Monday, June 19, 2017

വായനാവാരം
---------------------

വായനാവാരം  ഇന്നു  തുടങ്ങിയെങ്കിലും  ചില സർക്കാർ കാര്യങ്ങൾക്കായി  ഗവൺമെന്റോഫീസുകളിൽ  പോകേണ്ടതുകൊണ്ട്   പുസ്തകം കൈകൊണ്ടു  തൊട്ടില്ല.

അല്ലെങ്കിലും ഞാനത്ര വായനക്കാരനൊന്നുമായിരുന്നില്ലല്ലോ.

അങ്ങിനെ തുടർച്ചയായി വായിക്കുന്ന ശീലം ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

ചിലപ്പോൾ തോന്നും  , ഇന്നു  വൈകിട്ട്  വായനശാലയിലൊന്നു പോകാം. അവിടെ  ഷെൽഫിൽ  ഇ. എം . ഫോഴ്സ്റ്റർ,  ഫ്രഡറിക് ഫോർ സൈത് , ജെ. എം കൊറ്റ്സിയെ,  നഡീൻ  ഗോർഡിമർ  തുടങ്ങിയ  പ്രശസ്തരായ  എഴുത്തുകാരുടെ കൃതികൾ  നമ്മളെ ഉറ്റുനോക്കുന്നു.

കുറെ പുസ്തകങ്ങൾ എടുത്തുകൊണ്ടു പോകും.  പക്ഷേ , സത്യം പറയട്ടേ  എല്ലാമൊന്നും മുഴുമിപ്പിക്കാറില്ല.

ചിലരുടെ എഴുത്താകട്ടേ   ചെറുശ്ശേരിയുടെ കവിത എരിശ്ശേരിപോലെ എന്ന് പറഞ്ഞതുപോലെയാണ്. ഓളമില്ലാത്ത  നദി പോലെ അതങ്ങിനെ ഒഴുകും. കല്ലിലും  തീരങ്ങളിലും  തല്ലിയലച്ച്  പതനിറഞ്ഞൊഴുകുന്ന   കല്ലോലിനിക്ക്  ഒരു പ്രത്യേക വശ്യതയുണ്ട്.

 ചില  എഴുത്തുകാരുടെ കൃതികൾ  വശ്യമായ ഭാഷയും ആശയങ്ങളും ചടുലതയും പരിണാമഗുപ്തിയും കൊണ്ട് പ്രൗഢ ഗംഭീരമായിരിക്കും. നാം അതിൽ ലയിച്ചു ചേരുന്നു. നാമറിയാതെ തന്നെ പുസ്തകത്തിന്റെ പേജുകൾ മറിയുന്നു. അവസാന പേജ്  വായിച്ചുകഴിയുമ്പോൾ  അയ്യോ  തീർന്നുപോയല്ലോ  എന്നൊരു വിഷമം  മനസ്സിന്റെ വീണക്കമ്പികളെ  വലിച്ചുമുറുക്കുന്നു..  അവരെ നാം സർഗ്ഗധനന്മാർ  എന്നു  വിളിക്കും.

മലയാറ്റൂർ രാമകൃഷ്ണൻ , തകഴി, വി.കെ.എൻ , പുത്തൂർ ഉണ്ണികൃഷ്ണൻ  തുടങ്ങിയ  എഴുത്തുകാർ  ആ വകുപ്പിൽപ്പെടും.    .

മലയാറ്റൂരിന്റെ  അല്മകഥാംശം തുടിക്കുന്ന വേരുകൾ  എന്ന ആഖ്യായികയിൽ  വർണ്ണിച്ചിരിക്കുന്ന  ആ പഴയ തറവാട്ടിൽ  ഒരു ഗന്ധം തങ്ങിനിൽക്കുന്നുണ്ട് .  ബലാശ്വഗന്ധാദി എണ്ണയുടെ മണം . നോവൽ വായിച്ചു  തീരുമ്പോൾ  ആ ഗന്ധം  നമ്മുടെ നാസാരന്ധ്രങ്ങളിൽനിന്ന്  വിട്ടു പോകുന്നില്ല.

ഞാനെത്രയോ വർങ്ങൾക്കു
മുമ്പാണ്  ആ  കൃതി വായിച്ചത് !  ഇപ്പോഴും  എന്റെ  നാസികയിൽ  അതിന്റെ ഗന്ധം  തങ്ങിനിൽക്കുന്നു.

മലയാളനാട്ടിൽ  പ്രസിദ്ധീകരിക്കാറുള്ള  സാഹിത്യവാരഫലം എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്.  ശ്രീ എം. കൃഷ്ണൻ നായർ  തലേ ആഴ്ച  പല  വാരികകളിലും പ്രസിദ്ധീകൃതമായ സൃഷ്ടികളെ  തന്റെ സാഹിത്യവിമർശനത്തിനു വിധേയമാക്കും,  വളരെ  നിശിതമായിത്തന്നെ. അനർഹമായി  ആരെയും അദ്ദേഹം പുകഴ്ത്താറില്ല. വിശ്വസാഹിത്യകൃതികളിലെ സന്ദർഭങ്ങളും  അന്തർദ്ദേശീയ സമകാലീനസാഹിത്യവുമെല്ലാം  ഈ താരതമ്യ പഠനത്തിന്റെ  ഭാഗമായി അദ്ദേഹത്തിൻറെ  പേനത്തുമ്പിലൂടെ  ഒഴുകിയെത്തും.

കൊള്ളേണ്ടിടത്തുകൊണ്ടിരിക്കും ആ വിമർശനശരങ്ങൾ. ദാറ്റ്  വാസ് കൃഷ്ണൻ നായർ.

പുത്തൂർ ഉണ്ണികൃഷ്ണന്റെ  ഒരു കഥയിൽ  നായകൻ മലയാളത്തിൽ  ബിരുദാനന്തരബിരുദം നേടിയ വ്യക്തിയാണ്. പക്ഷേ  വ്യാകരണമെന്നത്  കഥാപുരുഷന് ആട്ടിൻകാട്ടമാണോ  കൂർക്കകിഴങ്ങണോ  എന്നറിയില്ല. വഴിയിൽ വച്ച് ഒരാളെ കാണുമ്പോൾ  അയാൾ ചോദിക്കുന്നു: അല്ലാ, നിങ്ങൾ എങ്ങോട്ടാണ് പോയി?  വിദ്യാഭ്യാസം വെറും അഭ്യാസമാകുന്ന സമകാലീനവ്യവസ്ഥിതിയെ എത്ര നിശിതമായി കളിയാക്കുന്നു കഥാകൃത്ത് !

അയാളുടെ അമ്മയാണെങ്കിൽ  മകൻ  ഒരു ജോലി നേടി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് വീട്ടിൽ.
അത്ര ദാരിദ്ര്യത്തിലാണ് അയാളുടെ കുടുംബം.  വൈകുന്നേരം  മകൻ  വഴിയിൽനിന്നു കിട്ടിയ ഒരു
ചെങ്ങലയുമായി തിരിച്ചെത്തുന്നു.  അത് അമ്മയുടെ കരങ്ങളിലേൽപ്പിച്ചിട്ട്  അയാൾ പറയുകയാണ് :  ചെങ്ങല  കിട്ടി അമ്മേ .  ഇനി നമുക്ക് ഒരാനയെക്കൂടി മേടിച്ചാൽ മതിയല്ലോ !

ഈ കഥ  നമ്മുടെ ഹൃദയത്തിൽ  ശക്തമായ മുറിവുണ്ടാക്കുന്നു.  അത് പ്രക്ഷുബ്ധമായ ഒരാഴക്കടലിലേക്കു നിർദ്ദയം നമ്മെ വലിച്ചെറിയുകയാണ് .

ഒരു  കൃതി  മഹത്തായ ഒരു സൃഷ്ടിയായി മാറുന്നത്  അത് നമ്മുടെ ഹൃദയത്തെ  ആഴത്തിൽ തൊടുമ്പോഴാണ്.
നമ്മുടെ വികാരങ്ങളെ അത് തൊട്ടുണർത്തുമ്പോഴാണ്.

പ്രണയം, ദു:ഖം,  കോപം, ഹാസ്യം  അങ്ങനെയേതുമാകാം അത് .

എഴുത്തുകാരന്റെ തൂലിക വാളിനേക്കാൾ മൂർച്ഛയേറിയതാണ്. ഒരു റെവല്യൂഷൻ  സൃഷ്ടിക്കാൻ പോലും ശക്തമാണത്.

അതിശയോക്തിയെ  അതിമനോഹരമായി ഉപയോഗിച്ചിട്ടുള്ള  മഹാകവിയാണ്  ആശാൻ കുമാരൻ.  ചണ്ടാലഭിക്ഷുകി   എന്ന തന്റെ ഖണ്ഡകാവ്യത്തിൽ അറു  വേശ്യയായ  വാസവദത്തയെ  അദ്ദേഹം വർണ്ണിക്കുന്നത് നോക്കൂ.

ഉത്തരമധുരാപുരിക്കുത്തരോപാന്തത്തിലുള്ള  വിസ്തൃതരാജവീഥിതൻ കിഴക്കരുകിൽ സ്ഥിതി ചെയ്യുന്ന   വെളുത്ത മനോഹരമായ  ഹർമ്യത്തിൽ  വാസവദത്ത  എന്ന വാരസുന്ദരി   "നിതംബഗുരുതയാൽത്താൻ  നിലം വിടാൻ കഴിയാതെ "  അങ്ങിനെ  ഇരിക്കുകയാണ്.  അവളുടെ  നിതംബങ്ങൾ പർവത സമാനമാണത്രേ .  എന്താ കഥ ! ഹരിയോ ഹര!

ശുദ്ധമായ  ഹാസ്യംകൊണ്ട്  നമ്മെ  ചിരിയുടെ ഉത്തുംഗശൃംഗത്തിലെത്തിക്കുന്നു  വി. കെ. എന്നിന്റെ  കഥകൾ.  ഭാഷയെ വളച്ചൊടിച്ച്  പുതിയപുതിയ വാക്കുകളെപ്പോലും സൃഷിടിക്കുന്ന അദ്ദേഹം ഹാസ്യ  സാഹിത്യത്തിന്റെ മുടിചൂടാമന്നൻ തന്നെ. സംശയമില്ല.

കൃതികളിൽ  ലൈംഗികതയുടെ  പരാമർശം  മലയാളഭാഷയുടെ  പ്രത്യേകതകൊണ്ടോ, അതോ നമ്മൾ  പ്രയോഗിക്കുന്നതിൽ വിമുഖരായതുകൊണ്ടോ എന്തോ  ചിലപ്പോൾ ജുഗുപ്സാവഹമായിത്തോന്നാറുണ്ട്. എന്നാൽ അത് തന്നെ ഇംഗ്ളീഷ് കൃതികളിൽ  പ്രയോഗിക്കുമ്പോൾ  അതിലൊരപാകത നമുക്കു കാണാൻ കഴിയുന്നുമില്ല.

ഒരു പ്രശസ്‌ത  ഇംഗ്ലീഷ്  നോവലിൽ  (പേര് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല) നായിക  രാവിലെ  എഴുനേറ്റ്  കുളിമുറിയിൽ പോയി തിരികെ കിടപ്പുമുറിയിലേക്ക് പ്രവേശിക്കുന്നു.  ദെൻ  ഷി  സോ  ദ  ഗ്ലോറിയസ്  ഇറെക്‌ഷൻ  ഓഫ്  ഹേർ  ഹസ്ബൻഡ്  സ്റ്റിൽ ലയിങ്  ഓൺ  ദ  ബെഡ് , എന്നാണു എഴുതി വച്ചിരിക്കുന്നത്.
 നോവൽ ആരംഭിക്കുന്നത് തന്നെ ഈ പ്രസ്താവത്തിലൂടെയാണ്.

അതൊന്നു മലയാളീകരിച്ചാലോ? എന്താവും പിന്നെ പുകില് !

ഇനി കവിതയിലേക്കു  വരാം.

വൃത്തനിബദ്ധമായ കവിതകളേ  ഞാൻ  പൊതുവേ  വായിക്കാറുള്ളു.

അഭിരാമം ഗ്രൂപ്പിൽ  കവിതാപൂരണമെന്ന  ഒരു  പംക്തി നടക്കുന്നുണ്ട്. നല്ല വൃത്തബോധത്തോടെ  പലരും  അത് പൂരിപ്പിക്കുന്നുണ്ട്.

എന്നാൽ അധികം പേരും കവിത എന്ന പേരിൽ എഴുതി വയ്ക്കുന്നത്  ശുദ്ധ ഗദ്യം തന്നെയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.  ഒന്നാം തരം  ഗദ്യമെഴുതിയിട്ട്   അതിൻറെ  വരികൾ വെട്ടിമുറിച്ച്  കവിതയുടെ ആകാരം കൊടുക്കുന്നു.  വൃത്തമില്ലാത്തതിനാൽ  അതിന്  ആകാരം മാത്രമേയുള്ളു.

ദാറ്റ്  ഈസ്  നോട്  ടു  മൈ  ടേസ്റ്റ്, അൺഫോർച്ചുണേറ്റ്ലി.

സംസ്കൃതത്തിലുള്ള പരിഞ്ജാനവും  നല്ല പദസമ്പത്തും വേണം വൃത്തനിബദ്ധമായി കവിത ചമക്കാൻ എന്നാണു എന്റെ  വിശ്വാസം.

പലരും ഇപ്പോൾ  ഫേസ് ബുക്കിൽ  നന്നായി എഴുതുന്നുണ്ട്.

വളരെ ശുഭോദർക്കമാണത്.
No comments:

 

hit counter
Buy.com Coupon Code