്ചര്‍ പൂ മാത്രം ഇറുത്ത്‌ മുടിയില്‍ ചൂടിയിട്ട്‌ തുണ്ടു കടലാസും കമ്പും പാതയോരത്തെ ഓടയിലേക്കു വലിച്ചെറിഞ്ഞു.

ചായക്കടയുടെ ജനലിലൂടെ കണ്ണിമക്കാതെ നോക്കിനില്‍ക്കുകയായിരുന്ന നസീര്‍ വര്‍മ്മ ടീച്ചര്‍ പൂ ചൂടുന്നതും കോളേജിലേക്കു തിരിയുന്ന വളവില്‍ മറയുന്നതും കണ്‍കുളിര്‍ക്കെ കണ്ടു.

വര്‍മ്മയുടെ പൂങ്കാവനത്തില്‍ നിറയെ വികാരപുഷ്പങ്ങള്‍ വിടര്‍ന്നു.

...................


കൊന്നമരച്ചോട്ടില്‍ മാസ്റ്ററുടെ ചവര്‍ലെറ്റ്‌ കണ്ടപ്പോഴാണു ടിച്ചര്‍ക്കു ശ്വാസം നേരെ വീണത്‌.

സ്റ്റാഫ്‌ റൂമിലേക്കു പോകാതെ ടീച്ചര്‍ നേരെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലെക്കു ചെന്നു.

"ഐ ആം വെരി സോറി ടീച്ചര്‍."

"ഇന്നലെ ടിച്ചറോടു ഒരു വാക്കു പോലും പറയാതെ ഞാന്‍ പോയി. ക്ഷമിക്കൂ"

ഇത്രയും പറഞ്ഞിട്ട്‌ ഉദാരന്‍ മാസ്റ്റര്‍ മേശപ്പുറത്തു വച്ചിരുന്ന അടുക്കു പാത്രത്തില്‍ നിന്നു ഒരടുക്കെടുത്ത്‌ ടീച്ചറുടെ നേര്‍ക്കു നീട്ടി.

"നല്ലതുപോലെ തെങ്ങാക്കൊത്തും മല്ലിയിലയും മസാലയും പുരട്ടി ഉലര്‍ത്തിയ വരാഹമാംസമാണു."

"ഒറിജിനല്‍ കാട്ടുവരാഹം"

"ടീച്ചര്‍ക്കു ഞാന്‍ സ്പെഷ്യലായി കൊണ്ടുവന്നതാണു"

"എന്താ ടീച്ചര്‍ക്കു കഴിക്കാന്‍ വിരോധം...?", മാസ്റ്റര്‍.

"ഇല്ല. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും"

മാസ്റ്റര്‍ക്കു സമാധാനമായി.

പിന്നെ, കിഴക്കന്‍ മലയില്‍ തന്റെ തേയിലത്തോട്ടത്തില്‍ കാട്ടുപന്നിക്കൂട്ടം കയറിയതും അവയെ വെടിക്കാരെ വിട്ട്‌ മൃതിപ്പിച്ചതുമായ സംഭവബഹുലമായ കാര്യങ്ങള്‍ ടീച്ചറെ പറഞ്ഞു ധരിപ്പിച്ചു.

അതു കഴിഞ്ഞ്‌ മാസ്റ്റര്‍ വീണ്ടും കവിതാസാഹിത്യാദി കാര്യങ്ങളിലേക്കു തിരിഞ്ഞു.

"വരാഹത്തെപ്പറ്റി വര്‍മ്മ എന്നു പേരായ ഒരു വിദ്വാന്‍ ഒരു ശ്ലോകം ചമച്ചിട്ടുണ്ട്‌. കേട്ടിട്ടുണ്ടോ ടീച്ചര്‍?"

"ഉവ്വ്‌"

"അപ്പോള്‍ മാസ്റ്ററേ, ആ വര്‍മ്മ നസീര്‍ വര്‍മ്മയുടെ ആരായിട്ടുവരും?"

"ആരുമല്ല."

"ആ വര്‍മ്മ വലിയ പണ്ഡിതന്‍. ഹാസ്യ സമ്രാട്ട്‌.ആക്ഷേപഹാസ്യത്തില്‍ ഡോക്റ്ററേറ്റ്‌."

"എന്നാല്‍ ഈ വര്‍മയോ,......."

മാസ്റ്റര്‍ മുഴുമിപ്പിക്കുന്നതിനു മുമ്പ്‌ ടീച്ചര്‍ പൂരിപ്പിച്ചു," അക്ഷരജ്നാനമില്ലാത്തവന്‍. ആട്ടുംകാട്ടമെന്നു മനസ്സില്‍ കണ്ട്‌ എഴുതി വരുമ്പോള്‍ കൂര്‍ക്കക്കിഴങ്ങ്‌ എന്നാവുന്ന മണ്ടക്കോമരം"

"അല്ലാ, അതു ടീച്ചറെങ്ങനെ അറിഞ്ഞു?"

അല്‍ഭുതമൂറുന്ന മിഴികളോടെ ഉദാരന്‍ മാസ്റ്റര്‍ ടീച്ചറുടെ മുഖത്തേക്കു നോക്കി.

"ടീച്ചര്‍ ത്രികാലജ്നാനിയാണല്ലേ?"

"ആണെന്നു പറഞ്ഞാല്‍ അഹന്തയാകും."

"അല്ലെന്നു പറഞ്ഞാലോ?", മാസ്റ്റര്‍.

"അതിവിനയവും സത്യവിരോധവുമാകും"

ടീച്ചറുടെ മറുപടി മാസ്റ്റര്‍ക്ക്‌ ക്ഷ പിടിച്ചു.

മാസ്റ്റര്‍ പൊട്ടിച്ചിരിച്ചു.

ആ ചിരിയില്‍ ടീച്ചറും പങ്കു ചേര്‍ന്നു.

"എന്നാല്‍, ഇനി കളിക്കാം. അല്ലേ ടീച്ചര്‍?"

"എന്തു കളി?"

"പ്രപഞ്ചത്തില്‍ വര്‍ണ്ണവിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കളി"

"പ്രപഞ്ചത്തില്‍ വര്‍ണ്ണവിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കളിയോ?"

"അതെ, ബൂലോക പ്രപഞ്ചത്തില്‍"

ഇത്രയും പറഞ്ഞിട്ട്‌ മാസ്റ്റര്‍ മേശവലിപ്പുതുറന്നു മാന്ത്രികപ്പലകയും റവറും പെന്‍സിലും പുറത്തെടുത്തു.

ആ പലകയില്‍ #ffffff‌ എന്നെഴുതിയിരുന്നു.

മാസ്റ്റര്‍ അതു റവറു കൊണ്ടു മാച്ച്‌ #ff0000 എന്നെഴുതി.

പെട്ടെന്നു പ്രപഞ്ചം മുഴുവന്‍ രക്തവര്‍ണ്ണമായി.

ടീച്ചറുടെ മുഖം അല്‍ഭുതം കൊണ്ട്‌ വികസിച്ചു.

മാസ്റ്റര്‍ അതു മാച്ച്‌ #00ff‌00 എന്നെഴുതിയപ്പോള്‍ എങ്ങും പച്ചനിറം പരന്നു.

അങ്ങിനെ ആ മാന്ത്രികസൂത്രവാക്യത്തിലെ അക്ഷരങ്ങളും അക്കങ്ങളും മാറ്റി മാറ്റി എഴുതി മാസ്റ്റര്‍ വര്‍ണ്ണങ്ങളുടെ ഒരു മായാജാലം സൃഷ്ടിച്ചു.

ടീച്ചര്‍ ഉടനെ മാസ്റ്ററുടെ പക്കല്‍നിന്നു മാന്ത്രികപ്പലക വാങ്ങി റവറു കൊണ്ടു തുടച്ച്‌ അതില്‍ #000000 എന്നെഴുതി.

ആ നിമിഷം പ്രപഞ്ചം കൂരിരുട്ടില്‍ മുങ്ങി.

അപ്പോള്‍ മദ്ധ്യധരണ്യാഴിയിലൂ‍ടെ നീങ്ങിക്കൊണ്ടിരുന്ന Q2 എന്ന അതിഭീമന്‍ ലക്ഷ്വറി കപ്പലിന്റെ ഏറ്റവും മുകളിലത്തെ ഡെക്കില്‍ നീലരാശിയായ സ്വിമ്മിങ്ങ്‌ പൂളില്‍ പുളച്ചുനീന്തുന്ന “അവര്‍ ഗ്ലാസിനെ” വെല്ലുന്ന മേനിയഴകുള്ള കിളുകിളുന്തു പരലുകളെ നോക്കി ഈവനിംഗ്‌ ടീ നുകരുകയായിരുന്നു പണച്ചാക്കുകളായ കുറെ വരട്ടു സായിപ്പന്മാര്‍.

ഇരുട്ടു പരന്നതു പെട്ടെന്നും അവിചാരിതമായും ആയിരുന്നതിനാല്‍ വായിലേക്കുയര്‍ത്തിയ പരിപ്പുവടയും പഴം നുറുക്കും വായ കണ്ടു പിടിക്കാനുള്ള തത്രപ്പാടില്‍ വഴി തെറ്റി മറ്റു നവദ്വാരങ്ങളിലേക്കു കുത്തിക്കേറ്റി.
.......


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Friday, March 16, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 3

മാടപ്രാവിന്റെ കുറുകലുകളും തെക്കന്‍‌കാറ്റിലലിഞ്ഞുവന്ന പാലപ്പൂമണവും അതു വസന്തര്‍ത്തുവിന്റെ ആഗമനമാണെന്നറിയിച്ചു.

ഒന്നു ചുമച്ചു കണ്ഠശുദ്ധി വരുത്തി ടീച്ചര്‍ തന്റെ ആഗമനോദ്ദേശം അറിയിക്കാനൊരുങ്ങി.

എന്നാല്‍ അതിനുമുന്നേ ഉദാരന്‍ മാസ്റ്റര്‍ കവിതയും ദ്വയാര്‍‌ത്ഥപ്രയോഗങ്ങളും എന്ന വിഷയം എടുത്തിട്ടു.

അല്‍പം മുന്‍‌കോപിയാണു മാസ്റ്റര്‍ എന്നു പറഞ്ഞുകേട്ടിട്ടുള്ളതുകൊണ്ട്‌ ഇനി ആ ചര്‍ച്ച പരിസമാപ്തിയിലെത്തിയിട്ട്‌ ചായപ്പറ്റിനെക്കുറിച്ചാരായാം എന്നു ടീച്ചര്‍ തീരുമാനിച്ചു.

"കവിതകള്‍ ഒരു ഭാഷയുടെ ജീവനും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ അവയെ കമനീയമാക്കുന്ന ആഭരണങ്ങളുമാണു, അല്ലേ ടീച്ചര്‍?"

ടീച്ചറുടെ അഭിപ്രായമറിയാന്‍ മാസ്റ്റര്‍ ചോദ്യരൂപേണ നോക്കി.

ടീച്ചറകട്ടെ അവ ഭാഷയുടെ പട്ടമഹിഷീപദമലങ്കരിക്കുന്നു എന്നു കൂടി കൂട്ടിച്ചേര്‍ത്തു.

"വളരെ പ്രസിദ്ധമായ ഒരു കവിതയുണ്ട്‌. ദ്വയാര്‍ത്ഥപ്രയോഗമാണു.പൂര്‍വഭാഗം കൃത്യമായി ഓര്‍ക്കുന്നില്ല. ഉത്തരഭാഗം ഒട്ടുമില്ല" മാസ്റ്റര്‍ പറഞ്ഞു.

"എന്നാലും ഒന്നു ശ്രമിച്ചുനോക്കൂ", ടീച്ചര്‍.

"കാവുംകാട്ടെ കമനിമണി....?" ബാക്കി എന്ത്‌ എന്ന ചോദ്യം മുഖത്ത്‌ അനുസൃതഭാവഹാവാദികള്‍ വരുത്തി ടീച്ചറുടെ നേര്‍ക്കെറിഞ്ഞുകൊടുത്തു.

"കവക്കട്ടെ കാണട്ടെ വൃത്തം" എന്നു ടീച്ചര്‍ നിഷ്പ്രയാസം പൂരിപ്പിച്ചു.

ടീച്ചര്‍ തുടര്‍ന്നു,"തുടക്കം അങ്ങിനെതന്നെയോ എന്നു സംശയമുണ്ട്‌. എന്നിരുന്നാലും വൃത്തഭംഗമില്ലാത്തതുകൊണ്ട്‌ അതു മതി."

"അപ്പോള്‍ അതങ്ങു വ്യാഖ്യാനിക്കാം, എന്താ?"

പണ്ട്‌ കവിതാസാഹിത്യാദി രചനകള്‍ പുരുഷന്മാരുടെ കുത്തകയായിരുന്നു. സ്ത്രീകളെ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല എന്നു മാത്രമല്ല അതിനു ശ്രമിക്കുന്നവളെ പുച്ഛത്തോടെ വീക്ഷിച്ചിരുന്നു താനും. മെയില്‍ ഷൗവിനിസം.

അങ്ങിനെയിരിക്കെ കാവുംകാട്ടിലെ ഒരു വനിത കവിതാരചന തുടങ്ങി.യാഥാസ്ഥിതികരായ പുരുഷ കവികളെ ചൊടിപ്പിക്കാന്‍ മറ്റെന്തുവേണം?

ഒരു കവി ഇങ്ങനെ വെല്ലുവിളി നടത്തി.

കാവുംകാട്ടെ= കാവുംകാട്ടുവീട്ടിലെ
കമനിമണി= സ്ത്രീരത്നം
കവക്കട്ടെ = കവിതയെഴുതട്ടെ
കാണട്ടെ വൃത്തം= വൃത്തശുദ്ധി അവക്കുണ്ടോ എന്നു നോക്കാമല്ലോ.

ടീച്ചര്‍ ഇത്രയും വ്യാഖ്യാനിച്ചുകഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു.
"ഒരു ദ്വയാര്‍ത്ഥകവിതയാണല്ലോ അതു. രണ്ടാമത്തെ അര്‍ത്ഥം ശകലം വശപ്പിശകുള്ളതാ. ടീച്ചര്‍ അതിനു തുനിയണ്ട്‌."

"അതെന്താണു മാസ്റ്റര്‍?"

"അല്ല, വ്യാഖ്യാനിച്ചുവരുമ്പോള്‍ അശ്ലീലമായിട്ടു വരും."

അതുകൊണ്ടു വ്യാഖ്യാനിക്കണ്ട എന്നു പറഞ്ഞത്‌ ടീച്ചര്‍ക്കിഷ്ടപ്പെട്ടില്ല.

"എന്താ വ്യഖ്യാനിച്ചാല്‍? അല്ലാ, ഇപ്പോഴും ഈ വിമന്‍സ്‌ ലിബറേഷന്റെ കാലഘട്ടത്തിലും മാഷേപ്പോലുള്ളവര്‍ മെയില്‍ ഷൗവിനിസത്തിനു കൂട്ടുനില്‍ക്കുന്നു എന്നറിയുമ്പോള്‍ ലജ്ജ തോന്നുന്നു."

"അതല്ല ടീച്ചറേ, അശ്ലീലമാകുമ്പോള്‍ ... അതും ഒരു സ്ത്രീ പറയുക എന്നു വച്ചാല്‍...?"

"അശ്ലീലമെന്നത്‌ വികലമനസ്സിന്റെ തിരുവാഴിക്കലാണു മാസ്റ്റര്‍. അശ്ലീലമെന്നു ഇവിടെ പലരും വിവക്ഷിക്കുന്നതിനെ ശൃംഗാരത്തിന്റെ കാച്ചിക്കുറുക്കിയ ഭാവം എന്നു വിളിക്കാനാണു ഞാനിഷ്ടപ്പെടുന്നത്‌."

"അപ്പോള്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്‌?"

"ഭഗവതിയെ പ്രീതിപ്പെടുത്താനല്ലേ? അതിനാണെങ്കില്‍ ഏതു സരസ്വതിയും ഈ നാവില്‍ വഴങ്ങും"

"ഇതാ ഒന്നു രണ്ടു ശീലുകള്‍" എന്നു പറഞ്ഞു ടീച്ചര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ടെലിഫോണ്‍ ബെല്ലടിച്ചു.

മാസ്റ്റര്‍ റിസീവര്‍ കാതോടു ചേര്‍ത്തു.

"അതെ, ഉദാരന്‍ മാസ്റ്ററാണു"

"...."

"ഐ സീ"

"......"

"ങേ, യു മീന്‍ തട്ടാന്‍ ആളെ വിട്ടിട്ടുണ്ടെന്നോ?!"

"......"

"ഉവ്വ്‌"

"..."

"അതെ"

“...............”

"അതെ, അതെ"

"........"

"വേണ്ട, ഞാനങ്ങോട്ടു വരാം"

"......"

"നോ പ്രോബ്ലം. വരാം"

ഉടന്‍ മാസ്റ്റര്‍ ധൃതി പിടിച്ച്‌ ഓഫീസില്‍നിന്നു പുറത്തിറങ്ങി, കൊന്നമരച്ചോട്ടില്‍ പാര്‍ക്കു ചെയ്തിരുന്ന ചവര്‍ലെറ്റു കാറില്‍ കയറി ഷോഫര്‍ ഡ്രിവണ്‍ ആയി ദക്ഷിണായനരേഖ ലക്ഷ്യമാക്കി പ്രയാണിച്ചു.

ഈ സംഭവം നടന്നത്‌ സര്‍ ഐസക്‌ ന്യൂട്ടണ്‍ കരണപ്രതികരണസിദ്ധാന്തം ആവിഷ്കരിച്ചതിനുശേഷമായിരുന്നു എന്നതിനാല്‍ , ചവര്‍ലെറ്റിന്റെ പുറത്തുകിടന്നിരുന്ന കാക്കപ്പുരീഷം ശകടദിശക്കെതിര്‍ദിശായാം പാഞ്ഞ്‌ അപ്പോള്‍ ക്ലാസ്‌ കഴിഞ്ഞ്‌ സ്റ്റാഫ്‌ റൂമിലേക്കു ഗമിക്കുകയായിരുന്ന ശങ്കുണ്ണിമാസ്റ്റരുടെ തിരുനെറ്റിയില്‍ തിരുതിലകം ചാര്‍ത്തി തിരുക്കുറുളായി.

.........................

(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Thursday, March 15, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 2

‌ഇരുവശവും കര്‍ണ്ണികാരപ്പൂക്കള്‍ വിരിഞ്ഞുനിന്ന നടപ്പാതയിലൂടെ നടന്നു ടീച്ചര്‍ പ്രിന്‍സിപ്പാളിന്റെ മുറിക്കു മുന്‍പിലെത്തിയപ്പോള്‍ വേലായുധന്‍ പിള്ളസ്സാറും പ്രഹളാദന്‍ സാറും പറ്റു കൊടുത്തു പുറത്തു വരുന്നതു കണ്ടു.

വാതില്‍ക്കല്‍ ടീച്ചറുടെ മുഖാരവിന്ദം കണ്ട മാത്രയില്‍ വികസിത വദനനായ ഉദാരന്‍ മാസ്റ്റര്‍ പറഞ്ഞു.

"പ്ലീസ്‌ കമിന്‍ ടീച്ചര്‍"

അകത്തു കടന്ന ടീച്ചറോട്‌ എതിര്‍വശത്തു കിടന്ന കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചിട്ട്‌ മാസ്റ്റര്‍ അവിടെ ഓഛാനിച്ചു നിന്ന ശങ്കുണ്ണിമാഷോട്‌:

"അപ്പോഴെന്താ മാഷ്‌ പറഞ്ഞു വന്നത്‌?"

"എന്റെ തുണ്ടുകടലാസു കണ്ടില്ലല്ലോ മാസ്റ്റര്‍?"

"ശിപായി വശം വെളുപ്പിനേ കൊടുത്തയച്ചതാണല്ലോ"

"ഇനി, ആ അടിച്ചുതളിക്കാരി തള്ള എങ്ങാനും അറിയാതെ ചവറ്റുകൊട്ടയില്‍ എറിഞ്ഞോ എന്തോ....?"

"അതാവാനാണു സാദ്ധ്യത"

"മാസ്റ്റര്‍, എന്റെ പറ്റെത്രയാണെന്നു പറഞ്ഞിരുന്നെങ്കില്‍?"ശങ്കുണ്ണി മാഷ്‍ തല ചൊറിഞ്ഞു.

"മാഷെന്താണു കഴിച്ചത്‌? എനിക്കു പണ്ടത്തെപ്പോലെ ഓര്‍മ്മ ശരിയാവുന്നില്ല"

"ഒരു പാലും വെള്ളം, ഒരുണ്ടന്‍ പൊരി, രണ്ടു പരിപ്പുവട, ഒരു കഷണം അലുവ, ഒരു കാജാ ബീഡി"

"അലുവ പ്ലെയിനോ അണ്ടിപ്പരിപ്പിട്ടതോ?"

"പ്ലെയിനായിരുന്നു സര്‍"

ഉദാരന്‍ മാസ്റ്റര്‍ മേശവലിപ്പു തുറന്ന് ഒരു ചെറിയ നോട്ടുബുക്ക്‌ പുറത്തെടുത്തു.

പിന്നെ അതു തുറന്നു വായിച്ചു.

"അപ്പോള്‍ പാലും വെള്ളം എട്ടു പൈസ, പരിപ്പുവട രണ്ട്‌ പതിനഞ്ചും പതിനഞ്ചും മുപ്പതു പൈസ, അലുവ പ്ലെയിന്‍ ഒരു കഷണം മുപ്പത്തഞ്ചു പൈസ , കാജാ ബീഡി രണ്ടു പൈസ ആകെ പറ്റ്‌ എഴുപത്തഞ്ചു പൈസ"

കാപ്പിക്കടയുടെ പ്രൊപ്രൈറ്റര്‍ C.I.D നസീര്‍ വര്‍മ്മയായിരുന്നു.

ഉദാരന്‍ മാസ്റ്ററും വര്‍മ്മയും കളിക്കൂട്ടുകാരായിരുന്നു.ഒരേ സ്കൂളില്‍ ഒരേ ബെഞ്ചില്‍ ഇരുന്നാണു ഇരുവരും വിദ്യാഭ്യാസം ആരംഭിച്ചത്‌.

പത്താം ക്ലാസില്‍ റാങ്കോടു കൂടി പാസായ മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു ജൈവ രസതന്ത്രത്തില്‍ ഉയര്‍ന്ന ബിരുദങ്ങള്‍ സമ്പാദിച്ചു.

പത്താം ക്ലാസില്‍ പത്തു തവണ തോറ്റപ്പോള്‍ ചാത്തനേറ്റുമഠത്തില്‍ ഇട്ടിരാമയ്യര്‍ ദാരുശില്‍പ്പയ്യര്‍ മകന്‍ നസീര്‍ വര്‍മ്മയെ അഛന്‍ പടിക്കു പുറത്താക്കി വാതിലടച്ചു.

"മുടിഞ്ച പുത്രന്‍. അലമേലൂ, നിനക്കിങ്ങനെ ഒരു സന്താനം‍ പിറന്നിട്ടില്ലെന്നു സമാധാനിക്കൂ"

മാസ്റ്റര്‍ ട്യൂട്ടോറിയല്‍ കോളേജു സ്ഥാപിച്ചപ്പോള്‍ അതിന്റെ കച്ചവട സാദ്ധ്യതകള്‍ മനസ്സിലാക്കി വര്‍മ്മ അടുത്തു തന്നെയുള്ള ടൗണില്‍ ഒരു കാപ്പിക്കട ആരംഭിച്ചു.

പിന്നീടങ്ങോട്ടു വച്ചടി വച്ചടി കയറ്റമായിരുന്നു.

കാപ്പിക്കടയില്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ വിവരങ്ങളും വിലവിവരപ്പട്ടികയും തുണ്ടുകടലാസിലെഴുതി നസീര്‍ വര്‍മ്മ ഒരു ദൂതന്‍ ‍ വശം മാസ്റ്റര്‍ക്കു കൊടുത്തയച്ചിരുന്നു.

പുതിയ വിഭവങ്ങള്‍ അവതരിപ്പിക്കുമ്പോഴും വിലയില്‍ മാറ്റം വരുമ്പോഴും ആ വിവരം വര്‍മ്മ അപ്പപ്പോള്‍ മാസ്റ്ററെ അപ്ഡേറ്റു ചെയ്തിരുന്നതിനാല്‍ സാക്ഷാല്‍ കടയിലെ വിവരപ്പട്ടികയും മാസ്റ്റരുടെ കൊച്ചുപുസ്തകവും ഒന്നു മറ്റേതിന്റെ അസ്സല്‍ കോപ്പി തന്നെ ആയിരുന്നു.

ശങ്കുണ്ണി മാഷ്‌ പോക്കറ്റില്‍നിന്നു ഒരു ഒറ്റവരാഹന്‍ എടുത്ത്‌ മാസ്റ്ററുടെ തിരുമുമ്പില്‍ വച്ചു താണു തൊഴുതു.

ഉദാരന്‍ മാസ്റ്റര്‍ പെട്ടിയില്‍നിന്നു ബാക്കി ഇരുപത്തഞ്ചു പൈസ എടുത്ത്‌, പതുക്കെയൊന്നു മുന്നോട്ടു വളഞ്ഞ്‌ പാതി അടഞ്ഞ കണ്ണുകളോടെ ഭക്ത്യാദരപൂര്‍വം നില്‍ക്കുന്ന ശങ്കുണ്ണിമാഷുടെ നീട്ടിപ്പിടിച്ച കൈക്കുമ്പിളില്‍ ഇട്ടുകൊടുത്തു.

കുനിഞ്ഞ്‌ ഒന്നു കൂടി തൊഴുത്‌ പുറം തിരിയാതെ വിനയാന്വിതനായി ഓഫീസിനു പുറത്തേക്കു നടന്ന ശങ്കുണ്ണിമാഷോടു മാസ്റ്റര്‍ വിളിച്ചു പറഞ്ഞു.

"മാഷേ, ആ പ്രഹളാദന്‍ സാറിനോടു രണ്ടു പൈസ കൂടി കൊണ്ടുവരാന്‍ പറയൂ. ബീഡിയുടെ കാശ്‌ ഞാനങ്ങു മറന്നു."

"ശരി സര്‍"

ശങ്കുണ്ണി മാസ്റ്റര്‍ ഇടതുകയ്യില്‍ വളഞ്ഞ കാലുള്ള കുടയും തൂക്കി സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നട കൊണ്ടു.

...........................................................................
(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Tuesday, March 13, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 1

വാതില്‍ക്കല്‍ മുട്ടുകേട്ടു.
ഓര്‍ഗാനിക്‌ കെമിസ്ട്രിയുടെ ഗരിന്തത്തില്‍ നിന്നു ഉദാരന്‍ മാസ്റ്റര്‍ തലയുയര്‍ത്തി നോക്കി.
തങ്കം പോലൊരു പെണ്‍കൊടി.
"വരൂ"
"പിന്നെ, എന്താണാവോ ഈ ബ്രാഹ്മമുഹൂര്‍ത്തത്തില്‍?"
"ഭൗതിക ശാസ്ത്രത്തില്‍ ഒരു ഡിഗ്രി കൈവശമുണ്ട്‌."
"ങൂം?"
"മാസ്റ്ററെ വന്നുകണ്ടാല്‍ ഈ കോളേജില്‍ ഒരു ജോലി...."
"തരാവും. ശമ്പളം?"
"മാസ്റ്റര്‍ തീരുമാനിച്ചാല്‍ മതി"
"മാസം ഒരു നാനൂറ്റമ്പതു പുത്തന്‍ തന്നാല്‍?"
"മതി. ശകലം കൂടിപ്പോയില്ലേ എന്നാണു ശങ്ക"
"ജന്മനാ റോമാച്ചക്രവര്‍ത്തിയെപ്പോലെ ഇഷ്ടം പോലെ വാരിക്കൊടുത്ത്‌ ശീലമായിപ്പോയി"
"ജാത്യാലുള്ളത്‌ തൂത്താ മാറില്ലല്ലോ, അല്ലേ മാസ്റ്ററേ?"
"ഇല്ല. പരക്കും"
"തല വെട്ടിയാല്‍?"
"ഉരുളും"
"എന്നിട്ട്‌?"
"വല്ല റെയില്‍പ്പാളത്തിലും പോയിരിക്കും"
"അപ്പോള്‍ തീവണ്ടി?"
"മറിയും"

ശുദ്ധമായ തുകലിന്റെ കസാലയില്‍ ഒന്നമര്‍ന്നിരുന്നുകൊണ്ട്‌ മാസ്റ്റര്‍ പറഞ്ഞു.
"അതിരിക്കട്ടെ"
"ടീച്ചര്‍ക്കു ശൃംഗാരകാവ്യങ്ങള്‍?"
"അവയിലാണു സ്ഥായിയായ താല്‍പര്യം"
"ഇഷ്ടപ്പെട്ട ഗ്രന്ഥകാരന്‍?"
"വാല്‍സ്യായന മഹര്‍ഷി തന്നെ. അല്ലാതാരാ?"
"എന്നാല്‍ സൗന്ദര്യലഹരി തൊട്ടു തുടങ്ങാം; എന്താ?"
"കൂടെ ഇരയിമ്മന്‍ തമ്പിയും വന്നോട്ടെ" ടീച്ചറും വിട്ടുകൊടുത്തില്ല.

അങ്ങിനെ പ്രിന്‍സിപ്പാളും ടീച്ചറും കൂടി ശൃംഗാരകാവ്യസരസ്സിലെ ചില ശീലു‍കള്‍ ചൊല്ലുകയും അവയെ വ്യാഖ്യാനിക്കുകയും അവ ഭാരതീയരുടെ കാവ്യാസ്വാദനപടുതയെ എത്ര മാത്രം സ്വധീനിച്ചിട്ടുണ്ട്‌ തുടങ്ങിയ കനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തുകൊണ്ടിരിക്കെ വേലായുധന്‍ സാര്‍ അങ്ങോട്ടു കയറി വന്നു.
"അല്ലാ, മാസ്റ്റര്‍ മറന്ന്വോ. ഇന്നു മാസാവസാനമല്ലേ?"
"പുതിയ ടീച്ചറുടെ ഇന്റര്‍വ്യൂ. വിഷയത്തില്‍ നല്ല ജ്നാനം."
"എന്റെ വേലായുധന്‍ സാറേ, അങ്ങിനെ സമയം പോയതറിഞ്ഞില്ല. എല്ലാവരും റെഡിയായൊ?"

എല്ലാ മാസവും അവസാനത്തെ സാദ്ധ്യായദിവസത്തില്‍ പ്രിന്‍സിപ്പാളും മറ്റു മാഷമ്മാരും കൂടി ടൗണില്‍ പോയി ഒരു ചായ കുടിക്കുക പതിവുണ്ട്‌.കോളേജ്‌ സ്ഥാപിച്ചിട്ടിന്നേവരെ അതിനൊരു മുടക്കമുണ്ടായിട്ടില്ല.

പ്രിന്‍സിപ്പളും ടീച്ചറും വേലായുധന്‍ പിള്ളസ്സാറും കൂടി പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ഒരു വരിയായി മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.
മാസ്റ്റര്‍ ഓരോരുത്തരേയും ടീച്ചര്‍ക്കു പരിചയപ്പെടുത്തി.
"ആല്‍ഫബെറ്റിക്‌ ഓര്‍ഡറാണു. ടീച്ചറും വരിയില്‍ കറിക്കൊള്ളൂ", വേലായുധന്‍ മാസ്റ്റര്‍ പറഞ്ഞു.
പ്രിന്‍സിപ്പാളായതുകൊണ്ട്‌ അക്ഷരക്രമം ഉദാരന്‍ മാസ്റ്റര്‍ക്കു ബാധകമായിരുന്നില്ല.മാസ്റ്റര്‍ വരിയുടെ മുന്നറ്റത്ത്‌ സ്ഥാനം പിടിച്ചു.

കാപ്പിക്കടയെ ലക്ഷ്യമാക്കി നീങ്ങിയ അട്ടയുടെ ചില കശേരുക്കള്‍ക്കു സ്ഥാനഭ്രംശം സംഭവിച്ചിരുന്നു.
ഡിമോഷന്‍ കിട്ടിയ പലരും മുറുമുറുത്തു. മാസ്റ്റര്‍ ശ്രദ്ധിക്കാന്‍ പോയില്ല
...................................................................

"അല്ലാ, എല്ലാവരുമുണ്ടല്ലോ ഉദാരന്‍ മാസ്റ്ററെ. ഇപ്പഴാണു ഞാന്‍ മാസാവസാനമാണെന്നോര്‍ത്തത്‌." കാപ്പിക്കടയിലെ സപ്ലയര്‍ മാധവന്‍ പറഞ്ഞു.
"എല്ലാ മാസാവസാനവും സാറന്മാര്‍ക്ക്‌ എന്റെ വക ഒരു കാപ്പിസല്‍ക്കാരം കൊടുത്തില്ലെങ്കില്‍ എനിക്കു വലിയ മനപ്രയാസമാണു മാധവാ. അവരാണു എന്റെ ട്യൂട്ടോറിയല്‍ കോളേജിനെ നില നിര്‍ത്തുന്നത്‌"
"എല്ലാവര്‍ക്കും വേണ്ടത്‌ എന്താന്നു വച്ചാല്‍ കൊടുക്കൂ മാധവാ"
"എനിക്കു ഒരു കാലിച്ചായ"
"തിന്നാന്‍?"
"ഒന്നും വേണ്ട"
മാധവനു ആ കോളേജിലെ സാറമ്മാരോടു അസൂയ തോന്നി.
"അവിടെ ഒരു പ്യൂണായിട്ടെങ്കിലും ജോലി കിട്ടിയിരുന്നെങ്കില്‍!"

പിറ്റേന്നു രാവിലെ ടീച്ചര്‍ സ്റ്റാഫ്‌ റൂമിലെത്തിയപ്പോള്‍ എല്ലാവരും അവരവരുടെ തുണ്ടുകടലാസുകള്‍ എടുത്തു നോക്കുന്നതു കണ്ടു.
"ഒരു രൂപ നാല്‍പ്പത്തഞ്ചു പൈസ" വേലായുധന്‍ സാര്‍ തന്റെ മേശപ്പുറത്തു കിടന്ന കടലാസു തുണ്ടു നിവര്‍ത്തി വായിച്ചു.
അപ്പോള്‍ പ്രഹ്ലാദന്‍ സാര്‍ വിളിച്ചു പറഞ്ഞു."ഇത്തവണ മാസ്റ്റര്‍ക്കു തെറ്റി വേലായുധന്‍ സാറേ. രണ്ടു രൂപ ഇരുപത്തഞ്ചു പൈസ"
“ഒരു ചായ, രണ്ടു പഴമ്പൊരി, നാലു പരിപ്പുവട, ഒരു ഉഴുന്നുവട, ഒരു പൂവന്‍ പഴം. ആകെ പറ്റ്‌ രണ്ടു രൂപ ഇരുപത്തഞ്ചു പൈസ."

“ബീഡിയുടെ രണ്ടു പൈസ മാസ്റ്റര്‍ മറന്നു. രണ്ടു രൂപ ഇരുപത്തേഴു പൈസ വരേണ്ടതാണു"

ചായസല്‍ക്കാരം കഴിഞ്ഞ്‌ പിറ്റേ ദിവസം രാവിലെ തന്നെ ഓരോരുത്തരുടേയും ചായപ്പറ്റ്‌ കൃത്യമായി തുണ്ടുകടലാസിലെഴുതി അതാതു മേശപ്പുറത്തെത്തിക്കുന്നതില്‍ മാസ്റ്റര്‍ ഒട്ടും അമാന്തം കാണിക്കാറില്ല.ആ പറ്റു തീര്‍ത്തിട്ട്‌ ക്ലാസിലേക്കു പോയാല്‍ മതി.അതായിരുന്നു അവിടത്തെ അലിഖിതനിയമം.

പ്രഹ്ലാദന്‍ സാറും വേലായുധന്‍ സാറും ചില്ലറയുമായി പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു പോയി.

ടീച്ചര്‍ തന്റെ മേശപ്പുറത്തെങ്ങും ചായപ്പറ്റു കണ്ടില്ല.

ഇനി താഴെയെങ്ങും വീണോ എന്നറിയാന്‍ അവിടെയൊക്കെ പരതി.

കാണാത്തതുകൊണ്ട്‌ പറ്റ്‌ എത്രയായി എന്നറിയാന്‍ പ്രിന്‍സിപ്പാളിന്റെ മുറി ലക്ഷ്യമാകി നടന്നു.........

(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Saturday, March 10, 2007

ഇതാ ഒരു മറുമൊഴി

വളരെ പ്രസിദ്ധമായ ഒരു സംസ്കൃതശ്ലോകത്തിനു ഞാന്‍ ഒരു മലയാളഭാഷാന്തരീകരണം നടത്താന്‍ ശ്രമിച്ചു. അതാണിവിടത്തെ പ്രതിപാദ്യവിഷയം.

മൂലശ്ലോകവും പരിഭാഷയും താഴെ കൊടുക്കുന്നു.

മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്‍‌മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂ‍മോ വൈകൃതം സഖേ?

മദ്യം ശാപ്പിട്ടു കോന്തന്‍, കലപിലബഹളംകൂട്ടിടും നേരമയ്യോ!
ചന്തിക്കാഞ്ഞാഞ്ഞുകൊത്തീ, കരളവിഷമയം മുറ്റുമാത്തേളുവീരന്‍‌
‍തിട്ടം കള്ളോടുചേര്‍ന്നി, ട്ടതിസരഭസം തേള്‍വിഷം പ്രാസരിക്കേ
മുഠാളന്‍ മര്‍ക്കടന്‍ താന്‍, ചറപറ വളിവിട്ടെന്റെ വാര്‍തിങ്കളാളെ

ഇങ്ങിനെയൊരു പരിഭാഷക്ക് പ്രേരകമായത് എന്താണെന്നു പറയാം.

ആദ്യമായി ഏതു സന്ദര്‍ഭത്തിലാണു ഈ സാഹസത്തിനു തുനിഞ്ഞത് എന്നു വിവരിക്കാം.
‍ ദൂരദേശത്ത് തീര്‍ത്ഥാടനത്തിനു പോയി തിരിച്ചു വരുന്ന ഒരു കാമുകന്‍ തന്റെ കാമുകിയോട് വഴിയോരക്കാഴ്ചകള്‍ വര്‍ണ്ണിക്കുന്നതായി സങ്കല്‍‌പ്പിച്ചുകൊണ്ടാണു മേല്‍പ്പറഞ്ഞ ശ്ലോകത്തിനു പരിഭാഷയെഴുതാനിരുന്നത്. അതുകൊണ്ടാണു “വാര്‍തിങ്കളേ” എന്നു പ്രയോഗിച്ചിരിക്കുന്നത്.

അതിരിക്കട്ടെ.

ഒരു കുരങ്ങന്‍ കള്ളുകുടിച്ച് പരാക്രമം കാണിക്കുന്നു. സ്വതവേ ചപലസ്വഭാവിയാണല്ലോ വാനരന്‍. പിന്നെ കള്ളു കുടിച്ചാലത്തെ കഥ പറയാനുണ്ടോ?

അപ്പോഴാണു അവനെ ഒരു തേള്‍ കുത്തുന്നത്. പിന്നെ എന്തൊക്കെ കാട്ടിക്കൂട്ടി എന്നു ഊഹിക്കാവുന്നതേയുള്ളു.

ഇത്രയും കാര്യങ്ങള്‍ മൂലശ്ലോകത്തിന്റെ ആദ്യത്തെ രണ്ടു വരികള്‍ വ്യക്തമാക്കുന്നു.

ഇനിയാണു കളി.

പിന്നെ കവി ഇങ്ങിനെ പറയുന്നു:

തന്‍‌മദ്ധ്യേ = അതിനിടയില്‍
ഭൂതസഞ്ചാരം = ഭൂതസഞ്ചാരവും സംഭവിച്ചു.
കിം ബ്രൂമോ? = എന്തു പറയാന്‍?
വൈകൃതം സഖേ = കാട്ടിക്കൂട്ടിയ കോപ്രായങ്ങളെപ്പറ്റി.

ഇനി ഈ “ഭൂതസഞ്ചാരം” എന്ന പ്രയോഗം കൊണ്ട് കവി എന്താണുദ്ദേശിച്ചത് എന്നതാണു ചോദ്യം?

പണ്ഡിതവര്യന്‍‌മാരായ പലരുടേയും ശ്ലോകങ്ങള്‍ വ്യാഖ്യാനങ്ങളില്‍ക്കൂടി വിവിധങ്ങളായ ആശയങ്ങള്‍ പ്രകടീകരിച്ച് അത്യന്തശോഭയണിയാറുണ്ട്.

പഞ്ചഭൂതങ്ങളില്‍ പെടുന്ന ഒന്നാണല്ലോ “വായു”. അപ്പോള്‍ “ഭൂതസഞ്ചാരം” എന്നതിനെ “വായുസഞ്ചാരം” എന്നും വ്യാഖ്യാനിക്കാവുന്നതാണു.

അതിനെ കവി “വൈകൃതം” എന്ന പ്രയോഗത്തിലൂടെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് പരിഭാഷയിലെ അവസാനവരിയില്‍ വര്‍ണ്ണിച്ചിരിക്കുന്നതു തന്നെയല്ലേ അദ്ദേഹം ഉദ്ദേശിച്ചത് എന്നു ബലമായി സംശയിക്കുന്നു.

ഈ പരിഭാഷ ഞാന്‍ ഉമേഷിന്റെ തേളും ബ്ലോഗറും എന്ന പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.

ബൂലോകത്തിലെ പണ്ഡിതവര്യന്‍‌മാര്‍ വിധിക്കട്ടെ.

തെറ്റാണെങ്കില്‍ കല്ലെറിയൂ.

ചാത്തനെവിടെ?

പകര്‍‌പ്പവകാശം: ആവനാഴി

Thursday, March 8, 2007

ഒരു സംശയം

ചില കമന്റുകളില്‍ qw_er_ty എന്നു കാണുന്നു. എന്താണതിന്റെ അര്‍ത്ഥം? ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ?

Saturday, March 3, 2007

ഗര്‍ദ്ദഭം

“എനിക്കു പാടണം”

നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ആയപ്പോള്‍ മന്ത്രിമുഖ്യന്‍‌ മഹാരാജാവിനെ വിവരം അറിയിച്ചു.

“ശരി, വരാന്‍ പറയൂ”

മൃദംഗം , ഷെഹണായ്, സിത്താര്‍, തബല, മോര്‍ശംഖ് , വയലിന്‍ , ചെല്ലോ തുടങ്ങിയ വാദ്യവിശേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പക്കമേളക്കാര്‍ വട്ടമിട്ടിരുന്ന വേദിയില്‍ ചമ്രം പടിഞ്ഞിരുന്ന് മഹാരാജാവിനേയും സദസ്സിനേയും താണു വണങ്ങിയതിനുശേഷം ഗര്‍ദ്ദഭം സദിരു തുടങ്ങി.

കച്ചേരി കര്‍ണ്ണകഠോരമായപ്പോള്‍ രാജാവു കല്‍പ്പിച്ചു.

“നിനക്കൊന്നുമറിയില്ല. നീ ഗര്‍ദ്ദഭമാണു. വെറും കഴുത”

“പോകൂ രാജസദസ്സില്‍ നിന്നു”

ഭൃത്യന്‍‌മാര്‍ സംഗീതജ്ഞനെ തള്ളിപ്പുറത്താക്കി.

“പോകൂ. വല്ല ചുമടെടുക്കാനും പോകൂ”

തോല്ക്കുകയോ? അരുത്.

തന്റെ മനോഗതം ജല്‍‌പ്പിച്ചു.

വലിയ കരഘോഷങ്ങള്‍ കേട്ട് നോക്കിയപ്പോള്‍ കണ്ടത് രാജകുമാരന്‍‌മാര്‍ കുതിരപ്പന്തയം നടത്തുന്നതാണു.

എനിക്കും ഒരു കൈ നോക്കണം.

ഗര്‍ദ്ദഭം കുതിരപ്പന്തയത്തിന്റെ ഭാരവാഹിത്വം വഹിക്കുന്ന മന്ത്രിയെ മുഖം കാണിച്ച് ഇംഗിതമറിയിച്ചു.

“ശരി” എന്നരുളിച്ചെയ്തതുകേട്ട് ഗര്‍ദ്ദഭത്തിന്റെ മനം കുളിര്‍ത്തു.

“അടുത്ത റേസിനു തയ്യാറായിക്കോളൂ”

ഏഴു ട്രാക്കുകളായിരുന്നു പന്തയമൈതാനത്തുണ്ടായിരുന്നത്.

ആറിലും കുതിരകള്‍; ഏഴാം ട്രാക്കില്‍ ഗര്‍ദ്ദഭം നിലകൊണ്ടു.

വെടി പൊട്ടി.

കുതിരക്കുളമ്പുകളില്‍നിന്നുതിര്‍ന്ന ധൂളിയില്‍ ഗര്‍ദ്ദഭം അപ്രത്യക്ഷനായി.

കുതിരകളാറും ഓട്ടം കഴിഞ്ഞു മുതിര തിന്നാന്‍ തുടങ്ങിയിട്ടും ഗര്‍ദ്ദഭം ലക്ഷ്യ്സ്ഥാനത്തെത്തിയില്ല.

അകലെനിന്നു ഓടി വരുന്ന ഗര്‍ദ്ദഭത്തോട് മന്ത്രി ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞു.

“നിനക്കു ദ്രുതവേഗതയില്ല. നീ വെറും ഗര്‍ദ്ദഭം. കടന്നു പോകൂ. വല്ല ചുമടും ചുമന്നു ജീവിക്കാന്‍ പറ്റുമോ എന്നു നോക്കൂ”

റേസ്ട്രാക്കില്‍ നിന്നു നിഷ്കാസിതനായ അവന്‍ സ്വയം പറഞ്ഞു.

“ഇല്ല. ഞാന്‍ തോല്‍ക്കുകയില്ല”

പിന്നീട് ഒരു വടവൃക്ഷത്തിന്റെ തണലിലിരുന്നു ഗര്‍ദ്ദഭം ഒരു SWOT analysis നടത്തി.

Strength, Weakness, Opportunities, Threat ഇവയില്‍ തന്റെ Strength എന്ത് എന്നു അവന്‍ ആലോചിച്ചു.

ദീര്‍ഘമായ പര്യാലോചനക്കുശേഷം തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി.

“എന്റെ പക്കല്‍ ആ മുടിഞ്ഞ കുന്ത്രാണ്ടമുണ്ടല്ലോ. അതു തന്നെ എന്റെ ശക്തി!”

എന്താണത്?

അതെ അതു തന്നെ. നിങ്ങളുദ്ദേശിച്ചതു തന്നെ.

ആളൊഴിഞ്ഞ ഇടവഴികളില്‍ നിന്നു അതു കാട്ടി അവന്‍ സ്ത്രീകളേയും പെണ്ണുങ്ങളേയും പേടിപ്പിച്ചു.


പകര്‍പ്പവകാശം: ആവനാഴി
 

hit counter
Buy.com Coupon Code