Monday, July 23, 2007

മാങ്ങ പാല്‍ക്കുളം

മൂന്നു ഘട്ടങ്ങളായിട്ടാണു “മാങ്ങ പാല്‍ക്കുളം” എന്ന സവിശേഷമായ ഈ കറി പാകപ്പെടുത്തിയെടുക്കുന്നത്.

ഇതില്‍ ആദ്യത്തെ രണ്ടു ഘട്ടങ്ങള്‍ പരീക്ഷണഘട്ടങ്ങളും അവസാനത്തേത് നിര്‍വഹണഘട്ടവും ആകുന്നു.

ഘട്ടം: ഒന്ന്

പൊതുവെ മലയാളികളായ വീട്ടമ്മമാര്‍ കോളേജുകുമാരിയായ സന്താനത്തെപ്പറ്റി വളരെ അഭിമാനത്തോടുകൂടി പറയാറുണ്ട്. “അവള്‍ അങ്ങു തിരുവനന്തപുരത്തു കോളേജിലല്ലിയോ എന്റെ തെറുത്യാകുട്ട്യേ. അവളു ഉറങ്ങുവാ. ഇന്നലെ രാത്രി മുഴുവന്‍ തീവണ്ടീലിരുന്നു വന്നതല്ലായോ, ക്ഷീണം കാണൂന്നു വെച്ചോ. പിന്നെ ഒരു കാര്യം പറയണമല്ലോ, അവള്‍ക്കീ കാപ്പീം ചായേം ഒന്നും ഉണ്ടാക്കാനറിയില്ല കേട്ടോ.....ഒരു പാടു പഠിക്കാനുണ്ടെന്നു വച്ചോ. പിന്നെ ഇതൊക്കെയുണ്ടാക്കിനോക്കാനെവുടാ സമയം? എടീ അമ്മിണ്യേ മോളെഴുന്നേക്കുമ്പോഴേക്കും പുട്ടും കാപ്പീം റെഡിയാക്കി മേശപ്പുറത്തു വച്ചേക്കണം.”

ഈ പാചകം പരീക്ഷിക്കാനായി കച്ച കെട്ടി വരുന്നവര്‍ കാപ്പീം ചായേം പോലും ഉണ്ടാക്കാന്‍ അറിയാന്‍ പാടില്ലാത്തവരാണെങ്കില്‍ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കണമെന്നില്ല. ഇവിടെ തന്നെ കോലൊടിച്ചിട്ട് തിരിച്ചു പോകാം. അതായിരിക്കും നല്ലത്.

ഈ ഘട്ടത്തില്‍ വിജയിച്ചു എന്നു പൂര്‍ണ്ണബോദ്ധ്യമുള്ളവര്‍ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കാം.


ഘട്ടം: രണ്ട്

ഇതും ഒരു പരീക്ഷണഘട്ടമാണ്. സ്വയം വിലയിരുത്തല്‍ (self appraisal)എന്ന കര്‍മ്മമാണു ഇവിടെ നിര്‍‌വഹിക്കേണ്ടത്. അതിനായി “എനിക്ക് സാമാന്യബോധം (common sense) ഉണ്ടോ?” ഈ ചോദ്യം സ്വയം ചോദിക്കുക. എന്റെ പാചക വിധിയില്‍ കുറച്ചു മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കുക എന്നേ ഞാന്‍ ചിലപ്പോള്‍ എഴുതൂ. വായിക്കുന്ന ആള്‍ക്ക് സാമാന്യബോധം ഉണ്ട് എന്നുള്ള മുന്‍‌വിധിയോടെയാണു ഞാനിത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് എന്നു മനസ്സിലാക്കണം. ഈ “കുറച്ച്” എന്നു പറഞ്ഞാല്‍ ഞാനെന്താണു അര്‍ത്ഥമാക്കുന്നത് എന്നു അനുവാചകന്‍ സ്വയം മനസ്സിലാക്കണം.

കോമണ്‍ സെന്‍സില്ലാത്തവര്‍ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കണമെന്നില്ല. ഇവിടെ വച്ചു സുല്ലു പറഞ്ഞ് സ്ഥലം കാലിയാക്കാം. അതായിരിക്കും ഉചിതം.

ഈ പരീക്ഷയില്‍ വിജയിയായവര്‍ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കൂ.


ഘട്ടം: മൂന്ന്

ആവശ്യം വേണ്ട സാധനങ്ങള്‍

1. നല്ല പുളിയുള്ള നാട്ടു മാങ്ങ
2. പച്ചമുളക്
3. ഇഞ്ചി
4. ചുവന്നുള്ളി
5. കരിവേപ്പില
6. തേങ്ങാപ്പാല്‍
7. ഉപ്പ്
8. മഞ്ഞള്‍പ്പൊടി
9. മുളകുപൊടി
10. വറ്റല്‍മുളക്
11. കടുക്
12. വെളിച്ചെണ്ണ
13. വെണ്ണ പോലെ അരച്ചെടുത്ത പച്ചക്കൊത്തമല്ലി


പാചകം.

നാലഞ്ചു നാട്ടുമാങ്ങ തൊണ്ടു കളഞ്ഞ് പൂളി, ഓരോ പൂളും കുറുകെ തളിരായി അരിയുക. ഈ കഷണങ്ങള്‍ ചൂടുവെള്ളത്തിലിട്ടു ഒരു മിനിറ്റു കഴിഞ്ഞ് വെള്ളം ഊറ്റി കളയുക. മാങ്ങയുടെ അമിതമായിട്ടുള്ള പുളി കുറയാനാണീ വിദ്യ.

ഇഞ്ചി നീളത്തില്‍ ഈര്‍ക്കിളിക്കനത്തില്‍ അരിയുക. ആവശ്യത്തിനു പച്ച മുളകെടുത്ത് രണ്ടായി കീറുക. ചുവന്നുള്ളി (മാങ്ങയുടെ കാല്‍ഭാഗം വേണം) നാലായി കീറുക.

ചീനച്ചട്ടി അടുപ്പത്തു വച്ചു അതില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. അതില്‍ വറ്റല്‍ മുളകു മുറിച്ചതും കടുകും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാലുടന്‍ അതിലേക്കു ഉള്ളി അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും കരിവേപ്പിലയും ചേര്‍ത്ത് കുറച്ചു നേരം ഇളക്കുക. പിന്നെ അതിലേക്ക് മാങ്ങാക്കഷണങ്ങള്‍ ചേര്‍ത്തു കുറച്ചു സമയം വഴറ്റുക. ഇനി ശകലം ചൂടുവെള്ളം ചേര്‍ത്ത് കുറച്ചു നേരം വേവിക്കാം. വെന്തു കുഴയരുത്.

ഇനി ഉപ്പ്, മഞ്ഞള്‍പ്പൊടി , മുളകുപൊടി ഇവ ചേര്‍ക്കുക. ഒപ്പം മല്ലി അരച്ചതും ചേര്‍ത്തിളക്കുക. പിന്നെ അതിലേക്കു തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. കൊഴുപ്പു കൂടുതലെങ്കില്‍ കുറച്ചു ചൂടുവെള്ളം ചേര്‍ക്കാം.

അധികം തിളച്ചു മറിയരുത്.

ശേഷം മണ്‍കലത്തില്‍ കുത്തരിച്ചോറു തയ്യാറിക്കുക.

ഇനി ഊണാരംഭിക്കാവുന്നതാണ്.

ഒറ്റ ഇരുപ്പിനു ഈ കൂട്ടാന്‍ കൂട്ടി ഇരുനാഴി അരിയുടെ ചോറു അകത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ദേ ഇങ്ങടു നോക്കിക്കേ, നിങ്ങളെന്നെ ഇങ്ങനെ (കൈ ഞൊടിക്കുന്ന ശബ്ദം) വിളിച്ചോ.

4 comments:

ആവനാഴി said...

ബൂലോകസുഹൃത്തുക്കളെ,

“മാങ്ങ പാല്‍ക്കുളം” എന്ന സവിശേഷമായ പദാര്‍ത്ഥം ഉണ്ടാക്കുന്ന രീതി ഇതാ. പരീക്ഷിച്ചു നോക്കൂ!

സസ്നേഹം
ആവനാഴി

കുറുമാന്‍ said...

കുറേ നാളായി ഒരു തേങ്ങ അടിച്ചിട്ട്. പാല്‍ക്കുളത്തില്‍ തന്നെ ഒന്നു കിടക്കട്ടെ......ഠോ......

വച്ചു നോക്കീട്ട് ടിം ടിം (കൈഞൊടിക്കണ ശബ്ദമാ) എന്ന് വിളിക്കണോ, രാഘവേട്ടോ സൂപ്പര്‍ എന്നു വിളിക്കണോന്ന് പറയാംട്ടോ.

വേഡ് വെരിമാറ്റിയാല്‍ നന്നായിരുന്നു.

(സുന്ദരന്‍) said...

ആവനാഴിമാഷെ...
ഇതെന്തോന്നു ഭാവിച്ചാ... കഴിഞ്ഞപോസ്റ്റില്‍ മരപ്പട്ടിപ്പിരളന്‍
ദേയിപ്പം നാടന്മാങ്ങാപാല്‍ക്കുളം...

ഇതൊന്നു പരീക്ഷിച്ചുനോക്കാന്‍ എന്തുചെയ്യും എന്റെ റോമാകാവില്‍ ഭഗവതീ...
ഗര്‍ഭിണികള്‍ക്കു‌പോലും ഒരുപീസുപുളിമാങ്ങകിട്ടാനില്ലാ....കുട്ടികള്‍ വയറ്റില്‍കിടന്ന് ഇടിയോടിടി

നാട്ടില്‍ തിരിച്ചുവരട്ടേ...മാങ്ങാപാല്‍ക്കടല്‍തന്നെ പരീക്ഷിച്ചുനോക്കാം

ആഷ | Asha said...

ഇവിടെ കിട്ടണ മാങ്ങയ്ക്ക് നാട്ടിലേതിനേക്കാളും പുളി ഒത്തിരി കൂടുതലാ അപ്പോ ആ വെള്ളത്തിലിടല്‍ പ്രയോഗം ചെയ്തേ മതിയാവൂ. ഇനി മാങ്ങാ വാങ്ങുമ്പോ ഇതൊന്നു പരീക്ഷിക്കണമെന്നു മനസ്സു പറയുന്നു. എങ്ങാനം ഫ്ലോപ്പായാല്‍ ഇവിടെ വന്നു ഞാന്‍ “ഇങ്ങനെ ഇങ്ങനെ” വിളിക്കും. ജാഗ്രതെ!!!

 

hit counter
Buy.com Coupon Code