കിഴക്കു പ്രഭാതം പൊട്ടിവിടര്‍ന്നു.
സൂര്യന്റെ അരുണകിരണങ്ങളേറ്റ് സസ്യലതാദികള്‍ക്കുള്‍പ്പുളകമുണ്ടായി.
ലതാനികുഞ്ജങ്ങളില്‍ വസന്ത കോകിലങ്ങള്‍ പന്തുവരാളി പാടി നടന്നു.
വസന്തവിസ്മയങ്ങളൊന്നും ടീച്ചറിന്റെ മനസ്സില്‍ പനിനീര്‍മഴ പെയ്യിച്ചില്ല.
ബസ്സിറങ്ങി നസീര്‍വര്‍മ്മയുടെ ചായക്കടയുടെ മുന്നിലൂടെ കോളേജിലേക്കു നടന്നു നീങ്ങിയ ടീച്ചറുടെ മനസ്സു നിറയെ ഭയപ്പാടുകളും വേവലാതികളുമായിരുന്നു.
"ഇനി മാസ്റ്റര്‍ക്കു വല്ല അണ്ടര്‍ വേള്‍ഡുമായി ബന്ധമുണ്ടായിരിക്കുമോ?"
"അദ്ദേഹം എങ്ങോട്ടാണു ഒരു വാക്കുപോലും പറയാതെ വായുവേഗത്തില്‍ ഗമിച്ചത്?"
ഉത്തരം കിട്ടാതെ ചോദ്യശരങ്ങള്‍ ടീച്ചറുടെ മനസ്സിനെ കുത്തിനോവിച്ചു.
അങ്ങിനെ ജീവഛവമായി ആ പാതയിലൂടെ നടന്നു നീങ്ങിയപ്പോള്‍ പിറകിലൊരു വിളികേട്ടു.
തിരിഞ്ഞു നോക്കി.
വള്ളിനിക്കറിട്ട ഒരു കൊച്ചു പയ്യന്.
അവന് കയ്യിലിരുന്ന റോസാപ്പൂവും നിക്കറിന്റെ പോക്കറ്റില്‍നിന്നു വലിച്ചെടുത്ത തുണ്ടുകടലാസും ടീച്ചറുടെ കയ്യില്‍ കൊടുത്തിട്ട് ട്ര് എന്നു ശബ്ദമുണ്ടാക്കി തിരിഞ്ഞോടി.
ടീച്ചര്‍ തുണ്ടുകടലാസു നിവര്‍ത്തി വായിച്ചു:
"ഇതു എന്റെ പന്തോട്ടത്തില്‍ വരിഞ്ഞ പു. എന്നു സി.ഐ.ഡി. നസീര്‍ വര്‍മ്മ"
ടീച്ചര്‍ പൂ മാത്രം ഇറുത്ത് മുടിയില്‍ ചൂടിയിട്ട് തുണ്ടു കടലാസും കമ്പും പാതയോരത്തെ ഓടയിലേക്കു വലിച്ചെറിഞ്ഞു.
ചായക്കടയുടെ ജനലിലൂടെ കണ്ണിമക്കാതെ നോക്കിനില്ക്കുകയായിരുന്ന നസീര്‍ വര്‍മ്മ ടീച്ചര്‍ പൂ ചൂടുന്നതും കോളേജിലേക്കു തിരിയുന്ന വളവില്‍ മറയുന്നതും കണ്‍കുളിര്‍ക്കെ കണ്ടു.
വര്‍മ്മയുടെ പൂങ്കാവനത്തില്‍ നിറയെ വികാരപുഷ്പങ്ങള്‍ വിടര്‍ന്നു.
...................
കൊന്നമരച്ചോട്ടില്‍ മാസ്റ്ററുടെ ചവര്‍ലെറ്റ് കണ്ടപ്പോഴാണു ടിച്ചര്‍ക്കു ശ്വാസം നേരെ വീണത്.
സ്റ്റാഫ് റൂമിലേക്കു പോകാതെ ടീച്ചര്‍ നേരെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലെക്കു ചെന്നു.
"ഐ ആം വെരി സോറി ടീച്ചര്‍."
"ഇന്നലെ ടിച്ചറോടു ഒരു വാക്കു പോലും പറയാതെ ഞാന്‍ പോയി. ക്ഷമിക്കൂ"
ഇത്രയും പറഞ്ഞിട്ട് ഉദാരന്‍ മാസ്റ്റര്‍ മേശപ്പുറത്തു വച്ചിരുന്ന അടുക്കു പാത്രത്തില്‍ നിന്നു ഒരടുക്കെടുത്ത് ടീച്ചറുടെ നേര്‍ക്കു നീട്ടി.
"നല്ലതുപോലെ തെങ്ങാക്കൊത്തും മല്ലിയിലയും മസാലയും പുരട്ടി ഉലര്‍ത്തിയ വരാഹമാംസമാണു."
"ഒറിജിനല്‍ കാട്ടുവരാഹം"
"ടീച്ചര്‍ക്കു ഞാന്‍ സ്പെഷ്യലായി കൊണ്ടുവന്നതാണു"
"എന്താ ടീച്ചര്‍ക്കു കഴിക്കാന്‍ വിരോധം...?", മാസ്റ്റര്‍.
"ഇല്ല. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും"
മാസ്റ്റര്‍ക്കു സമാധാനമായി.
പിന്നെ, കിഴക്കന്‍ മലയില്‍ തന്റെ തേയിലത്തോട്ടത്തില്‍ കാട്ടുപന്നിക്കൂട്ടം കയറിയതും അവയെ വെടിക്കാരെ വിട്ട് മൃതിപ്പിച്ചതുമായ സംഭവബഹുലമായ കാര്യങ്ങള്‍ ടീച്ചറെ പറഞ്ഞു ധരിപ്പിച്ചു.
അതു കഴിഞ്ഞ് മാസ്റ്റര്‍ വീണ്ടും കവിതാസാഹിത്യാദി കാര്യങ്ങളിലേക്കു തിരിഞ്ഞു.
"വരാഹത്തെപ്പറ്റി വര്‍മ്മ എന്നു പേരായ ഒരു വിദ്വാന് ഒരു ശ്ലോകം ചമച്ചിട്ടുണ്ട്. കേട്ടിട്ടുണ്ടോ ടീച്ചര്‍?"
"ഉവ്വ്"
"അപ്പോള്‍ മാസ്റ്ററേ, ആ വര്‍മ്മ നസീര്‍ വര്‍മ്മയുടെ ആരായിട്ടുവരും?"
"ആരുമല്ല."
"ആ വര്‍മ്മ വലിയ പണ്ഡിതന്. ഹാസ്യ സമ്രാട്ട്.ആക്ഷേപഹാസ്യത്തില്‍ ഡോക്റ്ററേറ്റ്."
"എന്നാല്‍ ഈ വര്‍മയോ,......."
മാസ്റ്റര്‍ മുഴുമിപ്പിക്കുന്നതിനു മുമ്പ് ടീച്ചര്‍ പൂരിപ്പിച്ചു," അക്ഷരജ്നാനമില്ലാത്തവന്‍. ആട്ടുംകാട്ടമെന്നു മനസ്സില്‍ കണ്ട് എഴുതി വരുമ്പോള്‍ കൂര്‍ക്കക്കിഴങ്ങ് എന്നാവുന്ന മണ്ടക്കോമരം"
"അല്ലാ, അതു ടീച്ചറെങ്ങനെ അറിഞ്ഞു?"
അല്‍ഭുതമൂറുന്ന മിഴികളോടെ ഉദാരന്‍ മാസ്റ്റര്‍ ടീച്ചറുടെ മുഖത്തേക്കു നോക്കി.
"ടീച്ചര്‍ ത്രികാലജ്നാനിയാണല്ലേ?"
"ആണെന്നു പറഞ്ഞാല്‍ അഹന്തയാകും."
"അല്ലെന്നു പറഞ്ഞാലോ?", മാസ്റ്റര്‍.
"അതിവിനയവും സത്യവിരോധവുമാകും"
ടീച്ചറുടെ മറുപടി മാസ്റ്റര്‍ക്ക് ക്ഷ പിടിച്ചു.
മാസ്റ്റര്‍ പൊട്ടിച്ചിരിച്ചു.
ആ ചിരിയില്‍ ടീച്ചറും പങ്കു ചേര്‍ന്നു.
"എന്നാല്‍, ഇനി കളിക്കാം. അല്ലേ ടീച്ചര്‍?"
"എന്തു കളി?"
"പ്രപഞ്ചത്തില്‍ വര്‍ണ്ണവിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കളി"
"പ്രപഞ്ചത്തില്‍ വര്‍ണ്ണവിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കളിയോ?"
"അതെ, ബൂലോക പ്രപഞ്ചത്തില്‍"
ഇത്രയും പറഞ്ഞിട്ട് മാസ്റ്റര്‍ മേശവലിപ്പുതുറന്നു മാന്ത്രികപ്പലകയും റവറും പെന്‍സിലും പുറത്തെടുത്തു.
ആ പലകയില്‍ #ffffff എന്നെഴുതിയിരുന്നു.
മാസ്റ്റര്‍ അതു റവറു കൊണ്ടു മാച്ച് #ff0000 എന്നെഴുതി.
പെട്ടെന്നു പ്രപഞ്ചം മുഴുവന്‍ രക്തവര്‍ണ്ണമായി.
ടീച്ചറുടെ മുഖം അല്‍ഭുതം കൊണ്ട് വികസിച്ചു.
മാസ്റ്റര്‍ അതു മാച്ച് #00ff00 എന്നെഴുതിയപ്പോള്‍ എങ്ങും പച്ചനിറം പരന്നു.
അങ്ങിനെ ആ മാന്ത്രികസൂത്രവാക്യത്തിലെ അക്ഷരങ്ങളും അക്കങ്ങളും മാറ്റി മാറ്റി എഴുതി മാസ്റ്റര്‍ വര്‍ണ്ണങ്ങളുടെ ഒരു മായാജാലം സൃഷ്ടിച്ചു.
ടീച്ചര്‍ ഉടനെ മാസ്റ്ററുടെ പക്കല്‍നിന്നു മാന്ത്രികപ്പലക വാങ്ങി റവറു കൊണ്ടു തുടച്ച് അതില്‍ #000000 എന്നെഴുതി.
ആ നിമിഷം പ്രപഞ്ചം കൂരിരുട്ടില്‍ മുങ്ങി.
അപ്പോള്‍ മദ്ധ്യധരണ്യാഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്ന Q2 എന്ന അതിഭീമന്‍ ലക്ഷ്വറി കപ്പലിന്റെ ഏറ്റവും മുകളിലത്തെ ഡെക്കില്‍ നീലരാശിയായ സ്വിമ്മിങ്ങ് പൂളില്‍ പുളച്ചുനീന്തുന്ന “അവര്‍ ഗ്ലാസിനെ” വെല്ലുന്ന മേനിയഴകുള്ള കിളുകിളുന്തു പരലുകളെ നോക്കി ഈവനിംഗ് ടീ നുകരുകയായിരുന്നു പണച്ചാക്കുകളായ കുറെ വരട്ടു സായിപ്പന്മാര്.
ഇരുട്ടു പരന്നതു പെട്ടെന്നും അവിചാരിതമായും ആയിരുന്നതിനാല്‍ വായിലേക്കുയര്‍ത്തിയ പരിപ്പുവടയും പഴം നുറുക്കും വായ കണ്ടു പിടിക്കാനുള്ള തത്രപ്പാടില്‍ വഴി തെറ്റി മറ്റു നവദ്വാരങ്ങളിലേക്കു കുത്തിക്കേറ്റി.
.......
(തുടരും)
പകര്‍പ്പവകാശം: ആവനാഴി
Subscribe to:
Post Comments (Atom)
11 comments:
അദ്ധ്യായം 5 ല്‍ പണിയുകയായിരുന്നു. ഇപ്പോള്‍ തീര്‍ന്നു. ബൂലോകത്തിലെ സഹൃദയരായ വായനക്കാര്‍ക്കുവേണ്ടി ഇതാ ഇവിടെ പോസ്റ്റുന്നു.
:-) :-))
ഇഷ്ടായി എന്നു തന്നെ പറയാനാണ് ഭാവം. പക്ഷേ അതോടൊപ്പം വേറെ എന്തോ കൂടി കൂട്ടിച്ചേര്‍ക്കണമെന്നും തോന്നി. എന്നാല്‍ അതിനി അടുത്ത തവണയാകല്ലോ എന്ന സമാധാനത്തോടെ നിര്‍ത്തുന്നു, ഓടുന്നു!
അപ്പൂ:
ദേ പിന്നേം ഐകോണിക അപ്രീസിയേഷന്‍. നന്ദി.
:-)
കൈതമുള്ളേ:
പെരുത്തു നന്ദി.
ഓടുന്നതെന്തിനു?
അല്ല നാഴിച്ചേട്ടാ,
ഉദാരന്‍ മാഷ്ടെ കവിതാ ചര്‍ച്ച നടന്നു കൊണ്ടിരിക്കേ, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗോവിന്ദങ്കുട്ടി മാഷ് ചൊല്ലിത്തന്ന ഒരു തോലകവിതയാണ് ഓര്‍മ്മ വന്നത് (ഇന്നലെ അതെഴുതാന്‍ സമയമില്ലാതിരുന്നതിനാലാണ് ഓടിയത്)
ഇന്നതാകാമല്ലോ:
“പല്ലിത്തോലാടയായാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയ
കോണച്ചേട്ടാഭിധാനസ്യ
അര്ദ്ധാദ്ധം പ്രണാമ്യഹം”
വിഗ്രഹിച്ചാല്‍ അര്‍ത്ഥം ഇങ്ങനെ:
പല്ല്=ദന്തം,പല്ലി=ദന്തി =ആന
പന്ത്രണ്ട്ന്റെ അര = ആറ് =നദി =ഗംഗ
കോണ്‍=മൂല =മുക്ക്
ചേട്ടന്= അണ്ണന് അതായത് മുക്കണ്ണന്
അര്‍ദ്ധം= അര, അര്‍ദ്ധാര്‍ദ്ധം = കാല് =കാല്
ആവനാഴിയില്‍ നിന്നിനിയും വരട്ടെ പൂവമ്പുകള്‍!
പ്രിയ കൈതമുള്ളേ,
വളരെ ഇഷ്ടമായി എന്നു പറയട്ടെ. ഇങ്ങിനെയുള്ള സരസ ശ്ലോകങ്ങള്‍ സൌകര്യം പോലെ അറിയിക്കുമല്ലോ.
ഒപ്പം എന്റെ അകൈതവമായ നന്ദി.
സസ്നേഹം
ആവനാഴി
ചാത്തനേറ്: ചാത്തന് കുപ്പിക്കകത്തായിരുന്നു ഇന്നാ തിരിച്ചിറങ്ങിയത്.. ഉദാരന്‍ മാസ്റ്റര്‍ ഏത് വഴിയാ പോണതെന്ന് ഒരൂഹവുമില്ലാലോ... മോഡേണ്‍ ആര്ട്ടാവുനുണ്ടോന്നാ സംശയം..
''അതെ, ബൂലോക പ്രപഞ്ചത്തില്‍''
സീനിയറേ.....ഭൂലോഗം....അക്ഷര പിശാച് മൂലം അറിയാതെ ബൂലോഗം ആയതാണോ...അല്ലെങ്കില്‍...ഒരു പുനര്‍ വായന വേണ്ടി വരും......വല്ല പൊട്ടും പൊടിയും തടയുമോന്നു നോക്കട്ടെ.....
പ്രിയ കുട്ടിച്ചാത്താ,
മോദേന്‍ ആര്ത്തിനെപറ്റി പറഞ്ഞപ്പോഴാണു മനസ്സ് മുപ്പത്തിരണ്ടു സംവത്സരങ്ങള്ക്കുമുമ്പു ത്രിശ്ശിവപേരൂരില് നടന്ന ഒരു ഒരു മോദേന്‍ ആര്‍ത്ത് എക്സിബിഷനിലേക്കു പറന്നു പോയത്.
അന്നു ഞാന്‍ ഗവണ്മെന്റ് ടീച്ചര്‍ ട്രെയിനിംഗ് കോളേജില്‍ പയറ്റുകയായിരുന്നു (വിദ്യാര്‍ത്ഥിയായിട്ട് ).
എക്സിബിഷന്റെ ഉല്ഘാടകന് ശ്രീമാന്‍ എം വി ദേവന്.
അദ്ദേഹം മോഡേണ്‍ ആര്‍ട് എങ്ങിനെ ആസ്വദിക്കണം എന്നതിനെക്കുറിച്ച് സംസാരിച്ചു.
ഒരു ചിത്രകാരന് പശുവിന്റെ പടം വരക്കുന്നു എന്നു കരുതുക. എല്ലാ അര്‍ത്ഥത്തിലും പശുവിന്റെ തനി സ്വരൂപമായ പശു. ഏതു കൊച്ചുകുട്ടിയും ആ ചിത്രം ചൂണ്ടി പറയും: ദേ, പശു.
ഇതിനു വെറുതെ ചിത്രകാരന് സമയം മെനക്കെടുത്തേണ്ട ആവശ്യമില്ലല്ലോ. ഒരു കേമറ കൊണ്ട് ഒന്നു ക്ലിക് ചെയ്താല്‍ പോരേ, എന്നിട്ട് വലിയൊരു പ്രിന്റെടുത്താല്‍ പശുവായില്ലേ? ദേവന് ചോദിച്ചു.
ഒരു മോഡേണ്‍ ആര്‍ടിസ്റ്റ് എന്തു ചെയ്യുന്നു?. അയാള്‍ പശു എന്ന ജന്തുവിനെ അബ്സ്ട്രാക്റ്റ് ചെയ്യുന്നു.
പശുവിനു രണ്ടു തലങ്ങളാണുള്ളത്. അതിന്റെ പുറം, വയറിന്റെ അടിഭാഗം ഇവ രണ്ടു തിരശ്ചീന തലങ്ങളെ ദ്യോതിപ്പിക്കുന്നു.
അപ്പോള്‍ ബ്രഷ് സ്ട്രോക്കു കൊണ്ട് കാന്‍വാസില്‍ തിരശ്ചീനമായ രണ്ടു വരകള്‍ കോറുക.
പിന്നെ നാലു കാലുകള്‍. അതിനു ലംബമായ നാലു സ്ട്രോക്കുകള്‍ കൂടി കൊടുക്കുക.
പിന്നെ ചിത്രത്തിനു താഴെ “പസു” എന്നെഴുതി ഫ്രെയിം ചെയ്ത് ചുമരില്‍ കെട്ടിത്തൂക്കണം.
അപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു: അതു ശരി അതാണതിന്റെ ഗുട്ടന്‍സ്.
എല്ലാ മോഡേണ്‍ ആര്‍ട്ട് വര്‍ക്കുകള്‍ക്കും അടിക്കുറിപ്പുണ്ട്.
അല്ലെങ്കില്‍ പശുവിന്റെ ചിത്രം കണ്ട് അതിനെ ചിരകത്തടിയാണെന്നു കാണീകള്‍ തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്.
ചാത്താ, ഇവിടെ കഥാകൃത്ത് ശ്രമിക്കുന്നത് വാക്കുകളില്‍ നിന്നു ഉരുത്തിരിയുന്ന സാധാരണ അര്‍ത്ഥതലങ്ങളില്‍ നിന്നു വായനക്കാരനെ ലിബറേറ്റു ചെയ്ത് താല്‍ക്കാലികമായി ഒരു സൈക്കഡലിക് സ്റ്റേറ്റ് ഓഫ് മൈന്‍ഡിലേക്കു കൊണ്ടു പോകുക എന്നുള്ളതാണു.
ആ അവസ്ഥയില്‍ വായനക്കാരന് അവാച്യവും സര്വസ്വതന്ത്രവുമായ ഒരു തരം ആനന്ദം അനുഭവിക്കുന്നു.
പിന്നീട് പയ്യെപ്പയ്യെ റിയല്‍ വേള്‍ഡിലേക്കു തിരിച്ചു വരികയും ചെയ്യുന്നു.
പെര്‍മനന്റായി സൈക്കഡലിക് വേള്ഡിലാവുമ്പോള് അതിന “ഉന്മാദം” എന്നു വിളിക്കും. അതു നല്ലതല്ല.
പ്രിയ സാന്‍ഡോസ്,
പുനരുക്തി ഒഴിവാക്കാന്‍ ആദ്യം, ഞാന്‍ ചാത്തനു നല്കിയ വിശദീകരണം വായിക്കൂ.
“ബൂലോകം” എന്നു തന്നെയാണു ഉദ്ദേശിച്ചത്. ഇനി പുനര്വായിക്കൂ.
വരികയും ഇന്ററാക്റ്റു ചെയ്യുകയും ചെയ്തുവല്ലോ. നന്ദി.
ഈ വീക്കെന്ഡോടുകൂടി അഞ്ചാം അദ്ധ്യായം പൂര്‍ത്തികരിച്ച് പ്രസിദ്ധീകരിക്കാം.വീണ്ടും വരൂ.
പ്രിയ ആവനാഴി
ഈ ഉദാരന്‍ മാസ്റ്ററെ എനിക്കൊത്തിരി ഇഷ്ടമായി....
ഇത് കാഞ്ഞൂര്‍ രാജ്യത്തിലുള്ള സൗമ്യ കോളേജ് അല്ലല്ലോ ഇല്ലെ?
അടുത്ത ഭാഗമിങ്ങ് പോരട്ടെ വേഗം....
Post a Comment