ഉച്ചസ്ഥായിയായ സൂര്യന് പശ്ചിമാംബരത്തിലേക്കു പായാന്‍ ഉദ്യുക്തനാകുന്നതേ ഉള്ളു.
വൈകുന്നേരത്തെ ചായക്കു പരിപ്പുവടയും ഉഴുന്നുവടയും സുഖിയനും ഉണ്ടന് പൊരിയും ഉണ്ടാക്കണമെന്ന പ്രൊപ്രൈറ്ററുടെ ശാസനം ശിരസാവഹിച്ച് എക്സിക്യൂട്ടീവ് ഷെഫായ D.I.G ഗീര്‍വാണവര്‍മ്മ അടുക്കളയില്‍ മേല്പറഞ്ഞ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ജാഗരൂകനായി.
തലമുറകളായി പലഹാരമുണ്ടാക്കലും അവ വ്യാപാരം നടത്തലും കുലത്തൊഴിലായി സ്വീകരിച്ചിരുന്നതിനാല്‍ ദാനവേന്ദ്രമഠത്തില്‍ ഇന്ദ്രപ്രസ്ഥവര്‍മ്മ ഗജമസ്തകവര്‍മ്മ മകന് ഗീര്‍വാണവര്‍മ്മ സ്വീറ്റ് മീറ്റ്സ് തെയ്യാറിക്കലിനെ തന്റെ മിഡില്‍ നെയിമായി സ്വീകരിച്ചിരുന്നു.
പലഹാരങ്ങള്‍ ഡാല്‍ഡയിലും ശുദ്ധമായ വെളിച്ചെണ്ണയിലും വറുത്തെടുക്കുന്നതിന്റെ ഗന്ദ്ധം നസീര്‍ വര്‍മ്മയുടെ ചായക്കടയിലും പ്രാന്തപ്രദേശങ്ങളിലും വ്യാപരിച്ചു.
ചായക്കട അടിവച്ചടിവച്ചു കയറിയപ്പോള്‍ വര്‍മ്മ തന്റെ രണ്ടു കാതിലും സ്വര്‍ണ്ണവളയങ്ങളും വിരലുകളില്‍ സ്വര്‍ണ്ണമോതിരങ്ങളും വാങ്ങിയണിഞ്ഞു.
രണ്ടു കൈകളിലും കൂടി മൊത്തം പതിനൊന്നു മോതിരങ്ങളാണുണ്ടായിരുന്നത്.
ഇടതുകൈപ്പത്തിയില്‍ ആറു വിരലുകളുണ്ടായിരുന്ന വര്‍മ്മ, എല്ലാ വിരലുകളേയും ഒരു പോലെ സ്നേഹിക്കുകയും ട്രീറ്റു ചെയ്യുകയും ചെയ്തു.
അതോടൊപ്പം അയാള്‍ക്കു വിവാഹപ്രായമായി വരികയുമായിരുന്നു.
പണ്ടൊക്കെ കണ്ട ഭാവം നടിക്കാതിരുന്ന വലിയ പാട്ടി തന്റെ പതിനേഴിലെത്തിനില്‍ക്കുന്ന മകളുമായി പതിവായി ചായക്കടയില്‍ വരികയും പലഹാരനിര്‍മ്മാണത്തില്‍ സഹായിക്കാനെന്ന വ്യാജേന മകളെ വര്‍മ്മക്കടുത്തു നിര്‍ത്തിയിട്ട് അടുക്കളയിലേക്കു വലിയുകയും ചെയ്തു.
അപസര്‍പ്പക വര്‍ക്കുമായി ബന്ധപ്പെട്ടും കൂടാതെ സ്വന്തം നിലയില്‍ ഒരു തീര്‍ഥാടനമെന്ന രീതിയിലും ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ഖജുരാഹോ സന്ദര്‍ശിക്കാറുള്ള വര്‍മ്മക്കു തന്റെ പട്ടമഹിഷിയുടെ ജ്യോഗ്രഫിയും ടോപോഗ്രാഫിയും എങ്ങിനെയുള്ളതായിരിക്കണമെന്നും ഏതെല്ലാം കലകളില്‍ അവള് തല്പരയും നിപുണയുമായിരിക്കണമെന്നും വ്യക്തമായ ധാരണകളുണ്ടായിരുന്നു.
പാട്ടിയുടെ പുത്രിയെക്കൂടാതെ, സൗന്ദര്യധാമങ്ങളായ അനേകം യുവകന്യകമാര്‍ വര്‍മ്മയെ അടിച്ചെടുക്കാന്‍ ലൈനിട്ടിരുന്നു എന്നത് നഗ്നമായ സത്യം.
പക്ഷെ, അവരാരും വര്‍മ്മയുടെ സൗന്ദര്യകലാചാതുര്യസങ്കല്‍പങ്ങളുടെ ബെഞ്ചുമാര്‍ക്കിനടുത്തെത്തിയിരുന്നില്ല എന്നതിനാല്‍ അയാള്‍ അവിവാഹിതനായിത്തന്നെ കഴിഞ്ഞു കൂടി.
കാലക്രമേണ അയാള്‍ക്കു സ്ത്രീവര്‍ഗ്ഗത്തോടു വിരക്തിയും വിദ്വേഷവുമായി.
അതിനൊരു മാറ്റം വന്നത് ടീച്ചറുടെ വരവോടു കൂടിയായിരുന്നു.
അന്നു മാസാവസാനം ട്യൂട്ടോറിയല്‍ കോളേജിലെ മറ്റു മാഷമ്മാരുമൊത്ത് തന്റെ ചായക്കടയില്‍ ചായസല്ക്കാരത്തിനു വന്നപ്പോഴാണു നസീര്‍ വര്‍മ്മ ടീച്ചറിനെ ആദ്യമായി കാണുന്നത്.
പ്രഥമദൃഷ്ടിയില്‍ത്തന്നെ അനുരാഗമങ്കുരിക്കുകയും ചെയ്തു.
തന്റെ മണിയറയിലെ മണവാട്ടിയാകാന്‍ എന്തുകൊണ്ടും യോഗ്യയാണു ടീച്ചറെന്നും എങ്ങിനേയും ആ മഹതിയെ സ്വന്തമാക്കണമെന്നും നസീര്‍ വര്‍മ്മ ശപഥം ചെയ്തു.
ഖജുരാഹോയിലെ ശില്പങ്ങള് അചേതനങ്ങളായ വെറും കൃഷ്ണശിലകളാണെന്നു അയാള്‍ക്കു തോന്നി.
ഒപ്പം അങ്ങോട്ടുള്ള അസൈന്മെന്റുകള് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ വിളിച്ചറിയിക്കുകയും ചെയ്തു.
വര്‍മ്മ തല ഉയര്‍ത്തി നോക്കി.
മിഴികളില്‍ സുറുമയും കേശഭാരത്തില്‍ പനിനീര്‍സൂനവും ധരിച്ച് ടീച്ചര്‍ ഒരു അപ്സരകന്യകയെപ്പോലെ കടന്നു വരുന്നതുകണ്ട് അയാള്‍ അല്‍ഭുതപരതന്ത്രനായി.
സിംഹാസനത്തില്‍നിന്നെഴുനേറ്റ് വെണ്ണക്കല്‍പ്പടവുകള്‍ ചവിട്ടി മഹാരാജാ നസീര്‍ വര്‍മ്മ തന്റെ മൊഞ്ചുള്ള മണവാട്ടിയുടെ നേര്‍ക്കു നടന്നു.
കൂടെയുണ്ടായിരുന്ന തോഴിമാരോടു പോകാന്‍ ആംഗ്യം കാണിച്ചിട്ട് ചക്രവര്‍ത്തി പ്രണയിനിയുടെ താടി മെല്ലെ പിടിച്ചുയര്‍ത്തി.
തോഴിമാരില്‍ ചിലര്‍ അന്തപ്പുരത്തിലേക്കു പോയി. മറ്റുള്ളവര്‍ പൂത്തുലഞ്ഞുനില്ക്കുന്ന ചെടികള്‍ക്കു പിറകില്‍ മറഞ്ഞു നിന്നു.
"ഞാന്‍ ഭവതിയെ കാത്തിരിക്കുകയായിരുന്നു"
"എങ്ങിനെ?"
"ഒരു വേഴാമ്പലിനെപ്പോലെ"
"ഞാനും"
"എത്രനാളാണു ഭവതീ?"
"കഴിഞ്ഞ ആയിരം ജന്മങ്ങള്"
"ആ ആയിരം ജന്മങ്ങളിലും ജ്ജ് അന്റെ ബീവി ആയിരുന്നു എന്നു എനിക്കു തോന്നുന്നുവല്ലോ."
"അന്റെ കാക്കത്തൊള്ളായിരം വരുന്ന ക്ടാങ്ങള്ക്ക് ഉമ്മയായി, അന്റെ മല്‍ഗോവ മാമ്പയത്തിനുള്ളിലെ പുയുവായി......., എന്റെ പുന്നാരമുത്ത്"
"ഞാന്‍ ധന്യയായി പ്രഭോ"
ആ കവിളുകളില്‍ വിരിഞ്ഞ നുണക്കുഴികളില്‍ ചാടി മുങ്ങാംകുളിയിടണമെന്നു തോന്നി ഹിസ് ഹൈനെസ്സിനു.
അപ്പോള്‍ ആ പൂങ്കാവനത്തില്‍ റംസാനിലെ ചന്ദ്രിക പാലൊളി വീശാന്‍ തുടങ്ങിയിരുന്നു.
അത്തറിന്റെ മണമുള്ള പ്രഭുല്ലസൂനങ്ങളില്‍ ഭ്രമരങ്ങള്‍ തേന്‍ കുടിക്കാനെത്തുന്ന മൂളല്‍ കേട്ടുകൊണ്ട് രാജന് പറഞ്ഞു:
"വരൂ, നമുക്കാ വള്ളിക്കുടിലിലിരിക്കാം"
"എന്റെ കിനാവുകളിലെ ഹൂറി, ഞാന്‍ ഭവതിയുടെ കരപല്ലവങ്ങള്‍ ഒന്നു ഗ്രഹിച്ചോട്ടെ"
അവര്‍ കൈകോര്‍ത്തുപിടിച്ച് ജലധാരായന്ത്രങ്ങള്‍ പേമാരി പെയ്യിക്കുന്ന ഈന്തപ്പനകളും മഹൂവപ്പുഷ്പങ്ങളും നിറഞ്ഞ ഉദ്യാനത്തില്‍ വെണ്ണക്കല്‍പ്പാതയിലൂടെ നടന്നു ഒരു ലതാനികുഞ്ജത്തില്‍ പ്രവേശിച്ചു.
അകത്തു പ്രവേശിച്ചവാറേ വരവര്‍ണ്ണിനി തിരുവാ തുറന്നു.
"നാഥാ, ഈ ഒരു നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു അങ്ങയുടെ ഈ എളിയ ദാസി"
"നക്ഷത്രങ്ങള്‍ കാവല്‍ നില്ക്കുന്ന ഈ നിശീഥിനിയില്‍ അങ്ങയുടെ ഒരു ദര്‍ശനത്തിനുവേണ്ടി, ഒരു പരിരംഭണത്തിനുവേണ്ടി , ഒരു ചുടുചുംബനത്തിനുവേണ്ടി....."
മഹാരാജാവ് കാമിനിയുടെ മുഖം പിടിച്ചുയര്‍ത്തി, മെല്ലെ.
തൊണ്ടിപ്പഴങ്ങളെ ദാസിമാരാക്കുന്ന ശോണാധരങ്ങളിലേക്കു തന്റെ ചുണ്ടുകളെ അടുപ്പിച്ചു.
തൊട്ടു, തൊട്ടില്ല....തൊട്ടു തൊട്ടില്ല....
"രണ്ടു ചായേ"
അടുക്കളയിലേക്കു വിളിച്ചുകൂവുന്ന സപ്ലയര്‍ മാധവന്റെ ചെവിക്കല്ലു പൊട്ടിക്കുന്ന ശബ്ദം കേട്ട് നസീര്‍ വര്‍മ്മ ഞെട്ടിയുണര്‍ന്നു.
മേശപ്പുറത്ത് പത്തിന്റെ ഒരു നോട്ടും ചായപ്പറ്റിന്റെ ബില്ലും.
"എന്താണപ്പാ, ഈ നട്ടുച്ചക്ക് കിനാവു കാണുകയായിരുന്നോ?"
പാറപ്പുറത്ത് ചിരട്ടയിട്ടുരക്കുന്ന ശബ്ദമാധുരിയില്‍, തലേക്കെട്ടും നെറ്റിയില്‍ നിസ്കാരത്തഴമ്പും വെള്ളലുങ്കിപ്പുറത്തുകെട്ടിയ ബെല്‍റ്റില്‍ തിരുകിയ മലപ്പുറം കത്തിയുമായി മുന്നില്‍ അറവുകാരന് ഹൈദ്രോസ്.
"എന്റെ ചില്ലറ താ"
"കൊയിലാണ്ടി വണ്ടി വിടാന്‍ പോണു."
"നാളെ കൊയിലാണ്ടീന്നു മുനീറിനേം കൂട്ടി രാജസ്ഥാനില്‍ പോവാനുള്ളതാ"
"അതെന്തിനാടോ മാപ്ലേ ഇപ്പോള്‍ രാജസ്ഥാനില്‍?"
"ഒരു ഒട്ടകത്തിനെ കിട്ടാന്നു ബെച്ചിട്ടൊണ്ട്"
"പെരുന്നാളൊക്കെയല്ലേ ബരണത്"
ചില്ലറ വാങ്ങി ഹൈദ്രോസ് കൊയിലാണ്ടി വണ്ടി പിടിക്കാന്‍ ഓടി.
.....
(തുടരും)
പകര്‍പ്പവകാശം: ആവനാഴി
Subscribe to:
Post Comments (Atom)
16 comments:
ഇന്നു മാര്‍ച്ച് 21. സൌത്ത് ആഫ്രിക്കയില്‍ പബ്ലിക് ഹോളിഡെ ആണിന്നു.
അതുകൊണ്ട് അദ്ധ്യായം 5 എഴുതിത്തീര്‍ത്തു.
ഇതാ സഹൃദയരായ വായനക്കാര്‍ സമക്ഷം സവിനയം സമര്‍പ്പിക്കുന്നു.
സസ്നേഹം
ആവനാഴി.
ആഹാ...ഇപ്രാവശ്യം ഞാന്‍ ആദ്യമെത്തി..
ആവനാഴി... ഈ വര്‍മ്മ നമ്മുടെ മാസ്റ്ററെ കടത്തി വെട്ടുന്ന ലക്ഷണമുണ്ടല്ലൊ...
കാത്തിരുന്നു കാണ്ടോളാം..
സുന്ദരാ നിന്നെ ഞാന്‍!
ഞാന്‍ വായിച്ചു ആദ്യം കമണ്ടാമെന്നു കരുതി വന്നപ്പോള്‍ സുന്ദരന്‍.
നന്നായിട്ടുണ്ട്
സൌത്ത് ആഫ്രിക്കയില്‍ അവധി എന്തിനാണാവൊ
പ്രിയ സുന്ദര്‍,
ഈ വര്‍മ്മ... അതെ അയാള്‍ നിരക്ഷരകുക്ഷിയാണെന്നേ ഉള്ളു.കുറ്റാന്വേഷണപടുതയിലും കാമിനിമാരുടെ ഹൃദയം കവരാനുള്ള വിദ്യകളിലും (ഏകപക്ഷീയമാണെന്ന് ആരോപിക്കപ്പെടാമെങ്കിലും)തന്നോളം പോന്നവര്‍ വിരളം.
കുറ്റാന്വേഷണപടുതകള് പിന്നെ ഒരു സീരിയല്‍ ആയി തുടങ്ങാം.
വന്നതിലും നിരീക്ഷണം നടത്തിയതിലും അനല്പമായ നന്ദി രേഖപ്പെടുത്തട്ടെ.
അടുത്ത അദ്ധ്യായം ഈ വീകെന്‍ഡില്‍ വിടാന്‍ പറ്റുമോ എന്നു നോക്കാം.
പ്രിയ കരീം മാഷേ,
ഉദാരന്‍ മാസ്റ്റര്‍ എന്ന സീരീസ് വായിച്ചതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും ഞാന്‍ എന്റെ അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നു.ഇനിയും വരുമല്ലോ. വരൂ.
മാഷെ, മാര്‍ച്ച് 21 ഇവിടെ Human Rights Day ആയി ആഘോഷിക്കുന്നു. പബ്ലിക് ഹോളിഡേ ആണു.
സസ്നേഹം,
ആവനാഴി
ഇടതുകൈപ്പത്തിയില്‍ ആറു വിരലുകളുണ്ടായിരുന്ന വര്‍മ്മ, എല്ലാ വിരലുകളേയും ഒരു പോലെ സ്നേഹിക്കുകയും ട്രീറ്റു ചെയ്യുകയും ചെയ്തു.
ആവനാഴീ... ഇത് കലക്കി മാഷേ.
ആവനാഴി വര്‍മ്മേ (വര്മ്മകള്ക്കൊക്കെ ഇപ്പൊ നല്ല മാര്‍ക്കറ്റാ) ഇതു ഞാന്‍ പണ്ടു പറഞ്ഞ പോലെ ഒരു നടക്കൊന്നും തീരാനുള്ള ലക്ഷണമില്ല.
കലക്കിട്ടുണ്ട് ട്ടോ
-സുല്‍
മാഷേ,
നന്നായിരിക്കുന്നു.
ഒരു സ്വപ്നം കൊണ്ടോരു എപിസോഡോ?
ഇതെന്താ ഏഷ്യാനെറ്റ് സീരിയലാ?
ആവനാഴി ഭായീ,
ഈ ഉദാരന്‍ മാഷെ പറ്റി പറയുകയാണെങ്കില്‍...
അല്ലെങ്കില്‍ വേണ്ട. നിര്ദോഷഫലിതങ്ങളെന്ന രീതിയില്‍ വാക്കുകള്‍ കൊണ്ട് കളിച്ച് ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നത് ഞങ്ങള്‍ ബാച്ചികളുടെ ഒരു വീക്നസ്സാണെന്ന് ഉമേഷേട്ടന് പണ്ട് പറഞ്ഞിട്ടുണ്ട്. ഈ ഗോള്‍ പോസ്റ്റ് ഞാന്‍ കണ്ടില്ലെന്ന് നടിക്കുന്നു. :-)
ആവനാഴി മാഷിന്റെ ഉദാരന്‍ മാസ്റ്റര്‍ എല്ലാം വായിക്കാന്‍ ഭാക്കി. ഇന്നോ നാളേയോ തീര്‍ക്കാമെന്നു കരുതുന്നു.
അതു ശരി....കൊച്ചീലു ഇറക്കിയ ഒട്ടകത്തിനെ വരെ കഥയില്‍ ചേര്‍ത്തു കെട്ടി അല്ലേ.....
അടുത്തത് വേഗം.......
അവിടെ മാര്‍ച്ച് 21നു മാത്രമേ മനുഷ്യാവകാശ ദിനം കൊണ്ടാടൂ അല്ലേ......
കേരളത്തില്‍ അങ്ങനെയല്ലേ.....
മിക്കവാറു ദിവസങ്ങള്‍ മനുഷ്യാവകാശ ദിനങ്ങള്‍ ആണു........
കഴിഞ്ഞ ദിവസം ബംഗാളില്‍ ഒരു കിടിലന്‍ മനുഷ്യാവകാശാഘോഷം നടന്നു.....
ഒരു പത്തിരുപത്തഞ്ചെണ്ണം കാഞ്ഞു പോയി.....
ഈ എപ്പിഡോസില് ഉദാരന്‍ മാഷ് രംഗപ്രവേശം ചെയ്യാഞ്ഞതെന്തേ? മൂപ്പരു പിന്നേം തോട്ടത്തില്‍ പോയാ?
പ്രിയ ഒത്തിരിവെട്ടം തരും ഇത്തിരിവെട്ടം,
ഉദാരന്‍ മാസ്റ്ററെ കാണാന്‍ വന്നല്ലോ. നന്ദി. അഭിപ്രായങ്ങള്‍ക്ക് പെരുത്തു നന്ദി. ഇനിയും വരൂ.
പ്രിയ സുല്‍,
താന്ക് യു വെരി വെരി മച്ച്. എന്നാലും എന്നെ വര്മയാക്കിയല്ലോ. ഞാനെന്തു തെറ്റു ചെയ്തൂ മാഷേ, പറയൂ.
പ്രിയ കൈതമുള്ളേ,
സ്വപ്നങ്ങളുടെ കൊച്ചു കൊച്ചു എപ്പിസോഡുകളല്ലേ ഈ ജീവിതം?
എന്നാല്‍ വര്‍മയുടെ പ്രണയത്തെ ഒരു സ്വപ്നത്തിന്റെ എപ്പിസോഡിലൂടെ അവതരിപ്പിച്ചാലോ എന്നു തോന്നി.
നന്ദി മാഷേ.
പ്രിയ ദില്‍ബാസുര്‍,
ഉമേഷേട്ടന് ഒരു വീരന് തന്ന്യാണേ.പിന്നെ ഗോള്‍പോസ്റ്റ് കണ്ടില്യാന്നു നടിക്ക്യേ? ശിവ, ശിവ.
പോസ്റ്റു കണ്ടാല്‍ ഗോളടിക്യാല്ലേ ചെയ്യേണ്ടത്?
അസുര്, താങ്ക് യു വെരി മച്ച്.
പ്രിയ കുറുമാന്,
വന്നതില്‍ അത്യധികമായ സന്തോഷമുണ്ട്. വായിക്കൂ. അഭിപ്രായം മുഖം നോക്കാതെ തന്നെ പറയൂ. അതാണെനിക്കിഷ്ടം.
സ്ഥിരപ്രതിഷ്ഠ്നായ ഒരെഴുത്തുകാരനായ താങ്കളുടെ അഭിപ്രായത്തെ ഞാന്‍ വളരെ വില മതിക്കുന്നു.
കാത്തിരിക്കുന്നു.
പ്രിയ സര് സാന്‍ഡോസ്,
ഇവിടെ ഒരൊറ്റ ദിവസമേ മനുഷ്യാവകാശദിനം ആചരിക്കുന്നുള്ളു.
“കഴിഞ്ഞ ദിവസം ബംഗാളില്‍ ഒരു കിടിലന്‍ മനുഷ്യാവകാശാഘോഷം നടന്നു.....
ഒരു പത്തിരുപത്തഞ്ചെണ്ണം കാഞ്ഞു പോയി.....” എടോ സാന്ഡോസേ, തന്റെ കമന്റു മാത്രം വായിച്ചാല്‍ മതിയല്ലോ ചിരിച്ചു ചിരിച്ചു മണ്ണു കപ്പാന്‍.
കൊച്ചീലായിരുന്നെങ്കില് ഒരു രണ്ടു കിലോ ഞാനും മേടിച്ചേനെ.
പ്രിയ ചാത്താ,
താങ്കള്‍ വന്നതു നന്നായി.
ഉദാരന്‍ മാസ്റ്റര്‍ ജീവരസതന്ത്രത്തില് അല്പം റിസര്‍ച്ചു നടത്തുകയായതുകൊണ്ടാണു പുറത്തു വരാത്തത്. ഇനി വല്മീകം പൊട്ടിച്ചു വരും. അന്നു തൂത്തു വാരും.
മാഷേ,നന്നായിട്ടുണ്ട്!!!!!!!!!!!!
സസ്നേഹം
മഹി.
പ്രിയ മഹി,
താങ്കളുടെ നല്ല വാക്കുകള്‍ക്കു വളരെ നന്ദി. ഇനിയും വരൂ. അല്പം തിരക്കുള്ളതിനാലാണു അടുത്ത അദ്ധ്യായം പോസ്റ്റു ചെയ്യാന്‍ കഴിയാത്തത്. പണിതുകോണ്ടിരിക്കുകയാണു. വൈകാതെ പ്രസിദ്ധപ്പെടുത്താം.
സസ്നേഹം
ആവനാഴി
Post a Comment