Friday, May 11, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 14

പ്രസംഗങ്ങളേക്കാള്‍ കലാപരിപാടികള്‍ക്കു പ്രാധാന്യം കൊടുത്തിരുന്നതിനാല്‍ അദ്ധ്യക്ഷപ്രസംഗത്തിനുശേഷമുള്ള പ്രസംഗങ്ങള്‍ എണ്ണത്തില്‍ ശുഷ്കവും തന്നേയുമല്ല അവയെല്ലാം ഹ്രസ്വവും കാര്യമാത്രപ്രസക്തവുമായിരുന്നു.

പിന്നീട് കലാപരിപാടികള്‍ക്കാരംഭം കുറിച്ചുകൊണ്ട് കര്‍ട്ടന്‍ പൊങ്ങി. ട്യൂടോറിയല്‍ കോളേജിന്റെ സിംഫണി ഓര്‍ക്കെസ്ട്രയുടെ ഉപകരണസംഗീതത്തോടൊപ്പം ഉയര്‍‌ന്നുപൊങ്ങിയ തിരശ്ശീല , സംഗീതം നിശ്ശബ്ദതയുടെ അനന്തതയില്‍ വിലയം പ്രാപിച്ചപ്പോള്‍ കാണാമറയത്തു മറഞ്ഞു.

രംഗവേദിയുടെ നടുവില്‍ നേരിയനീലവെളിച്ചത്തില്‍ കാണപ്പെട്ട രൂപം വെളിച്ചം മെല്ലെ മെല്ലെ ശൂരവീരപരാക്രമിയായപ്പോള്‍ കുംഭോദരനും കൃശഗാത്രനുമായ ശങ്കുണ്ണിമാസ്റ്റരായി രൂപപരിണാമം കൈക്കൊണ്ടു.

മുരടനക്കിക്കൊണ്ട് മാസ്റ്റര്‍ ഓഫ് സെറിമണി ശ്രീ. ശങ്കൂണ്ണിമാസ്റ്റര്‍ കയ്യിലിരുന്ന വയര്‍ലെസ് മൈക്രോഫോണില്‍ തന്റെ സ്വാഗതപ്രസംഗമാരംഭിച്ചു.

“മാന്യന്മാരേ, മഹതികളേ ...........ലേഡീ‍സ് ആന്‍ഡ് ജെന്റില്‍മെന്‍
ഉദാരന്‍ ട്യൂടോറിയല്‍‌സിന്റെ പത്താമത്തെ വാര്‍ഷികമായ ഇന്നു ഞങ്ങള്‍ ഒരുക്കിയിരിക്കുന്ന ഈ കലാസന്ധ്യയിലേക്കു നിങ്ങള്‍ക്കേവര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം.”

പിന്നീട് അദ്ദേഹം അന്നു നടക്കാന്‍ പോകുന്ന കലാപരിപാടികളെക്കുറിച്ചു ഒരു സംക്ഷിപ്തവിവരണം നല്‍കി.

മാസ്സ്റ്റര്‍ തുടര്‍ന്നു.

“ഇനി ഞാന്‍ നമ്മുടെ അഡ്ജൂഡിക്കേറ്റേഴ്സ് ആയി സദയം ഇവിടെ വന്നു ചേര്‍ന്നിട്ടുള്ള മഹാന്മാരെ നിങ്ങള്‍ക്കു പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.”

സ്റ്റേജില്‍ ഇടതുഭാഗത്തായി പ്രത്യേകം സജ്ജമാക്കിയ ബോക്സില്‍ ഏറ്റവും ഇടത്തേ അറ്റത്ത് ഉപവിഷ്ടനായ അഡ്ജൂഡികേറ്ററിനെ ചൂണ്ടി എം.സി പറഞ്ഞു.

“ശ്രീ.വൃത്തേശന്‍‍‍. സാഹിത്യനഭോമണ്ഡലത്തില്‍ പയറ്റിത്തെളിഞ്ഞ പോരാളീ. വലിയ പണ്ഡിതന്‍. ദ്രുതകവന സമര്‍ത്ഥന്‍‍.കവിത അങ്ങാടിമരുന്നോ അതോ പച്ചമരുന്നോ എന്നറിയാമ്മേലാത്തവര്‍ കവിത എന്ന കാട്ടുകുതിരയെ മെരുക്കാന്‍ പാടുപെട്ട് തോറ്റു തുന്നം പാടുന്നതുകണ്ട് ഒരു ചെറുപുഞ്ചിരിയോടെ വിമര്‍ശനമാകുന്ന ഒരു ചെറിയ കൂരമ്പ് ഒതുക്കത്തില്‍ പ്രക്ഷേപിക്കുന്നവന്‍. കവിതാരാമത്തില്‍ നീരാടുന്നവരുടെ ഉറ്റബന്ധു.”

“സര്‍, യു ആര്‍ വെല്‍കം ടു ദിസ് ബ്യൂടിഫുള്‍ ഫങ്ക്ഷന്‍.”

“ഇന്‍ ഫാക്റ്റ് സര്‍, അങ്ങയുടെ സാന്നിദ്ധ്യം ഈ സദസ്സിനെ കൂടുതല്‍ ജാജ്വല്യമാനമാക്കിത്തീര്‍ത്തിരിക്കുന്നു എന്നു ഞാന്‍ പറയുമ്പോള്‍‍ അതില്‍ അത്യുക്തിയുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ അയാളെ വിവരമില്ലാത്തവന്‍ ,കള്‍ച്ചറില്ലാത്തവന്‍ , സാഹിത്യം കവിത ഇവയൊക്കെ “അജ്നനമെന്നതു ഞാനറിയും അതു മഞ്ഞളുപോലെ വെളുത്തിരിക്കും” എന്നു ഭാവിക്കുന്നവന്‍‍ എന്നൊക്കെ ‍ വിശേഷിപ്പിക്കേണ്ടിവരും. അതു വേണോ? അങ്ങിനെ ആരെങ്കിലുമൊണ്ടോ ഈ സദസ്സില്‍?”

“ഇല്ല, ഇല്ല, ഇല്ല”

സദസ്സില്‍നിന്നു മറുപടി ഒരാരവമായി ഉയര്‍ന്നു.

ഇതുകേട്ട് പുളകിതഗാത്രനായി വൃത്തേശന്‍‍ എഴുനേറ്റു കുനിഞ്ഞ് സദസ്സിനെ നമസ്കരിച്ചു.

സദസ്സ് കരഘോഷങ്ങളാല്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

“താങ്ക് യൂ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, താങ്ക് യൂ.”

“ഇനി അദ്ദേഹത്തിന്റെ അടുത്തിരിക്കുന്നത് ശ്രീ.വിഷ്ണുവര്‍ദ്ധന്‍. വാക്കുകള്‍ അദ്ദേഹത്തിനു വെറും കന്തുകങ്ങളാകുന്നു. അവയെ അദ്ദേഹം പന്തു തട്ടിക്കളിക്കുന്നു. സമകാലീന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നടമാടുന്ന ഉച്ചനീചത്വങ്ങളേയും കൊള്ളരുതായ്മകളേയും അദ്ദേഹം പച്ചയായി തൊലിയുരിഞ്ഞുകാണിക്കുമ്പോള്‍ ഉല്പതിഷ്ണുക്കള്‍ നെറ്റിചുളിക്കുന്നു.”

“നമ്മുടെ സംസ്ഥാനത്തെ പ്രശസ്തമായ ചില ക്ഷേത്രങ്ങളുടെ പുരാവൃത്തം അവഗാഢമായ ഗവേഷണങ്ങളിലൂടെ പുറത്തുകൊണ്ടുവരികയും അത് സധൈര്യം പ്രസിദ്ധീകരിക്കുകയും ചെയ്ത അദ്ദേഹം ഒരു വലിയ വാഗ്മി കൂടിയാണു എന്നു ഇത്തരുണത്തില്‍ പ്രസ്താവിക്കാന്‍ ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തട്ടെ.”

“മിസ്റ്റര്‍. വിഷ്ണുവര്‍ദ്ധന്‍, വി ആര്‍ ബ്ലെസ്സ്ഡ് വിത് യുവര്‍ പ്രസന്‍സ് ഹിയര്‍.“

“അങ്ങയെ സവിനയം ഈ സദസ്സിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.”

വൃത്തേശനേക്കാള്‍‍ ഉയരമുള്ള വിഷ്ണുവര്‍ദ്ധന്‍ വളരെ ഭവ്യതയോടെ എഴുനേറ്റു അല്പമൊന്നു കുനിഞ്ഞ് സദസ്സിനെനോക്കി തൊഴുതു.

തൃശ്ശൂര്‍പൂരത്തിനു പടക്കപ്പന്തലിനു തീ കൊടുത്ത മാതിരി കയ്യടി ഉയര്‍ന്നു.

“എനിക്ക് ഈ മഹോദ്യമത്തിന്റെ‍ ഭാഗഭാക്കാന്‍ കഴിഞ്ഞതില്‍ അനല്പമായ ആനന്ദമുണ്ട്.ഈ കോളേജ് ഡേക്കു എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു.”

അടുത്തതായി എം.സി ശങ്കുണ്ണീമാസ്റ്റര്‍ തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ ഒന്നു രണ്ടു നമ്പൂതിരിഫലിതങ്ങള്‍ കാച്ചി സദസ്സിനെ ആനന്ദസാഗരത്തിലാറാടിച്ചു.

സദസ്സിന്റെ മുന്നില്‍ത്തന്നെ ഉപവിഷ്ടനായിരുന്ന ഉദാരന്‍‍ മാസ്റ്റര്‍ ബലേ ഭേഷ് എന്നു പറഞ്ഞു തലയാട്ടി.

രൂക്ഷമായ ഒരു ഗന്ധം നാസാരന്ധ്രങ്ങളെ തുളച്ചുകയറിയപ്പോള്‍ മാസ്റ്റര്‍ തൊട്ടടുത്തിരിക്കുന്ന നസീര്‍വര്‍മയുടെ ചെവിയില്‍ മന്ത്രിച്ചു.

“ഡിഡ് യൂ ഫാര്‍ട്?”

മാസ്റ്റര്‍ ഓഫ് സെറിമണി തന്റെ പരിചയപ്പെടുത്തല്‍ തുടര്‍ന്നു.

“അടുത്തത് ശ്രീ.വിസ്തൃതചിത്തന്‍. പുരാണകര്‍ത്താവായതുകൊണ്ട് വേദവ്യാസന്‍ വാല്‍മീകി ഇവര്‍ക്കു സമശീര്‍ഷന്‍. എന്റെ വ്യക്തിപരമായ അഭിപ്രായം അദ്ദേഹം അവരേക്കാള്‍ ഒരു പടി മുന്നിലാണ് എന്നാണു. എ മാന്‍ ഓഫ് ലെറ്റേഴ്സ് ടു പുട് ഇറ്റ് ഇന്‍ എ നട്ഷെല്‍.”

“പുരാണങ്ങളെ സാധാരണ മനുഷ്യര്‍ക്ക് , ഐ മീന്‍ ഫോര്‍ ദ മാന്‍ ഓണ്‍ ദ സ്ട്രീറ്റ്, മനസ്സിലാകത്തക്കവിധം പ്രതിപാദിച്ചു എന്നുള്ളതാണു അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ ഹൈലൈറ്റ്. കടിച്ചാല്‍ പൊട്ടാത്ത സാഹിത്യമീമാംസകളെ സാധാരണക്കാര്‍ക്കു രുചിക്കുന്ന വിധം ലളിതമായി പ്രതിപാദിക്കുന്നതില്‍ അദ്ദേഹം മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു.”

“ഒട്ടും തന്നെ സമയമില്ലാതിരുന്നിട്ടും നമ്മുടെ ക്ഷണം സ്വീകരിച്ച് ഇന്നിവിടെ നമ്മുടെ കലാപരിപാടികളുടെ അഡ്ജൂഡിക്കേറ്ററായി വന്നു ചേരാന്‍ സൌമനസ്യം പ്രകടിപ്പിക്കുകയും അപ്രകാരം ഇവിടെ വന്നു ചേരുകയും ചെയ്തതില്‍ നാമെല്ലാം അങ്ങയോടു കടപ്പെട്ടിരിക്കുന്നു.”

“ സര്‍, പ്ലീസ് അക്സെപ്റ്റ് അവര്‍ ഹാര്‍ട്ടി വെല്‍കം ടു ദിസ് ഒക്കേഷന്‍.”

വിസ്തൃതചിത്തന്‍ എഴുനേറ്റ് തന്റെ വലതുകൈപ്പത്തിയിലെ നടുവിരലും ചൂണ്ടാണിവിരലും നിവര്‍ത്തി V എന്ന അക്ഷരം നിര്‍മ്മിച്ച് സദസ്സിനെ വണങ്ങി.

അദ്ദേഹം അതുകൊണ്ടുദ്ദേശിച്ചത് വിക്റ്ററിയെയാണോ അതോ തന്റെ പേരിനേയോ അതൊന്നുമല്ലാ എങ്കില്‍ വീരാളിപ്പട്ടിനേയാണോ എന്നു തിരിച്ചറിയാന്‍ പാടു പെടുന്ന ജനം അദ്ദേഹത്തെ ദീര്‍ഘമായ ഹസ്തതാഡനങ്ങളാല്‍ സ്വാഗതം ചെയ്തു.

“ഇവിടെ ഈ മഹോത്സവത്തില്‍ പങ്കു ചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. നന്ദി. നമസ്കാരം.”

ഉപവിഷ്ടനായ വിസ്തൃതചിത്തന്റെ തലയിലെ വീരാളിപ്പട്ടില്‍ കുത്തിയ വജ്രബ്രൂച്ച് വിദ്യുത് ദ്ദീപങ്ങളില്‍ തട്ടി ഒളിമിന്നി.

“ദ ലാസ്റ്റ്., ബട് നോട് ദ ലീസ്റ്റ് ഈസ് മിസ്റ്റര്‍ മാനിഷാദന്‍. സാഹിത്യത്തില്‍ പരമ്പരകള്‍ എഴുതിക്കൂട്ടിയ ഇദ്ദേഹം ഇപ്പോഴും മൃതരായവരെത്തേടി അവരെ ഡേയ്സ് ഓഫ് അവര്‍ ലൈഫില്‍ സംഭവിക്കുമ്പോലെ തിരിച്ചുകൊണ്ടുവരുവാന്‍ അഥവാ ഉദ്ധരിക്കാന്‍ ചെയ്യുന്ന സംരഭങ്ങള്‍ പ്രശാംസാര്‍ഹമാണു.”

“പക്ഷെ ഡേയ്സ് ഓഫ് അവര്‍ ലൈഫില്‍ സംഭവിക്കുന്നത് ഒട്ടും യുക്തിസഹമല്ല. അതുമായുള്ള കമ്പാരിസണ്‍ വെറും ഉപരിപ്ലവമാണുതാനും.”

“കണ്ണുകളില്‍ സ്വപ്നങ്ങളുമായി അദ്ദേഹം നാടായ നാടുകളെല്ലാം അലഞ്ഞു. ഈ അലയല്‍ അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള വീക്ഷണത്തിലും ഫിലോസഫിയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു ഈയിടെ ഒരു പ്രശസ്ത ടീ വി ചാനലില്‍ നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് നമ്മളെല്ലാം ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.”

“അദ്ദേഹത്തിന്റെ പുതിയ കൃതി സാഹിത്യനഭോമണ്ഡലത്തില്‍ ഒരു വെള്ളിനക്ഷ്ത്രമാവും എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടോ?”

“ഇല്ല, ഇല്ല, ഇല്ല” സദസ്സു ആരവത്താല്‍ ഇളകിമറിഞ്ഞു.

“സര്‍, അവര്‍ ഹാര്‍ട് ഫെല്‍ട് വെകം ടു യൂ സര്‍”

മാനിഷാദന്‍ എഴുനേറ്റുനിന്നു സദസ്സിന്റെ ഹര്‍ഷാരവത്തെ സവിനയം സ്വീകരിച്ചു.

പിന്നെ തന്റെ സ്വതസ്സിദ്ധമായ കള്ളച്ചിരിയോടെ ഇപ്രകാരം അംഗ്രേജിയില്‍ ഒരു പൂശാ പൂശി.

“ലൈഫ് ആന്‍‌ഡ് ഡെത്ത് ആര്‍ ടു ഫിനോമിന ദാറ്റ് മെര്‍ജ് സീം‌ലെസ്‌ലി ഇന്‍ ദ ലൈഫ് ഓഫ് എവ്‌രി മാന്‍ ആന്‍‌ഡ് വുമണ്‍‍. ഇഫ് യു തിങ്ക് ഫിലസോഫിക്കലി യൂ വില്‍ സീ ദാറ്റ് ദേര്‍ ഈസ് അബ്സോല്യൂട്‌ലി നോ ഡിഫറന്‍സ് ബിറ്റ്വീന്‍ ദീസ് ടു ഫേസറ്റ്സ്........”

*********

മുറംതൂക്കികളായ സദസ്യരാല്‍ ആഡിറ്റോറിയം തിങ്ങിനിറഞ്ഞിരുന്നു. മുറത്തില്‍‍ പേര്, നാള്, കുലം, ജാതി, തണ്ടപ്പേര്, സര്‍‌വേ നമ്പ്ര്, സെക്സ്, സെക്‍ഷ്വല്‍ ഓറിയന്റേഷന്‍ ഇത്രയും മിനിമമായി ഉണ്ടായിരുന്നു.

യുദ്ധക്കൊതിയന്മാരായ നുഴഞ്ഞുകയറ്റക്കാരെ തടയാനായി അമ്പ്, വില്ല്, വാരിക്കുന്തം, വടിവാള്‍, പെട്രോള്‍ ബോംബ് ഇവയൊന്നും അകത്തുകൊണ്ടു പോകാന്‍ അനുവദിക്കപ്പെട്ടില്ല.

ക്രിമിനല്‍ റിക്കോഡുള്ളവരെ തിരിച്ചറിയുന്നതിനു പ്രധാന കവാടത്തില്‍ ഓരോ ഗസ്റ്റിന്റേയും ഫിംഗര്‍ പ്രിന്റ് എടുക്കുകയും അത് ശിലാധറിന്റെ FRPIIS (Finger Prints Identification and Interception System)എന്ന സംവിധാനം വഴി സി.ബി.ഐ യുടെ ഫിംഗര്‍ പ്രിന്റ്സ് ഡേറ്റ ബേസുമായി കമ്പ്യൂട്ടര്‍ വഴി ബന്ധം സ്ഥാപിച്ച് മാച്ചിങ്ങ് ഉണ്ടോ എന്നു ചെക്കു ചെയ്തിരുന്നു.

കമ്പ്യൂട്ടറില്‍ “NO MATCH" എന്നു തെളിഞ്ഞ ഗസ്റ്റുകളെമാത്രമേ അടുത്ത സെക്യൂരിറ്റിച്ചെക്കിനു വേണ്ടി കടത്തിവിട്ടുള്ളു.

ആദ്യ ടെസ്റ്റു പാസായവരെ കണ്‍‌വെയര്‍ ബെല്‍റ്റില്‍ കിടത്തി ഒരു എക്സ്‌റേ മെഷീനിലൂടെ കടത്തി വിട്ടു.

അക്കൂട്ടത്തില്‍ നൈജീരിയായില്‍ നിന്നു വന്ന കുറെ “മ്യൂളുകളും” (mules) ഉണ്ടായിരുന്നു.

എക്സ്‌റേ മെഷീനില്‍ അവരുടെ ആമാശയത്തില്‍ ഒളിച്ചുവച്ചിരുന്ന ഡ്രഗ്സ് കണ്ടുപിടിക്കപ്പെട്ടു.

ഉടനെ ലാക്സേറ്റീവ് കൊടുത്ത് അവരെ ഒരു സ്പെഷ്യല്‍ സംവിധാനമുള്ള ടൊയ്‌ലെറ്റില്‍ പ്രവേശിപ്പിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ലഹരിമരുന്നുകള്‍ നിറച്ച അനേകം കോണ്ഡങ്ങള്‍ റിട്രീവ് ചെയ്യുകയും ചെയ്തു. അവിളംബം അവരെ ചോദ്യം ചെയ്യലിനും മേല്‍നടപടികള്‍ക്കുമായി തൊണ്ടി സഹിതം നാര്‍കോടിക്സ് വിഭാഗത്തിനു കൈമാറി.

ഫിംഗര്‍ പ്രിന്റ്സ് ടെസ്റ്റില്‍ വിജയിച്ചതിനാല്‍ അവര്‍ “ക്ലീന്‍ സ്കിന്‍” (clean skin)വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്നു വ്യക്തം. ലഹരി മരുന്നു രാജാക്കന്മാരുടെ ഏറ്റവും പുതിയ തന്ത്രം യാതൊരു ക്രിമിനല്‍ ചരിത്രവുമില്ലാത്തവരെ ഡ്രഗ്സ് കടത്തുവാന്‍ ഉപയോഗിക്കുക എന്നുള്ളതായിരുന്നു.

പക്ഷെ എക്സ്‌റെ എക്സാമിനേഷനില്‍ അവര്‍ പിടിക്കപ്പെട്ടു.

കൊച്ചിയില്‍ വിമാനമിറങ്ങിയ മ്യൂളുകള്‍‍ എയര്‍പോര്‍ട്ടിനടുത്തു സ്ഥാപിച്ചിരുന്ന ബില്‍ബോര്‍ഡില്‍ ടീച്ചറിന്റെ ചിത്രം കണ്ട് മോഹിച്ച് ഒരു കൈ നോക്കിക്കളയാം എന്നു കരുതിയാണു കോളേജു ഡേ പരിപാടികള്‍ കാണാനെത്തിയത്.

*********************

പരിപാടികളില്‍ ആദ്യത്തെ ഇനം ഭരതനാട്യമായിരുന്നു.

മാസ്റ്റര്‍ തുടര്‍ന്നു.

“മാന്യ സദസ്യരേ, ആദ്യത്തെ ഇനം ഭരതനാട്യത്തിലുള്ള മത്സരമാണു. ഈ കോളേജിന്റെ അഭിമാനഭാജനങ്ങളായ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനികളായ അംബയും അംബാലികയുമാണു ഇവിടെ നൃത്തം ചെയ്യാന്‍ പോകുന്നത്.”

“അഡ്ജൂഡിക്കേറ്റേഴ്സിന്റെ തീരുമാനം അന്തിമമായിരിക്കും.”

“വി വില്‍ നോട് എന്റര്‍ടെയ്ന്‍ എനി കമ്പ്ലെയ്ന്റ്സ് ആഫ്റ്റര്‍ ദ അനൌണ്‍സ്മെന്റ് ഓഫ് ദ റിസല്‍ട്സ്. വി ഹാവ് ഫുള്‍ കാണ്‍ഫിഡന്‍സ് ഇന്‍ ദ എബിലിറ്റി ആന്‍ഡ് ഇന്റഗ്രിറ്റി ഓഫ് അവര്‍ അഡ്ജൂഡികേറ്റേഴ്സ്.”

“ആദ്യമായി അംബ. അംബ പ്ലീസ്...”

പക്കമേളങ്ങളുടേയും വായ്ത്താരിയുടേയും അകമ്പടിയോടെ ചുവടുകള്‍ വച്ച് രംഗത്തെത്തിയ അംബ അഡ്ജൂഡികേറ്റേഴ്സിനേയും സദസ്സിനേയും താണു തൊഴുതു.

തുടര്‍ന്നു ലാസ്യം, കരുണം, ബീഭത്സം, കാമം, അനുരാഗം, ഭീതി ഇത്യാദി വികാരങ്ങളെ തന്റെ കമനീയ കാന്തി വിതറുന്ന മുഖാരവിന്ദത്തിലും കൈമുദ്രകളിലും അതിലുപരി തന്റെ കര്‍വേഷ്യസ് മേനിയുടെ വക്രീകരണ സാമര്‍ദ്ധ്യങ്ങളിലൂടെയും പ്രകടീകരിച്ച് യുവഹൃദയങ്ങളില്‍ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു.

മുന്‍ നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചിരുന്ന നസീര്‍വര്‍മ്മ നര്‍ത്തകിയുടെ സൌന്ദര്യത്തിലും ഭാവഹാവാദികളിലും ആകൃഷ്ടനായി ആല്‍മഗതം ചെയ്തു: ബേബി, ഐ വാണ സെഡ്യൂസ് യൂ .

അടുത്തത് അംബാലികയായിരുന്നു.

ഒരപ്സരകന്യക കണക്ക് ഒഴുകിയൊഴുകിയെത്തിയ അംബാലിക തന്റെ നൃത്തസാമര്‍ഥ്യത്തിലൂടെ വൈകാരികഭാവങ്ങള്‍ക്കു ഒരു പുതിയ തെസാറസ് ചമച്ചു.

ആരായിരിക്കും വിജയി എന്നു പറയാന്‍ കഴിയാത്ത സന്ത്രാസം.

കണ്‍ഫ്യൂഷികതയുടെ മൂടല്‍മഞ്ഞ്.

ശ്രീമാന്‍ എം. സി മുന്നോട്ടു വന്നു ഇപ്രകാരം അരുളിച്ചെയ്തു.

“മാന്യമഹാജനങ്ങളേ, ദ മോമെന്റ് ഓഫ് ജഡ്ജ്മെന്റ് ഹാസ് അറൈവ്ഡ്.“

“ലെറ്റ് അസ് ഹിയര്‍ ദ വെര്‍ഡിക്റ്റ് ഓഫ് ദ ജഡ്ജസ്. മിസ്റ്റര്‍ വൃത്തേശ്വര്‍ പ്ലീസ്”

“താങ്ക് യൂ മിസ്റ്റര്‍ എം.സി. സത്യത്തില്‍ രണ്ടു പേരും ഒരുപോലെ അനുഗൃഹീതര്‍ എന്നു വേണം പറയാന്‍. ഇറ്റ് റിയലി പുട് മി ഇന്‍ എ വെരി ഡിഫിക്കല്‍റ്റ് പൊസിഷന്‍ ടു ഗിവ് എ വെര്‍ഡിക്റ്റ് ഇന്‍ ദിസ് മാറ്റര്‍.”

വൃത്തേശന്‍‍ തുടര്‍ന്നു.

“എങ്കിലും ഒരു മത്സരമാവുമ്പോള്‍ ഒന്നാം സ്ഥാനം ആര്‍ക്ക് എന്നൊരു ചോദ്യം വരുന്നു.” ‍

“അതുകൊണ്ട് ഞാന്‍ എന്റെ അഭിപ്രായം ഇതാ രേഖപ്പെടുത്തട്ടെ.”

വൃത്തേശന്‍ ഒരു വലിയ കാര്‍ഡ് പൊക്കി കാണിച്ചു.

അതില്‍ “അംബ” എന്നു എഴുതിയിരുന്നു.

“താങ്ക് യൂ മിസ്റ്റര്‍ വൃത്തേശ്വര്‍. ഇനി മിസ്റ്റര്‍. വിഷ്ണുവര്‍ദ്ധന്‍ പറയട്ടെ.”

വിഷ്ണുവര്‍ദ്ധന്‍ പൊക്കിയ കാര്‍ഡിലും “അംബ” എന്നു കാണപ്പെട്ടു.

അടുത്ത രണ്ടു അഡ്ജൂഡിക്കേറ്റേഴ്സ് പൊക്കിക്കാട്ടിയ കാര്‍ഡുകളിലാകട്ടെ‍ “അംബാലിക” എന്ന നാമം തെളിഞ്ഞു നിന്നു.




“അപ്പോള്‍ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഇറ്റ് ഈസ് എ ടൈ. പോളിറ്റിക്കല്‍ ജാര്‍ഗണ്‍ ഉപയോഗിച്ചാല്‍ ഒരു തരം ഹംഗ് പാര്‍ലമെന്റ്.”

“ഇനിയെന്ത്?”

ഈ ചോദ്യം സദസ്യരില്‍ ഓരോരുത്തരുടേയും അധരങ്ങളില്‍ സൈലന്റ്വാലിയായി തുടികൊട്ടിനിന്നു.

......


(തുടരും)

പകര്‍പ്പവകാശം: ആവനാഴി












5 comments:

ആവനാഴി said...

പ്രിയ സുഹൃത്തുക്കളെ,

ഇന്നു കോളേജ് ഡേ ആണ്. അതിലേക്കു നിങ്ങളെ ഏവരേയും സവിനയം സ്വാഗതം ചെയ്തു കൊള്ളുന്നു.

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 14 ഇതാ.

സസ്നേഹം
ആവനാഴി

സുന്ദരന്‍ said...

ആഹാ...
ഇത്രയും വല്യോരു സംഭവം നടക്കുമ്പോള്‍
ആദ്യം വന്നൊരു തേങ്ങയടിക്ക്യാന്നുപറഞ്ഞാല്‍
അതൊരു ഭാഗ്യമല്ലേ.


(എവിടെ ആ ടീച്ചറ്... സ്വയം‌വരത്തിനുമുമ്പേ ഒന്നു കാണാന്‍പറ്റുവോ...)

കുറുമാന്‍ said...

ഉദാരന്മാസ്റ്റര്‍ 14 ഇറങ്ങിയെങ്കിലും, ഇതില്‍ ചിരിക്കാനുള്ള വക താരതമ്യേന മുന്‍ഭാഗങ്ങളെ അപേക്ഷിച്ച് കുറവായിരുന്നതില്‍ ഞാന്‍ എന്റെ പരിഭവം രേഖപെടുത്തുന്നു.

അംബയുടേം, അംബാലികയുടേയും നൃത്തം കഴിഞ്ഞാല്‍ നമ്മുടെ ടീച്ചറിന്റെ കുച്ചിപുടി ചുമ്മാ വരുമോ?

Mr. K# said...

ചിരിക്കാനുള്ള വക കുറഞ്ഞതില്‍ ഞാനും എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. :-)
ഈ അദ്ധ്യായത്തില്‍ ചിരിക്കാനുള്ള വക കുറവായതിനാല്‍ അടുത്ത അദ്ധ്യായം വേഗം പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ;-)

ഓടോ: വിസ്തൃതചിത്തന്‍ മാഷിന്റെ മഹാഭാരത കഥ ഒന്നു കൂടി വായിക്കാം എന്നു വിചാരിച്ചു അവിടെ ചെന്നപ്പോള്‍ അതൊന്നും അവിടെ കാണാനില്ല. ആ പാവത്തിനെ പിന്നേം ആരോ പേടിപ്പിച്ച് അതൊക്കെ മാറ്റി എഴുതിപ്പിച്ചു എന്നു തോന്നുന്നു. ;-) അദ്ദേഹത്തോടും വേഗം അടുത്ത പോസ്റ്റിടാന്‍ അഭ്യര്‍ത്ഥിക്കുന്നു. :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“യുവഹൃദയങ്ങളില്‍ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു“

വേലിയേറ്റത്തിന്റെ അവസാനം ചില യുവകേസരികള്‍ രണ്ടെണ്ണത്തേയും കൂവി വെളുപ്പിച്ച കാര്യം പറഞ്ഞില്ലാ..
പിന്നേ ഭരതനാട്യം കാണാനല്ലേ യുവഹൃദയങ്ങള്‍ വന്ന് കുത്തിയിരിക്കുന്നത്.... പേരില്ലാ ടീച്ചറെ വിളിക്കോ പൂ ഹോയ്...

 

hit counter
Buy.com Coupon Code