Saturday, November 10, 2007

പാപികളുടെ പരമ്പര

ലോകരാഷ്ട്രങ്ങള്‍ ഇങ്ങിനെ രണ്ടു ചേരികളായി ഇത്രയും നീണ്ടതും വിനാശകരവുമായ ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുമെന്നു വിചാരിച്ചില്ല.

എങ്ങും കബന്ധങ്ങളും മാംസഖണ്ഡങ്ങളും തകര്‍ക്കപ്പെട്ട കെട്ടിടങ്ങളും കത്തിക്കരിഞ്ഞ വയലേലകളും ചിതറിക്കിടന്നു. ചുറ്റുമുള്ളവര്‍ ഒന്നൊന്നായി വെടിയുണ്ടകളേറ്റും കുഴിബോംബുപൊട്ടിയും ഛിന്നഭിന്നമായി മൃത്യുവിനെ വരിക്കുന്നതു കണ്ടിട്ടും അയാള്‍ക്കിളക്കമുണ്ടായില്ല.

ഭയവും വിഹ്വലതയും അയാളില്‍നിന്നകന്നുപോയിരിക്കുന്നു.

വെടിശബ്ദം അയാളില്‍ ചെറുപ്പകാലത്ത് വിഷുവിനു കത്തിച്ചെറിഞ്ഞ ഓലപ്പടക്കത്തേക്കാള്‍ വലിയ ഞെട്ടലൊന്നും ഉളവാക്കിയില്ല. ആകാശത്തിരമ്പിപ്പാഞ്ഞു വരുന്ന യുദ്ധവിമാനങ്ങളെ വെടിവെച്ചു വീഴ്ത്തിയപ്പോള്‍ അയാള്‍ക്കു ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദവായ്പ്പായിരുന്നു.

ശത്രുനിരകളിലേക്കു അയാള്‍ കുടുക്കകള്‍ പോലുള്ള ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. ഗണപതിയമ്പലത്തില്‍ തേങ്ങയെറിയുന്ന വികാരവായ്പായിരുന്നു അയാള്‍ക്കപ്പോള്‍.

ഇപ്പോള്‍ എല്ലാം ശാന്തം. വിമാനങ്ങളുടെ ചീറിപ്പാച്ചിലുകളോ പീരങ്കികളുടെ ഗര്‍ജ്ജനങ്ങളോ കേള്‍ക്കാനില്ല. യുദ്ധഭൂമിയില്‍ ഇത്രയും കഠോരമായ നിശ്ശബ്ദതയോ. അങ്ങിങ്ങ് അന്തരീക്ഷത്തില്‍ പതുക്കെ വിലയം പ്രാപിക്കുന്ന കറുത്ത പുകച്ചുരുകള്‍ മാത്രം.

എങ്കിലും അയാള്‍ ജാഗരൂകനായിരുന്നു. ശ്രദ്ധാപൂര്‍‌വം നീട്ടിപ്പിടിച്ച തോക്കുമായി അയാള്‍ മുന്നോട്ടു നടന്നു. ചിതറിക്കിടക്കുന്ന മൃതശരീരങ്ങളല്ലാതെ ചേതനയുള്ള ഒരു മനുഷ്യജീവിയും അയാളുടെ ദൃഷ്ടിയില്‍ പെട്ടില്ല.

മനുഷ്യവംശം ഈ ഭൂമിയില്‍ നിന്നു തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു എന്ന അവബോധം അയാളെ അസ്വസ്ഥനാക്കി. തന്റെ മരണത്തോടു കൂടി ആ തുടച്ചുമാറ്റല്‍ പരിപൂര്‍‌ണ്ണമായിത്തീരും എന്നോര്‍ത്തപ്പോള്‍ അയാളില്‍ ഭയത്തിന്റെ നാമ്പുകള്‍ മുള പൊട്ടി.

പെട്ടെന്നാണു ഒരു കാല്‍പ്പെരുമാറ്റം അയാളുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചത്.

അയാള്‍ ശ്വാസമടക്കി ആ കാട്ടുപൊന്തയില്‍നിന്നു ഒളിഞ്ഞു നോക്കി.

നവോഢയായ ഒരു പട്ടാളക്കാരി. തോക്കും ഗ്രനേഡുകളും നഷ്ടപ്പെട്ടവള്‍.

അയാള്‍ അവളെ ശ്രദ്ധിച്ചു. ശത്രുസൈന്യത്തില്‍പ്പെട്ടവളാണവള്‍ എന്നു തിരിച്ചറിയാന്‍ അയാള്‍ക്കു ബദ്ധപ്പെടേണ്ടി വന്നില്ല.

അയാള്‍ അവളുടെ നേര്‍ക്കു തോക്കു ചൂണ്ടി.

വച്ചു വെടി.

ലക്ഷ്യവേധിയായ അയാള്‍ക്കു ഇതുവരെ ഉന്നം തെറ്റിയിട്ടില്ല. ഇത്തവണയും.

ബുള്ളറ്റുകള്‍ തെരുതെരെ തോക്കില്‍ നിന്നുതിര്‍ന്നപ്പോള്‍ അയാള്‍ക്കു ആലസ്യം തോന്നി. അയാളുടെ നെറ്റിയില്‍ സ്വേദബിന്ദുക്കള്‍ ഉരുണ്ടുകൂടി ചാലുകളായി ഒഴുകി.

കണ്ണുകളില്‍ സുഖദമായ ഒരിരുട്ടു കയറും പോലെ. അവാച്യമായ ഒരനുഭൂതിയില്‍ അയാള്‍ സുഖകരമായ നിദ്രയിലേക്കു വഴുതി വീണു.

വെടിയുണ്ടകളേറ്റപ്പോള്‍ അവള്‍ക്ക് ഉള്‍പ്പുളകമുണ്ടായി. ഇതു വരെ അനുഭവപ്പെടാത്ത എന്തോ ഒന്നു അവള്‍ക്കു അനുഭവവേദ്യമായി.

വലിഞ്ഞുമുറുകിയ ഞരമ്പുകള്‍ പെട്ടെന്നു അയഞ്ഞു. താന്‍ ഒരപ്പൂപ്പന്‍ താടിപോലെ പറക്കുന്നുവോ എന്നവള്‍ക്കു തോന്നി.പെട്ടെന്നു വല്ലാത്തൊരു തളര്‍ച്ച.

കിതച്ചുകൊണ്ട് അവള്‍ അവന്റെ ശരീരത്തിലേക്കു കുഴഞ്ഞു വീണു.

*************************************

അവളുടെ വീര്‍ത്ത ഉദരത്തിലേക്കു നോക്കി അവന്‍ ഇരുന്നു.

അവളുടെ വെളുത്ത മേനിയില്‍ അങ്ങിങ്ങ് നീലഞരമ്പുകള്‍ തെളിഞ്ഞു നിന്നിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവക്ക് ഒരിളം പച്ചനിറമാണല്ലോ എന്നവനു തോന്നി.

അവളുടെ നാഭിച്ചുഴിയില്‍ നിന്നു താഴേക്കു തീര്‍ഥയാത്രചെയ്യുന്ന നനുത്ത രോമരാജികളില്‍ അയാള്‍ വിരലോടിച്ചു.

അയാളുടെ കരാംഗുലികള്‍ കുസൃതി കാട്ടാന്‍ തുടങ്ങിയിരുന്നു. അവള്‍ എതിര്‍ത്തില്ല.

ഒരു കൊച്ചരിപ്രാവിനെപ്പോലെ അവള്‍ അവനിലേക്കൊതുങ്ങി.

“മോനോ, മോളോ. നിനക്കേതാണിഷ്ടം?”

“രണ്ടും”

അവള്‍ ആഗ്രഹിച്ചതു പോലെ തന്നെ സംഭവിച്ചു.

പിന്നേയും അവള്‍ പെറ്റു.

മെനോപോസ് വന്നണഞ്ഞപ്പോള്‍ ആ ഓലക്കുടിലില്‍ അവനും അവളും പത്തുമക്കളും.

ആകെ മൊത്തം പന്ത്രണ്ട്.

അതു പതിമൂന്നാവുന്നതിനെക്കുറിച്ച് അയാള്‍ക്കാലോചിക്കാന്‍ വയ്യായിരുന്നു. ഓര്‍ക്കുമ്പോള്‍ ശരിരം തളരുന്നു. മനസ്സ് വ്യാകുലമാകുന്നു.

പാപികളുടെ പരമ്പരയെപ്പറ്റി ആലോചിക്കാന്‍ അയാള്‍ക്കു ശക്തിയുണ്ടായിരുന്നില്ല.

******************************

നടക്കാന്‍ പാടില്ലാത്തതാണു.

എന്നിട്ടും അതു സംഭവിച്ചു.

മരണക്കിടക്കയില്‍ കിടന്ന അയാളുടെ മനസ്സു കടല്‍ത്തിരകള്‍ പോലെ ഇളകി മറിഞ്ഞു.

പാപികളുടെ പരമ്പര ഈ ലോകം നിറയുന്നത് അയാള്‍ വിഭാവന ചെയ്തു.

എല്ലാത്തിനും താനാണു കാരണക്കാരന്‍. താന്‍ മാത്രം.

മരണം അടുത്തടുത്തു വരികയായിരുന്നു.

വല്ലാത്ത ദാഹം.

“വെള്ളം” അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

“ഇന്നാ അപ്പൂപ്പാ വെള്ളം” തന്റെ കൊച്ചുമോന്‍ ചെറിയ പാത്രത്തില്‍ നിന്നു വെള്ളം അയാളുടെ വായില്‍ ഒഴിച്ചുകൊടുക്കാന്‍ ഒരുങ്ങി.

“നൊ, നൊ..” അയാള്‍ ഉള്ള ശക്തിയെല്ലാം സംഭരിച്ചു അട്ടഹസിച്ചു.

പിന്നെ അടുത്തു കുപ്പിയില്‍ ശേഷിച്ചിരുന്ന റാക്കെടുത്തു മോന്തി.

ആല്‍മാവും പോയി.

6 comments:

ആവനാഴി said...

ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ എന്താകും എന്ന ചിന്ത ഈ പോസ്റ്റിനു വഴിയൊരുക്കി.

മഴത്തുള്ളി said...

ആവനാഴി മാഷേ,

“ശത്രുനിരകളിലേക്കു അയാള്‍ കുടുക്കകള്‍ പോലുള്ള ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. ഗണപതിയമ്പലത്തില്‍ തേങ്ങയെറിയുന്ന വികാരവായ്പായിരുന്നു അയാള്‍ക്കപ്പോള്‍.“

താങ്കളുടെ പോസ്റ്റ് വളരെയിഷ്ടമായി. പിന്നെ ഇനി ഒരു ലോകമഹായുദ്ധമുണ്ടാകാതിരിക്കട്ടെ.

Murali K Menon said...

ഹയ്, എന്താത്, എപ്പ നോക്ക്യാലും വെടി വെക്ക്വേ... വെടിവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു ഹരാണല്ലേ...

എന്തായാലും റാക്ക് എടുത്ത് മോന്തി ആത്മാവ് ഓടിപ്പോയത് നന്നായി... ഹ ഹ ഹ

Mr. K# said...

നനോഢ എന്നാല്‍ നവവധു എന്നല്ലേ അര്‍ത്ഥം? അതു തന്നെയാണോ ഉദ്ദേശിച്ചത്?

chithrakaran ചിത്രകാരന്‍ said...

ആവനാഴി,
പാപികളുടെ വംശത്തിന്റെ ആധുനിക കഥ അസ്സലായിരിക്കുന്നു.
ലോക മഹായുദ്ധങ്ങള്‍ എത്ര നടക്കാനിരിക്കുന്നു... ഹഹഹ !!!
അതില്‍ നിന്നെല്ലാം ഉയിര്‍ത്തെണീക്കാന്‍ കഴിയട്ടെ എന്നുമാത്രം ആശിക്കട്ടെ !

ben said...

ആവനാഴിമാഷ് തിരക്കുകള്‍ക്കിടയില്‍നിന്നും തിരിച്ചെത്തിയല്ലെ...
ഇനി തോക്കെടുക്കുക നിര്‍ത്താതെ വെടിവെയ്ക്കുക...

ഠേ..ട്ടോ...ടിഷ്യൂം.........
sundar

 

hit counter
Buy.com Coupon Code