Thursday, March 15, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 2

‌ഇരുവശവും കര്‍ണ്ണികാരപ്പൂക്കള്‍ വിരിഞ്ഞുനിന്ന നടപ്പാതയിലൂടെ നടന്നു ടീച്ചര്‍ പ്രിന്‍സിപ്പാളിന്റെ മുറിക്കു മുന്‍പിലെത്തിയപ്പോള്‍ വേലായുധന്‍ പിള്ളസ്സാറും പ്രഹളാദന്‍ സാറും പറ്റു കൊടുത്തു പുറത്തു വരുന്നതു കണ്ടു.

വാതില്‍ക്കല്‍ ടീച്ചറുടെ മുഖാരവിന്ദം കണ്ട മാത്രയില്‍ വികസിത വദനനായ ഉദാരന്‍ മാസ്റ്റര്‍ പറഞ്ഞു.

"പ്ലീസ്‌ കമിന്‍ ടീച്ചര്‍"

അകത്തു കടന്ന ടീച്ചറോട്‌ എതിര്‍വശത്തു കിടന്ന കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചിട്ട്‌ മാസ്റ്റര്‍ അവിടെ ഓഛാനിച്ചു നിന്ന ശങ്കുണ്ണിമാഷോട്‌:

"അപ്പോഴെന്താ മാഷ്‌ പറഞ്ഞു വന്നത്‌?"

"എന്റെ തുണ്ടുകടലാസു കണ്ടില്ലല്ലോ മാസ്റ്റര്‍?"

"ശിപായി വശം വെളുപ്പിനേ കൊടുത്തയച്ചതാണല്ലോ"

"ഇനി, ആ അടിച്ചുതളിക്കാരി തള്ള എങ്ങാനും അറിയാതെ ചവറ്റുകൊട്ടയില്‍ എറിഞ്ഞോ എന്തോ....?"

"അതാവാനാണു സാദ്ധ്യത"

"മാസ്റ്റര്‍, എന്റെ പറ്റെത്രയാണെന്നു പറഞ്ഞിരുന്നെങ്കില്‍?"ശങ്കുണ്ണി മാഷ്‍ തല ചൊറിഞ്ഞു.

"മാഷെന്താണു കഴിച്ചത്‌? എനിക്കു പണ്ടത്തെപ്പോലെ ഓര്‍മ്മ ശരിയാവുന്നില്ല"

"ഒരു പാലും വെള്ളം, ഒരുണ്ടന്‍ പൊരി, രണ്ടു പരിപ്പുവട, ഒരു കഷണം അലുവ, ഒരു കാജാ ബീഡി"

"അലുവ പ്ലെയിനോ അണ്ടിപ്പരിപ്പിട്ടതോ?"

"പ്ലെയിനായിരുന്നു സര്‍"

ഉദാരന്‍ മാസ്റ്റര്‍ മേശവലിപ്പു തുറന്ന് ഒരു ചെറിയ നോട്ടുബുക്ക്‌ പുറത്തെടുത്തു.

പിന്നെ അതു തുറന്നു വായിച്ചു.

"അപ്പോള്‍ പാലും വെള്ളം എട്ടു പൈസ, പരിപ്പുവട രണ്ട്‌ പതിനഞ്ചും പതിനഞ്ചും മുപ്പതു പൈസ, അലുവ പ്ലെയിന്‍ ഒരു കഷണം മുപ്പത്തഞ്ചു പൈസ , കാജാ ബീഡി രണ്ടു പൈസ ആകെ പറ്റ്‌ എഴുപത്തഞ്ചു പൈസ"

കാപ്പിക്കടയുടെ പ്രൊപ്രൈറ്റര്‍ C.I.D നസീര്‍ വര്‍മ്മയായിരുന്നു.

ഉദാരന്‍ മാസ്റ്ററും വര്‍മ്മയും കളിക്കൂട്ടുകാരായിരുന്നു.ഒരേ സ്കൂളില്‍ ഒരേ ബെഞ്ചില്‍ ഇരുന്നാണു ഇരുവരും വിദ്യാഭ്യാസം ആരംഭിച്ചത്‌.

പത്താം ക്ലാസില്‍ റാങ്കോടു കൂടി പാസായ മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു ജൈവ രസതന്ത്രത്തില്‍ ഉയര്‍ന്ന ബിരുദങ്ങള്‍ സമ്പാദിച്ചു.

പത്താം ക്ലാസില്‍ പത്തു തവണ തോറ്റപ്പോള്‍ ചാത്തനേറ്റുമഠത്തില്‍ ഇട്ടിരാമയ്യര്‍ ദാരുശില്‍പ്പയ്യര്‍ മകന്‍ നസീര്‍ വര്‍മ്മയെ അഛന്‍ പടിക്കു പുറത്താക്കി വാതിലടച്ചു.

"മുടിഞ്ച പുത്രന്‍. അലമേലൂ, നിനക്കിങ്ങനെ ഒരു സന്താനം‍ പിറന്നിട്ടില്ലെന്നു സമാധാനിക്കൂ"

മാസ്റ്റര്‍ ട്യൂട്ടോറിയല്‍ കോളേജു സ്ഥാപിച്ചപ്പോള്‍ അതിന്റെ കച്ചവട സാദ്ധ്യതകള്‍ മനസ്സിലാക്കി വര്‍മ്മ അടുത്തു തന്നെയുള്ള ടൗണില്‍ ഒരു കാപ്പിക്കട ആരംഭിച്ചു.

പിന്നീടങ്ങോട്ടു വച്ചടി വച്ചടി കയറ്റമായിരുന്നു.

കാപ്പിക്കടയില്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ വിവരങ്ങളും വിലവിവരപ്പട്ടികയും തുണ്ടുകടലാസിലെഴുതി നസീര്‍ വര്‍മ്മ ഒരു ദൂതന്‍ ‍ വശം മാസ്റ്റര്‍ക്കു കൊടുത്തയച്ചിരുന്നു.

പുതിയ വിഭവങ്ങള്‍ അവതരിപ്പിക്കുമ്പോഴും വിലയില്‍ മാറ്റം വരുമ്പോഴും ആ വിവരം വര്‍മ്മ അപ്പപ്പോള്‍ മാസ്റ്ററെ അപ്ഡേറ്റു ചെയ്തിരുന്നതിനാല്‍ സാക്ഷാല്‍ കടയിലെ വിവരപ്പട്ടികയും മാസ്റ്റരുടെ കൊച്ചുപുസ്തകവും ഒന്നു മറ്റേതിന്റെ അസ്സല്‍ കോപ്പി തന്നെ ആയിരുന്നു.

ശങ്കുണ്ണി മാഷ്‌ പോക്കറ്റില്‍നിന്നു ഒരു ഒറ്റവരാഹന്‍ എടുത്ത്‌ മാസ്റ്ററുടെ തിരുമുമ്പില്‍ വച്ചു താണു തൊഴുതു.

ഉദാരന്‍ മാസ്റ്റര്‍ പെട്ടിയില്‍നിന്നു ബാക്കി ഇരുപത്തഞ്ചു പൈസ എടുത്ത്‌, പതുക്കെയൊന്നു മുന്നോട്ടു വളഞ്ഞ്‌ പാതി അടഞ്ഞ കണ്ണുകളോടെ ഭക്ത്യാദരപൂര്‍വം നില്‍ക്കുന്ന ശങ്കുണ്ണിമാഷുടെ നീട്ടിപ്പിടിച്ച കൈക്കുമ്പിളില്‍ ഇട്ടുകൊടുത്തു.

കുനിഞ്ഞ്‌ ഒന്നു കൂടി തൊഴുത്‌ പുറം തിരിയാതെ വിനയാന്വിതനായി ഓഫീസിനു പുറത്തേക്കു നടന്ന ശങ്കുണ്ണിമാഷോടു മാസ്റ്റര്‍ വിളിച്ചു പറഞ്ഞു.

"മാഷേ, ആ പ്രഹളാദന്‍ സാറിനോടു രണ്ടു പൈസ കൂടി കൊണ്ടുവരാന്‍ പറയൂ. ബീഡിയുടെ കാശ്‌ ഞാനങ്ങു മറന്നു."

"ശരി സര്‍"

ശങ്കുണ്ണി മാസ്റ്റര്‍ ഇടതുകയ്യില്‍ വളഞ്ഞ കാലുള്ള കുടയും തൂക്കി സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നട കൊണ്ടു.

...........................................................................
(തുടരും)

പകര്‍പ്പവകാശം: ആവനാഴി

8 comments:

ആവനാഴി said...

“കാപ്പിക്കടയുടെ പ്രൊപ്രൈറ്റര്‍ C.I.D നസീര്‍ വര്‍മ്മയായിരുന്നു.

ഉദാരന്‍ മാസ്റ്ററും വര്‍മ്മയും കളിക്കൂട്ടുകാരായിരുന്നു.ഒരേ സ്കൂളില്‍ ഒരേ ബെഞ്ചില്‍ ഇരുന്നാണു ഇരുവരും വിദ്യാഭ്യാസം ആരംഭിച്ചത്‌.“

പ്രിയ വായനക്കാരേ, ഇതാ ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 2 ഇവിടെ സമര്‍പ്പിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നായികാകഥാപാത്രം എന്നു കരുതിയ ടീച്ചര്‍ക്ക് വെറും ഗസ്റ്റ് റോളാ‍!!!ശരിയാവൂല..

ആവനാഴി said...

പ്രിയപ്പെട്ട കുട്ടിച്ചാത്താ,

കുപ്പി പൊട്ടിച്ചു വന്നുവല്ലോ. സന്തോഷമായി. ആദ്യം ചെമ്പുകുടമാണു മനസ്സില്‍ കരുതിയത്. അതു പ്രയോഗിക്കാഞ്ഞത് നന്നായി എന്നിനിക്കിപ്പോള്‍ തോന്നുന്നു.

അതുകൊണ്ടല്ലേ എനിക്ക് ചാത്തനെ വീണ്ടും കാണാന്‍ കഴിഞ്ഞത്.

പിന്നെ, ഗസ്റ്റ് റോളാണെന്നു പറഞ്ഞു കഥാനായികയുടെ മാര്‍ക്കറ്റിടിക്കാന്‍ വരട്ട്.

തൂണും ചാരി നിന്നവന്‍ പെണ്ണിനേം കൊണ്ടു പോയി എന്നു കേട്ടിട്ടില്ലേ?

സസ്നേഹം,
ആവനാഴി

പടിപ്പുര said...

ഉദാരന്‍ മാസ്റ്ററുടെ നീക്കം എങ്ങോട്ടാണ്‌ എന്നൊരു ഊഹവും കിട്ടുന്നില്ലല്ലോ.

ആവനാഴി said...

പടിപ്പുരേ,
നന്ദി. അടുത്ത അധ്യായങ്ങള്‍ നോക്കൂ.

ആവനാഴി said...

കുട്ടിച്ചാത്താ,

നായികകഥാപാത്രത്തെ വെറും ഗസ്റ്റു ആര്‍ട്ടിസ്റ്റാക്കി എന്ന പരാതിയെ കണക്കിലെടുത്ത് കളമൊന്നു മാറ്റി ചവിട്ടുന്നു.

അദ്ധ്യായം 3 ല്‍ അതിനുള്ളതൊരുക്കിയിട്ടുണ്ട്.

സാന്‍ഡോസെ,
ഉദാരന്‍ മാസ്റ്ററും ടീച്ചറും എന്തായിരിക്കും ചെയ്യാന്‍ പോകുന്നത് എന്ന് ഒളിഞ്ഞുനിന്നു നോക്കുകയാ അല്ലേ? അദ്ധ്യായം 3 നോക്കൂ.

തറവാടി said...

ആവനാഴീ ,
ഈ " തുടരന്‍" പരിപാടി ......

നടക്കട്ടെ!

Sul | സുല്‍ said...

എല്ലം കലങ്ങി തെളിയും. എല്ലാവരും ക്യൂ പാലിക്കുക.

-സുല്‍

 

hit counter
Buy.com Coupon Code