Friday, March 16, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 3

മാടപ്രാവിന്റെ കുറുകലുകളും തെക്കന്‍‌കാറ്റിലലിഞ്ഞുവന്ന പാലപ്പൂമണവും അതു വസന്തര്‍ത്തുവിന്റെ ആഗമനമാണെന്നറിയിച്ചു.

ഒന്നു ചുമച്ചു കണ്ഠശുദ്ധി വരുത്തി ടീച്ചര്‍ തന്റെ ആഗമനോദ്ദേശം അറിയിക്കാനൊരുങ്ങി.

എന്നാല്‍ അതിനുമുന്നേ ഉദാരന്‍ മാസ്റ്റര്‍ കവിതയും ദ്വയാര്‍‌ത്ഥപ്രയോഗങ്ങളും എന്ന വിഷയം എടുത്തിട്ടു.

അല്‍പം മുന്‍‌കോപിയാണു മാസ്റ്റര്‍ എന്നു പറഞ്ഞുകേട്ടിട്ടുള്ളതുകൊണ്ട്‌ ഇനി ആ ചര്‍ച്ച പരിസമാപ്തിയിലെത്തിയിട്ട്‌ ചായപ്പറ്റിനെക്കുറിച്ചാരായാം എന്നു ടീച്ചര്‍ തീരുമാനിച്ചു.

"കവിതകള്‍ ഒരു ഭാഷയുടെ ജീവനും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ അവയെ കമനീയമാക്കുന്ന ആഭരണങ്ങളുമാണു, അല്ലേ ടീച്ചര്‍?"

ടീച്ചറുടെ അഭിപ്രായമറിയാന്‍ മാസ്റ്റര്‍ ചോദ്യരൂപേണ നോക്കി.

ടീച്ചറകട്ടെ അവ ഭാഷയുടെ പട്ടമഹിഷീപദമലങ്കരിക്കുന്നു എന്നു കൂടി കൂട്ടിച്ചേര്‍ത്തു.

"വളരെ പ്രസിദ്ധമായ ഒരു കവിതയുണ്ട്‌. ദ്വയാര്‍ത്ഥപ്രയോഗമാണു.പൂര്‍വഭാഗം കൃത്യമായി ഓര്‍ക്കുന്നില്ല. ഉത്തരഭാഗം ഒട്ടുമില്ല" മാസ്റ്റര്‍ പറഞ്ഞു.

"എന്നാലും ഒന്നു ശ്രമിച്ചുനോക്കൂ", ടീച്ചര്‍.

"കാവുംകാട്ടെ കമനിമണി....?" ബാക്കി എന്ത്‌ എന്ന ചോദ്യം മുഖത്ത്‌ അനുസൃതഭാവഹാവാദികള്‍ വരുത്തി ടീച്ചറുടെ നേര്‍ക്കെറിഞ്ഞുകൊടുത്തു.

"കവക്കട്ടെ കാണട്ടെ വൃത്തം" എന്നു ടീച്ചര്‍ നിഷ്പ്രയാസം പൂരിപ്പിച്ചു.

ടീച്ചര്‍ തുടര്‍ന്നു,"തുടക്കം അങ്ങിനെതന്നെയോ എന്നു സംശയമുണ്ട്‌. എന്നിരുന്നാലും വൃത്തഭംഗമില്ലാത്തതുകൊണ്ട്‌ അതു മതി."

"അപ്പോള്‍ അതങ്ങു വ്യാഖ്യാനിക്കാം, എന്താ?"

പണ്ട്‌ കവിതാസാഹിത്യാദി രചനകള്‍ പുരുഷന്മാരുടെ കുത്തകയായിരുന്നു. സ്ത്രീകളെ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല എന്നു മാത്രമല്ല അതിനു ശ്രമിക്കുന്നവളെ പുച്ഛത്തോടെ വീക്ഷിച്ചിരുന്നു താനും. മെയില്‍ ഷൗവിനിസം.

അങ്ങിനെയിരിക്കെ കാവുംകാട്ടിലെ ഒരു വനിത കവിതാരചന തുടങ്ങി.യാഥാസ്ഥിതികരായ പുരുഷ കവികളെ ചൊടിപ്പിക്കാന്‍ മറ്റെന്തുവേണം?

ഒരു കവി ഇങ്ങനെ വെല്ലുവിളി നടത്തി.

കാവുംകാട്ടെ= കാവുംകാട്ടുവീട്ടിലെ
കമനിമണി= സ്ത്രീരത്നം
കവക്കട്ടെ = കവിതയെഴുതട്ടെ
കാണട്ടെ വൃത്തം= വൃത്തശുദ്ധി അവക്കുണ്ടോ എന്നു നോക്കാമല്ലോ.

ടീച്ചര്‍ ഇത്രയും വ്യാഖ്യാനിച്ചുകഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു.
"ഒരു ദ്വയാര്‍ത്ഥകവിതയാണല്ലോ അതു. രണ്ടാമത്തെ അര്‍ത്ഥം ശകലം വശപ്പിശകുള്ളതാ. ടീച്ചര്‍ അതിനു തുനിയണ്ട്‌."

"അതെന്താണു മാസ്റ്റര്‍?"

"അല്ല, വ്യാഖ്യാനിച്ചുവരുമ്പോള്‍ അശ്ലീലമായിട്ടു വരും."

അതുകൊണ്ടു വ്യാഖ്യാനിക്കണ്ട എന്നു പറഞ്ഞത്‌ ടീച്ചര്‍ക്കിഷ്ടപ്പെട്ടില്ല.

"എന്താ വ്യഖ്യാനിച്ചാല്‍? അല്ലാ, ഇപ്പോഴും ഈ വിമന്‍സ്‌ ലിബറേഷന്റെ കാലഘട്ടത്തിലും മാഷേപ്പോലുള്ളവര്‍ മെയില്‍ ഷൗവിനിസത്തിനു കൂട്ടുനില്‍ക്കുന്നു എന്നറിയുമ്പോള്‍ ലജ്ജ തോന്നുന്നു."

"അതല്ല ടീച്ചറേ, അശ്ലീലമാകുമ്പോള്‍ ... അതും ഒരു സ്ത്രീ പറയുക എന്നു വച്ചാല്‍...?"

"അശ്ലീലമെന്നത്‌ വികലമനസ്സിന്റെ തിരുവാഴിക്കലാണു മാസ്റ്റര്‍. അശ്ലീലമെന്നു ഇവിടെ പലരും വിവക്ഷിക്കുന്നതിനെ ശൃംഗാരത്തിന്റെ കാച്ചിക്കുറുക്കിയ ഭാവം എന്നു വിളിക്കാനാണു ഞാനിഷ്ടപ്പെടുന്നത്‌."

"അപ്പോള്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്‌?"

"ഭഗവതിയെ പ്രീതിപ്പെടുത്താനല്ലേ? അതിനാണെങ്കില്‍ ഏതു സരസ്വതിയും ഈ നാവില്‍ വഴങ്ങും"

"ഇതാ ഒന്നു രണ്ടു ശീലുകള്‍" എന്നു പറഞ്ഞു ടീച്ചര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ടെലിഫോണ്‍ ബെല്ലടിച്ചു.

മാസ്റ്റര്‍ റിസീവര്‍ കാതോടു ചേര്‍ത്തു.

"അതെ, ഉദാരന്‍ മാസ്റ്ററാണു"

"...."

"ഐ സീ"

"......"

"ങേ, യു മീന്‍ തട്ടാന്‍ ആളെ വിട്ടിട്ടുണ്ടെന്നോ?!"

"......"

"ഉവ്വ്‌"

"..."

"അതെ"

“...............”

"അതെ, അതെ"

"........"

"വേണ്ട, ഞാനങ്ങോട്ടു വരാം"

"......"

"നോ പ്രോബ്ലം. വരാം"

ഉടന്‍ മാസ്റ്റര്‍ ധൃതി പിടിച്ച്‌ ഓഫീസില്‍നിന്നു പുറത്തിറങ്ങി, കൊന്നമരച്ചോട്ടില്‍ പാര്‍ക്കു ചെയ്തിരുന്ന ചവര്‍ലെറ്റു കാറില്‍ കയറി ഷോഫര്‍ ഡ്രിവണ്‍ ആയി ദക്ഷിണായനരേഖ ലക്ഷ്യമാക്കി പ്രയാണിച്ചു.

ഈ സംഭവം നടന്നത്‌ സര്‍ ഐസക്‌ ന്യൂട്ടണ്‍ കരണപ്രതികരണസിദ്ധാന്തം ആവിഷ്കരിച്ചതിനുശേഷമായിരുന്നു എന്നതിനാല്‍ , ചവര്‍ലെറ്റിന്റെ പുറത്തുകിടന്നിരുന്ന കാക്കപ്പുരീഷം ശകടദിശക്കെതിര്‍ദിശായാം പാഞ്ഞ്‌ അപ്പോള്‍ ക്ലാസ്‌ കഴിഞ്ഞ്‌ സ്റ്റാഫ്‌ റൂമിലേക്കു ഗമിക്കുകയായിരുന്ന ശങ്കുണ്ണിമാസ്റ്റരുടെ തിരുനെറ്റിയില്‍ തിരുതിലകം ചാര്‍ത്തി തിരുക്കുറുളായി.

.........................

(തുടരും)

പകര്‍പ്പവകാശം: ആവനാഴി

9 comments:

ആവനാഴി said...

ഇതാ ഉദാരന്‍ മാസ്റ്റര്‍ അദ്ധ്യായം 3 പ്രസിദ്ധീകരിക്കുന്നു.

സുന്ദരന്‍ said...

ഈ ഉദാരന്‍ മാഷിനെ ഞാനിന്നാ കാണുന്നത്‌.... ഇങ്ങേരിവിടെ വന്ന വിവരം ഞാനറിഞ്ഞില്ല എന്റെ മാഷേ...മൂന്ന് എപ്പിസോഡും ചേര്‍ത്ത്‌ ഒന്നിച്ചു വായിച്ചു...എല്ലാത്തിനും ചേര്‍ത്ത്‌ ഒറ്റകമന്റ്‌...കിടിലന്‍ വര്‍ക്ക്‌...

വൈകണ്ടാ....അടുത്ത ഭാഗം പോന്നോട്ടെ

.............
"ജന്മനാ റോമാച്ചക്രവര്‍ത്തിയെപ്പോലെ ഇഷ്ടം പോലെ വാരിക്കൊടുത്ത്‌ ശീലമായിപ്പോയി"

ആരാണാവോ ഈ ചക്രവര്‍ത്തി?

ആവനാഴി said...

ഹൈ സുന്ദര്‍,

താങ്കള്‍ ഉദാരന്‍ മാസ്റ്ററെ വായിച്ചു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്.

താങ്കളെപ്പോലെ പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ അപ്രീസിയേഷന്‍ ഞാന്‍ വളരെ വില മതിക്കുന്നു.

പിന്നെ ആ റോമാച്ചക്രവര്‍ത്തി..... അതാരെന്നു ഞാന്‍ പറയില്ലാ :-)

സസ്നേഹം
ആവനാഴി

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹൊ, ഈ മാഷെക്കൊണ്ടു തോറ്റു! :-)

sandoz said...

ഹ..ഹ.ഹാ...ഹാ.....സീനിയറേ...ചെറിയ പെരുക്ക്‌ ഒന്നുമല്ലാ പെരുക്കിയേക്കണത്‌.....

കാവുമ്പാട്ടെ കനകമണികള്‍ ഇനീം കവക്കട്ടെ.....വൃത്തത്തില്‍ കുത്തും കോമയും ഉണ്ടോന്നു നമുക്കൊന്നു നോക്കേം ചെയ്യാം.....

സസ്പെന്‍സിലാ നിര്‍ത്തീത്‌ അല്ലേ....തുടരനങ്ങനെ തുടരട്ടെ......

Unknown said...

ആവനാഴിച്ചേട്ടാ,
അശ്ലീലമെഴുതുന്നതിനേക്കാള്‍ വലിയ കുറ്റമാണ് അതെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്. ഡോണ്ടൂ.. ഡോണ്ടൂ..

ഇതിനുള്ള ശിക്ഷ ഒന്നരക്കൊല്ലക്കാലം സെന്റ്രല്‍ ജയിലില്‍ ബെഡ് ആന്റ് ബ്രേക്ക്ഫാസ്റ്റാണ്. ബ്രേക്ക്ഫാസ്റ്റിന് വീറ്റ് ബോള്‍സ് വിത്ത് ഗാര്‍ളിക് സോസ്. :-)

വേണു venu said...

മാഷേ വെണ്മണി തിരുമേനി നോക്കുന്നു.:)

ആവനാഴി said...

ജ്യോതിര്‍മയിക്ക്:

നന്ദി.

സാന്‍‌ഡോസിനു:

പെരുത്തു നന്ദി.

ദില്‍ബാസുരന്:

അതു എന്റെ കൃതിയല്ല. സത്യത്തില്‍ അങ്ങിനെയൊരു കൃതി ഉള്ളതാണു. അശ്ലീലത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല, എന്നു തന്നെയല്ല ഉദാരന്‍ മാസ്റ്റര്‍ വഴി ആ പ്രവണതയെ തടയുന്നുമുണ്ട്.

അതിനുവേണ്ടിയാണു ആ ഫോണ്‍ വരുന്നതായും മാസ്റ്റര്‍ ഉടന്‍ സ്ഥലം വിടുന്നതായും ഒരു സന്ദര്‍ഭം കഥയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

വേണുവിനു:

നോക്കിക്കോട്ടെ :-)

എല്ലവരോടുമായി:
എല്ലാവര്‍ക്കും നന്ദി. അദ്ധ്യായം 4 ഉടനെ പ്രസിദ്ധീകരിക്കാം.

കുറുമാന്‍ said...

ചവര്‍ലെറ്റിന്റെ പുറത്തുകിടന്നിരുന്ന കാക്കപ്പുരീഷം ശകടദിശക്കെതിര്‍ദിശായാം പാഞ്ഞ്‌ അപ്പോള്‍ ക്ലാസ്‌ കഴിഞ്ഞ്‌ സ്റ്റാഫ്‌ റൂമിലേക്കു ഗമിക്കുകയായിരുന്ന ശങ്കുണ്ണിമാസ്റ്റരുടെ തിരുനെറ്റിയില്‍ തിരുതിലകം ചാര്‍ത്തി തിരുക്കുറുളായി - മാഷെ, ഇന്നാ ഇതിലെ പോസ്റ്റുകള്‍ മനസ്സിരുത്തി വായിക്കുന്നത്. എനിക്ക വയ്യ മാഷെ, ചിരിച്ചൂപ്പാടിളകി

 

hit counter
Buy.com Coupon Code