Tuesday, January 9, 2007

ജസ്റ്റ് വെജിറ്റബിള്‍

ജസ്റ്റ്‌ വെജിറ്റബിള്‍ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ഉത്തരാര്‍ദ്ധം. അന്ന് ഞാന്‍ ടാന്‍സാനിയായില്‍ ജോലി നോക്കുകയായിരുന്നു. തലസ്ഥാനമായ ദാര്‍ എസ്‌ സലാമില്‍നിന്നു ഏതാണ്ടു അഞ്ഞൂറു കിലോമീറ്റര്‍ തെക്കുമാറി സ്ഥിതി ചെയ്യുന്ന ഇറിംഗ. അവിടെയായിരുന്നു പോസ്റ്റിംഗ്‌. രാത്രി ഒമ്പതു മണിക്ക്‌ ബസ്സു കയറിയാല്‍ പിറ്റേന്നു രാവിലെ അവിടെയെത്തും.ഹെയര്‍പിന്‍ വളവുകള്‍ കയറി മലമുകളിലെത്തിയാല്‍ ഒരു ചെറിയ ടൗണ്‍. ബാങ്ക്‌, പോസ്റ്റ്‌ ഓഫീസ്‌, സിനിമാക്കോട്ടകള്‍, മാര്‍ക്കറ്റ്‌,പലചരക്കു കടകള്‍ ഇവയൊക്കെ ഉള്ള ഒരു ടൗണായിരുന്നു അത്‌. ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയായി ഒരു മലയുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന കോളേജിലായിരുന്നു അദ്ധ്യാപനം. കാമ്പസ്സില്‍ തന്നെ ധാരാളം വീടുകളുണ്ട്‌. അതിലൊന്നിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്‌.അന്നൊരു ഞായറാഴ്ചയായിരുന്നു. രാവിലെ ഉണര്‍ന്ന് പതിവു പോലെ ഒരു കാപ്പി ഉണ്ടാക്കി . ആകാശക്കോണില്‍ ഒരു തേങ്ങാപ്പൂളു കിടക്കുന്നത്‌ നേരിയ മൂടല്‍മഞ്ഞിലും അവ്യക്തമായി കാണാമായിരുന്നു.ഒരു കവിളിറക്കി. നല്ല ചൂട്‌.എന്തോ ബ്രേക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ തോന്നിയില്ല.ലഞ്ച്‌ കുറെ കേമമാക്കാം.ഉച്ചക്കെന്തുണ്ടാക്കണമെന്നായി ചിന്ത. ഭക്ഷണകാര്യത്തെക്കുറിച്ച്‌ വളരെ മുന്‍ കൂട്ടി ചിന്തിക്കുക എന്ന സ്വഭാവം പണ്ടേ കിട്ടിയിട്ടുള്ളതാണു.ഇപ്പോഴും അതിനൊരു മാറ്റം സംഭവിച്ചിട്ടില്ല. കേരളത്തിലായിരുന്നപ്പോള്‍ കല്യാണം ചോറൂണു തുടങ്ങിയ അടിയന്തിരാവശ്യങ്ങള്‍ക്കു പോകാന്‍ വലിയ ഉത്സാഹമായിരുന്നു. ഇപ്പോഴും അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ഒരു അടിയന്തിരം ഒത്തു കിട്ടണമേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്‌. പാചകം നടക്കുന്നിടത്തായിരിക്കും അധികസമയവും ചിലവഴിക്കുക. അച്ചിങ്ങയുടെ ഞെട്ടുകളയുക, കുമ്പളങ്ങ തൊണ്ടു ചെത്തുക, കറിക്കരിയുക, നാളികേരം ചിരണ്ടുക എന്നിങ്ങനെ പാചകാനുബന്ധികളായ പ്രവൃത്തികളിലായിരുന്നു പ്രത്യേക ഔല്‍സുക്യം. അതുകൊണ്ടുതന്നെ താലികെട്ട്‌, ചോറൂണു തുടങ്ങിയ ചടങ്ങുകള്‍ കണ്ടിട്ടുള്ള സന്ദര്‍ഭങ്ങള്‍ തുലോം വിരളമാണെന്നു തന്നെ പറയാം.അന്നുച്ചക്ക്‌ കോഴിയിറച്ചി ഉലര്‍ത്തിയാലോ എന്നു ചിന്തിച്ചു. നല്ല വിളഞ്ഞ തേങ്ങാക്കൊത്തിട്ട്‌ മല്ലി, മുളക്‌, കറുകാപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം ഇവകള്‍ വറുത്തുപൊടിച്ചതും മഞ്ഞപ്പൊടിയും ഉപ്പും കറിവേപ്പിലയും ഇഞ്ചി,വെളുത്തുള്ളി, ചുവന്നുള്ളി ഇവകളും ചേര്‍ത്തിളക്കിയ ഇറച്ചി ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിച്ച്‌ കടുകു വറുത്തതില്‍ കുടഞ്ഞിട്ട്‌ ചട്ടുകം കൊണ്ട്‌ ഇളക്കി വാഴയില കൊണ്ടു മൂടി അതിനു മീതെ ഒരു കിണ്ണം കമഴ്ത്തി വച്ച്‌ വേവിക്കണം. അതങ്ങിനെ കിടന്നു വേവട്ടെ. അപ്പോള്‍ ഒരു തണുത്ത ബിയര്‍ പൊട്ടിച്ച്‌ സേവിക്കാം. ചീനച്ചട്ടിക്കു സമീപം ചുറ്റിപ്പറ്റിനിന്നുകൊണ്ടു വേണം അതു ചെയ്യാന്‍. അതുകൊണ്ട്‌ രണ്ടാണു ഗുണം.ഒന്നാമതായി ഇറച്ചി വെന്തുവരുമ്പോഴുള്ള ആ മണം പിടിച്ചെടുക്കാം. ആവിയില്‍ വാടിയ വാഴയിലയുടെ സുഗന്ധവുമായി കലര്‍ന്നു കുമുകുമായെത്തുന്ന ആ മണം നാസാരന്ദ്ധ്രത്തിലാവാഹിച്ചെടുക്കുമ്പോള്‍ ബിയറുകുടി ദിവ്യവും ഓര്‍ഗാസ്മികവുമായ ഒരനുഭൂതിയായിത്തീരുന്നു. രണ്ടാമതായി പതുക്കെ ഇല പൊക്കി ഓരോ കഷണങ്ങളെടുത്ത്‌ വെന്തോ എന്നു രുചി നോക്കുകയുമാവാം.വെന്തു കഴിഞ്ഞാല്‍ കുറച്ചുലുവാപ്പൊടി തൂകി ഓട്ടുചട്ടകം കൊണ്ട്‌ രണ്ടിളക്കിളക്കി വാങ്ങാം. ഇങ്ങിനെ മധുരോന്മത്തങ്ങളായ ചിന്തകളില്‍ വ്യാപരിക്കുമ്പോഴാണു മുട്ടുകേട്ടത്‌. നോക്കിയപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു ടാന്‍സാനിയക്കാരനായ എന്റെ സഹപ്രവര്‍ത്തകന്‍. എന്താ ഇറച്ചി വാങ്ങാന്‍ പോരുന്നോ?അപ്പോഴാണു അടുത്ത ഗ്രാമത്തില്‍ എല്ലാ ഞായറാഴ്ചകളിലും പശുവിനെ വെട്ടുന്നുണ്ട്‌ എന്ന കാര്യം ഓര്‍മ്മ വന്നത്‌. സത്യം പറഞ്ഞാല്‍ പശുവിറച്ചി തേങ്ങാക്കൊത്തിട്ടുലര്‍ത്തിയാല്‍ കുക്കുടത്തിനെ വെട്ടും. മച്ചിയെങ്കില്‍ നന്ന്.തുണീം കോണോം മാറി പുറത്തിറങ്ങി. രണ്ടു ചവിട്ടാ ചവിട്ടിയപ്പോള്‍ അലറിയത്‌ ഹോണ്ടയായിരുന്നു .എന്നാ പൂവാല്ലേ?പുറകിലിരുന്ന് ചുരുളകേശി വഴികാട്ടിയിരുന്നതിനാല്‍ മാര്‍ഗ്ഗഭ്രംശം സംഭവിച്ചില്ല.പാതക്കിരുവശങ്ങളിലും തകരമേഞ്ഞ വീടുകള്‍. ആണുങ്ങള്‍ മുറ്റത്തിരുന്ന് പകിട കളിക്കുന്നു. വീടുകള്‍ക്കു ചുറ്റും നിബിഡമായി വളര്‍ന്നു നില്‍ക്കുന്ന ചോളച്ചെടികള്‍. അവയില്‍ പടര്‍ന്നു കയറിയ ബീന്‍സു വള്ളികളില്‍ നിറയെ പൂവും കായും. ഗ്രാമപാതയിലെത്തിയപ്പോള്‍ ജനവാസം നന്നെ കുറവ്‌. അങ്ങിങ്ങായി ഏതാനും കുടിലുകള്‍ മാത്രം. ഒരര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു കുടിലിനു മുന്നിലെത്തി. മുറ്റത്തെ മാവിന്‍ കൊമ്പത്ത്‌ ഒരു പശുവിനെ കൊന്ന് തൊലിയുരിച്ചു കെട്ടിത്തൂക്കിയിരിക്കുന്നു. വില്‍പ്പന തുടങ്ങാന്‍ പോകുന്നേയുള്ളു.അവിടെ കൂടിയിരുന്നവര്‍ എന്തോ ചവച്ചു തിന്നുന്നു. ചെന്ന പാടേ എന്റെ സുഹൃത്ത്‌ എന്നെ അവര്‍ക്കു പരിചയപ്പെടുത്തി. അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും കഴിഞ്ഞപാടെ അതിലൊരാള്‍ പലകയില്‍ വച്ചിരുന്ന എന്തോ ഒരു സാധനം മുറിച്ചു ഓരോ കഷണം ഞങ്ങള്‍ക്കു വച്ചു നീട്ടി. മൃതധേനുവിന്റെ ഒരു ഭാഗമാണതെന്നു മനസ്സിലായി. എന്റെ സുഹൃത്ത്‌ അതു വായിലിട്ടു സ്വാദോടെ ചവച്ചരക്കാന്‍ തുടങ്ങി, എന്നിട്ടെന്നോടു പറഞ്ഞു; ജസ്റ്റ്‌ വെജിറ്റബിള്‍. തിന്നോ.പശുവിന്റെ പണ്ടമായിരുന്നു അത്‌. ചാണകം നിറഞ്ഞിരിക്കകൊണ്ട്‌ പച്ച നിറവും കൂടാതെ പുല്ലുകള്‍ പോലെ വളര്‍ന്നു നില്‍ക്കുന്ന ഭാഗങ്ങള്‍ ഉള്ളതുകൊണ്ടു സസ്യാല്‍മകതയും നിറഞ്ഞുനില്‍ക്കുന്ന അതിനെ വെജിറ്റബിളിന്റെ വിഭാഗത്തിലാണവര്‍ പെടുത്തിയിരിക്കുന്നത്‌. വേവിക്കേണ്ട ആവശ്യമില്ല.ആതിത്ഥ്യമര്യാദയോടെ തന്നത്‌ നിരാകരിക്കുന്നത്‌ ശരിയല്ലല്ലോ.ഞാന്‍ പറഞ്ഞു: ഇത്‌ ബിയറിന്റെ കൂടെ വീട്ടില്‍ കൊണ്ടു പോയി കഴിച്ചാല്‍ ഉഗ്രനായിരിക്കും. ഒരു പത്രക്കടലാസിന്റെ കഷണം വാങ്ങി അതില്‍ പൊതിഞ്ഞു സഞ്ചിയില്‍ നിക്ഷേപിച്ചു.

12 comments:

Achoos said...

എന്തു രസം, ലോകതിന്റെ വിവിധ സ്തലങളിലുള്ള ഇത്തരം വിവരണം കേള്‍ക്കാന്‍. നന്നായി എഴുതി.

സുല്‍ |Sul said...

"ജസ്റ്റ് വെജിറ്റബിള്‍" കൊള്ളാം.

:)
സുല്‍

Rasheed Chalil said...

:)

സ്വാഗതം ... സുസ്വാഗതം.

കുറുമാന്‍ said...

മാഷെ, കടലാസില്‍ പൊതിഞ്ഞു കൊണ്ടു വീട്ടില്‍ പോയി കളയാതെ, ബിയറിന്റെ കൂടെ ജസ്റ്റ് വെജിറ്റബിള്‍ (പശു പണ്ടം പൊരി : റെസീപ്പി അയക്കാന്‍ മറക്കണ്ട, ദില്‍ബുവിനു ഭയങ്കര ഇഷ്ടമാ, ഈ പഴം പൊരി, പണ്ടം പൊരി തുടങ്ങിയ പൊരിച്ചതെന്തും) കഴിക്കാന്‍ മറക്കരുതേ.

അടുത്തത് വേഗമാകട്ടെ

sandoz said...

'തുണീം കോണോം മാറി പുറത്തിറങ്ങി.രണ്ടു ചവ്ട്ടാ ചവ്ട്ടി.അലറിയത്‌ ഹോണ്ട ആയിരുന്നു'. പ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു.
കള്ളിന്റെ ഒപ്പം പശൂം പണ്ടം ബെസ്റ്റല്ലേ.വച്ച്‌ കീറിക്കോ മാഷേ.

Mubarak Merchant said...

ഓരോരോ നാട്ടിലെ ഓരോ രീതികളേ!
മലയാളിക്കിച്ചിരി വൃത്തി കൂടുതലായതുകൊണ്ട് ഇതിനെ കഴുകി വൃത്തിയാക്കി മസാലയൊക്കെ ചേര്‍ത്തുലര്‍ത്തി ‘ബോട്ടീ’ന്ന് പേരുമിട്ടാല്‍ തട്ടുകടയിലെ ഇഷ്ട വിഭവമായി.

വേണു venu said...

മാഷേ, ഒരു പഴഞ്ചൊല്ലേ..ഉണ്ണിയെ കാണുമ്പോള്‍..എന്നൊ മറ്റോ.തുടക്കം വായിച്ചപ്പോഴേ മനസ്സിലായി,അനുഭവങ്ങളുടെ ആവനാഴിയിലെ , ശൂ , പോലൊരു കുഞ്ഞനസ്ത്രമാണിതെന്നു്. പോരട്ടെ ഇനിയും. പാശുപതാസ്ത്രങ്ങള്‍ കാത്തു ഞങ്ങളിരിക്കുന്നു. നന്നായെഴുതി അനുഭവം.
ഓ.ടോ.
കോഴിയിറച്ചി ഉലര്‍ത്തിയതിന്‍റെ റസിപ്പി ഒന്നു കിട്ടിയാല്‍ നന്നായിരുന്നു.

ഉത്സവം : Ulsavam said...

കൊള്ളാം ഇതു ഗാണ്ഡീവം തന്നെ...
ഇങ്ങനെ ഒരോ അലക്കുകള്‍ പോരട്ടെ. ആ ബിയറടി+പാചക വറ്ണ്ണന കേമായി.
ന്നാലും അതൊന്ന് കഴിച്ച് നോക്കായിരുന്നു, ഞാന്‍ ഇവിടെ പച്ചമീനിനെ തിന്നു നല്ല സ്വാദാ!:-)

Siju | സിജു said...

ജസ്റ്റ് ഇന്‍‌ട്രസ്റ്റിംഗ്
ജസ്റ്റൊന്നുമല്ല, നല്ല ഉഗ്രനായി ഇന്‍‌ട്രസ്റ്റിംഗാ..

ഒരു ജൂനിയര്‍ ആല്‍ബര്‍ട്സ്

ആവനാഴി said...

ബൂലോക സുഹൃത്തുക്കളെ,

കമന്റുകള്‍ക്കു നന്ദി. അടുത്തു തന്നെ വേറൊന്ന് പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം.

സ്നേഹപൂര്‍വം,
ആവനാഴി

ആവനാഴി said...

ഹേ കൃഷ്ണാ,
ഈ യുദ്ധത്തിനൊരറുതിയുമില്ലേ. ഞാന്‍ അധീരനാകുന്നുവല്ലോ ഭഗവന്‍. അങ്ങയുടെ ഗീതോപദേശമാണു എനിക്കു വീണ്ടും ധൈര്യമേകുന്നത്. എല്ലാം അവിടത്തെ ഇംഗിതമാണു മഹാപ്രഭോ. രണ്ടും കല്പിച്ച് ഞാനിതാ എന്റെ രണ്ടാമസ്ത്രം വിക്ഷേപിക്കുന്നു......

സുധി അറയ്ക്കൽ said...

ആാഹ.നല്ല സുഖം വായിക്കാാാാാൻ.!!!!!

 

hit counter
Buy.com Coupon Code