Tuesday, February 6, 2007

നരസിംഹം

സേഫില്‍ അവശേഷിച്ച നൂറ്റിയൊന്നാമത്തെ ആഭരണപ്പെട്ടിയും താങ്ങിക്കൊണ്ട് അയാള്‍ കിടപ്പുമുറിയില്‍ പ്രവേശിച്ചപ്പോള്‍ കനകമയീദേവി തന്റെ ചികുരഭാരത്തില്‍ കുടമുല്ലപ്പൂക്കള്‍ ചൂടുകയായിരുന്നു.

മുല്ലപ്പൂമണം ഒരു മദലഹരിയായി അയാളുടെ നാസാരന്ധ്രങ്ങളില്‍ അരിച്ചു കയറി.

ചക്രവാളസീമയില്‍ രജസ്വലയായ സന്ധ്യയുടെ രക്തഛവി അറബിക്കടലിന്റെ ഓളങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നത് ആ ബഹുനില സൌധത്തിന്റെ പതിനേഴാംനിലയിലെ ശയ്യാഗാരത്തില്‍ നിന്നു വ്യക്തമായി കാണാമായിരുന്നു.

“ദേവിക്കിഷ്ടപ്പെട്ട ആഭരണം ഇതിലുണ്ടാകും, തീര്‍ച്ച”.

അയാള്‍ പെട്ടി മേശപ്പുറത്തു വച്ചു.

നഗരത്തിലെ ആഭരണക്കടകളില്‍ കാലാകാലങ്ങളില്‍ പുതുതായി ഇറങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം തന്നെ ഓരോന്നു വാങ്ങിക്കൂട്ടുന്നതില്‍ അയാള്‍ ഒരലംഭാവവും കാട്ടിയിരുന്നില്ല.

അയാള്‍ പെട്ടി തുറന്നു വൈറ്റ് ഗോള്‍ഡില്‍ തീര്‍ത്ത ഒരു വജ്രമാല പുറത്തെടുത്തു.

“ഇതു ചേരും, ഇല്ലേ കനകം?”

അന്നു രാത്രി ഹോട്ടല്‍ ലേ മെറിഡിയനില്‍ നടക്കാന്‍ പോകുന്ന വിവാഹവിരുന്നില്‍ തന്റെ പ്രിയതമയുടെ ഗളത്തില്‍ വിദ്യുത്ദീപങ്ങളില്‍ ഒളിമിന്നുന്ന ആ വജ്രഹാരം അയാള്‍ ഭാവനയില്‍ ദര്‍ശിച്ചു.

“ഓ, ഒരോര്‍മ്മയുമില്ല ഈ സിംഹേട്ടനു. അതു കഴിഞ്ഞ കൊല്ലം റോട്ടറിക്ലബ്ബിന്റെ ഡിന്നറിനു പോയപ്പോള്‍ അണിഞ്ഞതല്ലേ?”

ഛേ, അതു ഞാനെങ്ങനെ മറന്നു? അയാള്‍ തന്റെ മറവിയെ മനസാ ശപിച്ചു.

തന്റെ ഭാര്യ വെറുംകഴുത്തോടെ ഏതെങ്കിലും ചടങ്ങില്‍ സംബന്ധിക്കുക എന്നത് അയാള്‍ക്കു സങ്കല്‍പ്പിക്കാന്‍ കൂടി വയ്യായിരുന്നു.

എന്തു ചെയ്യും എന്നു എത്ര ആലോചിച്ചിട്ടും അയാള്‍ക്കു ഒരെത്തും പിടിയും കിട്ടിയില്ല.

പെട്ടെന്നാണു ആ ഐഡിയ അയാളുടെ മസ്തിഷ്കത്തില്‍ കൊള്ളിയാന്‍ മിന്നിയത്.

“ഞാന്‍ നിന്നെ ആരും കാണാത്ത ഒരു ഹാരമണിയിക്കും കനകം” അയാള്‍ പറഞ്ഞു.

“എവിടെ സിംഹേട്ടാ, എവിടെ?”

അക്ഷമയുടെ സ്ഫുലിംഗങ്ങള്‍ അവളുടെ മുഖത്ത് പ്രസ്ഫുരിക്കുന്നത് നരസിംഹം കണ്ടു.

“ഒരു നിമിഷം” അയാള്‍ പ്രതിവചിച്ചു.

പിന്നീട് വാതായനത്തെ ലക്ഷ്യമാക്കി നടന്നു. ഉമ്മറപ്പടിയില്‍ ഉപവിഷ്ടനായ അയാള്‍ തന്റെ കൂര്‍ത്ത നഖങ്ങള്‍ തന്റെ രോമാവൃതമായ വയറില്‍ കുത്തിയിറക്കി.

വിണ്ടു കീറിയ ഉദരത്തില്‍നിന്നു വലിച്ചെടുത്ത കുടല്‍മാല അയാള്‍ കനകമയീദേവിയുടെ കണ്ഠത്തിലണിയിച്ചു.

സന്തോഷാധിക്യത്താല്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ തുള്ളിച്ചാടി.

“വേദനയോ? എന്തോന്നു വേദന?”

ധര്‍മദാരത്തിന്റെ നിഷ്കളങ്കമായ ആമോദകുതൂഹലത്തില്‍ അയാള്‍ക്കു ഒരുറുമ്പുകടിക്കുന്ന വേദനപോലും അനുഭവപ്പെട്ടില്ല.

പന്ത്രണ്ടിഞ്ചു മുടമ്പുള്ള സ്റ്റിലെറ്റോയില്‍ കയറി ഇടതുകൈത്തണ്ടയില്‍ വെര്‍സാച്ചിയുടെ ഡിസൈനര്‍ ബാഗും തൂക്കി എലിവേറ്ററിലേക്കു നടന്നുപോയ പ്രിയതമയുടെ ഷിഫോണില്‍ പൊതിഞ്ഞ നിതംബഗോളങ്ങള്‍ അയാളുടെ നയനങ്ങളില്‍ തത്തിക്കളിച്ചു.

“കാക്കേം പരുന്തും റാഞ്ചാതെ നോക്കണേ കനകം”

എലിവേറ്ററിന്റെ വാതില്‍ അപ്പോഴേക്കും അടഞ്ഞിരുന്നതിനാല്‍ അയാള്‍ പറഞ്ഞത് അവളുടെ ചെവിയില്‍ എത്തിയോ എന്തോ?

6 comments:

ആവനാഴി said...

കൃഷ്ണാ, അങ്ങു നിര്‍ബ്ബന്ധിക്കുന്നതുകൊണ്ട് ഞാനിതാ വീണ്ടും ഒരസ്ത്രം പായിക്കുന്നു. എല്ലാം അങ്ങയുടെ ഇഷ്ടം. എന്റേതല്ല.

Anonymous said...

തിരിച്ചെടുക്കാനാവത്ത ഈ അസ്ത്രം എവിടെയോ കൊള്ളുന്നുണ്ടോ?...

Unknown said...

കാക്കയും പരുന്തും റാഞ്ചാതെ അവള്‍ നോക്കും തീര്‍ച്ച. അങ്ങോട്ട് പോകുന്ന വഴി. തിരിച്ച് വരുമ്പോള്‍ തീര്‍ച്ചയില്ല. :-)

ആവനാഴി said...

താങ്ക് യു രാജേഷ് ആന്‍‌ഡ് ദില്‍ബാസുര്‍

വേണു venu said...

വായിച്ചു...മനസ്സിലാക്കിയതില്‍ ഇഷ്ടപ്പെട്ടു. ..മാഷേ എനിക്കെന്തോ ഞാന്മനസ്സിലാക്കിയതിനപ്പുറം എന്തെങ്കിലും..?

ആവനാഴി said...

വേണു മാഷെ,
കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
ആവനാഴി

 

hit counter
Buy.com Coupon Code