Saturday, March 24, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 6

കുട്ടന്‍ ചോന്റെ മകന്‍ അനിരുദ്ധനു ചോമാതിരിപ്പാടിന്റെ മകള്‍ സാവിത്രിക്കുട്ടിയോടു പ്രേമം.
അവന്‍ അവളെ നോക്കി സൈറ്റടിച്ചു.
അവള്‍ തിരിച്ചും.

ഒരീസം അവന്‍ അവളുടെ നേര്‍ക്കു അനുരാഗത്തിന്റെ കൂരമ്പു തൊടുത്തു വിട്ടു.
അവള്‍ തിരിച്ചൊരെണ്ണം ഇങ്ങോട്ടും കാച്ചി.

ടീച്ചര്‍ സര്‍ ഐസക് ന്യൂട്ടന്റെ ചലനനിയമങ്ങളില്‍ മൂന്നാമത്തേതായ “ഓരോ അടിക്കുമുണ്ട് തത്തുല്യമാം തിരിച്ചടി” എന്ന തത്വം‍ പഠിപ്പിക്കുകയായിരുന്നു ക്ലാസില്‍.

ഗണിതം ഭൌതികം തുടങ്ങിയ ശാസ്ത്രങ്ങള്‍ സെക്ലൂഡഡ് ഐലന്‍ഡുകളെപ്പോലെ ദന്തഗോപുരവാസികളായ ശാസ്ത്രവിശാരദന്മാരുടെ തട്ടകത്തിലെ എന്റിറ്റികളാണെന്നും അവ സാധാരണക്കാരന്റെ ചിന്താസരണികള്‍ക്കപ്പുറമാണെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകള്‍ക്ക് ഒരറുതി വരുത്തുക, ഒപ്പം ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ആ കാലഘട്ടത്തില്‍ ജാതിയെന്ന പ്രതിഭാസത്തെ നോക്കി കൊഞ്ഞനം കുത്തുക അതു വഴി ഒരു സോഷ്യല്‍ റിഫൊര്‍മേഷനു വഴിമരുന്നിടുക ഇതൊക്കെയായിരുന്നു ചോനും ചോമാതിരിപ്പാടും തമ്മിലുള്ള പ്രണയകഥയിലൂടെ ഭൌതികശാസ്ത്രത്തിലെ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ ടീച്ചര്‍ക്കു പ്രചോദകമായി വര്‍ത്തിച്ചത്.

പ്രണയത്തിന്റെ വിവിധഭാവങ്ങളിലൂടെയുള്ള തിരനോട്ടം അതിലൂടെ ഇഴ പിരിയാതെ അലിഞ്ഞുചേര്‍ന്ന ഭൌതികശാസ്ത്രതത്വങ്ങള്‍. അവയെ രണ്ടിനേയും സമന്വയിപ്പിച്ചുകൊണ്ട് ടീച്ചറുടെ ലെക്ചര്‍ അങ്ങനെ കത്തിക്കയറുമ്പോള്‍ ശിപായി പാശുപതാസ്ത്രന്‍ പിള്ള വാതില്‍ക്കല്‍ മുട്ടി.

ടീച്ചറിനെ പ്രിന്‍സിപ്പല്‍ വിളിക്കുന്നു.
ഉടനെ കാണണം.
എമര്‍ജന്‍സിയാണു.

ടീച്ചര്‍ ഉടന്‍ ക്ലാസ് നിര്‍ത്തി പ്രിന്‍സിപ്പാളുടെ ഓഫീസിലേക്കു നടകൊണ്ടു.

പോകും വഴി സ്റ്റാഫ് റൂമില്‍ കയറി രാവിലെ കൊണ്ടു വന്ന ഡവറയും കയ്യിലെടുത്തു.

ഏതായാലും ഇന്റര്‍വെല്‍ സമയത്ത് മാസ്റ്ററെ കാണാനിരുന്നതാണു.
അപ്പോഴാണു വിളിവന്നത്.
എന്നാല്‍ ഇപ്പോള്‍ത്തന്നെ ആവാം എന്നു കരുതി.

“എന്താ മാസ്റ്റര്‍ അത്യാവശ്യമായിട്ടു കാണണം എന്നു പറഞ്ഞത്?”

“വസന്തുര്‍ത്തുവിലെ പ്രഭാതം.പക്ഷികളുടെ കളകൂജനങ്ങളാല്‍ മുഖരിതമായ മന്ദസമീരണന്‍‍.ഭ്രമരങ്ങളുടെ മുരളല്‍. എന്താ ടീച്ചര്‍ക്കു തോന്നുന്നില്ലേ ഒരു അക്ലിഷ്ടാല്‍മക വൈക്ലിഷ്ട്യം.എനിക്കതു തോന്നി. ഹായ്, പാലപ്പൂവിന്റെ മണം മന്ദഗതിയാം മന്ദമരുതിയില്‍ മദഭരിതം വിതറി. എനിക്കൊന്നു ടീച്ചറിനെ കാണണമെന്നു തോന്നി.”

“കാണണമെന്നു തോന്നിയല്ലോ. അതിലെന്റെ കൃതജ്ഞത അകൈതവമാണു മാസ്റ്റര്‍”

“പിന്നെ വേറൊന്നുകൂടി ഉണ്ട് ഈ കാണണമെന്നു ശഠിച്ചതില്‍‍. പ്രൊഫഷണലാണു”

“അതെന്താണു മാസ്റ്റര്‍?”

“ടീച്ചറുടെ വിഷയത്തിലുള്ള അഗാധമായ പരിജ്ഞാനം, പ്രഭാഷണചാതുര്യം ഇവയൊക്കെ നാട്ടില്‍ പാട്ടായിരിക്കുന്നു, പ്രൊഫഷണല്‍ സര്‍ക്കിളിലും. കണ്‍ഗ്രാജുലേഷന്‍സ്”

ടീച്ചര്‍ മാസ്റ്റര്‍ക്കു നന്ദി പറഞ്ഞു. ഒപ്പം കയ്യിലിരുന്ന ഡവറ മാസ്റ്റരുടെ മുമ്പില്‍ വച്ചു.

“ശകലം പായസമാണു”

ഉദാരന്‍ മാസ്റ്റര്‍ ഡവറ തുറന്നു കുറച്ചു പായസം ഇടതുകയ്യില്‍ ഒഴിച്ചു നക്കി.

“ങൂം, രസ്യനായിരിക്കുന്നു”

“ടീച്ചര്‍ക്കു കുക്കിങ്ങൊക്കെ നല്ല വശമാണു. എന്താ?”

“അമ്പലത്തീന്നാണ്”

“ങൂം?”

“ഇന്നെന്റെ പിറന്നാളാണു”

“അത്യോ? ഹാപ്പി ബെര്‍ത്ത് ഡേ. മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ”

“താങ്ക് യൂ സര്‍”

“പിന്നെ സര്‍, എന്റെ ചായപ്പറ്റിന്റെ ചീട്ടു കണ്ടീല്ല”

“അതിനു ഞാന്‍ ചീട്ടു കൊടുത്തയച്ചിരുന്നില്ലല്ലോ”

“അതെന്താ മാസ്റ്റര്‍? എന്റെ പറ്റെത്രയാന്നു പറഞ്ഞിരുന്നെങ്കില്‍ അതങ്ങു തീര്‍ക്കാമായിരുന്നു”

“ടീച്ചര്‍ തരണ്ട”

വല്ലവരുടെയൊക്കെ കയ്യില്‍നിന്നു ഫ്രീയായി അനുഭവിക്കുന്നതിനോടു ടീച്ചറിനു ഒട്ടും താല്പര്യമില്ലായിരുന്നു.

“അങ്ങിനെയല്ല മാസ്റ്റര്‍. മാസ്റ്റര്‍ എന്റെ പറ്റെത്രയാണെന്നു പറയൂ”

“അതെന്റെ ഒരു പിറന്നാള്‍ സമ്മാനമായി കൂട്ടിക്കോളൂ ടീച്ചര്‍. നിരസിക്കരുത്. വലിയ ഇഛാഭംഗത്തിനു കാരണമാവും”

പിന്നെ ടീച്ചര്‍ ഒന്നും പറഞ്ഞില്ല.

അപ്പോഴാണു ഇതുവരെ ടീച്ചറുടെ പേരു ചോദിച്ചില്ലല്ലോ എന്ന കാര്യം മാസ്റ്റര്‍ ഓര്‍ത്തത്.

“ടീച്ചറേ, പേരു ചോദിക്കാന്‍ മറന്നു. ഐ ആം വെരി സോറി”

“എന്താ ടീച്ചറുടെ പേര്?”

അതിനു ടീച്ചര്‍ നേരിട്ടൊരുത്തരം നല്‍കിയില്ല.

പകരം താഴെ കാണുന്ന ശ്ലോകം അങ്ങിട്ടു കൊടുത്തു.

മമ നാമസ്യ പൂര്‍‌വാര്‍‌ദ്ധം ഉദകേ സലിലേ നഹി
ഉത്തരാര്‍ദ്ധമതാകട്ടെ വൃഷഭേ കളഭേ നഹി
ബാലാര്‍ക്കനെന്റെ നാമത്തില്‍ ലത വൃക്ഷത്തിലെന്നപോല്‍
കഥിക്കൂ അവിലും പഴവും നല്‍കാം പേരെന്റെ ശാരികേ.

“ഇതിലുണ്ടെന്റെ പേര്. മാഷൂഹിച്ചെടുത്തോളൂ”

അപ്പോഴേക്കും മണിയടിച്ചു.

ടീച്ചര്‍ അടുത്ത ക്ലാസെടുക്കാന്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങി നടന്നു.


.........


(തുടരും)


പകര്‍പ്പവകാശം: ആവനാഴി

14 comments:

ആവനാഴി said...

ഇതാ അദ്ധ്യായം 6 പൂര്‍ത്തിയായി. സഹൃദയരായ അനുവാചകര്‍ക്കു മുമ്പില്‍ സാദരം സമര്‍പ്പിക്കുന്നു.
സസ്നേഹം
ആവനാഴി.

Rasheed Chalil said...

ആവനാഴീ... :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

അനുരാഗത്തിന്റെ കൂരമ്പ് == ലൌ ലെറ്റര്‍ ആണോ?

ഡവറ -- ഇതേത് കാട്ടിലെ ഭാഷയാ? ചോറ്റു പാത്രാ അല്ലേ?

ടീച്ചറിന്റെ പേര് - വൃഷഭ - എന്നാ പ്രമാദമാന പേര് കിടിലം... ഹിഹിഹി...

സുല്‍ |Sul said...

ആവനാഴീ :) കിടിലനും കടു കട്ടിയും. ഇതെന്താ ഇരിക്കും തോറും കട്ടികൂടുന്ന പായസം പോലാണല്ലോ ഈ പോക്ക്.

-സുല്‍

ആവനാഴി said...

പ്രിയ ഇത്തിരിവെട്ടം,

ഈ സാധനം, അതായത് :) ഇഷ്ടമായി. നന്ദിയുണ്ട്.

എന്‍ ചാത്താ,

വന്നതു നന്നായി. വെശുക്കണൂന്നു പറഞ്ഞ് ഇന്നലെ ആ കല്യാണപ്പന്തലില്‍ കിടന്നു തൊള്ള തുറക്കണതു കേട്ടപ്പോള്‍ ഇനി വരില്യാരിക്യോ എന്നൊക്കെ സന്ദേഹിച്ചു.

വന്നല്ലോ, സന്തോഷമായി.

അതു തന്നെ. ലൌ ലെറ്റര്‍ തന്നെ. കണ്മുനകൊണ്ടേറ് എന്നു പറഞ്ഞാലും യുക്തിഭംഗം വരില്ല. അതാവുമ്പം പിന്നെ കടലാസും പെന്‍സിലും ഒന്നും വേണ്ടാ താനും ആരും കാണാതെ ഒതുക്കത്തില്‍ വീക്കുകയുമാകാം.

കടലാസിലെഴുതിവിട്ടാല്‍ മറ്റാരെങ്കിലും കണ്ടാലോ?

സാവിത്രിക്കുട്ടിക്കാണെങ്കിലും കണ്മുനകൊണ്ടുള്ള ഏറാവും കൂടുതല്‍ സൌകര്യപ്രദം.

പിന്നെ ഡവറ. അതു ചോറ്റുപാത്രം തന്നെ. കാടന്‍ ഭാഷയെന്നു പറയാത്. നല്ല ഒന്നാം ക്ലാസു ഭാഷയാണത്.

പിന്നെ ഒരു കാര്യം. പേരതല്ല. ചാത്തന്‍ സുല്ലു പറയൂ.ഉം പറയൂ.

സുല്‍ |Sul said...

പേരു സുല്ലിനും അറിയില്ല ആവനാഴി.

(ഇതെന്തു കുരിശപ്പാ. എങ്ങാണ്ടും കിടക്കണ ടീച്ചര്‍ന്റെ പേര്‍ ഞമ്മക്കെങ്ങനറിയാനാ? കൊച്ചീലടക്കക്ക് 2 രൂപ തേങ്ങക്ക് 3 രൂപ അപ്പൊ പച്ചാളത്തിന്റെ തൂക്കമെത്ര എന്ന് ചോദിച്ചപോലെയാണല്ലോ ഇത്)

-സുല്‍

ആവനാഴി said...

പ്രിയ സുല്‍,

തന്നെ, അതു തന്നെ. പായസം വെറും വെള്ളം പോലെ ഇരുന്നാല്‍ എന്തിനു കൊള്ളാം. ഒന്നുറക്കണം. അതാ നല്ലത്.

താങ്ക് യൂ സുല്‍.

Kaithamullu said...

ബാലാര്‍ക്കന്റെ പര്യായങ്ങളും നിറങ്ങളും വൃക്ഷത്തില്‍ വലിഞ്ഞു കേറുന്ന ലതമാരെയുമൊക്കെ പിടിച്ച് നിറുത്തി പരിശോധിച്ചപ്പോള്‍‍ അതാ ഒരുപാട് പേരുകള്‍ വരിവരിയായി...
കര്‍ത്താവേ,ഇനി അലോചിച്ചാല്‍ ജോലി പോക്കാ...മാഷ് തന്നെ പറ!

ആവനാഴി said...

പ്രിയ കൈതമുള്ളേ,

അതിപ്പോള്‍ എനിക്കുമറിയില്ല മാഷെ. ഉദാരന്‍ മാസ്റ്ററാണു അതിനൊക്കെ വീരന്‍. അങ്ങേര്‍ക്കറിയാമെങ്കിലേ ഉള്ളു.

മാഷേ, മാഷു വന്നല്ലോ. നന്ദിയുണ്ട്ട്ടോ.

കരീം മാഷ്‌ said...

ടീച്ചറുടെ പേരു ഞാനൂഹിച്ചു കമണ്ടിടാന്‍ വീല്‍മൌസിന്റെ വീല് കറക്കിയപ്പോഴതാ കുട്ടിച്ചാത്തനെഴുതിയിരിക്കുന്നു “വൃഷഭം”

ടീച്ചരു കേള്‍ക്കണ്ടാ..!
ഞാന്‍ ആവിയായി.

sandoz said...

അതു ശരി...ചായകുടീം....വിഷയാവതരണോം കഴിഞ്ഞപ്പഴാ.... എങ്കില്‍ പിന്നെ പേരു ചോദിച്ച്‌ കളയാം എന്നു മാഷിനു തോന്നിയത്‌......പേരു കണ്ടുപിടിക്കാന്‍ എനിക്കും പറ്റീല്ലാ........പിടുത്തത്തില്‍ വലിയ മോശക്കാരന്‍ ഒന്നും അല്ല ഞാന്‍.....എന്ന്ച്ചാലും ഇതങ്ങട്‌ പറ്റണില്ല്യാ....അപ്പൊ..അടുത്തത്‌ വേഗം അങ്ങട്‌ പൂശാ....

സുന്ദരന്‍ said...

മൈ ഡിയര്‍ ആവനാഴി....

രണ്ടുദിവസ്സമായി ഞാനാ ടീച്ചറിന്റെ പേരാലോചിച്ചു കഷ്ടപ്പെടുന്നു...(രണ്ടാം ഭാഷ സംസ്കൃതം പഠിച്ചിട്ടും കാര്യമില്ലാ!!!)

പേരെല്ലാം ഉദാരന്‍ മാസ്റ്ററുതന്നെ കണ്ടുപിടിക്കട്ടെ....

പോസ്റ്റ്‌ വളരെ രസിച്ചുവായിച്ചു...പോരട്ടെ അടുത്തത്‌

ജ്യോതിര്‍മയി /ज्योतिर्मयी said...

പേരു ഞാനിപ്പൊ പറയാം. അല്ല, അതു പറഞ്ഞാല്‍ കഥയുടെ ഗതിമാറുമോ? അല്ല, ഈ മാഷടെ പോക്കും അങട്, മനസ്സിലാവുന്നില്ല... നേരമ്പോക്കാണോ?

പേര്‌ പറയണോ വേണ്ടയോ... പണ്ട്, സെക്കന്റിന്റെ നൂറിലൊരംശത്തിന് ഒളിമ്പിക്സ്, മെഡല്‍ കൈവിട്ടുപോയ, എക്സ്പ്രെസ്സ്... ആണോ?
കഥ കളിയാവണ്ട :-) ഞാന്‍ പോയേക്കാം.

ആവനാഴി said...

പ്രിയ കരീം മാഷേ,
ഉദ്ദരന്‍ മാസ്റ്ററെ വായിച്ചതില്‍ വളരെ നന്ദി. അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയൂ. അതാണു ഞാന്‍ ആഗ്രഹിക്കുന്നതും.

സര്‍ സാന്‍ഡോസ്,
വന്നത് വളരെ നന്നായി.അകൈതവമായ നന്ദി. അടുത്തതില്‍ പണി തുടങ്ങി. ഉടനെ വിക്ഷേപിക്കാം.

പ്രിയ സുന്ദര്‍,ഞാനും അതു തന്നെയാണു വിചാരിച്ചിരിക്കുന്നത്. അങ്ങോരു തന്നെ ശരണം.

പ്രിയ ജ്യോതിര്‍മയീ,

വന്നുവല്ലോ. വളരെ സന്തോഷായി.ഉദാരന്‍ മാഷുണ്ട് , കൂടാതെ അപസര്‍പ്പക വിദ്യയില്‍ അനല്പം വിരുതും കാമിനിമാരുടെ ഹൃദയം കവരാന്‍ പ്രത്യേക വച്ചുകെട്ടും ഉള്ള C.I.D നസീര്‍ വര്‍മ്മയും ഉള്ളതുകൊണ്ട് ഞാനും തല പുണ്ണാക്കുന്നില്ല.

അന്വേഷണം ആ വിശാരദന്മാര്‍ക്കു വിട്ടുകൊടുക്കാനാണ് ഞാനും തീര്‍മാനിച്ചിരിക്കുന്നത്.

അടുത്തതില്‍ തിരക്കിട്ടു പണിതുകൊണ്ടിരിക്കുകയാണു.

രണ്ടീസത്തിനകം പൂശാം.

സസ്നേഹം
ആവനാഴി.

 

hit counter
Buy.com Coupon Code