Thursday, June 7, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 17

അഗ്നിനക്ഷത്രം ഉദിക്കണം എന്നു തന്നെയായിരുന്നു വിധി.

പിന്നെ താമസിച്ചില്ല.

പ്ലാവിന്‍‌കാതലും, ചന്ദനമുട്ടിയും, കര്‍പ്പൂരവും, ചന്ദനത്തിരികളും എല്ലാം കൂട്ടി വലിയൊരു ചിത കോളേജിന്റെ ഈശാനകോണില്‍ ബ്രാഹ്മമുഹൂര്‍ത്തത്തോടെ തയ്യാറായി.

കോളേജു വാര്‍ഷികത്തില്‍ പങ്കെടുത്ത ഓത്തന്‍‌മാരും ഓതിക്കന്‍‌മാരും അഗ്നിയെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങള്‍ ഉരുവിട്ടു ചിതയുടെ ചുറ്റും നിലകൊണ്ടു.

സര്‍വസംഹാരകനും സര്‍വരക്ഷകനുമായ അഗ്നി.

ജീവന്റെ നിലനില്‍പ്പിനു കാരണഭൂതനായ അഗ്നി അതിന്റെ സംഹാരത്തിനും ഹേതുവായിത്തീരുന്നല്ലോ. സ്വയം അഴുക്കുകളെ ഉള്‍ക്കൊള്ളാതെ അതു എല്ലാ മാലിന്യങ്ങളെയും നിര്‍മാര്‍ജ്ജനം ചെയ്യുന്നുവല്ലോ.

ഉത്താനായാമജനയന്‍‌ത്‌സുഷൂതം
ഭുവദഗ്നി:പുരുപേശാസുഗര്‍ഭ:
ഗിരിണായാം ചിഭക്തുനാമഹോഭി
രപരീവൃതോ വസതിപ്രചേതാ:

മലര്‍ന്നു കിടക്കുന്ന അരണിയില്‍ അഗ്നിഹോത്രത്തിനുവേണ്ടി അധര്യു മുതലായവര്‍ അഗ്നിയെ സംസൃഷ്ടിച്ചു. ആ അഗ്നിയാകട്ടെ പലവക വൃക്ഷങ്ങളില്‍ ഗര്‍ഭരൂപനായി ഭവിച്ചു. ഇരുട്ടിന്റെ സ്പര്‍ശമേല്‍ക്കാതെ അതുകൊണ്ടു തന്നെ അങ്ങ് തേജോമയനായി ഉത്തമജ്ഞാനയുക്തനായി പ്രകാശമാനമായി വര്‍ത്തിക്കുന്നുവല്ലോ.

അങ്ങിനെയുള്ള ഹേ അഗ്നേ, നീ മഥനം കൊണ്ട് എപ്രകാരം ക്ഷീരത്തില്‍ നിന്നു വെണ്ണ വേര്‍പെടുന്നുവോ അതു പോലെ ഈ ചമതക്കോലില്‍‍നിന്നു പ്രത്യക്ഷീഭവിച്ചാലും.

ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഓത്തന്‍‌മാര്‍ ചമത കടഞ്ഞു.

മഥനത്താലും മന്ത്രോച്ചാരണങ്ങളാലും സം‌പ്രീതനായ അഗ്നി ഒരു സ്ഫുലിംഗമായി അങ്കുരിച്ചു.

ഓത്തന്‍‌മാര്‍ ആ സ്ഫുലിംഗത്തെ കേരവൃക്ഷത്തിന്റെ നാരുകളില്‍ ആവാഹിച്ച് ഒരു ജ്വാലയാക്കിത്തീര്‍ത്തു.

പിന്നീട് മന്ത്രോച്ചാരണങ്ങളാല്‍ അഗ്നിയെ സ്തുതിച്ചുകൊണ്ട് ഉരുക്കിയ നവഘൃതത്തില്‍ മുക്കിയെടുത്ത പന്തത്തിലേക്കു അതിനെ പ്രകര്‍ഷിപ്പിച്ചു.

ജാജ്വല്യമാനമായി കത്തുന്ന ആ പന്തം പണ്ഡിതനും അനേകായിരം ശിഷ്യഗണങ്ങളാല്‍ സം‌പൂജിതനും മഹാനുഭാവനും ബ്രഹ്മചര്യാനുഷ്ടാനത്താല്‍ തേജസ്വിയും ആയ ഉദാരന്‍ മാസ്റ്റരുടെ ഹസ്തങ്ങളിലേക്കു സാദരം ആനയിക്കപ്പെട്ടു.

‘ഉല്പന്നമായതേതൊക്കെയോ അതെല്ലാമറിയാവുന്ന അല്ലയോ അഗ്നേ, അവിടത്തേ സ്തുതിക്കുന്ന ഋത്വിക്കുകളും പണ്ഡിതന്‍‌മാരായ യജമാനന്‍‌മാരും, രണ്ടുകൂട്ടരുമായ ഞങ്ങള്‍, അവിടുത്തെ സംബന്ധിച്ച മംഗല്യത്തില്‍ ക്ഷേമത്തില്‍ വര്‍ത്തിക്കുന്നു. അവിടുന്നു ഞങ്ങള്‍ക്കു ജീവിതോപയോഗിയായ ഗൃഹവാസോപയോഗിയായ ധേനു മുതലായ ധനവും ഏറ്റവും ആഹ്ലാദദായകമായി ധാരാളം ഭൃത്യന്‍‌മാരോടുകൂടിയ സല്‍പ്പുത്രസമ്പത്തുക്കളും തരുവാന്‍ കെല്‍പ്പുള്ളവനാകുന്നു. ആകയാല്‍, സകരുണം അവകളെ ഞങ്ങള്‍ക്കു തന്നരുളിയാലും.’ ഈ ഋഗ്വേദമന്ത്രം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് പരമശിവനേയും ചുടലഭദ്രകാളിയേയും പ്രത്യേകം വണങ്ങി സവിനയം ചിതയുടെ സവിധം പൂകി പന്തത്തില്‍ കത്തിക്കാളുന്ന അഗ്നിയെ ചിതയിങ്കലേക്കു സന്നിവേശിപ്പിച്ചു.

സം‌പ്രീതനായ അഗ്നിയാകട്ടെ ചിതയില്‍ സ്ഥാപിതമായിരുന്ന കര്‍‌പ്പൂരം, ചന്ദനമുട്ടി, പനസവൃക്ഷത്തിന്റെ കാതല്‍ ഇവളെ ആവോളം ആഹരിച്ചു ബലവാനായി വാനോളം ഉയര്‍ന്നു.

ടീച്ചര്‍ അഗ്നിയെ തന്റെ നാഥനായി വരിക്കുവാനായിക്കൊണ്ട് നീട്ടിപ്പിടിച്ച വരണമാല്യവുമായി മന്ദം മന്ദം മുന്നോട്ടു നീങ്ങി.

അവരുടേ ഓരോ കാല്‍‌വയ്പ്പിലും ചുറ്റും കൂടിയിരുന്ന കാണികളുടെ മനസ്സില്‍ ഭയത്തിന്റേയും ഭക്തിയുടേയും ആശ്ചര്യത്തിന്റേയും സമ്മിശ്രമായ വികാരവിക്ഷോഭമുണ്ടായി.

പെരുമ്പറയുടേയും, ശംഖനാദത്തിന്റേയും കുഴല്‍ കൊമ്പ് ഇത്യാദി വാദ്യവിശേഷങ്ങളുടേയും ഋഗ്വേദമന്ത്രോച്ചാരണങ്ങളുടേയും ശബ്ദധോരണിയില്‍ ടീച്ചര്‍ അഗ്നിയെ തന്റെ പ്രാണനാഥനായി മനസാ വരിച്ചുകൊണ്ട് ചിതയിലേക്കെടുത്തു ചാടി.

‘ഉഷേ, ഉഷേ’

ഈരേഴുലോകങ്ങളും ഞെട്ടിത്തെറിക്കുമാറ് ഉച്ചത്തില്‍ ഉല്‍ഘോഷിച്ചുകൊണ്ട് ഉദാരന്‍ മാസ്റ്റര്‍ ടീച്ചറെ തന്റെ കരവലയത്തിലാക്കി.

‘ഹെന്ത്’ എന്നുച്ചരിക്കാന്‍ പിളര്‍ന്ന ടീച്ചറുടെ ചുണ്ടുകളെ ശബ്ദം പുറത്തു വിടാന്‍ അസാധ്യമാകുമാറ് മാസ്റ്റര്‍ തന്റെ അധരങ്ങളുടെ തടവുകാരാക്കി.

ഇതു കണ്ടുകൊണ്ടാണ് ദിനകരന്‍ തന്റെ സ്വര്‍ണ്ണരശ്മികള്‍ പ്രസരിപ്പിച്ചുകൊണ്ട് അന്നുദയം ചെയ്തത്.

ആകാശത്ത് സന്നിഹിതരായിരുന്ന ഇന്ദ്രാദി ദേവതകള്‍ ആഹ്ലാദചിത്തരായി പുഷ്പവൃഷ്ടി നടത്തി.

**********************

കൃത്യം ഒരാഴ്ചക്കുശേഷം.

മധ്യധരണ്യാഴിക്കു മുകളിലൂടെ യൂറോപ്പു ഭൂഖണ്ഡത്തിന്റെ തെക്കു ഭാഗത്തുനിന്നു വന്ന വിമാനം ഫ്രഞ്ചു റിവീരക്കു മുകളിലുള്ള ആകാശദേശത്ത്‍ പ്രവേശിച്ചു.

അപ്പോള്‍ രണ്ടു പേര്‍ ആ വ്യോമയാനത്തില്‍ നിന്നു താഴേക്കു ചാടി.

ഭൂമിയെ സ്പര്‍ശിക്കാന്‍ ഏതാണ്ട് നാലായിരം അടി ബാക്കി നില്‍ക്കേ വര്‍ണ്ണഭംഗിയാര്‍ന്ന പാരച്യൂട്ടുകള്‍ വിടരുകയും രണ്ടു പേരും കൈ കോര്‍ത്തുപിടിച്ച് താഴേക്കു മന്ദം മന്ദം നിപതിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ അതില്‍ ഒരാള്‍ മറ്റേ ആളോടു ചോദിച്ചു.

‘ഉദാരേട്ടാ, എന്റെ പേരു നേരത്തെ അറിയാമായിരുന്നോ ഉദാരേട്ടനു?’

‘ഒഫ്കോഴ്സ്; യെസ്’

‘എന്നിട്ടേന്താ നേരത്തെ എന്റെ കഴുത്തില്‍ ഒരു കറുത്ത ചരടു വാങ്ങി കെട്ടാത്തെ?’

‘അതിനു ചരടുവാങ്ങാന്‍ കായ് വേണ്ടേ ഡാര്‍‌ലിങ്?’

‘കാശില്ലാത്തൊരാളേ! ഒന്നു പോ ഉദാരേട്ടാ’

അതിനുത്തരമെന്നോണം, മാസ്റ്റര്‍ അങ്ങു താഴെ ഹരിതാഭമണിഞ്ഞുകിടന്ന റവീരയുടെ മാദകസൌന്ദര്യം നോക്കി മന്ദഹസിച്ചു.


**************


(അവസാനിച്ചു)

പകര്‍പ്പവകാശം: ആവനാഴി

7 comments:

ആവനാഴി said...

സുഹൃത്തുക്കളെ,

ഉദാരന്‍ മാസ്റ്റര്‍ അദ്ധ്യായം 17 ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഈ അദ്ധ്യായത്തോടു കൂടി ഈ ഗ്രന്ഥം പരി‍സമാപ്തിയിലെത്തുകയാണ്.

ഇതു തയ്യാറിക്കുന്നതില്‍ എനിക്കു വളരെയധികം പ്രോത്സാഹനസമ്മാനങ്ങള്‍ തന്ന എന്റെ പ്രിയപ്പെട്ട ബൂലോകസുഹൃത്തുക്കള്‍ക്കു എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ.

അതു പോലെ സമ്മാനങ്ങള്‍ തന്നില്ലെങ്കിലും ഇതു വഴി വരികയും ഈ കൃതി വായിക്കുകയും ചെയ്തിട്ടുള്ള അനേകം സുഹൃത്തുക്കള്‍ ഉണ്ട്.

അവരേയും ഞാന്‍ ഇത്തരുണത്തില്‍ സാദരം സ്മരിക്കുന്നു.

ഭാവിയിലും മഹത്തുക്കളായ ബൂലോകസുഹൃത്തുക്കള്‍ എനിക്കു സമ്മാനങ്ങള്‍ നല്‍കും എന്ന ഉത്തമ വിശ്വാസത്തോടെ ഈ കൃതി ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കട്ടെ.

എന്നു

സസ്നേഹം
ആവനാഴി

Mr. K# said...

:-) അപ്പൊ അവസാന അധ്യായത്തില്‍ തേങ്ങ അടിക്കാന്‍ എനിക്കാണു യോഗം. ഠേ!!!!

തിരക്കിട്ട് അവസാനിപ്പിച്ചതു പോലെ, നസീര്‍വര്‍മയെക്കണ്ടില്ലല്ലോ, പാവം.

അപ്പു ആദ്യാക്ഷരി said...

ആവനാഴിച്ചേട്ടാ... :-) ഇതുവരെ വായിച്ച എല്ലാ അധ്യായങ്ങള്‍ക്കും ചേര്‍ത്തൊരു കമന്റ് അവസാന അധ്യായത്തില്‍ പറയാതിരിക്കുന്നതു ശരിയല്ലല്ലോ? ഈ “സയന്‍സ്ഫിക്ഷന്‍ സ്റ്റൈല്‍ എഴുത്ത് എനിക്ക് ഇഷ്ടമായി.

സുന്ദരന്‍ said...

ആദ്യം മുതല്‍ അവസാനം വരെ രസിപ്പിച്ചു ആവനാഴിമാഷെ...
ഇപ്പോള്‍ തീര്‍ന്നല്ലോന്നോര്‍ത്തൊരു വിഷമ‌മില്ലാതില്ല....

മണ്ണുംചാരിനിന്നവരാരും പെണ്ണുംങ്കൊണ്ട് പോയില്ലല്ലോ!!
ഭാഗ്യം അവസാനം ചേരേണ്ടവര്‍ തമ്മില്‍ ചേര്‍ന്നു...

അല്ല സത്യത്തില്‍ നസീര്‍‌വര്‍മ്മയ്ക്ക് ഈ കേസില്‍ വല്യ താല്പര്യമില്ലായിരുന്നോ...
അല്ലെങ്കില്‍ ടീച്ചറിന്റെ പേരു കുതിരവട്ടന്‍ ഇവിടെ കുറേമുമ്പേ വിളിച്ചുപറഞ്ഞത് കേട്ടില്ലാന്നുണ്ടോ സി.ഐ.ഡി. നസീര്‍‌വര്‍മ്മ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഈ പേരു മുന്‍പേ വിളിച്ചു പറഞ്ഞതാണല്ലോ? ബാച്ചിക്ലബ്ബിലെ വിവരമില്ലാത്തോര്‍ ഈ വഴി വരാഞ്ഞതു നന്നായീ..അവരു പേരു വിളിച്ചു പറഞ്ഞ് ക്ലബ്ബ് മാറിയേനെ..

കുറുമാന്‍ said...

രാഘവേട്ടാ, പതിനാറും, പതിനേഴും ഒറ്റയടിക്ക് ഇപ്പോഴാ വായിച്ചത്. 16നു ഒരു ക്ലാസിക്ക് ടച്ച്, പതിനേഴും നന്നായിരിക്കുന്നു. അങ്ങനെ ആദ്യത്തെ നോവല്‍ ഇവിടെ അവസാനിച്ചു അല്ലെ. ചില സ്ഥലങ്ങളില്‍ കഥയുടെ ഗതിമാറിയെങ്കിലും അവസാനിപ്പിച്ച രീതി നന്നായി.

ആവനാഴി said...

കുതിരവട്ടാ, വായിച്ചതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും വളരെ നന്ദി.

ഹൈ സുന്ദര്‍, ഞാനും അതു തന്നെ ആലോചിക്കുകയായിരുന്നു. പേരു കുതിരവട്ടന്‍ കുറച്ചുകൂടി ലഘൂകരിച്ച് വിളീച്ചുപറഞ്ഞതായിരുന്നല്ലോ, പിന്നെ നസീര്‍ വര്‍മ്മ എന്തേ കേള്‍ക്കാതെ പോയി? ഒന്നുകില്‍ വര്‍മ്മ ഭാഷാനിപുണതയില്ലാത്തവന്‍, അതുമല്ലെങ്കില്‍ ആ സമയത്ത് അയാള്‍ എസ്പിയൊണാജ് സംബന്ധിച്ച് വിദേശത്തെങ്ങോ പോയിരുന്നിരിക്കണം. ഏതായാലും മത്സരത്തില്‍ പുള്ളി പങ്കെടുത്തിരുന്നുവല്ലോ. പേരു തെറ്റായിപ്പോയി എന്നു മാത്രം.

അപ്പൂ, വന്നതിലും വായിച്ചതിലും എന്റെ നന്ദി രേഖപ്പെടുത്തട്ടെ.

കുറുമാനേ, താങ്ക് യൂ വെരി മച്ച്.

കുട്ടിച്ചാത്താ, ഏറുമായി വന്നല്ലോ. നന്നായി.

ചാത്താ, ഈ ഗ്രന്ഥം എന്നും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുനേറ്റു കുളിച്ചു വിളക്കു കൊളുത്തി പാരായണം ചെയ്താല്‍ ബാച്ചികളായവര്‍ക്കു പ്രണയസാഫല്യം സന്താനസൌഭാഗ്യങ്ങള്‍ സാമ്പത്തികലാഭം എന്നിവ ഫലം.

ഗൃഹസ്ഥാശ്രമികള്‍ക്കു ഈ ഗ്രന്ഥപാരായണത്തിലൂടെ കുടുംബസൌഖ്യം, ശ്രേയസ്സ്, ഉദ്യോഗക്കയറ്റം, സാമ്പത്തികലാഭങ്ങള്‍, സന്താനങ്ങളെക്കൊണ്ടുള്ള ഗുണങ്ങള്‍ ഇവ സിദ്ധിക്കുന്നതാണ്.

അതുകൊണ്ടു തന്നെ എല്ലാവരും നിത്യവും ഈ ഗ്രന്ഥം പാ‍രായണം ചെയ്യുക.

ഏറ്റവും മംഗളകാരിയായിരിക്കുമത്.

സസ്നേഹം
ആവനാഴി

 

hit counter
Buy.com Coupon Code