Tuesday, February 13, 2007

ഒവ്വ

കഴിഞ്ഞ കൊല്ലം കന്നിമാസത്തിലെ നിലാവുള്ള ഒരു രാത്രിയിലാണു അയാള്‍ വന്നത്. നേരം വെളുക്കും മുമ്പേ തിരിച്ചുപോവുകയും ചെയ്തു.

ഇക്കൊല്ലമാകട്ടെ അയാള്‍ കര്‍‌ക്കിടകത്തിലെ കറുത്ത വാവിന്‍ നാള്‍ സന്ധ്യ മയങ്ങിയപ്പോള്‍ വന്നു.

വന്ന പാടെ അയാള്‍ നേരെ അടുക്കളയിലേക്കു പോയി. അവിടെ നിലത്തിട്ടിരുന്ന ചാക്കുകഷണത്തില്‍ ചമ്രം പടിഞ്ഞിരുന്നു.

“ഊണു കഴിക്കാം, അല്ലേ കനകം?”

“മീന്‍ വെന്തില്ലല്ലോ ചേട്ടാ.“ കരിവേപ്പിലയുടെ രണ്ടു കതിരുകള്‍ മീന്‍ ചട്ടിയിലേക്കെറിഞ്ഞുകൊണ്ട് അവള്‍ പ്രതിവചിച്ചു.

“വേവട്ടെ; എന്നിട്ടു വിസ്തരിച്ചുണ്ണാം. നീ രണ്ടു കാന്താരിമുളകും ചുവന്നുള്ളിയും ഇങ്ങോട്ടെടുക്ക്”

പിന്നെ കനകം ഒട്ടും വൈകിച്ചില്ല. അയാള്‍ക്കു തൂശനിലയില്‍ ഒരു കൂന ചോറു വിളമ്പി.

ഇലയുടെ അറ്റത്ത് മൂന്നുനാലു കാന്താരിമുളകും രണ്ടു ചുള ചുവന്നുള്ളിയും അവള്‍ കൊണ്ടു വച്ചു.

അയാള്‍ പെരുവിരലും ചൂണ്ടാണിവിരലും ചേര്‍‌ത്ത് ഉള്ളിയും കാന്താരിമുളകും ഉടച്ചു. ശകലം പച്ചവെളിച്ചെണ്ണയും ഉപ്പുപൊടിയും ചേര്‍‌ത്തിളക്കി നാക്കത്തു തൊട്ടു.

“നല്ല എരുവ്”

ചെറുപ്പം മുതലേ, എന്തെല്ലാം വിഭവങ്ങളുണ്ടായാലും ഊണിനു ഒരു കാന്താരി ഉടച്ചതു നിര്‍‌ബ്ബന്ധമായിരുന്നു അയാള്‍ക്ക്.

അയാള്‍ തൂശനിലയിലെ കുത്തരിച്ചോറു വലതുകൈകൊണ്ടു കുഴച്ചുരുട്ടി. ഓരോ ഉരുളയും ചമ്മന്തിയില്‍ മുക്കി വായിലേക്കെറിഞ്ഞു.

രണ്ടു കലം ചോറുണ്ടു തീര്‍‌ന്നപ്പോഴേക്കും മീന്‍ വെന്തു പാകമായി.

പിന്നെ രണ്ടു കലം ചോറു കൂടി മീന്‍ ചാറു കൂട്ടി കഴിച്ചു.

“വല്ലാത്തൊരാലസ്യം കനകം. ഉറക്കം വരുന്നു”

“അതിനെന്താ? ചേട്ടനുറങ്ങിക്കോളൂ” അവള്‍ അയയില്‍ തെറുത്തു കെട്ടിത്തൂക്കിയിരുന്ന മെത്തപ്പായ് നിവര്‍ത്തി അയാളുടെ തൊട്ടു പിറകില്‍ വിരിച്ചു.

അയാള്‍ ഇരുന്ന പടി പുറകോട്ടു മറിഞ്ഞ് കൂര്‍‌ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി.

വെളുപ്പിനു തന്നെ തിരിച്ചുപോകണമെന്നും അതുകൊണ്ടു വിളിച്ചുണര്‍‌ത്താന്‍ മറക്കരുതെന്നും പറഞ്ഞാണു അയാള്‍ കിടക്കപ്പായിലേക്കു മറിഞ്ഞത്.

കനകം ഒരു പാത്രത്തില്‍ വെള്ളം കൊണ്ടു വന്ന് അയാളുടെ കയ്യും ചുണ്ടും കഴുകി തന്റെ സാരിത്തലപ്പുകൊണ്ടു തുടച്ചു വൃത്തിയാക്കി. പിന്നീട് എച്ചിലില കൊണ്ടു പോയി തെങ്ങിന്‍ ചുവട്ടിലെറിയുകയും നിലം അടിച്ചു തളിച്ച് അയാളുടെ ഓരം ചേര്‍‌ന്നു കിടക്കുകയും ചെയ്തു.

കല്യാണം കഴിഞ്ഞു പോയതിനുശേഷം ഇതു രണ്ടാം പ്രാവശ്യമാണു അയാള്‍ വരുന്നതെന്നു അവളോര്‍‌ത്തു.

താലികെട്ടു കഴിഞ്ഞു സദ്യ ഉണ്ടെന്നും ഉണ്ടില്ലെന്നും വരുത്തി ഉടന്‍ പോയതാണയാള്‍.

ഏറനാടന്‍ കാടുകളില്‍ കരിവീട്ടി വെട്ടലായിരുന്നു അയാളുടെ പണി. ഉടന്‍ പോയി കുറെ തടി വെട്ടേണ്ട കാര്യമുണ്ടായിരുന്നതിനാല്‍ വലിയ ധൃതിയിലായിരുന്നു അയാള്‍.

പിന്നെ വന്നത് കഴിഞ്ഞ കന്നിമാസത്തിലാണു.

അന്നു അത്താഴത്തിനു കൂട്ടാന്‍ നത്തോലി ആയിരുന്നു എന്നും ഊണു കഴിച്ചതും മറിഞ്ഞതും ഒപ്പമായിരുന്നു എന്നും അവള്‍ ഓര്‍‌ത്തു. അവള്‍ രാവിലെ ഉണര്‍‌ന്നപ്പോഴേക്കും അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

പാതി മയങ്ങിയ അവളുടെ ചെവിയില്‍ അടുത്ത മുറിയില്‍നിന്നു അയാളുടെ അമ്മയുടെ ശബ്ദം വന്നലച്ചു.

“എന്റെ തേവരെ, എന്നാണു ഈ വീട്ടില്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ യോഗമുണ്ടാവുക? മച്ചിപ്പശുവാ മച്ചിപ്പശു. ചെന പിടിക്കാത്ത മച്ചിപ്പശു. ”

അതിനു മറുപടിയെന്നോണം അര്‍‌ദ്ധനിദ്രയില്‍ അവള്‍ പറഞ്ഞു:

“ഒവ്വ”

***************************


പകര്‍‌പ്പവകാശം: ആവനാഴി

14 comments:

ആവനാഴി said...

ഞാന്‍ ഇതാ പ്യാടിച്ചു പ്യാടിച്ചു ഒരസ്ത്രം വിടുന്നു.

സുല്‍ | Sul said...

നന്നായിരിക്കുന്നു ആവനാഴി.
നല്ല ആഖ്യാനം.

-സുല്‍

ഇത്തിരിവെട്ടം© said...

:)

വേണു venu said...

നല്ല എഴുത്തു്. ഒതുക്കി പറഞ്ഞിരിക്കുന്നു.:)

ആവനാഴി said...

പ്രിയപ്പെട്ട സുല്‍, ഇത്തിരിവെട്ടം, വേണു

എന്റെ കഥ വായിച്ചതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും അതിയായ സന്തോഷമുണ്ട്.

sandoz said...

ഹ..ഹ.ഹാ..
നമിച്ചു...സീനിയറേ.....നമിച്ചു

ആ ചമ്മന്തീം മീന്‍ കൂട്ടാനും ആണു പ്രശ്നം ഉണ്ടാക്കണത്‌.....ഇനി ഒരിക്കല്‍ കറങ്ങി തിരിഞ്ഞ്‌ അയാള്‍ വരുമ്പോള്‍ പട്ടിണിക്കിട്ട്‌ നോക്കിയേ......ചെലപ്പോ......

അപ്പോ ..സീനിയറേ....ഒവ്വ..

വിവി said...

:) ഒവ്വ , ഒവ്വേ...

ആവനാഴി said...

സാന്‍‌ഡോസേ, വിവീ

എന്റെ കൃതി വായിച്ച് വാചികമായും ഐകോണികമായും രേഖപ്പെടുത്തിയ ആസ്വാദനങ്ങള്‍ക്കു നന്ദി, നമസ്കാരം.

Peelikkutty!!!!! said...

ഹ്മ്..നാലു കലം ചോറേ!!...ആവനാഴീ..രസിച്ചു വായിച്ചു:-)

ദില്‍ബാസുരന്‍ said...

കാന്താരിപ്രയോഗം കൊള്ളാം. ബാക്കിയൊക്കെ ഒവ്വേയ്... :-)

പടിപ്പുര said...

കാന്താരികൂട്ടിയുള്ള ഊണടി ഓര്‍ത്തു നാവിലൂറിയ വെള്ളമടക്കി വായന തുടര്‍ന്നതായിരുന്നു...

(ലവനെന്തിനു കൊള്ളാം, ഒവ്വവ്വേയ്‌)

ചക്കര said...

:)

ആവനാഴി said...

പീലിക്കുട്ടീ,ദില്‍ബാസുരാ, പടിപ്പുരേ, ചക്കരേ ഹൌ ആം ഐ ഗോണ എക്സ്പ്രസ് മൈ സിന്‍സിയര്‍ അപ്രീസിയേഷന്‍ ഫോര്‍ യുവര്‍ ടൈം ആന്‍‌ഡ് എഫര്‍‌ട് ഇന്‍ റീഡിംഗ് ത്രൂ മൈ വര്‍ക്ക് ‍ആന്‍‌ഡ് മേക്കിംഗ് ദ കമന്റ്സ് വിച്ച് ഐ ഫൈന്‍‌ഡ് സൂപര്‍ബ് ലി എന്‍‌വിഗൊറേറ്റിംഗ്!

താങ്ക് യൂ വെരി വെരി മച്ച്.

ആവനാഴി

സുധി അറയ്ക്കൽ said...

ഹാ ഹാ .ഒരിടത്തൊരു ഫയൽവാൻ.....

 

hit counter
Buy.com Coupon Code