Friday, February 16, 2007

ഷാപ്പിന്റെ പിറകില്‍ കണ്ടത്

രാവിലെ എഴുനേറ്റപ്പോള്‍ അയാള്‍ക്കു കള്ളുകുടിക്കണമെന്നു തോന്നി.

തലേന്നു ദുബായില്‍ നിന്നു നെടുമ്പാശ്ശേരിക്കുള്ള ഫ്ലൈറ്റ്. പിന്നെ കാറില്‍ വീടു വരെയുള്ള യാത്ര.

വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായി.

ഒന്നു കുളിച്ചു. ചോറുണ്ടു. കിടന്നു.

എയര്‍കണ്‍‌ഡീഷണറിന്റെ സുഖശീതളിമയില്‍ ഗാഢനിദ്രയിലായ അയാള്‍ രാവിലെ ഉണര്‍ന്നപ്പോള്‍ പത്തു മണി കഴിഞ്ഞിരുന്നു.

കള്ളു കുടിക്കണം.

രാവിലെയായാല്‍ നല്ല മധുരക്കള്ളു കിട്ടും.

എത്രയൊക്കെ ശ്രദ്ധിച്ചാലും കള്ളുംകുടത്തില്‍ ചെറിയ ചെള്ളുകളും പ്രാണികളും ചത്തു പൊങ്ങിക്കിടപ്പുണ്ടാകും.

അതുകൊണ്ടു തന്നെയാണു നാട്ടിലേക്കു പുറപ്പെടുന്നതിനു ആറു മാസം മുമ്പേ അയാള്‍ മേല്‍മീശ വളര്‍ത്തുകയും അതു ട്രിം ചെയ്യാതെ സൂക്ഷിക്കുകയും ചെയ്തത്.

കുളിച്ചു മുടി ചീകി സില്‍ക്കുഷര്‍ട്ടിട്ട് മേലാകെ അത്തറു പൂശി അയാള്‍ കള്ളുഷാപ്പിലേക്കു നടന്നപ്പോള്‍ വേലിക്കരികില്‍ പെണ്ണുങ്ങള്‍ കിന്നാരം പറയാനെത്തി.

“ബാലഗോപാലന്‍ ചേട്ടനെപ്പോള്‍ വന്നു?”

“കഴിഞ്ഞ തവണ വന്നപ്പോള്‍ ചേട്ടന്‍ ക്ലീന്‍ ഷേവായിരുന്നല്ലോ. ഇപ്പോഴെന്താ ചേട്ടാ ഈ കൊമ്പന്‍ മീശ?”

കൊമ്പന്‍ മീശ കണ്ടു പേടിക്കണ്ട പെണ്ണേ.

ന്നാലും നിനക്കു വയസ്സറിയിച്ച വിവരം എന്നെയൊന്നറിയിച്ചില്ലല്ലോ എന്നയാള്‍ പറഞ്ഞില്ല.

**********************************

കള്ളുഷാപ്പിനു കഴിഞ്ഞകൊല്ലം കണ്ടതിനേക്കാള്‍ പരിഷ്കാരം വരുത്തിയിരിക്കുന്നു.

“എയര്‍ കണ്‍‌ഡീഷനില്ലെങ്കില്‍ കഷ്ടമേഴ്സിനെ കിട്ടില്ല ബാലാ”

“കോളേജുപിള്ളേരല്ലേ ഇപ്പോള്‍ ഷാപ്പു മുഴുവന്‍. രാവിലെ രണ്ടെണ്ണം വീശിയിട്ടാണു കോളേജിലേക്കു പോകുന്നത്. ഇപ്പോള്‍ പണ്ടത്തെ കാലമൊന്നുമല്ല ബാലാ”

കൊച്ചു കുടത്തില്‍നിന്നു കള്ളു മോന്തിക്കൊണ്ട് കണാരേട്ടന്‍ പറഞ്ഞു.

“ഇപ്പോള്‍ കോപ്പയിലല്ലേ കള്ള്?”

പഴമയിലേക്കു തിരിച്ചുപോകാനുള്ള ആവേശം, പഴമയില്‍ പതിരില്ല എന്നുള്ള തിരിച്ചറിവ് ഇതെല്ലാം ഈ പോസ്റ്റ് മോഡേണ്‍ യുഗത്തില്‍ നാടെല്ലാം അല തല്ലാന്‍ തുടങ്ങിയിരുന്നു.

ഒരിക്കല്‍ മണ്‍‌മറഞ്ഞുപോയ പാലക്കാമോതിരവും, കുന്നികുരുമാലയും, അഡ്ഡിലും, പതക്കവും, പാദസരവുമെല്ലാം ഇന്നത്തെ ഫാഷന്‍ സ്റ്റേറ്റുമെന്റുകളായി മാറി.

കയ്യില്‍ നാലു ചക്രമുള്ളവര്‍ പഴയ പ്രതാപത്തിലുള്ള നാലുകെട്ടുകളും എട്ടുകെട്ടുകളും പണിതുയര്‍ത്തി.

അസ്തിത്വദുഖത്തിന്റെ വേപഥു പേറുകയും അതില്‍ ഒരു പാരഡൈം ഷിഫ്റ്റ് കണ്ടെത്തുകയും ചെയ്ത ജനം മല്‍‌സരിച്ചു മല്‍‌സരിച്ചു ഒരു രസത്തിനും പിന്നെ മാനസോല്ലാസത്തിനും വേണ്ടി ധാരാളമായി മരനീര്‍ മോന്തുകയും ഷാപ്പില്‍ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തപ്പോള്‍ കിഴക്കന്‍ മലകളില്‍ വെടിയിറച്ചിയും കള്ളറാക്കും കഴിച്ച് പൂസായ ചാക്കിരിമൂപ്പന്‍ ഒരു സെവന്‍ അപ് വിട്ടു.

മൂന്നു മേലോട്ടും. നാലു കീഴോട്ടും.

മൂന്നും നാലും ഏഴ്.

കടിപ്പാനും കൊറിപ്പാനും ധാരാളമുണ്ടായിരുന്നതിനാല്‍ കൊറിയല്ല കടിയാണു നന്നെന്നു ശഠിച്ചു.

“റാന്‍. തിരുവായ്ക്കില്ലെതിര്‍‌വായ്”

പഞ്ചപുഛമടക്കിനിന്ന സപ്ലയര്‍ കൊച്ചു കൊച്ചു കുടങ്ങളില്‍ പനങ്കള്ളു നിറച്ച് അവരുടെ മുമ്പില്‍ വക്കുകയും രണ്ടടി പുറകോട്ടു മാറി നിന്നു ചപ്പതം കുറച്ചു ചോദിക്കുകയും ചെയ്തു.

“തിമ്മാന്‍?”

“താറാവു പെരളനോ, അതോ പോത്തോ?”

“ബണ്ടി ഇടിച്ചു ചത്ത കോയീന്റെ കറീം ഇണ്ട്”

പനങ്കള്ളും പോത്തിറച്ചി ഉലര്‍‌ത്തിയതുമാണു ബാലഗോപാലന്‍ ഓര്‍‌ഡര്‍ ചെയ്തത്.

തലയില്‍ തൊപ്പിപ്പാള ധരിച്ച സപ്ലയര്‍ ഒരു കുടം നിറയെ കള്ളു കൊണ്ടു വന്നു വച്ചു.

“ഇറച്ചി താളിക്കാം, അല്ലേ ചേട്ടാ?”

“ആയിക്കോട്ടെ”

സപ്ലയര്‍ ഒരു മണ്‍ചട്ടി ഗ്യാസ്കുക്കറില്‍ വച്ച് ശകലം വെളിച്ചെണ്ണ ഒഴിച്ച് കടുകു വറുത്തു. രണ്ടു ഇതള്‍ കരിയാപ്പിലയും കുറച്ചു ഉള്ളി അരിഞ്ഞതും കൂടി വാരിയിട്ടിളക്കി ഒന്നു മൊരിഞ്ഞപ്പോള്‍ ഒരു പ്ലേറ്റു നിറയെ പോത്തിറച്ചിക്കറി ഒരു വലിയ ഉരുളിയില്‍നിന്നു കോരിയെടുത്ത് ചട്ടിയിലിട്ടു ചട്ടുകം കൊണ്ടു രണ്ടിളക്കിളക്കി ചട്ടിയെപ്പാടെ ബാലഗോപാലന്റെ മുമ്പില്‍ കൊണ്ടു വച്ചു.


അയാള്‍ ചുറ്റും നോക്കി.

എല്ലാവര്‍ക്കും കള്ള് കുടങ്ങളിലും തിമ്മാനുള്ളത് ചട്ടികളിലുമാണു വിളമ്പുന്നത് എന്നു അയാള്‍ക്കു മനസ്സിലായി.

കറി ഒന്നു താളിച്ചു ചൂടാക്കി കൊടുക്കുന്നത് പുതിയ പരിഷ്കാരമാണെന്നും സപ്ലയറുടെ തലയിലെ തൊപ്പിപ്പാള പഴമയിലേക്കു തിരിച്ചുപോകുന്നതിന്റെ ഭാഗമായിട്ടാണെന്നും തിരിച്ചറിയാന്‍ അയാള്‍ക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഒരു കുടം കള്ളു കൂടി വാങ്ങി കുടിച്ചതിനുശേഷം അയാള്‍ കുറച്ചു കപ്പ വേവിച്ചതും കോഴിക്കറിയും ടേക് എവേ ആയി വാങ്ങി ഷാപ്പിന്റെ പിന്നാമ്പുറത്തെ വാതില്‍ തുറന്നു പുറത്തിറങ്ങി.

ഷാപ്പിന്റെ പുറകിലൂടെ ഒഴുകുന്ന തോട് ചാടിക്കടന്നാല്‍ പുഞ്ചപ്പാടം.

പാടത്തിനക്കരെയാണു കനകോപ്പോളുടെ വീട്.

പാടത്തൂടെ പോയാല്‍ വേഗം ഓപ്പോളുടെ വീട്ടിലെത്താം.

അതുകൊണ്ടാണയാള്‍ ഷാപ്പിന്റെ പുറം വാതിലിലൂടെ പുറത്തിറങ്ങിയത്.

ഷാ‍പ്പിന്റെ പുറകുവശത്ത് തെങ്ങിന്‍‌ചോട്ടില്‍ നല്ല വൃത്തിയുള്ള മണ്‍‌ചട്ടികള്‍ ഇരിക്കുന്നതയാള്‍ കണ്ടു. അയാള്‍ കറി വാങ്ങി കഴിച്ച അതേ മാതിരി മണ്‍ചട്ടികള്‍.

അവിടെ വഴിമുടക്കി നിന്ന കൊടിച്ചിപ്പട്ടിയുടെ പള്ളക്ക് ആഞ്ഞൊരു ചവിട്ടു കൊടുത്തുകൊണ്ട് അയാള്‍ മുന്നോട്ടു നടന്നു.

കീ കീ എന്നു മോങ്ങിക്കൊണ്ട് പട്ടി അകലേക്കോടിപ്പോയി.

അയാള്‍ തോടിന്നക്കരെയെത്തിയപ്പോള്‍ പട്ടി വീണ്ടും പൂര്‍‌വസ്ഥാനത്തെത്തി അടഞ്ഞ വാതിലിലേക്കും നോക്കിയിരുപ്പായി.

അടുത്ത ചട്ടിയും കാത്ത്.


*********************************************


പകര്‍പ്പവകാശം: ആവനാഴി

26 comments:

ആവനാഴി said...

നമ്മുടെ നാട്ടിലെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തില്‍ ഇതാ ഒരു പുതിയ പോസ്റ്റ്.

Nousher said...

കര്‍ണ്ണാടകയിലേയും ആന്ത്രാപ്രദേശിലേയും ചില ഹോട്ടലുകളുടെ പുറകിലും ഇതു പോലുള്ള ചില കൂലിയില്ലാ വേലക്കാരെ കാണാറുണ്ട്.

പോസ്റ്റ് നന്നായിരിക്കുന്നു. ചില അക്ഷരപ്പിശകുകള്‍ ഇല്ലേന്നൊരു സംശയം.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

കള്ളുകുടിച്ചിട്ടില്ല.. അതിനാല്‍ കള്ളുഷാപ്പില്‍ ഇതുവരെ പോയിട്ടില്ല.... ഷാപ്പിനകവശത്തും പിറകിലും നടക്കുന്നത് തനിമയോടെ എഴുതിയിരിക്കുന്നു... നന്നായിട്ടുണ്ട്...

കുറുമാന്‍ said...

നന്നായിരിക്കുന്നു ഷാപ്പ് വിശേഷങ്ങള്‍. (ഒരു ചെറിയ തെറ്റ് തിരുത്തൂ - സപ്ലയര്‍ ഒരു മണ്‍ചട്ടി ഗ്യാസ്കുക്കറില്‍ വച്ച് ശകലം വെളിച്ചെണ്ണ ഒഴിച്ച് കടുകു വറുത്തു - മണ്‍ചട്ടി എന്തിനാ ഗ്യാസ് കുക്കറില്‍ വക്കുന്നത്? ഗ്യാസ് അടുപ്പില്‍ വച്ചാല്‍ പോരേ? ) :)

പടിപ്പുര said...

രാവിലെ എഴുനേറ്റപ്പോള്‍ അയാള്‍ക്കു കള്ളുകുടിക്കണമെന്നു തോന്നി

നല്ല തോന്നല്‍.
ഈ വരി വായിച്ചപ്പോള്‍ ഇവിടിരുന്നു എനിക്കും അങ്ങിനെ തോന്നി.

കുട്ടന്മേനോന്‍ | KM said...

നന്നായി ഷാപ്പു വിശേഷങ്ങള്‍. ഇന്നി ഷാപ്പില്‍ പോകുമ്പോള്‍ ചട്ടി വീട്ടീന്ന് കൊണ്ടു പോയ്ക്കോളാം.

ആവനാഴി said...

നൌഷരേ , ബിജയ് മോഹനാ നന്ദി.

കുറുമാ, പല രാജ്യങ്ങളില്‍ ഒന്നിനെ പലതായി വ്യാഖ്യാനിക്കുന്നു. നൈജീരിയയില്‍ ഗ്യാസ് കുക്കര്‍ എന്നു പറയുന്ന സാധനത്തിനെ സൌത്ത് ആഫ്രിക്കയില്‍ ഗ്യാസ് സ്റ്റൌ എന്നു വിളിക്കുന്നു.

കുക്കര്‍ എന്നു പറയുമ്പോള്‍ അതു ഒരു പാത്രമല്ലേ എന്നൊരു സംശയവും ന്യായീകരിക്കാവുന്ന ഒന്നാണു. പ്രഷര്‍ കുക്കര്‍ എന്നു പറയുന്ന സാധനം ഒരു പാത്രമാണല്ലോ.

അപ്പോള്‍ ഈ ചട്ടി എന്തിനു പാത്രത്തിനകത്തുകേറ്റി വക്കുന്നു?.

അങ്ങിനെയല്ല കുറുമാ. ഇവിടെ കുക്കറും അടുപ്പും ഒന്നു തന്നെയെന്നു വിവക്ഷ.

കുക്കറുതന്നെയാകുന്നു അടുപ്പ്. അടുപ്പും കുക്കറും ചേര്‍ന്നാലത് ഇരട്ടയടുപ്പ്. അപ്പോള്‍ കുക്കറില്‍ കുക്കറു വച്ചാലോ?

ആവനാഴി said...

പടിപ്പുരേ,

ഇത്തരം തോന്നലുകള്‍ എപ്പോഴും നല്ലതാണു. കണ്ടവന്റെ പറമ്പില്‍ കേറി തേങ്ങ മോഷ്ടിക്കണമെന്നോ, വല്ലവനും പാര പണിയണമെന്നോ തോന്നിയാല്‍ അതു തെറ്റ്. ഇച്ചരെ കള്ളുകുടിക്കണമെന്നല്ലേ തോന്നിയുള്ളൂ.

നന്ദിയുണ്ട് പടിപ്പുരേ.

ആവനാഴി said...

കുട്ടന്‍ മേന്‍നേ,

അല്പം ചമല്‍ക്കാരം ചേര്‍ത്തുവെങ്കിലും ഇതു വെറുമൊരു കഥയല്ല മേന്‍നേ. ചട്ടി വീട്ടില്‍ നിന്നു കൊണ്ടു പോകുന്നതു തന്നെയാണു നല്ലത്.

കമന്റിനു നന്ദി മേന്‍നേ.

പൊതുവാള് said...

നന്നായിട്ടുണ്ട്:)

കുറുമാന്‍ said...

പ്രിയ ആവനാഴി. വിവരണത്തിന്നു നന്ദി. കൂപമണ്ഠുപത്തിന്റെ ചോദ്യം അസ്ഥാനത്തായി പോയതില്‍ ഖേദിക്കുന്നു. പുതിയ ഒരു കാര്യം ഇന്ന് പഠിക്കാനായതില്‍ സന്തോഷിക്കുന്നു.

ആവനാഴി said...

കുറുമാനേ
ക്ഷമിക്കണം. ഞാന്‍ കുറുമാനെ ഒരു തരത്തിലും മോശക്കാരനായി കണ്ടിട്ടില്ല. സത്യം പറയട്ടെ കുറുമാന്റെ വലിയൊരു ആരാധകനാണു ഞാന്‍.

യൂറോപ്പുസ്വപ്നങ്ങള്‍ വായിക്കാറുണ്ട്. എനിക്കവ വളരെ ഇഷ്ടമാണു. ഞാന്‍ ഒന്നില്‍ കമന്റു ചെയ്യുകയും ചെയ്തു.

ആവനാഴി said...

താങ്ക് യൂ പൊതുവാള്‍

കുറുമാന്‍ said...

ആവനാഴിചേട്ടാ, ഞാന്‍ കാര്യമായി പറഞ്ഞതാ. എന്നെ മോശക്കാരനായി കണ്ടു എന്ന്നു ഞാന്‍ കരുതിയിട്ടില്ലാട്ടോ.

അറിയാന്‍ പാടില്ലാത്ത കാര്യങ്ങളിലും ചിലപ്പോള്‍ വിചാരത്തിന്നു മുതിരാതെ, വികാരത്തിന്റെ തള്ളിക്കയറ്റത്തില്‍ കമന്റിടുന്ന ഒരു ശീലം എനിക്കുണ്ട്. പ്രത്യ്യേകിച്ചും അല്പം മൂഡിലായിരിക്കുമ്പോള്‍. അല്ലാതെ വേറെ ഒന്നുമില്ല.

നാനാ രാജ്യത്ത്, വ്യത്യസ്ത സംസ്കാരത്തില്‍ ജീവിക്കുമ്പോള്‍, ഭാഷയും വ്യ്ത്യാസമായിരിക്കുമ്മെന്ന് ഞാന്‍ ചിന്തിച്ചില്ല. അതായിരുന്ന്നു ഇങ്ങനെ കമന്റിടാന്‍ കാരണം. ക്ഷമിക്കൂ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “പാടത്തൂടെ പോയാല്‍ വേഗം ഓപ്പോളുടെ വീട്ടിലെത്താം.“

രാവിലെ തന്നെ കള്ളും കുടിച്ചേച്ചു വേണം ഓപ്പോളുടെ അടുത്തേക്ക്.. ഓപ്പോളേ ആ പഴയ ചൂരലു വടി ഒന്നു എണ്ണയിട്ടു വച്ചേക്ക്..

സഞ്ചാരി said...

ശ്ശെ എല്ലാവരും കള്ളു കുടിയന്മാരാണൊ ഇക്കണക്കിനു പോയാല്‍ എന്താ അവസ്ഥ.

അഡ്വ.സക്കീന said...

ഒരു കുടം കള്ളൂ മോന്തിയതിന് തുല്യം

കൃഷ്‌ | krish said...

അതേ കുടിയന്മാരുടെ സൗകര്യത്തിനായി, കള്ളുഷാപ്പ്‌ മോഡേനൈസേഷന്റെ ഭാഗമായി, എയര്‍കണ്ടീഷന്‍ ചെയ്തു, ഗ്യാസ്‌ സ്റ്റൗ പിടിപ്പിച്ചു, പിന്നെ പാത്രങ്ങള്‍ കഴുകാനായി ഡിഷ്‌ വാഷര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ്‌. സാധനം എത്തിയിട്ടില്ല. എത്തുന്നതുവരെ ഡിഷ്‌ വാഷറുടെ ജോലി താല്‍ക്കാലികാടിസ്ഥാനത്തില്‍ കൊടിച്ചിപട്ടിയെ നിയമിച്ചതാ. ഡിഷ്‌ വാഷര്‍ വരുമ്പോല്‍ ഈ സ്ഥിതി ഉണ്ടാവില്ലാട്ടോ. അപ്പോള്‍ കൊടിച്ചിപട്ടി സ്പെഷ്യല്‍ ഉലര്‍ത്തിയത്‌ കിട്ടും.
ബാലാ ഇനിയെങ്കിലും ഹോട്ടലിന്റെ പുറകിലും ഷാപ്പിന്റെ പുറകിലും എത്തിനോക്കാതിരിക്കൂ.

കൃഷ്‌ | krish

ദില്‍ബാസുരന്‍ said...

സപ്ലയര്‍ ഒരു മണ്‍ചട്ടി ഗ്യാസ്കുക്കറില്‍ വച്ച് ശകലം വെളിച്ചെണ്ണ ഒഴിച്ച് കടുകു വറുത്തു. രണ്ടു ഇതള്‍ കരിയാപ്പിലയും കുറച്ചു ഉള്ളി അരിഞ്ഞതും കൂടി വാരിയിട്ടിളക്കി ഒന്നു മൊരിഞ്ഞപ്പോള്‍ ഒരു പ്ലേറ്റു നിറയെ പോത്തിറച്ചിക്കറി ഒരു വലിയ ഉരുളിയില്‍നിന്നു കോരിയെടുത്ത് ചട്ടിയിലിട്ടു ചട്ടുകം കൊണ്ടു രണ്ടിളക്കിളക്കി ചട്ടിയെപ്പാടെ ബാലഗോപാലന്റെ മുമ്പില്‍ കൊണ്ടു വച്ചു.
ബ്ധും!

ഞാന്‍ ബോധം കെട്ട് മറിഞ്ഞു വീണിരിക്കുന്നു. മോഹാലസ്യം പിടിപെട്ടതാ. എന്റെ ആവനാഴിച്ചേട്ടാ ഈ ചതി വേണ്ടാരുന്നു. ഇനി എന്റെ പട്ടി ചെയ്യും ഡയറ്റിങ്. :-(

sandoz said...

സീനിയറേ,
എനിക്കറിയാമായിരുന്നു...എന്നെങ്കിലും കറങ്ങി തിരിഞ്ഞ്‌ ഇവിടെ തന്നെ എത്തൂന്ന്....എവിടേന്നോ....ഷാപ്പില്‍.......പഴേ ആല്‍ബര്‍ട്ടിയന്‍ അല്ലേ.....റോയല്‍ ആല്‍ബര്‍ട്ടിയന്‍........

ഇവിടെ ഈ വണ്ടിക്കള്ള്‌ കുടിച്ച്‌ വയര്‍ കോര്‍പറേഷന്റെ വേസ്റ്റ്‌ ബിന്‍ പോലെ ആക്കി നടക്കണ ഞങ്ങളെ കോപ്പ കള്ള്‌,കുടം കള്ള്‌ ,പോത്തിറച്ചി എണ്ണതാളിച്ച്‌ ചൂടാക്കി എന്നൊക്കെ എഴുതി വിഷമിപ്പിക്കല്ലെ...എന്റെ സീനിയറേ......
[ഹാവൂ...നാളെ മുല്ലപ്പന്തലില്‍ പോയിട്ടേ കാര്യമുള്ളു]

ആവനാഴി said...

കുറുമാനേ
ഞാന്‍ ക്ഷമിച്ചു.
കുറുമാന്റെ സര്‍വ അപരാധങ്ങളും ഞാന്‍ പൊറുത്തു.

ആവനാഴി said...

കുട്ടിച്ചാത്തനു:
:)
വടി വേണം വടി വേണം വടി വേണം ചാത്താ
അടികിട്ടാത്തോരെല്ലാം വടിയാകും ചാത്താ.
വടിയായിപ്പോയാലോ നര കത്തിപ്പോവും
നര കത്തിപ്പോയാലതു സുഖമല്ലേ ചാത്താ.

സഞ്ചാരിക്കു:
എന്താവാനാ? ആ?

അഡ്വ.സക്കീനക്ക്:
എന്റെ വക്കീലേ, അതിന്റെ സുഖം ഒന്നു വേറെ തന്നെയാ വക്കീലെ.

കൃഷിനു:
മരപ്പട്ടി ഉലര്‍ത്തിയതാണെന്നു പറഞ്ഞാല്‍ മതി.

ദില്‍ബാസുര്‍നു:
മോഹാലസ്യം പൂകാതിരിക്കൂ അസുരോത്തമാ.എല്ലാത്തിനും നമുക്ക് എങ്ങനെയെങ്കിലും ഒരു വഴി ഉണ്ടാക്കാം.

കുറുമാനു:
നിരീക്ഷണങ്ങള്‍ക്കു നന്ദിയുണ്ട് കുറുമാ.

സാന്‍ഡോസിനു:
തേന്‍‌മഴ ചൊരിയും മുല്ലപ്പന്തലില്‍ പോയ് വരൂ. നാലു കാലിലെങ്ങും വന്നാല്‍ എണ്ണയിട്ട ചൂരവടി ചാത്തന്റെ പക്കല്‍നിന്നു ഞാന്‍ വാങ്ങും. ആ ഘോരകൃത്യം എന്നെക്കൊണ്ട് ചെയ്യിക്കരുത്. ഞാനൊരു പാവമാണു.

എല്ലാവരോടുമായി:
അകൈതവമായ നന്ദീണ്ടുട്ടോ എല്ലാവര്‍ക്കും.

ചുള്ളിക്കാലെ ബാബു said...

“എത്രയൊക്കെ ശ്രദ്ധിച്ചാലും കള്ളുംകുടത്തില്‍ ചെറിയ ചെള്ളുകളും പ്രാണികളും ചത്തു പൊങ്ങിക്കിടപ്പുണ്ടാകും.

അതുകൊണ്ടു തന്നെയാണു നാട്ടിലേക്കു പുറപ്പെടുന്നതിനു ആറു മാസം മുമ്പേ അയാള്‍ മേല്‍മീശ വളര്‍ത്തുകയും അതു ട്രിം ചെയ്യാതെ സൂക്ഷിക്കുകയും ചെയ്തത്.“


ഞാനും തീരുമാനിച്ചു..

ആവനാഴി said...

അതെ; മേല്‍മീശകൊണ്ട് പലതാണ്‍ഊ ഗുണം.
താങ്ക് യൂ ചുള്ളിക്കാല്‍

അപ്പു said...

ആവനാഴിച്ചേട്ടാ, കള്ളുഷാപ്പിന്റെ പിന്നാമ്പുറത്ത്‌ ഇമ്മാതിരി ചില ജോലിക്കാരും വര്‍ക്ക്ചെയ്യുന്നുണ്ടെന്നത്‌ ഒരു പുതിയ അറിവായിരുന്നു. കേട്ടോ... കഥ നന്നായിട്ടുണ്ട്‌.

ആവനാഴി said...

താങ്ക് യൂ അപ്പു

 

hit counter
Buy.com Coupon Code