Wednesday, February 10, 2010

അങ്ങനെ ഒരു വികലാംഗൻ

കേരളത്തിലെ ട്രാൻസ്പോർട്ടു ബസ്സുകളിൽ ഒരു നല്ല കാര്യം ചെയ്തിട്ടുണ്ട്. അതായത് രണ്ടു സീറ്റുകൾ വികലാംഗർക്കുവേണ്ടി നീക്കി വച്ചിരിക്കുന്നു. സീറ്റുകൾക്കു മുകളിൽ ബസ്സിനകത്തു പാർശ്വഭാഗത്തായി വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട് “ വികലാംഗർ”.

കയ്യോ കാലോ നഷ്ടപ്പെട്ട നിർഭാഗ്യവന്മാർക്കു ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശം നമ്മുടെ സർക്കാർ നിയമപരമായി പരിരക്ഷിച്ചിരിക്കുകയാണു ആ റിസർവേഷനിലൂടെ.

കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയപ്പോൾ ഒരു “വിരുതൻ വികലാംഗനെ” കാണാനിടയായി.

ഒരു ദിവസം എറണാകുളത്തു ഒരു ചെറിയ ഷോ‍പ്പിംഗ് പരിപാടിയുമായി ഞാനും ധർമ്മദാരവും കൂടി മൂവാറ്റുപുഴയിൽ നിന്നു രാവിലത്തെ ട്രാൻസ്പോർട്ടിൽ യാത്ര തിരിച്ചു. ഷോപ്പിംഗ് ചെറുതായിരുന്നെങ്കിലും അതു കഴിഞ്ഞപ്പോൾ രാത്രി ഏഴു മണിയായി. ചെന്നൈ സിൽക്കിന്റെ മുമ്പിൽ നിന്നു ഒരു ഓട്ടോ പിടിച്ചു ട്രാൻസ്പോർട്ടു ബസ് സ്റ്റാന്റിലെത്തിയപ്പോൾ മൂവാറ്റുപുഴക്കുള്ള ബസ്സ് റെഡിയായി നിൽക്കുന്നു.

സ്ത്രീകൾക്കു മാത്രം നീക്കി വച്ചിരിക്കുന്ന സീറ്റിൽ ധർമ്മദാരത്തിനു ഇരിപ്പിടം കിട്ടി.

ഞാൻ നോക്കിയപ്പോൾ സീറ്റുകളൊന്നും ഒഴിവില്ല. ഒന്നു കൂടി കൂലങ്കഷമായി നോക്കിയ വാറെ അതാ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. വികലാംഗർക്കു നീക്കി വച്ചിരിക്കുന്ന രണ്ടു സീറ്റുകളിൽ ഒരെണ്ണം വേറൊരു യാത്രക്കാരൻ കരസ്ഥമാക്കിയിരുന്നു.

ഒഴിഞ്ഞു കിടന്ന സീറ്റിൽ ഞാനും ഉപവിഷ്ടനായി.

കയ്യിൽ ഷോപ്പിംഗ് ബാഗുകളുമേന്തി മൂവാറ്റുപുഴ വരെ നിന്നു യാത്ര ചെയ്യേണ്ടി വന്നില്ലല്ലോ എന്നുള്ള സന്തോഷം എന്റെ ഉള്ളിൽ തിരതല്ലുന്നുണ്ടായിരുന്നു.

ആ സന്തോഷം സഹയാത്രികനുമായി പങ്കു വെക്കാനും ഞാൻ മറന്നില്ല.

വീണ്ടും യാത്രക്കാർ കയറിക്കൊണ്ടേയിരുന്നു.

സൂചി കുത്താൻ പഴുതില്ലാത്ത വിധം ബസ്സിനകം യാത്രക്കാരെക്കൊണ്ടു നിറഞ്ഞു.

അപ്പോഴതാ തൊട്ടടുത്തു നിന്നു ഒരു സ്വനം.

“സീറ്റു വേണം!”

ആ ശബ്ദം പുറപ്പെട്ട ദിക്കിലേക്കു ഞാനും സഹയാത്രികനും തിരിഞ്ഞു നോക്കി.

“സീറ്റു വേണമെന്നു പറഞ്ഞതു കേട്ടില്ലേ?”

നല്ല തടിമിടുക്കും ആരോഗ്യവുമുള്ള ഒരു മധ്യവയസ്കൻ!

“എന്താ, റിസർവേഷൻ ടിക്കറ്റാണോ?” ഞാൻ അയാളെ നോക്കി ചോദിച്ചു. റിസർവേഷനാണെങ്കിൽ ന്യായമായും അയാൾക്കു ഞാൻ സിറ്റൊഴിഞ്ഞു കൊടുക്കണമല്ലോ.

“എന്താ നിങ്ങളുടെ സീറ്റു നമ്പർ?”

അപ്പോൾ അയാൾ “വികലാംഗർ” എന്നെഴുതി വച്ചിടത്തേക്കു വിരൽ ചൂണ്ടി.
എന്നിട്ടു വീണ്ടും ആവർത്തിച്ചു.
“സീറ്റു വേണം”

ഒരു തരത്തിലുള്ള അംഗവൈകല്യവും അയാളിൽ കാണാത്തതിനാൽ ഞാൻ ചോദിച്ചു. “ താങ്കൾ വികലാംഗനാണോ?”

“അല്ലെങ്കിൽ ചോദിക്കുമോ?” അയാൾ ഒരു മറു ചോദ്യമെറിഞ്ഞു.

അപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ എന്റെ സഹയാത്രികൻ ഉരിയാടി.“അയാൾ ഇരിക്കട്ടെ. നമുക്കു ഒന്നരാടം വിട്ടു എഴുനേറ്റു നിൽക്കാം സാറെ”

സഹയാത്രികൻ എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു.

“വേണ്ട സാറെ; ഞാനല്ലേ അവസാനം വന്നത്. ഞാൻ എഴുനേറ്റു നിൽക്കാം”

ഇത്രയും പറഞ്ഞു ഞാൻ എന്റെ ഷോപ്പിംഗ് ബാഗുകൾ പൊക്കിയെടുത്തു എഴുനേറ്റുനിന്നു.

“വികലാംഗനാകട്ടെ” വിസ്തരിച്ചു എന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അന്യായമാണു അയാൾ ചെയ്തതു എന്നു സഹയാത്രികനു ബോദ്ധ്യമായതിനാൽ എനിക്കു എങ്ങിനേയും ഒരു സീറ്റു ഉടനെ തരപ്പെടണം എന്ന ആഗ്രഹത്തോടെ അദ്ദേഹം കണ്ടക്റ്ററോടൂ ചോദിച്ചു. “സാറേ, ഇവിടെ അടുത്തു ഇറങ്ങുന്നവരാരെങ്കിലുമുണ്ടോ?”

“തൃപ്പൂണിത്തുറ എത്തിയാൽ, ദാ ആ പുറകിലെ സീറ്റിൽ ഒരാൾ ഇറങ്ങും”

കണ്ടക്റ്റർ പ്രതിവചിച്ചു.

അങ്ങിനെ തൃപ്പൂണിത്തുറ വരെ തിക്കിലും തിരക്കിലും പെട്ടു ഉഴറിയ എനിക്കു തൃപ്പൂണിത്തുറ എത്തിയപ്പോൾ സീറ്റു കിട്ടി.

“ഇങ്ങിനേയും വികലാംഗരോ?” എന്ന ചോദ്യം അപ്പോഴും എന്റെ ഉള്ളിൽ കിടന്നു ഉത്തരം കിട്ടാതെ വട്ടം കറങ്ങുന്നുണ്ടായിരുന്നു!

ആ ആനവണ്ടിയാകട്ടെ, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ മൂവാറ്റുപുഴ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

Monday, October 27, 2008

ഗര്‍ഭപ്രേതം

ചക്രപാണി ജോത്സ്യര്‍ ഏഴരവെളുപ്പിന് എഴുനേറ്റു.

പഴുത്ത മാവിലയും ഉമിക്കരിയും ചേര്‍ത്തു ദന്തധാവനം ചെയ്തു. നേരെ കുളക്കടവിലേക്കു പോയി.

കിഴക്കോട്ടു തിരിഞ്ഞു നിന്ന് കൈക്കുമ്പിളില്‍ വെള്ളമെടുത്തു സൂര്യനെ ധ്യാനിച്ച് സലിലം ഭഗവാനു സമര്‍പ്പിച്ചു. മൂന്നു മുങ്ങി. ഈറനുമുടുത്ത് നേരെ പോയത് ഭഗവതിയുടെ കാവിലേക്കു.

അമ്മേ, ഭഗവതീ, മഹാമായികേ.

പോറ്റി നല്‍കിയ തീര്‍ത്ഥം കൈക്കുമ്പിളില്‍ വാങ്ങി ഭക്തിപൂര്‍‌വം പാനം ചെയ്തു. ചന്ദനം തൊട്ടു. തുളസിപ്പൂവ് ചെവിക്കിടയില്‍ തിരുകി.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചു വരുന്നതേ ഉള്ളു.

ഇറയത്തു ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കു.

“പാല്‍ക്കഞ്ഞി പാകമായിട്ടുണ്ട്. വിളമ്പട്ടെ?”

വെളുപ്പിനെ എഴുനേറ്റു കുളിച്ചു വിളക്കു കൊളുത്തി ഭര്‍ത്താവിനു പാല്‍ക്കഞ്ഞിയും പപ്പടം ചുട്ടതും ഉണ്ടാക്കുന്നതില്‍ ഭാഗീരഥി ഇതു വരെ ഭംഗം വരുത്തിയിട്ടില്ല.

കഞ്ഞി കുടി കഴിഞ്ഞു ജോത്സ്യര്‍ ഖോരാശാസ്ത്രത്തിലെ ചില ശ്ലോകങ്ങള്‍ വായിക്കാന്‍ തുടങ്ങിയപ്പോളാണു ഒരു മുരടനക്കം കേട്ടത്.

“ചാന്നനോ? എന്താ ചാന്നാ വിശേഷിച്ച്?”

“ആശാനേ, ആകപ്പാടേ കുഴപ്പം. കുടുംബത്തില്‍ കരകയറ്റമില്ല.” ചാന്നന്‍ മുറ്റത്തു പ്ലാവിന്റെ ചുവട്ടില്‍ ഇരുന്നു.

മുപ്പതുകളുടെ അവസാനമായിരുന്നു അതു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം. കീഴ്ജാതിക്കാര്‍ ഇറയത്തു കയറി ഇരിക്കാറില്ല.

“ഒന്നു പ്രശ്നം വച്ചു നോക്കണം ആശാനെ”

“എന്താ നാളു?”

“പൂഷം”

ചാന്നന്‍ പൂയത്തിനു പൂഷമെന്നാണു പറയുക.

ജോത്സ്യര്‍ രാശിചക്രം വരച്ച പലക മുന്നില്‍ വച്ചു സുബ്രഹ്മണ്യനെ ധ്യാനിച്ചു കവടി നിരത്തി.

“ദൈവാധീനത്തിനു കുറവു കാണുന്നു. വ്യാഴം മറഞ്ഞിരിക്കുന്നു.”

“കാലം കുറെ ആയി. ഒരു സമാധാനോമില്ല ആശാനേ”

“കണ്ടകശ്ശനി കാലമാണു. ചിങ്ങം കഴിയണം. ഒരു മാറ്റം വരും”

ജോത്സ്യര്‍ തുടര്‍ന്നു.

“ചില ബാധോപദ്രവങ്ങളും കാണുന്നുണ്ട്. ഒരു ഗര്‍ഭപ്രേതത്തിന്റെ ഉപദ്രവം ശക്തിയായി കാണുന്നു”

ചാന്നന്റെ മുഖത്തു പല വിധ വികാരങ്ങള്‍‍ മിന്നി മറഞ്ഞു.

അയാള്‍ കണ്ണടച്ചു ഗുരുകാരണവമ്മാരെ മനസ്സില്‍ ധ്യാനിച്ചു. വലതു കൈപ്പത്തി ശക്തിയായി മാറില്‍ അടിച്ചു.

“ആശാനേ, ഇനി ഒന്നു ഒഴിവു നോക്കിക്കേ. നെല്ലും പതിരും തിരിച്ചു സത്യം അറിയണം ആശാനേ! ”

“ഉം എന്താ പറഞ്ഞോളൂ”

“ആ ഗര്‍ഭ പ്രേതമില്ലേ ആശാനേ?”

“ഗര്‍ഭ പ്രേതം?” ജോത്സ്യര്‍ ആകാംക്ഷയോടെ ചാന്നന്റെ മുഖത്തേക്കു നോക്കി.

“ആ ഗര്‍ഭപ്രേതം. അതു ആണോ പെണ്ണോ? ”

Sunday, December 2, 2007

ഒരു പഴയകാലക്കവിത

തൊട്ടാല്‍കുളിക്കണം കണ്ടാല്‍ക്കുളിക്കണം
നൂറടിമാറി നടക്കണം നീ
നീ വെറും താണവന്‍, ഞാനോ ഉയര്‍ന്നവന്‍
നിന്നെഞാന്‍ തൊട്ടാല്‍ക്കുളിക്കണംഞാന്‍
നിന്റെ വിയര്‍പ്പിനാല്‍ ചാലിച്ചവിത്തുകള്‍
പാടത്തുപൊട്ടിമുളച്ചുവന്നു
സ്വര്‍ണ്ണക്കതിരുകള്‍ കുമ്പിട്ടുനില്‍ക്കെ നീ
പൊന്നരിവാള്‍കൊണ്ടു കൊയ്തെടുത്തു
പാട്ടമളക്കുവാന്‍ ചാക്കിലെനെല്ലുമാ
യെന്റെയില്ലത്തുനീ വന്നുവല്ലോ
മാറു നീ നൂറടി മാറുനീയില്ല
മശുദ്ധമാക്കാതെ നീ മാറി നില്‍ക്കൂ
രാമാ അളക്കുപാട്ടംനെല്ലുവൈകാതെ
യെന്നിട്ടറയില്‍നിറച്ചുവക്കൂ.

ത്വമസി അസ്പൃശ്യ:
അസ്പൃശ്യന്‍ സ്പര്‍ശ്യനല്ലാത്തോന്‍
ഷെഡ്യൂള്‍ഡ് കാസ്റ്റന്‍ ധരിക്ക നീ
ഞാനൊരു മേല്‍കാസ്റ്റന്‍
നീ വെറും കീഴ്കാസ്റ്റന്‍
എന്നെ നീ കാണ്‍കിലോടീയൊളിക്കൂ!

(കടപ്പാട്: വിഷ്ണുപ്രസാദ് മാഷിന്റെ കസ്റ്റം മെസ്സേജില്‍ “അസ്പൃശ്യന്‍” എന്ന വാക്കു കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയ കവിതയാണു മുകളില്‍ കൊടുത്തിരിക്കുന്നത്.)

Saturday, November 17, 2007

ഒരു ഉത്തരാധുനിക എക്സിസ്റ്റെന്‍ഷ്യലിസ്റ്റു കവിത

ചെങ്ങാരക്കിളി തൂറിയില്ല
കാത്തുകാത്തിരുന്നിട്ടും
കയ്യാങ്കളി നടത്തിയിട്ടും
അവനതിനു കഴിഞ്ഞില്ല.

അവനു അസ്ഥിത്വദു:ഖത്തിന്റെ കോണ്‍സ്റ്റിപ്പേഷനായിരുന്നു
ഒന്നു വെര്‍ബല്‍ ഡയേറിയ പിടിച്ചിരുന്നെങ്കില്‍
ഇതെല്ലാം ഇളക്കിക്കളയാമായിരുന്നു എന്നവനോര്‍ത്തു
ദ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ് ദ എക്സിസ്റ്റെന്‍ഷ്യല്‍ ഡിജിഗുണാരി
ഈസ് ദ മോസ്റ്റ് അണ്‍ബിയറബ്‌ള്‍ കിണികുണാരി ഓഫ് ദ മൈന്‍ഡ്

അവന്‍ ഗ്രാമ-ഫോണ്‍ എടുത്തു ജര്‍മനിക്കുവിളിച്ചു
അങ്ങേത്തലക്കല്‍ അവള്‍
ഒരു നത്തോലിസായിപ്പിനു എനിമ കൊടുക്കുകയായിരുന്നു
വികാരത്തിന്റെ വെര്‍ബല്‍ഡയേറിയ അവന്‍
ടെലിഫോണ്‍ വയറിലൂടെ ഒഴുക്കിവിട്ടു
“എന്നാല്‍ വക്കട്ടെ?”
“വേണ്ട, വക്കണ്ട. അതും പൊക്കിപ്പിടിച്ചോണ്ടു നിന്നോ”
അവള്‍ സാകൂതം കൂവി.

അവന്‍ പിന്നെ മുന്നും പിന്നും നോക്കിയില്ല
പൊന്‍‌മാനം നോക്കി എ.കെ.ഫോര്‍ട്ടി സെവന്‍ നിറയൊഴിച്ചു
ഠേ, ഠീ, ഠോ
ഠേ,ഠീ,ഠോ
പിന്നെ കത്തീം മുള്ളുമെടുത്ത് പൊരിച്ച പൂവങ്കോയീനെ തിന്നാന്‍ പോയി

ചന്ദ്രരശ്മികള്‍ പാലക്കാടന്‍ ഗ്രാമവീഥികളില്‍
സ്ഖലിച്ചുകിടന്നു
ഗൌതമബുദ്ധന്‍ അപ്പോഴും ബോധിവൃക്ഷച്ചുവട്ടില്‍
തന്റെ പുതിയ നോവലിനു സങ്കേതം തേടി
എന്നിട്ടും ചെങ്ങാരക്കിളി തൂറിയില്ല

Saturday, November 10, 2007

പാപികളുടെ പരമ്പര

ലോകരാഷ്ട്രങ്ങള്‍ ഇങ്ങിനെ രണ്ടു ചേരികളായി ഇത്രയും നീണ്ടതും വിനാശകരവുമായ ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുമെന്നു വിചാരിച്ചില്ല.

എങ്ങും കബന്ധങ്ങളും മാംസഖണ്ഡങ്ങളും തകര്‍ക്കപ്പെട്ട കെട്ടിടങ്ങളും കത്തിക്കരിഞ്ഞ വയലേലകളും ചിതറിക്കിടന്നു. ചുറ്റുമുള്ളവര്‍ ഒന്നൊന്നായി വെടിയുണ്ടകളേറ്റും കുഴിബോംബുപൊട്ടിയും ഛിന്നഭിന്നമായി മൃത്യുവിനെ വരിക്കുന്നതു കണ്ടിട്ടും അയാള്‍ക്കിളക്കമുണ്ടായില്ല.

ഭയവും വിഹ്വലതയും അയാളില്‍നിന്നകന്നുപോയിരിക്കുന്നു.

വെടിശബ്ദം അയാളില്‍ ചെറുപ്പകാലത്ത് വിഷുവിനു കത്തിച്ചെറിഞ്ഞ ഓലപ്പടക്കത്തേക്കാള്‍ വലിയ ഞെട്ടലൊന്നും ഉളവാക്കിയില്ല. ആകാശത്തിരമ്പിപ്പാഞ്ഞു വരുന്ന യുദ്ധവിമാനങ്ങളെ വെടിവെച്ചു വീഴ്ത്തിയപ്പോള്‍ അയാള്‍ക്കു ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദവായ്പ്പായിരുന്നു.

ശത്രുനിരകളിലേക്കു അയാള്‍ കുടുക്കകള്‍ പോലുള്ള ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. ഗണപതിയമ്പലത്തില്‍ തേങ്ങയെറിയുന്ന വികാരവായ്പായിരുന്നു അയാള്‍ക്കപ്പോള്‍.

ഇപ്പോള്‍ എല്ലാം ശാന്തം. വിമാനങ്ങളുടെ ചീറിപ്പാച്ചിലുകളോ പീരങ്കികളുടെ ഗര്‍ജ്ജനങ്ങളോ കേള്‍ക്കാനില്ല. യുദ്ധഭൂമിയില്‍ ഇത്രയും കഠോരമായ നിശ്ശബ്ദതയോ. അങ്ങിങ്ങ് അന്തരീക്ഷത്തില്‍ പതുക്കെ വിലയം പ്രാപിക്കുന്ന കറുത്ത പുകച്ചുരുകള്‍ മാത്രം.

എങ്കിലും അയാള്‍ ജാഗരൂകനായിരുന്നു. ശ്രദ്ധാപൂര്‍‌വം നീട്ടിപ്പിടിച്ച തോക്കുമായി അയാള്‍ മുന്നോട്ടു നടന്നു. ചിതറിക്കിടക്കുന്ന മൃതശരീരങ്ങളല്ലാതെ ചേതനയുള്ള ഒരു മനുഷ്യജീവിയും അയാളുടെ ദൃഷ്ടിയില്‍ പെട്ടില്ല.

മനുഷ്യവംശം ഈ ഭൂമിയില്‍ നിന്നു തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു എന്ന അവബോധം അയാളെ അസ്വസ്ഥനാക്കി. തന്റെ മരണത്തോടു കൂടി ആ തുടച്ചുമാറ്റല്‍ പരിപൂര്‍‌ണ്ണമായിത്തീരും എന്നോര്‍ത്തപ്പോള്‍ അയാളില്‍ ഭയത്തിന്റെ നാമ്പുകള്‍ മുള പൊട്ടി.

പെട്ടെന്നാണു ഒരു കാല്‍പ്പെരുമാറ്റം അയാളുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചത്.

അയാള്‍ ശ്വാസമടക്കി ആ കാട്ടുപൊന്തയില്‍നിന്നു ഒളിഞ്ഞു നോക്കി.

നവോഢയായ ഒരു പട്ടാളക്കാരി. തോക്കും ഗ്രനേഡുകളും നഷ്ടപ്പെട്ടവള്‍.

അയാള്‍ അവളെ ശ്രദ്ധിച്ചു. ശത്രുസൈന്യത്തില്‍പ്പെട്ടവളാണവള്‍ എന്നു തിരിച്ചറിയാന്‍ അയാള്‍ക്കു ബദ്ധപ്പെടേണ്ടി വന്നില്ല.

അയാള്‍ അവളുടെ നേര്‍ക്കു തോക്കു ചൂണ്ടി.

വച്ചു വെടി.

ലക്ഷ്യവേധിയായ അയാള്‍ക്കു ഇതുവരെ ഉന്നം തെറ്റിയിട്ടില്ല. ഇത്തവണയും.

ബുള്ളറ്റുകള്‍ തെരുതെരെ തോക്കില്‍ നിന്നുതിര്‍ന്നപ്പോള്‍ അയാള്‍ക്കു ആലസ്യം തോന്നി. അയാളുടെ നെറ്റിയില്‍ സ്വേദബിന്ദുക്കള്‍ ഉരുണ്ടുകൂടി ചാലുകളായി ഒഴുകി.

കണ്ണുകളില്‍ സുഖദമായ ഒരിരുട്ടു കയറും പോലെ. അവാച്യമായ ഒരനുഭൂതിയില്‍ അയാള്‍ സുഖകരമായ നിദ്രയിലേക്കു വഴുതി വീണു.

വെടിയുണ്ടകളേറ്റപ്പോള്‍ അവള്‍ക്ക് ഉള്‍പ്പുളകമുണ്ടായി. ഇതു വരെ അനുഭവപ്പെടാത്ത എന്തോ ഒന്നു അവള്‍ക്കു അനുഭവവേദ്യമായി.

വലിഞ്ഞുമുറുകിയ ഞരമ്പുകള്‍ പെട്ടെന്നു അയഞ്ഞു. താന്‍ ഒരപ്പൂപ്പന്‍ താടിപോലെ പറക്കുന്നുവോ എന്നവള്‍ക്കു തോന്നി.പെട്ടെന്നു വല്ലാത്തൊരു തളര്‍ച്ച.

കിതച്ചുകൊണ്ട് അവള്‍ അവന്റെ ശരീരത്തിലേക്കു കുഴഞ്ഞു വീണു.

*************************************

അവളുടെ വീര്‍ത്ത ഉദരത്തിലേക്കു നോക്കി അവന്‍ ഇരുന്നു.

അവളുടെ വെളുത്ത മേനിയില്‍ അങ്ങിങ്ങ് നീലഞരമ്പുകള്‍ തെളിഞ്ഞു നിന്നിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവക്ക് ഒരിളം പച്ചനിറമാണല്ലോ എന്നവനു തോന്നി.

അവളുടെ നാഭിച്ചുഴിയില്‍ നിന്നു താഴേക്കു തീര്‍ഥയാത്രചെയ്യുന്ന നനുത്ത രോമരാജികളില്‍ അയാള്‍ വിരലോടിച്ചു.

അയാളുടെ കരാംഗുലികള്‍ കുസൃതി കാട്ടാന്‍ തുടങ്ങിയിരുന്നു. അവള്‍ എതിര്‍ത്തില്ല.

ഒരു കൊച്ചരിപ്രാവിനെപ്പോലെ അവള്‍ അവനിലേക്കൊതുങ്ങി.

“മോനോ, മോളോ. നിനക്കേതാണിഷ്ടം?”

“രണ്ടും”

അവള്‍ ആഗ്രഹിച്ചതു പോലെ തന്നെ സംഭവിച്ചു.

പിന്നേയും അവള്‍ പെറ്റു.

മെനോപോസ് വന്നണഞ്ഞപ്പോള്‍ ആ ഓലക്കുടിലില്‍ അവനും അവളും പത്തുമക്കളും.

ആകെ മൊത്തം പന്ത്രണ്ട്.

അതു പതിമൂന്നാവുന്നതിനെക്കുറിച്ച് അയാള്‍ക്കാലോചിക്കാന്‍ വയ്യായിരുന്നു. ഓര്‍ക്കുമ്പോള്‍ ശരിരം തളരുന്നു. മനസ്സ് വ്യാകുലമാകുന്നു.

പാപികളുടെ പരമ്പരയെപ്പറ്റി ആലോചിക്കാന്‍ അയാള്‍ക്കു ശക്തിയുണ്ടായിരുന്നില്ല.

******************************

നടക്കാന്‍ പാടില്ലാത്തതാണു.

എന്നിട്ടും അതു സംഭവിച്ചു.

മരണക്കിടക്കയില്‍ കിടന്ന അയാളുടെ മനസ്സു കടല്‍ത്തിരകള്‍ പോലെ ഇളകി മറിഞ്ഞു.

പാപികളുടെ പരമ്പര ഈ ലോകം നിറയുന്നത് അയാള്‍ വിഭാവന ചെയ്തു.

എല്ലാത്തിനും താനാണു കാരണക്കാരന്‍. താന്‍ മാത്രം.

മരണം അടുത്തടുത്തു വരികയായിരുന്നു.

വല്ലാത്ത ദാഹം.

“വെള്ളം” അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

“ഇന്നാ അപ്പൂപ്പാ വെള്ളം” തന്റെ കൊച്ചുമോന്‍ ചെറിയ പാത്രത്തില്‍ നിന്നു വെള്ളം അയാളുടെ വായില്‍ ഒഴിച്ചുകൊടുക്കാന്‍ ഒരുങ്ങി.

“നൊ, നൊ..” അയാള്‍ ഉള്ള ശക്തിയെല്ലാം സംഭരിച്ചു അട്ടഹസിച്ചു.

പിന്നെ അടുത്തു കുപ്പിയില്‍ ശേഷിച്ചിരുന്ന റാക്കെടുത്തു മോന്തി.

ആല്‍മാവും പോയി.

Monday, October 22, 2007

അല്ലെങ്കില്‍ വേണ്ടാ, ഞാന്‍‍ തന്നെ പോയേക്കാം

ചേട്ടനും അനിയനും കൂടി വേലി കെട്ടിക്കൊണ്ടിരുന്നപ്പോള്‍ അമ്മ വന്നു പറഞ്ഞു.

“അല്ലാ, ഇന്നല്ലേ കൊച്ചുപാറൂന്റെ കല്യാണം. നിങ്ങള്‍ ആരെങ്കിലും ഒരാളു കല്യാണത്തിനു പോ.അവരു കാര്യമായി വന്നു ക്ഷണിച്ചതല്ലേ?”

അപ്പോള്‍ അനിയന്‍ പറഞ്ഞു; “പോവാതിരുന്നാല്‍ ശരിയല്ല. ഞാന്‍ വേലി കെട്ടിക്കോളാം, ചേട്ടന്‍ കല്യാണത്തിനു പോ”

ചേട്ടന്‍ വേലികെട്ടു നിര്‍ത്തി.

“അല്ലെങ്കില്‍ വേണ്ട, ചേട്ടന്‍ വേലി കെട്ട്. ഞാന്‍ കല്യാണത്തിനു പോവാം”

ചേട്ടന്‍‍ വേലികെട്ടു തുടര്‍ന്നു.

“അതു ശരിയല്ല. ചേട്ടന്‍ പോവുന്നതാ അതിന്റെ ഒരു ശരി. ഞാന്‍ വേലി കെട്ടിക്കോളാം”

ചേട്ടന്‍ തലയില്‍ കെട്ടിയിരുന്ന കച്ചത്തോര്‍‌ത്തഴിച്ച് കുടഞ്ഞ് തോളിലിട്ട് പോവാനൊരുങ്ങി.

“അല്ലെങ്കില്‍ വേണ്ട ചേട്ടാ. ഇനി ഞാനായിട്ട് ചേട്ടന്റെ വേലികെട്ട് മുടക്കീന്നു വേണ്ട. ചേട്ടന്‍ വേലി കെട്ടിക്കോ. ഞാന്‍ പോയിട്ടുവരാം കല്യാണത്തിനു”
 

hit counter
Buy.com Coupon Code