Saturday, April 14, 2007

വിഷു ആശംസകള്‍ ഫ്രം ദ ഓഫീസ് ഓഫ് ആവനാഴി

ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിയാണു ഞാന്‍ ഇപ്പോള്‍ ഈ “ബൂലോക”ത്തില്‍ അവതരിച്ചിരിക്കുന്നത്. ഇതു മറ്റു ലോകങ്ങളില്‍നിന്നു എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണുമ്പോള്‍ ഞാന്‍ അല്‍ഭുതപരതന്ത്രനാകുകയും ചെയ്യുന്നു.

ഇതു പോലൊരു ലോകം ഞാന്‍ മുമ്പു കണ്ടിട്ടില്ല; ഇനി കാണാന്‍ പറ്റും എന്നും തോന്നുന്നില്ല.

എന്തു സമത്വ സുന്ദരമായ ലോകം! എന്തൊരു സ്നേഹം! എന്തൊരു വിനയം! ദേഷ്യപ്പെട്ട് “കമാ” എന്നൊരക്ഷരം പോലും ആരും ഉരിയാടുന്നില്ല. എന്തൊരു സഹനശക്തി!

ഞാനിനി എങ്ങും പോകാന്‍ തീരുമാനിച്ചിട്ടില്ല. ഇതു തന്നെ എന്റെ തട്ടകം. ഇവിടെ കിടന്നൊന്നു പെരുമാറാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ദേവലോകം ഇനി എനിക്കു പുല്ലാണു സുഹൃത്തുക്കളേ.

പിന്നെ, ഇപ്പോള്‍ വന്നത് ബൂലോകനിവാസികളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ അറിയിക്കാനാണു.

എല്ലാവരും കണി കണ്ടു കഴിഞ്ഞുവോ? കയ്യിട്ടം വാങ്ങി കഴിഞ്ഞുവോ?

എങ്കില്‍ നമുക്കിനി പടക്കം പൊട്ടിക്കാം.

നല്ല വില കൂടിയ വര്‍ണ്ണഗുണ്ടുകള്‍ തന്നെ പൊട്ടിച്ചാര്‍മാദിക്കൂ. അവയുടെ വര്‍ണ്ണവൈവിദ്ധ്യത്തില്‍ നിങ്ങളുടെ ജീവിതം പ്രഭാപൂരിതമാകട്ടെ.

കാലിച്ചാക്കുകള്‍ തലയില്‍ കെട്ടിയ അനോനികള്‍ എന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി അവിടെ കിടന്നു ചാടുന്നതു ഞാന്‍ കാണുന്നു.

അനോനികളേ നിങ്ങളും എന്റെ സഹോദരങ്ങള്‍ തന്നെ.

ആവനാഴിയുടെ പന്തിയില്‍ പക്ഷഭേദമില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ അനോനി സഹോദരങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ ഈ ബൂലോകം വെറും ഒരു ഊഷരഭൂമി ആകുമായിരുന്നു. അവരുടെ കോപ്രായങ്ങളാണു ‍ഈ ബൂലോകത്തെ കൂടുതല്‍ ഹരിതാഭവും മനോഹാരിണിയുമാക്കുന്നത്.

ശരി, എന്നാല്‍ ഞാന്‍ വരട്ടേ.

പിന്നെ ഇവിടെയൊക്കെത്തന്നെ കാണുമല്ലോ ഇല്ലേ?


സസ്നേഹം

ആവനാഴി.

36 comments:

ആവനാഴി said...

“ ഈരേഴു പതിന്നാലു ലോകങ്ങളും ചുറ്റിയാണു ഞാന്‍ ഇപ്പോള്‍ ഈ ‘ബൂലോക’ത്തില്‍ അവതരിച്ചിരിക്കുന്നത്. ഇതു മറ്റു ലോകങ്ങളില്‍നിന്നു എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണുമ്പോള്‍ ഞാന്‍ അല്‍ഭുതപരതന്ത്രനാകുകയും ചെയ്യുന്നു.”

ആവനാഴിയുടെ വിഷു ആശംസകള്‍!

കുതിരവട്ടന്‍ | kuthiravattan said...

എന്തു സമത്വ സുന്ദരമായ ലോകം! എന്തൊരു സ്നേഹം! എന്തൊരു വിനയം! ദേഷ്യപ്പെട്ട് “കമാ” എന്നൊരക്ഷരം പോലും ആരും ഉരിയാടുന്നില്ല. എന്തൊരു സഹനശക്തി!

ഇതു അക്ഷരാര്‍ത്ഥത്തിലാണൊ വിപരീതാര്‍ത്ഥത്തിലാണൊ പറഞ്ഞത്? ;-) എല്ലാം ആപേക്ഷികമല്ലേ.

മുമ്പൊരിക്കല്‍ ഒരു ബ്ലോഗ്ഗര്‍ പറഞ്ഞിരുന്നു, തൂലികാ നാമത്തിലെഴുതുന്ന എല്ലാവരും അനോണികളാണെന്ന്. വിഷു ആശംശ സ്വീകരിച്ചിരിക്കുന്നു. ആവണാഴിച്ചേട്ടനു ഉദാരന്‍ മാഷോടു പറഞ്ഞു നല്ലൊരു കൈനീട്ടം വാങ്ങിച്ചു തരാട്ടൊ :-)

വേണു venu said...

ചേട്ടോ വിഷു ആശംസകള്‍‍. പിന്നെ ആ വിഷുകൈനീട്ടം വാങ്ങാന്‍‍ വന്നതാ...ഇങ്ങോട്ടു തന്നേക്കൂ.... സന്തോഷം.:)

മൂര്‍ത്തി said...

വിഷു ആശംസകള്‍...
qw_er_ty

കുറുമാന്‍ said...

രാഘവേട്ടനും, കുടുംബത്തിനും, ഈയുള്ളവന്റെ വിഷു ആശംസകള്‍.... ഉദാരന്‍ മാഷിനോടും എന്റെ അന്വേഷണം പറയൂ.

ഈ അവസരം തന്നെ എല്ലാ ബൂലോകവാസികള്‍ക്കും വിഷു ആശംസകള്‍ നേരുവാന്‍ ഞാന്‍ ഉപയോഗിക്കട്ടെ.

എല്ലാ ബൂലോകര്‍ക്കൂം വിഷു ആശംസകള്‍

sandoz said...

സീനിയറിനും കുടുംബത്തിനും എന്റെ വിഷു ആശംസകള്‍.

സുന്ദരന്‍ said...

ആവനാഴിമാഷിനും ഫേമിലിക്കും...

ആഫ്രിക്കന്‍ കണിക്കൊന്നയും കണിവെള്ളരിയും...
പിന്നെ ഒരു ഇന്റര്‍നാഷണല്‍ ആശംസയും ...വിഷ് യു വിഷു

ആവനാഴി said...

പ്രിയ കുതിരവട്ടന്‍,വേണു മാഷ്,മൂര്‍ത്തി, കുറുമാന്‍,സാന്‍ഡോസ്, സുന്ദര്‍

വന്നല്ലോ. സന്തോഷായി. യാത്രയൊക്കെ സുഖമായിരുന്നല്ലോ അല്ലേ?

എല്ലാവരുടേയും വിഷു ആശംസകള്‍ക്കു നന്ദി.

ഇനി എല്ലാവരും വരിയായി നില്‍ക്കൂ. വന്നോളൂ. കൈ നീട്ടൂ.

ഇതാ വിഷുക്കൈനീട്ടം. ഓരോ സ്വര്‍ണ്ണവരാഹന്‍.

നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്ലതു വരട്ടെ.

കൈനീട്ടം കിട്ടിയവര്‍, കിട്ടിയവര്‍ ഇനി തെക്കിനിയിലേക്കു ചെല്ലൂട്ടോ.

മൂന്നു തരം പായസം, പഴം നുറുക്ക്, ഉപ്പേരി, കാളന്‍ , ഓലന്‍, എരിശ്ശേരി, സാമ്പാറ്, ഉപ്പിലിട്ടത്, പപ്പടം എല്ലാമായ് വിശേഷമായി സദ്യ ഒരുക്കിയിട്ടുണ്ട്.

ഊണു കഴിക്കൂ.

എന്നിട്ട് നമുക്ക് കുറച്ചു നേരം വെടി പറഞ്ഞിരിക്കാം, ട്ടോ .എന്താ?

സസ്നേഹം
ആവനാഴി

കുതിരവട്ടന്‍ | kuthiravattan said...

അവിയലുണ്ടാക്കാന്‍ മറന്നു പോയോ മാഷേ? പച്ചടിയും കിച്ചടിയും മറന്നു, അതു പോട്ടെ, അവിയലില്ലാതെ ഞാന്‍ ഊണു കഴിക്കില്ല, ഒരു നാലു ഗ്ലാസ് പായസം തന്നാല്‍ മതി.

ആവനാഴി said...

എന്റെ കുതിരവട്ടാ,

ഉണ്ടല്ലോ. അവിയലും, പച്ചടിയും, കിച്ചടിയും, കാളനും, ഓലനും എല്ലാമുണ്ട്.

ഉപ്പിലിട്ടതു തന്നെ എട്ടുപത്തു തരമുണ്ട്. നെല്ലിക്ക, ലാലോലിക്ക, അമ്പഴങ്ങ,മാങ്ങ, ചെറുനാരങ്ങ, കടുകപ്പുളിനാരങ്ങ, ഒടിച്ചുകുത്തിനാരങ്ങ, വള്ളിനാരങ്ങ......

ശങ്കരാ, രസം, പച്ചമോര് ഇതെല്ലാം റെഡിയല്ലേ.

എല്ലാമുണ്ടെന്നു.

ചെറുകറികള്‍ വേറേയുമുണ്ട്. ഇഞ്ചി, ഉള്ളി, പാവക്ക.. അങ്ങിനെ പോകും.

സുഭിക്ഷമായിട്ടു കഴിക്കണം കേട്ടൊ.

പിന്നെ പായസം വെറും നാലു ഗ്ലാസോ? ശിവ, ശിവ. അങ്ങിനെ നാലെന്നു ഒരു കണക്കു വക്കാനുണ്ടോ. മതി വരെ കഴിക്യാ. ഒരഞ്ചും ആറും ഒക്കെയാകാം.

എന്നെ കാണാന്‍ വരുന്നവരെ സന്തോഷമായി ഭവ്യതയോടെ സ്വീകരിക്കുക അവര്‍ക്ക് സുഭിക്ഷമായ ഭോജനം നല്‍കുക ഇതൊക്കെ എന്റ്റെ ഒരു ശീ‍ലമായിപ്പോയി.

അയ്യോ, കാഴ്ച്ചക്കുലയൊന്നും കൊണ്ടു വരേണ്ടായിരുന്നല്ലോ. ഞാനിതു മുമ്പും പറഞ്ഞിട്ടില്ലേ. എനിക്കു നിങ്ങളെയൊന്നു കണ്ടാല്‍‍ മതി. അല്ല, കാഴ്ചക്കുല കൊണ്ടുവന്നത് നിരാകരിക്കുകയല്ല, കേട്ടൊ. ഉള്ളാലെ അതൊക്കെ ഇഷ്ടമാണു താനും.

സര്‍‌വോപരി നിങ്ങളൊക്കെ ഇവിടെ വരിക,ഒന്നിച്ചൂണു കഴിക്കുക, വെടി പറഞ്ഞിരിക്കുക ഇതൊക്കെയാണു എനിക്കിഷ്ടം.

എന്താ കുതിരവട്ടന്‍, ഇതില്‍‌പ്പരം ഒരു സന്തോഷം കിട്ടാനുണ്ടോ? പറയൂ.

സസ്നേഹം

ആവനാഴി

മുസ്തഫ|musthapha said...

താങ്കള്‍ക്കും കുടുംബത്തിനും പിന്നെ എല്ലാവര്‍ക്കും സ്നേഹത്തോടെ വിഷു ആശംസകള്‍ നേരുന്നു :)

ആവനാഴി said...

പ്രിയ അഗ്രജാ,

താങ്കള്‍ക്കും കുടുംബത്തിനും ആവനാഴിയുടെ കുടുംബത്തില്‍ നിന്നു വിഷു ആശംസകള്‍. നിങ്ങളുടെ കുടുംബത്തില്‍‍ അഭിവൃദ്ധിയുടേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും കുടമുല്ലപ്പൂക്കള്‍ വിരിയട്ടെ അഗ്രജാ.

Rasheed Chalil said...

ആവനാഴി മാഷേ നന്മ നിറഞ്ഞ ഒരു വര്‍ഷം ആശംസിക്കുന്നു. വിഷു ആശംസകളോടെ...

സ്നേഹപൂര്‍വ്വം.
ഇത്തിരി.

സുല്‍ |Sul said...

വിഷു ആശംസകള്‍
-സുല്‍

ആവനാഴി said...

പ്രിയ ഇത്തിരി വെട്ടം, സുല്‍

ആദ്യമായി ദാ ഈ വിഷുക്കൈനീട്ടം വാങ്ങൂ. അഗ്രജനും വരൂ. ഓരോ സ്വര്‍ണ്ണവരാഹന്‍.

നിങ്ങള്‍ക്കെല്ലാം ആവനാഴിത്തറവാട്ടില്‍ നിന്നു ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

നിങ്ങളുടെ ജീവിതം ഐശ്വര്യസമൃദ്ധമാകട്ടെ പ്രിയ ഇത്തിരി വെട്ടം & സുല്‍.

സസ്നേഹം
ആവനാഴി

ഗ്രീഷ്മയുടെ ലോകം said...

മനഃപ്പായസവുംകൂട്ടിയുള്ള ഊണു കുശാലായി.സമൃദ്ധമായ ഊണിനും, വിഷു ആശംസകള്‍ക്കും നന്ദി. ബൂലോഗരെല്ലാവര്‍ക്കും എന്റെയും വിഷു ആ‍ശംസകള്‍.
( ഞങ്ങള്‍ വിഷുവിനു നോണ്‍ വെജ് ആണ്).

ഗ്രീഷ്മയുടെ ലോകം said...

മനഃപ്പായസവുംകൂട്ടിയുള്ള ഊണു കുശാലായി.സമൃദ്ധമായ ഊണിനും, വിഷു ആശംസകള്‍ക്കും നന്ദി. ബൂലോഗരെല്ലാവര്‍ക്കും എന്റെയും വിഷു ആ‍ശംസകള്‍.


(ഞങ്ങള്‍ വിഷുവിനു നോണ്‍ വെജ് ആണ്).

കുതിരവട്ടന്‍ | kuthiravattan said...

നാലു തരം പ്രഥമനാണു ഞാന്‍ പ്രതീക്ഷിച്ചത്, സദ്യ ഉദാരന്‍ മാസ്റ്റര്‍ സ്പോന്‍സര്‍ ചെയ്യുംബോള്‍ കുറയാനും വഴിയില്ല. ഒരെണ്ണം എവിടെപ്പോയി എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. ഇപ്പൊ കിട്ടി... മനഃപായസം... :-)

qw_er_ty

കുതിരവട്ടന്‍ | kuthiravattan said...

ബൂലോകത്തുള്ള എല്ലാവര്‍ക്കും, എല്ലാത്തരക്കാര്‍ക്കും - കാഥികന്മാര്‍, കവിത എഴുതുന്നവര്‍, ചിത്രം വരക്കുന്നവര്‍, യാത്രാവിവരണങ്ങള്‍ എഴുതുന്നവര്‍, പാചക വിദഗ്‌ധര്‍, യുദ്ധ തന്ത്ര വിശാരദന്മാര്‍, സാംസ്കാരിക നായകന്മാര്‍, ഭാഷാ നൈപുണ്യമുള്ളവര്‍, മനോഹരമായി ചീത്തവിളിക്കാന്‍ അറിയാവുന്നവര്‍, വിനയമുള്ളവര്‍, ധിക്കാരികള്‍, അഹങ്കാരികള്‍, അല്‍പന്മാര്‍, ബഹുമുഖ പ്രതിഭകള്‍, ബഹുമുഖ വ്യക്തിത്വമുള്ളവര്‍, മുഖമേ ഇല്ലാത്തവര്‍, ഉള്ളവര്‍, ഒടിയന്മാര്‍, കൂടുവിട്ടു കൂടുമാറുന്നവര്‍, മാറുന്നവരെ കണ്ടുപിടിക്കുന്ന മഹാ മാന്ത്രികര്‍,ദുര്‍മാന്ത്രികര്‍, കൂട്ടത്തില്‍ ചവിട്ടുന്നവര്‍, വാമൊഴിയായും വരമൊഴിയായും ഭാഷയെ സ്നേഹിക്കുന്നവര്‍, സേവിക്കുന്നവര്‍..... എല്ലാത്തരക്കാര്‍ക്കും എല്ലാവര്‍ക്കും എന്റെ വിഷുദിനാശംസകള്‍.... സദ്യ ആവനാഴിമാഷുടെ വകയാട്ടൊ, എന്റെ വക കോടന്‍ഭരണിയിലെ ഒരല്‍പം ഉപ്പുമാങ്ങ, ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ പറയണംട്ടൊ.

ആവനാഴിമാഷേ, മാഷിന്റെ സദ്യക്ക്‌ ഇലയുടെ മൂലക്ക്‌ ഇവനും കൂടി കിടന്നോട്ടെ.

ആവനാഴി said...

അല്ലാ, മണി വന്നല്ലോ. എന്താ വരാത്തെ എന്നു കരുതി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്യാരുന്നു. സന്തോഷായീട്ടോ.

ആദ്യം ദാ ഈ സ്വര്‍ണ്ണവരാഹനങ്ങു വാങ്ങൂ, കൈനീട്ടമായിട്ട്.

വലിയ എലക്ട്രോണീക സാധനനങ്ങളാണല്ലോ എനിക്കു സമ്മാനമായി കൊണ്ടു വന്നിരിക്കുന്നത്. ഇതൊന്നും കൊണ്ടു വരണ്ടാ എന്നു ഞാന്‍ പറഞ്ഞില്ലായിരുന്നോ? അല്ല ഞാന്‍ നിരസിക്കുന്നു എന്നല്ല കേട്ടോ. വളരെ സന്തോഷായി.

ഇനി ഊണു കഴിക്കൂ.

നോണ്‍ വെജ് അത്താഴത്തിനുണ്ട്. ഒരാഴ്ചതന്നെയെങ്കിലും എന്നോടൊപ്പം താമസിക്കൂ മണി.

കുളീ തേവാരങ്ങള്‍, ഊണു, ചതുരംഗം, വെടിപറച്ചില്‍ ഇതൊക്കെയായിട്ട് നമുക്കങ്ങു കൂടാം. ശ്ശി ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്.

വന്നാ ഉടനെയങ്ങ് പൂവ്വാ... അതൊന്നും നടക്കില്യാ.

പിന്നെ മണീ, മണിക്കും കുടുംബത്തിനും ആവനാഴിത്തറവാട്ടില്‍നിന്നു പ്രത്യേക വിഷു ആശംസകള്‍ ഉണ്ട് കേട്ടോ.

സസ്നേഹം
ആവനാഴി

ആവനാഴി said...

കുതിരവട്ടാ‍,

വിനയത്തിന്റെ ആധിക്യം കൊണ്ട് മൂന്നു എന്നു പറഞ്ഞു. മൂന്നല്ല. പരിപ്പ്, പാലട, അരി, ഏത്തപ്പഴം, സേമിയ, ... തുടങ്ങി ഒരഞ്ചെട്ടുതരം പായസങ്ങളുണ്ട്.

എല്ലാം പയ്യെ ഇരുന്നു സ്വാദായി കഴിക്കണം കേട്ടോ.

ഓ, എല്ലാവരും വരുമ്പോള്‍ എന്തു രസം, എന്തൊരു സന്തോഷം.

നന്നായി. വന്നുവല്ലോ.

പിന്നെ കുതിരവട്ടന്‍, അങ്ങ് എഴുത്തില്‍ അഗ്രഗണ്യനാണു കേട്ടോ. വളരെ ഇഷ്ടായി.

സസ്നേഹം
ആവനാഴി.

കരീം മാഷ്‌ said...
This comment has been removed by the author.
കുതിരവട്ടന്‍ | kuthiravattan said...

:-)
qw_er_ty

കരീം മാഷ്‌ said...

ആവനാഴി സാറിന്റെ വിഷുവാഘോഷ സംഘത്തില്‍ നിരുപാധികമായി ഞാനും പങ്കെടുക്കുന്നു.
സ്നേഹ സാന്ദ്രമായ വിഷുദിന കണി സന്തോഷപൂര്‍വ്വം സ്വീകരിച്ചു. തിരിച്ചു തരാന്‍ വിലപ്പെട്ട കൈനീട്ടമൊന്നുമില്ല പകരം ഒരു ഓര്‍മ്മക്കുറിപ്പു തരാം.
തുഷാരം ഓണ്‍ ലൈന്‍ വിഷു സ്പെഷ്യല്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത്.

വിഷുപ്പക്ഷി

ആവനാഴി said...

പ്രിയ കരീം മാഷെ,

വന്നല്ലോ; സന്തോഷായീട്ടോ. അങ്ങിനെ വൈകീട്ടൊന്നൂല്യാട്ടോ.

സമ്മാനം വളരെ ഇഷ്ടമായി. ഞാനത് സ്വസ്ഥമായി പൊതിയഴിച്ചു കാണും. കരീം മാഷുടേതല്ലേ; അതി വിശേഷമായിരിക്കും എന്നറിയാം.

ആദ്യമായി ദാ ഈ സ്വര്‍ണ്ണവരാഹന്‍ കൈനീട്ടമായി വാങ്ങൂ. എന്നിട്ടൂണു കഴിക്കൂ.

കേമന്മാര്‍ പലരും എത്തിയിട്ടുണ്ട്. കുതിരവട്ടന്‍,വേണു മാഷ്, മൂര്‍ത്തി, കുറുമാന്‍, സാന്‍ഡോസ്, സുന്ദരന്‍, അഗ്രജന്‍, ഇത്തിരിവെട്ടം, സുല്‍, മണി ഇവരൊക്കെ എത്തിയിട്ടുണ്ട്.

അവരൊക്കെ ഊണു കഴിഞ്ഞ് തെക്കേ മാളികയില്‍ വിശ്രമിക്കുകയാണു.

ശങ്കരാ, കരീം മാഷക്ക് മാളികയുടെ രണ്ടാം നിലയില്‍ തെക്കു കിഴക്കുഭാഗത്തുള്ള മുറി കൊടുക്കൂ. നേരത്തെ എയര്‍ കണ്ടീഷണര്‍ ഓണാക്കിയിടൂ.

മാഷേ ബാത് അറ്റാച്‌ഡ് ആണു.

എല്ലാവരോടും ഒരാഴ്ചതന്നെയെങ്കിലും ഇവിടെ താമസിച്ചിട്ടേ പോകാവൂ എന്നു ശട്ടം കെട്ടിയിട്ടുണ്ട്.

ആദ്യം ഊണു കഴിക്യാ. പിന്നെ മാഷൊന്നു വിശ്രമിക്കൂ.

വൈകുന്നേരം നമുക്കു എല്ലാവര്‍ക്കും ഒന്നു കൂടണം. സുഭദ്രാഹരണം കഥകളി ഏര്‍പ്പാടാക്കിയിട്ടുണ്ട്.

പണ്ട് മാര്‍ത്താണ്ഡ വര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് കിഴക്കമ്പലത്ത് ഒരു സ്ത്രീ ഇരട്ട പ്രസവിച്ചു. അന്നു ഇരട്ട പ്രസവം വളരെ വളരെ വിരളമായ ഒരു സംഭവമാണേ. ഇതറിഞ്ഞ് രാജാവ് രണ്ടു പൊന്നാട കൊടുത്തയക്യയുണ്ടായി ആ ഇരട്ട സന്താനങ്ങള്‍ക്ക്. ആളുകളാണെങ്കില്‍ കിഴക്കന്‍ മലകളില്‍ നിന്നു പോലും ചക്ക, മാങ്ങ, തേങ്ങ, കാച്ചില്‍, ചേമ്പ് ഇവയൊക്കെ തലച്ചുമടായി ചുമന്നാണു ആ കുഞ്ഞുങ്ങളെ കാണാന്‍ എത്തിയത്. കാഴ്ചവസ്തുക്കള്‍ കൊണ്ടു വന്നില്ലെങ്കില്‍ കൊച്ചുങ്ങളെ കാണിച്ചു കൊടുത്തില്ലെങ്കിലോ എന്ന ഭയമായിരുന്നു അവര്‍ക്ക്.

ഇതിപ്പോള്‍ പറയാന്‍ കാരണം എന്നെ കാണാന്‍ വന്ന എല്ലാവരും ഓരോരോ കാഴ്ചവസ്തുക്കളുമായിട്ടാണു വന്നത്. ഞാനാണെങ്കില്‍ പല തവണ പറഞ്ഞിട്ടുള്ളതാണു കാഴ്ചദ്രവ്യങ്ങളൊന്നും കൊണ്ടു വരേണ്ട, എനിക്കു നിങ്ങള്‍ വരുന്നതിലും നിങ്ങളോടൊപ്പം കുറെ ദിവസങ്ങളെങ്കിലും ചിലവഴിക്കുന്നതിലും ഉപരിയായി ഒരു സന്തോഷമില്ലെന്നു.

എന്നിട്ടും എല്ലാവരും കാഴ്ചദ്രവ്യങ്ങളുമായിട്ടാണു വരവു. കുതിരവട്ടനാണെങ്കില്‍ ഒരു വലിയ കോടന്‍ ഭരണി നിറച്ച് ഉപ്പുമാങ്ങയുമായുമായിട്ടാണു വന്നത്. എനിക്കു ഉപ്പു മാങ്ങ കാന്താരിമുളകും കൂടി അരച്ച ചമ്മന്തി വളരെ ഇഷ്ടമാണെന്നു കുതിരവട്ടത്തിനറിയാം.

മാഷേ സന്തോഷായീട്ടൊ.

പിന്നെ സാഹിത്യ സദസ്സ്, അക്ഷരശ്ലോകം ഇങ്ങിനെ പല വിദ്യകളിലും ഏര്‍പ്പെടണം നമുക്ക്.

ശങ്കരാ, മാഷെ തെക്കിനിയിലേക്കു കൊണ്ടു പോകൂ.

സസ്നേഹം

ആവനാഴി.

കുതിരവട്ടന്‍ | kuthiravattan said...

മാഷേ, എന്റെ കാണിക്ക സ്വീകരിച്ച സ്ഥിതിക്ക് വൈദ്യം പഠിക്കാന്‍ വന്ന മണ്ടന് ഗുരു ഉപദേശിച്ചു കൊടുത്ത പോലത്തെ ഏതെങ്കിലും മൂലമന്ത്രം ഉപദേശിച്ചു തന്നോളൂ. ഞാനുമാകട്ടേ ഒരു ഹാസ്യ സമ്രാട്ട്.
ഉപ്പു മാങ്ങക്കെന്താണാവൊ സംസ്കൃതം!!!
qw_er_ty

ആവനാഴി said...

പ്രിയ കുതിരവട്ടാ,

ചൂതപത്രേണയോ നിത്യം
ദന്തധാവനമാചരേല്‍
തസ്യതിഷ്ഠതി ജിഹ്വാഗ്രേ
സുപ്രസന്നാ സരസ്വതി.

എന്നൊരു ശ്ലോകമുണ്ട്.

ഇതിന്റെ അര്‍ഥം
“മാവിന്റെ ഇലകൊണ്ട് പല്ലുതേക്കുന്ന ആരോ അയാളുടെ നാവില്‍ പ്രസന്നവദനയായ സരസ്വതീ ദേവി വിളയാടുന്നു” എന്നാണു.

അപ്പോള്‍‍ ഉപ്പുമാങ്ങക്കു ലവണ ചൂത ഫലം എന്നു പറയാം. :)

അപ്പോള്‍ കഥകളി കാണാന്‍ തയ്യാറായി എന്താ? കേളികൊട്ടു തുടങ്ങി.

സസ്നേഹം
ആവനാഴി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആവനാഴിജീ,
സദ്യയൊക്കെ പൊടി പൊടിച്ചു. പക്ഷെ ആ പ്രഥമനില്‍ ഞെരുടാന്‍ ഒരു പഴം കൂടിയുണ്ടായിരുന്നെങ്കില്‍ ഒന്നു കൂടി നന്നായേനേ. കൈനീട്ടം ബോധിച്ചു
സന്തോഷം

ആവനാഴി said...

പ്രിയ ഇന്‍ഡ്യാ ഹെറിറ്റേജേ,

വന്നതില്‍ വളരെ സന്തോഷമായി.
വിഭവങ്ങളുടെ ബഹുലതയും വിനയത്തിന്റെ ആധിക്യവും രണ്ടും കൂടി ആയപ്പോള്‍ പഴം എടുത്തു പറഞ്ഞില്ലാ എന്നേ ഉള്ളു.

പലതരത്തിലുള്ള പഴങ്ങളുണ്ടല്ലോ. കനിയെപ്പഴുത്ത പഴം( കാളിപ്പഴം ഒഴിച്ച്. കാളീയാവുമ്പോള്‍ കനിയെപ്പഴുത്താല്‍ നന്നല്ല എന്നുണ്ട്. മിതമായ പഴുപ്പേ ആയിട്ടുള്ളൂ കാളിക്ക്.) പലതരം. പാളേങ്കോടന്‍ മുതല്‍, ചൂണ്ടില്ലാക്കണ്ണന്‍ വരെ...., കണ്ണന്‍ മുതല്‍ ചെങ്കദളി വരെ.

സസ്നേഹം
ആവനാഴി.

കുതിരവട്ടന്‍ | kuthiravattan said...

പഴത്തെപ്പറ്റി പറഞ്ഞപ്പോഴാ ഓര്‍ത്തേ. കല്ലന്‍ കദളി എന്ന പേരിലൊരു വാഴയുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതിന്റെ ഒരു പഴം തിന്നാന്‍ യോഗമുണ്ടായിട്ടില്ല. ഈ വാഴ ഇപ്പോഴും കേരളത്തിലുണ്ടൊ? ഞാന്‍ പണ്ട് അന്വേഷിച്ചിരുന്നു കിട്ടിയില്ല. ആവനാഴി മാഷക്കും പണിക്കര്‍ സാറിനും അറിയാമായിരിക്കും ഈ വാഴയെക്കുറിച്ച്. അതിന്റെ പ്രത്യേകതകളെക്കുറിച്ചും.

ആവനാഴി said...

കുതിരവട്ടാ

ജോലിത്തിരക്കുമൂലമാണു മറുപടി എഴുതാന്‍ വൈകിയത്.

ഞാനും കേട്ടിട്ടുണ്ട് കല്ലന്‍ കദളിയെക്കുറിച്ച്. കണ്ടിട്ടില്ല.

അതിന്റെ പഴത്തില്‍ നിറയെ കല്ലുകള്‍ (കല്ലുകള്‍ പോലെ കടിച്ചാലേല്‍ക്കാത്ത എന്നു സാരം) ഉണ്ട് എന്നും അതുകൊണ്ട് ആ പഴം തിന്നാന്‍ കഴിയില്ലെന്നുമാണു പറഞ്ഞു കേട്ടിട്ടുള്ളത്.

ജന്തുവര്‍ഗ്ഗത്തില്‍ ഇതിനു സമാനമായത് മണല്‍ത്തിരണ്ടിയാണു. അതിനെ ഞാന്‍ കണ്ടിട്ടുണ്ട്. കഴിച്ചിട്ടുമുണ്ട്. അതിന്റെ പുറത്തുള്ള തൊലിയില്‍ ധാരാളം മണല്‍ത്തരികള്‍ ( മണല്‍ പോലെ കടീച്ചാലേല്‍ക്കാത്ത ഭാഗങ്ങള്‍ എന്നു സാരം) ഉള്ളതുകൊണ്ട് അതിനെ തൊലി ഉരിച്ചതിനു ശേഷം മാത്രമേ കറി വക്കാറുള്ളു.

കല്ലന്‍ കദളിയെക്കുറിച്ച് പണിക്കര്‍ സാറിനറിയാമെങ്കില്‍ അദ്ദേഹമത് രേഖപ്പെടുത്തുമെന്നു കരുതുന്നു.

അതിനെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന വായനക്കാരുടെ പ്രതികരണം ക്ഷണിച്ചുകൊള്ളുന്നു.

സസ്നേഹം
ആവനാഴി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പൂജക്കുപയോഗിക്കുന്ന സാധാരണ കദളി, തേന്‌കദളി(പടറ്റി) ഈ രണ്ടിനമേ ഞാന്‍ കേട്ടിട്ടും കണ്ടിട്ടും ഉള്ളു.
മറ്റാര്‍ക്കെങ്കിലും അറിയാമെങ്കില്‍ എഴുതുമെന്നു കരുതട്ടെ.

പിന്നെ ചില പഴങ്ങള്‍ക്കകത്ത്‌ അതിന്റെ കുരുക്കള്‍ കല്ലു പോലെ കണ്ടിട്ടുണ്ട്‌

ആഷ | Asha said...

കല്ലന്‍ കദളി സാധാരണ വനത്തിലാണ് കാണപ്പെടുന്നതെന്നു കേട്ടിട്ടുണ്ട്. വനത്തിലെ ആനകളുടെ ആഹാരങ്ങളില്‍ ഒന്ന്.

കുതിരവട്ടന്‍ | kuthiravattan said...

ഈ വാഴയുടെ കുരുവില്‍ നിന്നാണു പുതിയ വാഴ ഉണ്ടാവുന്നത് എന്നാണു കേട്ടിരിക്കുന്നത്. നാട്ടിലും ഉണ്ടായിരുന്ന വാഴയായിരുന്നു ഇത്, ഒരു തലമുറക്കു മുമ്പ്. കാട്ടിലെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.

ഗ്രീഷ്മയുടെ ലോകം said...

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പു എന്റെ വീട്ടിലും ഒരു കല്ലു വാഴ ഉണ്ടായി.
എന്റ്റെ ഭാര്യയുടെ വീട്ടുപറമ്പില്‍ നിറയെ പലതാരത്തിലുമുള്ള വാഴകള്‍: പാളയം തോടന്‍, ചാരക്കാളി(കര്‍പ്പൂരവള്ളി എന്നും പറയും), കണ്ണന്‍, ഞാലിപ്പൂവന്‍, തുടങ്ങിയവ. അവിടെക്കുള്ള അസുലഭ സന്ദര്‍ശക വേളകളില്‍, വാഴകള്‍ക്കിടയിലൂടെ കായ്കളുടെ മുഴുപ്പു നോക്കിയും, വീടര്‍ന്ന വാഴകൂമ്പില്‍( കുടപ്പന്‍ എന്നു തദ്ദേശീയ നാമം) തേന്‍ കുടിക്കാനെത്തുന്ന ചെറിയ തേങ്കുരുവികളെയും, ചിത്ര ശലഭങ്ങളെയും മറ്റും നിരീക്ഷിച്ചിരിക്കെ ഒരു ബോധോദയം ഉണ്ടായി: എന്റെ സ്വന്തം വീട്ടിലും ഒരു വാഴ എന്തുകൊണ്ട് നട്ട് വളര്‍ത്തിക്കൂടാ?

ഭാര്യാ മാതാവു തന്ന രണ്ട് കണ്ണന്‍ വാഴത്തൈകളും ഞാന്‍ എന്റെ വീട്ടില്‍ തടമെടുത്ത് നട്ടു, നനച്ചു, താലോലിച്ചു വളര്‍ത്തി.വാഴകളില്‍ ഒരെണ്ണം അകാല മൃത്യു ആയെങ്കിലും, മറ്റെ വാഴയുടെ വളര്‍ച്ച ഞ്ഞങ്ങളെ അന്ധാളിപ്പിച്ചു; വാഴ കുലക്കുന്ന സമയത്ത് ഒരു മൂന്നാള്‍ പൊക്കവും, വാഴ ഇലകള്‍ക്ക് സാധാരണ ഏത്ത വാഴയിലയുടെ ഇരട്ടി വലുപ്പവും! കുല മൂപ്പെത്തിയപ്പോള്‍ കായ്കളുടെ വലുപ്പവും, എണ്ണവും കാഴ്ച്ചക്കാരെ അത്ഭുതപ്പെടൂത്തി. മൂപ്പെത്തിയപ്പോള്‍ കുല വെട്ടി പഴുക്കാന്‍ ചാക്കില്‍ കെട്ടിവച്ചു.
പഴങ്ങള്‍ തിന്നാന്‍ ശ്രമിച്ചപ്പോഴാണു മനസ്സിലായത്, ഉള്ളില്‍ നിറയെ കല്ലുപോലുള്ള കുരുക്കള്‍ ഉള്ള വിവരം.വളരെ നേര്‍ത്ത ഒരു പാട പോലെ മാസളമായ ഭാഗത്തിന്നുള്ളില്‍ അടുക്കി വച്ച പോലെ കുരുക്കള്‍. മാംസളമായ ഭാഗത്തിനു നല്ല രുചിയും ഉണ്ട്. വീട്ടില്‍ വരുന്ന സുഹൃത്തുക്കളെ ഞ്ഞങ്ങള്‍ ഈ പഴം കൊടുത്ത് പറ്റിക്കുമായിരുന്നു. പഴത്തില്‍ “കല്ലു കടിക്കുമ്പോള്‍“ അവരുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന വിവിധ ഭാവങ്ങള്‍ ‍കാണാന്‍ നല്ല രസമായിരുന്നു.
വാഴക്കുരു നട്ടാല്‍ ചെറിയ പുല്‍നാമ്പ് പോലെ വാഴ ത്തൈ മുളക്കുമായിരുന്നു.
ആ‍ വാഴയില്‍ നിന്നും ഉണ്ടായ (വാഴകന്നുകളില്‍ നിന്നു മുണ്ടായ, കുരു‍വില്‍ നിന്നുമല്ല) മൂന്ന് തലമുറയ്ക്ക് ശേഷം കായകള്‍ക് കല്ലു കുരു‍ക്കള്‍ കാണാതായി, പകരം സാധാരണ വാഴയായി മാറി.

കുതിരവട്ടന്‍ | kuthiravattan said...

അപ്പോള്‍ ഇവന്റെ വംശനാശം സംഭവിച്ചിട്ടില്ല എന്നു വിശ്വസിക്കാം. ഇനി ഇവനെ കണ്ടാല്‍ കുരു നട്ടു മുളപ്പിക്കാന്‍ പറയണം. ഇപ്പൊ മണിയുടെ വിവരണം കൂടി വായിച്ചപ്പോള്‍ ഇതിനു വംശനാശം സംഭവിക്കരുതെന്ന ആഗ്രഹം കൂടി.

 

hit counter
Buy.com Coupon Code