Sunday, May 13, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 15

മാന്യമഹാസദസ് ബഹളങ്ങളാല്‍ നിറപറയായി.

കാണികള്‍ രണ്ടു ചേരിയായി.

ഒരു കൂട്ടര്‍ അംബ കീ ജയ് വിളിച്ചു. അതൊരു മെക്സിക്കന്‍‍ വേവ് ആയി സദസ്സിന്റെ തെക്കു കിഴക്കേ മൂലയില്‍ നിന്നു വടക്കു പടിഞ്ഞാറേ മൂലയിലേക്കു തിരയടിച്ചു പോയി.അപ്പോള്‍ ഒരു മറുതിര അംബാലികയെ തുണച്ചുകൊണ്ടു മറ്റേ മൂലയില്‍ നിന്നു ആരംഭിച്ചു.

അപ്പോള്‍ കാണികളിലൊരാള്‍ വിളിച്ചു കൂവി.

“പേരില്ലാ ടീച്ചറെ വിളിക്കോ പൂ ഹോയ്...”

സദസ്സു ശബ്ദകോലാഹലങ്ങളാലും വഗ്വാദങ്ങളാലും കലുഷിതമായി.

ശാന്തമായിരിക്കാന്‍ എം സി പലപ്രാവശ്യം മൈക്കിലൂടെ പറഞ്ഞിട്ടും ജനം ശാന്തരായില്ല.

ബഹളം വര്‍ദ്ധിച്ചപ്പോള്‍ നസീര്‍ വര്‍മ്മ ഉദാരന്‍ മാസ്റ്ററുടെ ചെവിയില്‍ മന്ത്രിച്ചു.

“നമുക്ക് വെടി വക്കാന്‍ ഓര്‍ഡര്‍ കൊടുത്താലോ? കണ്ണീര്‍ വാതകത്തില്‍ തുടങ്ങാം”

അതീവ ലാവണ്യവതിയായ ടീച്ചറെ മോഡലാക്കാന്‍ വേണ്ടി ബോംബേയില്‍ സ്ഥിരതാമസമായ ലോകപ്രശസ്തനായ ഒരു ചിത്രകാരനും, ഫസ്റ്റ് ലേഡിയാക്കാന്‍ വേണ്ടി ലാറ്റിന്‍ അമേരിക്കയിലേയും സെന്‍‌ട്രല്‍ ആഫ്രിക്കയിലേയും ചില മൂരാച്ചി പ്രസിഡന്റുമാരും ടീച്ചറെ തട്ടിക്കൊണ്ടു പോകാന്‍ കമാന്റോകളെ അയക്കും എന്നുള്ള രഹസ്യ വിവരം കിട്ടിയതിനാല്‍ എ കെ 47 തുടങ്ങിയ മെഷീന്‍ ഗണ്ണുകള്‍ കൊടുത്ത് സദസ്സിന്റെ പല ഭാഗങ്ങളിലായി സിവിലിയന്‍ വേഷത്തില്‍ കുറേ വെടിവീരന്‍‌മാരെ വര്‍മ്മ പ്ലാന്റു ചെയ്തിരുന്നു.

ഗണ്ണുകള്‍ വളഞ്ഞ കാലുള്ള ശീലക്കുടകളില്‍ കാമൊഫ്ലാഷ് ചെയ്തതുകൊണ്ട് കാണികള്‍ പരിഭ്രമാക്രാന്തരായില്ല.

ഫയര്‍ എന്ന ഒരൊറ്റ ഓര്‍ഡര്‍ മതി എല്ലാം ധൂളിയാക്കാന്‍.

വേണ്ട എന്നു ഉദാരന്‍ മാസ്റ്റര്‍ ആഗ്യം കാണിച്ചു.

“വരട്ട്”

വരട്ടിയതിനാല്‍ വെടിവയ്പ്പ് സംഭവിച്ചില്ല.

ബഹളം മൂര്‍ധന്യാവസ്ഥയിലെത്തി.

അപ്പോള്‍ ശങ്കുണ്ണി മാസ്റ്റര്‍ തന്റെ കൈയ്യിലുണ്ടായിരുന്ന എമര്‍ജന്‍സി റിമോട് കണ്ട്രോള്‍ ഞെക്കി കര്‍ട്ടന്‍ താഴെ വീഴ്ത്തി.

അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

“എല്ലാവരും ശാന്തമായിരിക്കുക. ഇതിനൊരു തീരുമാനം ഇപ്പോള്‍ തന്നെ നമുക്കു കണ്ടു പിടിക്കാം”

ഇതു കേട്ടപ്പോള്‍ സദസ്സൊന്നടങ്ങി.

കര്‍ട്ടന്‍ പൊങ്ങി.

“മാന്യ സദസ്യരേ. ഇതിനൊരു തീരുമാനം ഇപ്പോള്‍ തന്നെ നാം കാണാന്‍ പോവുകയാണ്”

എന്തായിരിക്കാം ആ തീരുമാനം എന്നുള്ള ആകാംക്ഷയായി എല്ലാവര്‍ക്കും.

മാസ്റ്റര്‍ തുടര്‍ന്നു.

“സുഹൃത്തുക്കളെ. അഡ്ജൂഡിക്കേറ്റേഴ്സിന്റെ തീരുമാനം അന്തിമമായിരിക്കും എന്നു നാമെല്ലാം സമ്മതിച്ചതാണല്ലോ. എന്നാല്‍ ഇതൊരു ടൈ ആയിരിക്കുകയാണു. അതിനും അഡ്ജൂഡികെറ്റേഴ്സ് വഴി നാം ഒരു തീരുമാനം കാണും.”

“ഇനി അടുത്ത ഇനം അഡ്ജൂഡികേറ്റേഴ്സിന്റെ വടം വലി. അതിലൂടെ വിജയിയെ നിശ്ചയിക്കുന്നതാണു.”

സദസ്യര്‍ക്കു എല്ലാവര്‍ക്കും ആ തീരുമാനം സ്വീകാര്യമായി.

ഈ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെങ്കിലും വടം വലിയുടെ രസമോര്‍ത്ത് അഡ്ജൂഡികേറ്റേഴ്സ് യാതൊരു വിസമ്മതവും പ്രകടിപ്പിച്ചില്ല, തന്നെയുമല്ല അതില്‍ പങ്കെടുക്കാന്‍ വലിയ ഉത്സാഹവും കാണിച്ചു.

ഉടന്‍ തന്നെ ഒരു നല്ല വടം കൊണ്ടു വരപ്പെട്ടു.

മാസ്റ്റര്‍ ചോക്കു കൊണ്ടു സ്റ്റേജിനു നടുവില്‍ ഒരു വര വരച്ചു. ആ വരക്കു സമാന്തരമായി ഒന്നര മീറ്റര്‍ അകലത്തില്‍ രണ്ടു വരകള്‍ കൂടി വരച്ചു.

ലക്ഷ്മണരേഖകള്‍.

പുറത്തുകടക്കുന്നവര്‍ ജയിക്കും.

വടത്തില്‍ ഒരു സൂചിക വേണം എന്നുള്ളതിനാല്‍ ശങ്കുണ്ണിമാസ്റ്റര്‍ വിസ്തൃതചിത്തന്റെ ചുവന്ന വീരാളീപ്പട്ടു ഇരവല്‍ വാങ്ങി വടത്തിന്റെ നടുക്കു കെട്ടിത്തൂക്കുകയും പട്ടുതുണി നടുവിലെ വരയില്‍ മുട്ടത്തക്കവിധം ക്രമീകരിക്കുകയും ചെയ്തു.

“ഒകെ, അഡ്ജൂഡികേറ്റേഴ്സ് പ്ലീസ് ഗെറ്റ് റെഡി ഫോര്‍ ദ ടഗ് ഓഫ് റോപ്”

അഡ്ജൂഡികേറ്റേഴ്സ് നാലു പേരും ഷര്‍ട്ടിന്റെ കൈ തെറുത്തു കയറ്റി മസില്‍ മുഴപ്പിച്ച് ഗോദായിലിറങ്ങി.

വൃത്തേശന്‍ മുണ്ടു മടക്കിക്കുത്തി കുനിഞ്ഞു നിന്നു തന്റെ തുടകളിലടിച്ചു ശബ്ദമുണ്ടാക്കി വടത്തിന്റെ ഒരറ്റം കയറി പിടിച്ചു.

വൃത്തേശന്റെ പിറകിലായി വിഷ്ണുവര്‍ദ്ധന്‍ നിലകൊണ്ടു.

ഒരു ശീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു അയാള്‍ വടത്തിന്റെ അറ്റം കരസ്ഥമാക്കി.

വിസ്തൃതചിത്തനും മാനിഷാദനും മുണ്ടുകള്‍ ഉരിഞ്ഞ് തലയില്‍ കെട്ടി.

തൃശ്ശൂരു കീരിത്തോട്ടത്തില്‍ അന്തോണി മകന്‍ ഈനാശു വക തുണിക്കടയില്‍ നിന്നു വാങ്ങി അവിടെത്തന്നെ വരാന്തയില്‍ ഇരുന്നു തയ്ക്കുന്ന വേലായുവിനെക്കൊണ്ടു തുന്നിച്ചെടുത്ത മുട്ടുവരെ ഇറക്കമുള്ള ചുവന്ന വരയുള്ള ചീട്ടിത്തുണികൊണ്ടുള്ള അണ്ടര്‍വെയറുകളുടെ വള്ളി ഒന്നു മുറുക്കിക്കെട്ടിയ ശേഷം ഇരുവരും വടത്തിന്റെ മറ്റേ അറ്റത്തു പിടി മുറുക്കി.

“ഒന്നോങ്ങി പിടിച്ചോളണം കേട്ടോട കന്നാലീ”

മാനിഷാദന്‍ വിസ്തൃതചിത്തനെ പ്രോത്സാഹിപ്പിച്ചു.

“അതു ഞാനേറ്റു. എന്തൂട്ടട കന്നാലീ ഇതു നുമ്മള്‍ പടിച്ചിരുന്ന കാലത്ത് ഓണത്തിനും ചംക്രാന്തിക്കും എന്നും കളിക്കാറുള്ള കളിയല്ലേ. ”

“നീ കവലപ്പെടാതെട കന്നാലീ”

വിസ്തൃതചിത്തന്‍ തിരിച്ചടിച്ചു.

വൃത്തേശന്‍ കുടുംബ പരദേവതയായ ദുര്‍ഗ്ഗയെ മനസ്സില്‍ ധ്യാനിച്ചു വടത്തില്‍ പിടി മുറുക്കി. തൊട്ടു പിറകില്‍ വിഷ്ണുവര്‍ദ്ധന്‍ തന്റെ മുണ്ടിനു മീതെ കെട്ടിയിരുന്ന അരബാറിന്റെ ബക്കിള്‍ ഒന്നുകൂടി ടൈറ്റായി ഫിറ്റു ചെയ്തതിനുശേഷം വടത്തില്‍ മുറുകെപ്പിടിച്ചു.

“ഓള്‍ ഗെറ്റ് സെറ്റ്. റെഡി. ഗോ”

ശങ്കുണ്ണി മാസ്റ്റര്‍ ഉറയില്‍‍ നിന്നു റിവോള്‍വര്‍ വലിച്ചെടുത്തു വെസ്റ്റേണ്‍ കൌബോയ് സിനിമയില്‍ ക്ലിന്റ് ഈസ്റ്റ്വുഡ് ചെയ്യുമ്പോലെ തോക്ക് വിരലിലിട്ടു രണ്ടു മൂന്നു കറക്കു കറക്കിയതിനുശേഷം മുകളിലേക്കു വെടി വച്ചു. പിന്നെ കൂളായി പുക ഊതി സാധനം ഉറയില്‍ത്തന്നെ‍ നിക്ഷേപിച്ചു.

ലൈവ് അമൂനിഷന്‍ അപ്പോള്‍ ആകാശത്തുകൂടി ദൂതുമായി പറന്നുപൊയ്ക്കൊണ്ടിരുന്ന അരയന്നത്തിന്റെ വാലില്‍‍ തട്ടി രണ്ടു മൂന്നു പപ്പും പൂടയും പറിഞ്ഞു പോയതല്ലാതെ പ്രത്യേകിച്ച് കാഷ്വാലിറ്റിയൊന്നും സംഭവിച്ചില്ല.

വെടി പൊട്ടിയ നിമിഷം മാനിഷാദന്‍ പുള്‍ എന്നു വിളിച്ചുകൂവുകയും രണ്ടു പേരും കൂടി വെട്ടിച്ചൊരു വലി വലിക്കുകയും ചെയ്തു.

വലിയുടെ ശക്തിയില്‍ വീരാളിപ്പട്ട് മദ്ധ്യരേഖയും കഴിഞ്ഞ് അംബാലികയുടെ പക്ഷത്തുള്ള ലക്ഷ്മണരേഖയുടെ അടുത്തെത്തി.

അപ്പോള്‍ വൃത്തേശന്‍ ചങ്കുപൊട്ടുമാറുച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.

“ദുര്‍ഗ്ഗേ, അമ്മേ, മഹാമായികേ മാനം കെടുത്താതെ കാത്തുകൊള്ളേണമേ. ഞങ്ങള്‍ക്കു വിജയം കരഗതമാകേണമേ”

എന്നിട്ട് വിഷ്ണുവര്‍ദ്ധനനോടു നമുക്കാഞ്ഞു വലിക്കാം എന്നുരചെയ്തു.

ഏലേസാ, ഏലേസാ
ആഞ്ഞുപിടിക്കിന്‍ ഏലേസാ

വിഷ്ണുവര്‍ദ്ധനും വൃത്തേശനും സര്‍‌‌വശക്തിയുമെടുത്ത് ആഞ്ഞു വലിച്ചു.

വിസ്തൃതചിത്തനേയും, മാനിഷാദനേയും വലിച്ചുകൊണ്ട് അവര്‍ പുറകോട്ടുനീങ്ങി.

അംബ ജയിക്കും എന്ന മട്ടായി.

ശ്വാസമടക്കിപ്പിടിച്ചിരുന്ന സദസ്യര്‍ അംബ കീ ജയ്, അംബ കീ ജയ് എന്നു ഉറക്കെ വിളീച്ചു കൂവി.

അടുത്ത നിമിഷത്തില്‍ ആഞ്ഞുപിടിയെട കന്നാലീ എന്നാക്രോശിച്ചുകൊണ്ട് മാനിഷാദനും വിസ്തൃതചിത്തനും വടത്തില്‍ ആഞ്ഞു വലിച്ചു. വിഷ്ണു വര്‍ദ്ധനേയും വൃത്തേശനേയും വലിച്ചുകൊണ്ട് അവര്‍ പുറകോട്ടു നീങ്ങി.

ഇങ്ങനെ രണ്ടു പക്ഷവും ഒന്നിനൊന്നു മെച്ചമായി വലി തുടര്‍ന്നു.

ഹാളിന്റെ ചുമരുകളില്‍ അങ്ങിങ്ങായി സ്ഥാപിച്ചിരുന്ന ക്ലോസ്ഡ് സര്‍ക്യൂട് ടെലിവിഷനുകളില്‍ രേഖകളും വീരാളിപ്പട്ടിന്റെ സ്ഥാനവും കാണികള്‍ക്കു വ്യക്തമായി കാണാമായിരുന്നു.

വീര്‍പ്പുമുട്ടുന്ന നിമിഷങ്ങള്‍.

എല്ലാവരും ശ്വാസമടക്കി നിന്നു.

അംബാലിക ജയിക്കുമെന്നു തോന്നിയപ്പോള്‍ സഭയില്‍ നിന്നു അംബാലികയെ സപ്പോര്‍ട്ടു ചെയ്യുന്ന ആരവങ്ങള്‍ ഉയര്‍ന്നു പൊങ്ങി.

പക്ഷെ രണ്ടു പക്ഷവും തുല്യശക്തിയില്‍ ആഞ്ഞു വലിക്കുകയാണുണ്ടായത്.

ആരു ജയിക്കും ആരു തോല്‍ക്കും എന്നു പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ.

അപ്പോള്‍ വിഷ്ണുവര്‍ദ്ധന്റെ ഉള്ളില്‍ കഴിഞ്ഞകാലത്തെ കയ്പ്പേറിയ ഓര്‍മ്മകള്‍ തലപൊക്കി.

എന്തിനാണു വൃത്തേശന്‍ തന്റെ ലേഖനങ്ങളെ എതിര്‍ത്തത്? വളരെ ഗവേഷണങ്ങള്‍ക്കുശേഷം പ്രസിദ്ധപ്പെടുത്തിയ തന്റെ ലേഖനങ്ങള്‍ അയാളെ ചൊടിപ്പിച്ചതെന്തിനു? സാഹിത്യകാരന്‍‌മാരുടെ വേദിയില്‍ പ്രവേശനം നല്‍കപ്പെട്ടപ്പോള്‍ അയാളെന്തിനാണെതിര്‍ത്തത്?

ഒരു നൂറു കൂട്ടം ചോദ്യങ്ങള്‍ അയാളുടെ മനസ്സില്‍ ഫണമുയര്‍ത്തിയാടി.

“ഇയാളെ അങ്ങിനെ വെറുതെ വിട്ടുകൂടാ. അയാളങ്ങിനെ ജയിക്കണ്ട”

ഒരു നിമിഷനേരത്തെ ഇം‌പള്‍സ്. വിഷ്ണുവര്‍ദ്ധന്‍ വലിയുടെ ശക്തി പെട്ടെന്നയച്ചു.

അപ്രതീക്ഷിതമായി സംഭവിച്ച ആ അസന്തുലിതാവസ്ഥയില്‍ വിഷ്ണുവര്‍ദ്ധനേയും വൃത്തേശനേയും വലിച്ചുകൊണ്ട് മാനിഷാദനും തൊട്ടുമുമ്പില്‍ വിസ്തൃതചിത്തനും മലന്നടിച്ചു വീണു.

അതോടൊപ്പം വീരാളിപ്പട്ട് ലക്ഷ്മണരേഖ തരണം ചെയ്തു.

അംബാലിക വിജയശ്രീലാളിതയായി.

സദസ്സു ഇളകി മറിഞ്ഞു.

അംബാലികാ കീ ജയ് എന്ന ആരവത്താല്‍ സദസ്സ് മുഖരിതമായി.

എം. സി ഉടന്‍ പ്രഖ്യാപിച്ചു.

“സുഹൃത്തുക്കളെ, അംബാലിക ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ദാറ്റ് ഈസ് ദ വെര്‍‌ഡിക്റ്റ് ഓഫ് അവര്‍ എസ്റ്റീം‌ഡ് അഡ്ജൂഡികേറ്റേഴ്സ്.”

“വെല്‍ ഡണ്‍ അംബാലിക”

സദസ്യര്‍ എല്ലാവരും ആ തീരുമാനത്തെ അംഗീകരിച്ചു.

സഭ ശാ‍ന്തമായി.

അഡ്ജൂഡികേറ്റേഴ്സ് അന്യോന്യം ഹസ്തദാനം ചെയ്ത് ബോക്സില്‍ അവരവരുടെ സീറ്റുകളില്‍ ഉപവിഷ്ടരായി.

വിസ്തൃതചിത്തന്‍ മാനിഷാദന്റെ ചെവിയില്‍ മൊഴിഞ്ഞു.

“മിസ്റ്റര്‍ മാനിഷാദന്‍, ഒരു ശവിയും നമ്മളെ തോല്‍പ്പിക്കാന്‍ വളര്‍ന്നിട്ടില്ല.”

“കറക്റ്റ്” മാനിഷാദന്‍ അതു ശരി വച്ചു.


.................


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

10 comments:

ആവനാഴി said...

മാന്യ സുഹൃത്തുക്കളെ,

ഉദാരന്‍ മാസ്റ്റര്‍ അദ്ധ്യായം 15 പൂര്‍ത്തിയായി.
ഇതാ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

സസ്നേഹം
ആവനാഴി

Mr. K# said...

"“പേരില്ലാ ടീച്ചറെ വിളിക്കോ പൂ ഹോയ്...”"
ഇത് നമ്മുടെ കുട്ടിച്ചാത്തന്റെ ഒച്ചയല്ലേ ;-)

Mr. K# said...

മാഷേ, നന്നായിട്ടുണ്ട്ട്ടാ.

കരീം മാഷ്‌ said...

വായിച്ചുട്ടോ!
ആ നസീര്‍ varmma യെ (യൂനിക്കോഡില്‍ ഇതു വരെ varmma എന്നെഴുതിയിട്ടില്ലത്തതിനാലും ഇനി എഴുതില്ലന്നതിനാലും ഇംഗ്ലീഷിലെഴുതി ക്ഷമിക്കുക) കുറിച്ചു എഴുതണമെന്നു കരുതിയിരുന്നു.ആ കഥാപാത്രത്തെ ഒന്നു ഗ്ലോറിഫൈ ചെയ്തു ആ വഴിക്കു ഒരു ഡികടറ്റീവ് കോമഡി തങ്കള്‍ക്കു സാധിക്കുമെന്നു എനിക്കൊരു തോന്നല്‍.
ആശംസകള്‍.

കുറുമാന്‍ said...

മാഷെ ഇത്തവണയും ടീച്ചര്‍ അനോണിയായി തന്നെ:)

ഇത്തവണ ഹാസ്യം പൊതുവെ അല്പം കുറവായിരുന്ന്നു.........അടുത്തതില്‍ ടീച്ചറെ ഒരു വഴിക്കാക്കും എന്ന് കരുതുന്നു.

സുന്ദരന്‍ said...

കോളേജ്ഡേ വളരെ രസകരമാകുന്നു ഉദാരന്‍‌മാസ്റ്ററേ...
നൃത്തം... പിന്നെ അഡ്ജൂഡികേറ്റേഴ്സിന്റെ വടം‌വലി...
ഓരോ ഐറ്റത്തിനു ശേഷവും വടം‌വലിഉണ്ടായിരിക്കും ഇല്ലേ....
നമ്മുടെ നാട്ടിലെ കലോത്സവങ്ങളുടെ വടം കോടതിയിലുവരെയിട്ടുവലിക്കാറുള്ള കാര്യം ഓര്‍മമവന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍

ആവനാഴി said...

പ്രിയ കുതിരവട്ടാ,

താങ്ക് യൂ.

സസ്നേഹം ആവനാഴി

ആവനാഴി said...

കരീം മാഷേ,

നന്ദി.

പിന്നെ എന്താണു നസീര്‍ വര്‍മ്മയെക്കുറിച്ചു എഴുതാന്‍ ഉദ്ദേശിച്ചു എന്നു പറഞ്ഞത്?

എഴുതൂ.

സസ്നേഹം
ആവനാഴി

ആവനാഴി said...

പ്രിയ കുറുമാന്‍,

അടുത്തത് ഉടന്‍ പ്രസിദ്ധീകരിക്കാം.

താങ്ക് യൂ

ഹൈ സുന്ദര്‍,

താങ്ക് യൂ വെരി മച്ച് ഫോര്‍ ദ ഗുഡ് കമന്റ്സ്

സസ്നേഹം
ആവനാഴി

കുട്ടിച്ചാത്തന്‍ said...

കുതിരവട്ടന്‍ ചേട്ടന്‍ പറഞ്ഞപോലെ ഒച്ച മാത്രേയുള്ളൂ ഏറില്ലാ‍ാ‍ാ.... ടേപ്പ് റിക്കോഡരു പഴേതാ ഒരു ചിന്ന മത്സരം ഇത്രേം വലിയുമോ? അടുത്തതു പോരട്ടെ..

 

hit counter
Buy.com Coupon Code