Sunday, February 4, 2007

ആരാധനാലയങ്ങളും ഉച്ചഭാഷിണികളും

2007 ഫെബ്രുവരി 4 ലെ മലയാളമനോരമ പത്രത്തില്‍ വന്ന വാര്‍ത്തയാണു ഈ ലേഖനത്തിനാധാരം. ഈ വാര്‍ത്ത മറ്റെല്ലാ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു കാണും.

വാര്‍ത്ത ഇതാണു: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നാനൂറോളം ക്ഷേത്രങ്ങളില്‍ രാത്രി സമയത്തെ വാദ്യങ്ങളും വെടിക്കെട്ടും ബോര്‍ഡ് നിരോധിച്ചു........... ശബ്ദമലിനീകരണനിയമം പാലിക്കണമെന്ന സുപ്രീംകോടതി വിധി പാലിക്കാന്‍ വേണ്ടിയാണു ബോര്‍ഡ് പ്രത്യേകമായി നിരോധന ഉത്തരവിറക്കിയത്.

വളരെ സ്വാഗതാര്‍ഹമായ ഒരു ഉത്തരവാണതെന്നാണു എന്റെ അഭിപ്രായം. എന്നാല്‍ അത് പ്രത്യേക ഒരു മത വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ക്കു മാത്രം ബാധകമാക്കാതെ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളെ ബാധിക്കുന്ന ഒരു ഉത്തരവായി അതു വിപുലീകരിക്കണം. ആരാധനാലയങ്ങള്‍ തന്നെയല്ല ശബ്ദശല്യമുണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാക്കേണ്ടതാണു. നിയമം നിര്‍മ്മിച്ചതുകൊണ്ടു മാത്രമാ‍യില്ല. അതു കര്‍ശനമായി നടപ്പാക്കപ്പെടുകയും വേണം.

ഇന്നു ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും മത്സരിച്ച് ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയും അവയിലൂ‍ടെ ഭക്തിഗാനങ്ങളും ബാങ്കുവിളികളും അത്യുച്ചത്തില്‍ വിക്ഷേപിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണു നാം കേരളത്തില്‍ കാണുന്നത്.

ആരാധനാലയങ്ങള്‍ ശാന്തിയും സമാധാനവും ഏകാഗ്രതയും പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളാകണം. ഉച്ചഭാഷിണികളിലൂടെയുള്ള ഈ ശബ്ദഘോഷണം ശാന്തിക്കും സമാധാനത്തിനും ഏകാഗ്രതക്കും പ്രതിലോമകരമായി വര്‍ത്തിക്കുന്നു.

എന്റെ അനുഭവത്തില്‍ ക്ഷേത്രങ്ങളില്‍ പൊതുവെ മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൌകര്യങ്ങള്‍ കണ്ടിട്ടില്ല. സൌണ്ട് സിസ്റ്റങ്ങള്‍ക്കു ചിലവാക്കുന്ന തുക ആരാധനാലയങ്ങളോടനുബന്ധിച്ച് നല്ല നല്ല ശൌചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വിനിയോഗിക്കപ്പെടട്ടെ.

ഉച്ചഭാഷിണികള്‍ തച്ചുടക്കപ്പെടട്ടെ.

12 comments:

ആവനാഴി said...

2007 ഫെബ്രുവരി 4 ല്‍ പത്രങ്ങളീല്‍ വന്ന വാര്‍ത്തയാണു ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളെക്കുറിച്ച് ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ബയാന്‍ said...

എന്റെ വീടിനടുത്തു തന്നെ ഒരു ക്ഷേത്രമുണ്ടു, ചെറുപ്പത്തിലേ ചെണ്ട കൊട്ടു കേട്ടതുകൊണ്ടോ എന്തോ ചെണ്ടയോടു ഒത്തിരി ഇഷ്ടമാണു, ഞാനും അല്‍പമൊക്കെ നന്നായി ചെണ്ടയുടെ താളം പിടിക്കും, ഈ പ്രാവശ്യത്തെ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിനു പോയപ്പോള്‍ ഒരു വല്യ ചെണ്ട വാങ്ങി, solomon island നിവാസികളുടെ മുളയും ചെണ്ടയും കൊണ്ടുള്ള സ്റ്റേജ്‌ ഷോ കണ്ടതില്‍ മകനും തുടങ്ങി ചെണ്ടവാദ്യം.
ക്ഷേത്രത്തില്‍ നിന്നുചെണ്ടയുടെ താളം ഉച്ചയ്ക്കുശേഷമുള്ള ഇളം തെന്നലിനോടു കവിതപാടി വരുന്ന ആ ഓര്‍മ്മകള്‍ ഇനി കാണില്ല, കഴിഞ്ഞ തവണ നാട്ടില്‍ പോക്കു കര്‍ക്കിടകത്തിലായിരുന്നു, ക്ഷേത്രത്തില്‍ കര്‍ക്കിടത്തിലെ മാരിതെയ്യം ഞങ്ങള്‍ക്കൊരാഘോഷമാണു,തെയ്യം കടലില്‍ ചാടുന്നതിനു മുന്‍പു നാടു മുഴുവന്‍ ഓടിനടക്കും, കുരുത്തോലയണിഞ്ഞ 8-10 തെയ്യക്കോളങ്ങള്‍, കൂട്ടിനു, ദാഹമോ വിശപ്പോ അറിയാതെ ഞങ്ങളുടെ അകമ്പടിയും,തെയ്യവും, ഉത്സവത്തിനുമുന്‍പു ദിവസങ്ങളോളം ചെണ്ടയുടെ താളം കേള്‍കാമെന്നുള്ള കൊതിയൊമൊക്കെ ആയിരുന്നു സ്വപ്നങ്ങള്‍, പക്ഷെ എല്ലാ മോഹങ്ങളും കൊളാംബിയിലൂടെ ഒഴുകി വരുന്ന ണ്ടം ണ്ടം ശബ്ദം കേട്ടപ്പോല്‍ തീര്‍ന്നിരിക്കുന്നു, സ്വാഭാവികമായ ചെണ്ട മരിച്ചെന്നു മനസ്സിലായി.

ഇപ്പോള്‍ എല്ലാ ദേവലയക്കാരുടെയും ഭക്തിയും വിശ്വാസവും, ആരോടോ വാശി തീര്‍ക്കലാവുന്നു, കൊച്ചുങ്ങളുടെ ഉറങ്ങുന്നുണ്ടെന്നോ, പരീക്ഷയ്ക്ക്കു കുഞ്ഞുങ്ങള്‍ പഠിക്കുകയാണെന്നോ, ഒരു വിചാരവും ആര്‍കും ഇല്ല, സന്നിഹിതരായ വിശ്വാസികള്‍കു മാത്രം കേട്ടാല്‍ പോരെ, റോഡില്‍ പോകുന്നവരെയും കേല്‍പ്പിച്ചേ അടങ്ങൂ എന്നു വെച്ചാല്‍, എല്ലാം ഒരു പ്രകടനം ആയിപ്പോകുന്നു, ദൈവം ബധിരനല്ല, ബധിരമായ മനുഷ്യ മനസ്സിലേക്കു എത്ര തന്നെ ഒച്ച വെച്ചാലും അവയുടെ വാതായനങ്ങള്‍ അടഞ്ഞു തന്നെ കിടക്കും. ചിത്രകാരന്‍ പറഞ്ഞ പോലെ വെറുതെയല്ല ദൈവം മത്തിയെണ്ണുന്നവന്റെ കൈകളില്‍ വീണ മീട്ടാന്‍പോയതു.

ആവനാഴി said...

ബയാന്റെ കമന്റിനു നന്ദി. ഒരു ക്ഷേത്രമെടുത്താല്‍ അവിടെ കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണമാത്രമായിരിക്കും ശബ്ദകോലാഹലങ്ങളോടുകൂടിയ ഉത്സവമുണ്ടാകുക. ഉച്ചഭാഷിണീകലൂടെയുള്ള എന്നും രാവിലേയും വൈകുന്നേരവുമുള്ള ഭക്തിഗാനവിക്ഷേപണമാണു കൂടുതല്‍ ശബ്ദശല്യമുണ്ടാക്കുന്നത്. അതുകൊണ്ട് തീര്‍ച്ചയായും ആരാധനാലയങ്ങളില്‍നിന്നു ഉച്ചഭാഷിണികള്‍‍ ഉന്മൂലനം ചെയ്യണം.

Unknown said...

ക്ഷേത്രങ്ങളില്‍ പൊതുവെ മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൌകര്യങ്ങള്‍ കണ്ടിട്ടില്ല.

ഓഫ്: അതിപ്പോള്‍ പൊതുസ്ഥലങ്ങളിലെങ്ങും അതിനുള്ള നല്ല സൌകര്യങ്ങളൊന്നുമില്ല, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. (ഈ ലോകം മൊത്തം ആണുങ്ങള്‍ക്ക് മൂത്രപ്പുരയാണെന്നു് ഒരു തമാശ നെറ്റില്‍ വായിച്ചിരുന്നു. നമ്പര്‍ റ്റൂ വന്നാല് പക്ഷെ അവരും കുടുങ്ങും

ആവനാഴി said...

ഏവൂരാനേ, എന്തുകൊണ്ട് ക്ഷേത്രങ്ങളോടനുബന്ധിച്ച് ടോയിലെറ്റുകള്‍ നിര്‍മ്മിക്കുന്നില്ല എന്നാണു എന്റെ ചോദ്യം. മലമൂത്രങ്ങള്‍ അശുദ്ധ വസ്തുക്കള്‍ ആയതുകൊണ്ട് അതു ക്ഷേത്രങ്ങളുടെ ഏഴയലത്തെങ്ങും പാടില്ല എന്നും അങ്ങിനെയെങ്കില്‍ അതു ക്ഷേത്രങ്ങളുടെ പരിപാവനതക്കു മങ്ങലേല്‍പ്പിക്കും എന്ന മണ്ടന്‍ ചിന്താഗതികൊണ്ടാണോ?

അമ്പലങ്ങളിലും പള്ളികളിലുമെല്ലാം ഉത്സവമുണ്ടായാല്‍ പിന്നെ ഒരു മാസത്തേക്ക് ആ ഭാഗത്തുകൂടി മൂക്കു പൊത്താതെ നടക്കാന്‍ സാധ്യമല്ല. മൂത്രശങ്കയുണ്ടായാല്‍ അതു പുറത്തു കളയാതെ നിര്‍വാഹമില്ലല്ലോ. അപ്പോള്‍ നേരെ വെളിമ്പറമ്പിലേക്കും മതിലിന്മേലേക്കുമൊക്കെ അങ്ങു തട്ടും.

ശബരിമല സീസണായാല്‍ പിന്നെ പറയണ്ട. അമേധ്യത്തിനും ദൈവീകത്വം കല്‍പ്പിച്ച് അതിനെ “പൂസ്വാമി” എന്നു വിളീക്കുന്നവരാണു കേരളീയര്‍. പമ്പാനദിയില്‍ ഒഴുകി നടക്കുന്ന അമേധ്യപ്പൂക്കളെ കൈകൊണ്ടു തട്ടിമാറ്റിയിട്ടാണു സ്വാമിമാര്‍ (തീര്‍ഥാടകര്‍)പാചകത്തിനുള്ള വെള്ളം മുക്കിയെടുക്കുന്നത് എന്നു ഞങ്ങളുടെ നാട്ടില്‍നിന്നു ശബരിമലക്കു പോകുന്ന ആളുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്.വെറുതെയല്ല വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചത്. അദ്ദേഹം അവിടത്തെ ജാതിഭ്രാന്തും അന്‍‌ദ്ധവിശ്വാസങ്ങളും കണ്ടിട്ടാണു അങ്ങിനെ പറഞ്ഞത്. അതിന്റെ കൂട്ടത്തില്‍ “പൂസ്വാമികളേയും” ഉള്‍പ്പെടുത്തുന്നതില്‍ അസാംഗത്യമൊന്നുമില്ല.

Kaippally said...

ആവനാഴി:
ചര്‍ച്ച ചെയ്യപെടേണ്ട ഗൌവരവം ഉള്ള വിഷയ തന്നെ.

നല്ല ലേഖനം.


താങ്കളുടെ അവസാനത്തെ കമന്റാണു ഈ പോസ്റ്റിന്‍ കാരണവും. നന്ദി

ആവനാഴി said...

താങ്ക് യൂ കൈപ്പള്ളീ. കൈപ്പള്ളിയുടെ ലിങ്കില്‍ ഞെക്കി അങ്ങയുടെ ലേഖനവും വായിച്ചു.

ശുചിത്വം സൃഷ്ടിക്കുന്നതിനു ഇത്രയധികം ഡിപ്പാര്‍‍ട്ടുമെന്റുകള്‍ ഉണ്ടായതുകൊണ്ട് അത്രയും പേര്‍ക്ക് അരി മേടിക്കാനുള്ള വകയായില്ലേ? കൂടാതെ കക്കൂസുകളെപ്പറ്റി പഠിക്കാനും ഗവേഷിക്കാനുമായി ഇടക്ക് ചില വിദേശയാത്രകളും തരാവൂല്ലോ.

ഞാന്‍ കഴിഞ്ഞ കൊല്ലം ഡിസംബറില്‍ നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവം വിവരിക്കാം. ഭൂമിസംബന്ധമായ ഒരു കാര്യത്തിനുവേണ്ടി ഒരു ദിവസം വക്കീലിനെ കാണാന്‍ പെരുമ്പാവൂര്‍ക്കു പോയി. വക്കീലിന്റെ ആപ്പീസ് കോടതിയുടെ സമീപത്താണു.

വക്കീലിനെ കണ്ടു പുറത്തിറങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത മൂത്രശങ്ക. കോടതി വളപ്പില്‍ നിന്നിരുന്ന ഒരു കക്ഷിയോടു ചോദിച്ചപ്പോള്‍ “ദാ, ആ ചുമരിനപ്പുറമുണ്ട്” എന്നുത്തരം കിട്ടി.

നടന്നു ചുമരിനപ്പുറമെത്തിയപ്പോള്‍ മൂത്രപ്പുര എന്നു പാട്ടയില്‍ എഴുതി കെട്ടിത്തൂക്കിയിരുന്നതിനു താഴെ മേശയും കസേരയുമിട്ട് ഒരുദ്യോഗസ്ഥന്‍ ആകാശക്കുടയും ചൂടി ഉപവിഷ്ടനായിരിക്കുന്നു. അടുത്തെത്തിയപ്പോള്‍ അയാള്‍ കൈ നീട്ടി: “ഒരു രൂപ്” (അതോ അമ്പതു പൈസയോ, നല്ല ഓര്‍മ്മയില്ല)

കാശു കൊടുത്ത് പാട്ടയില്‍ വരച്ചുവച്ചിരിക്കുന്ന അമ്പിന്റെ ദിശയിലേക്കു നോക്കി. ഒരു അഞ്ചു മീറ്റര്‍ ദൂരെ മാറി തകരം കൊണ്ടു മറച്ച കഷ്ടിച്ചൊരാള്‍ക്കു നില്‍ക്കാവുന്ന മൂത്ര മാളിക.

അവിടെ കാറ്റിനു സുഗന്ധമായിരുന്നതുകൊണ്ട് ഒരു കൈ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ച് അതിനകത്തു സ്ഥാപിച്ചിരുന്ന ബക്കറ്റിലേക്കു മൂത്രവിക്ഷേപണം നടത്തുകയും അതിവേഗത്തില്‍ പുറത്തുകടന്നോടുകയും ചെയ്തു. അല്ലെങ്കില്‍ ശ്വാസം മുട്ടി “സത്തു” പോകുമായിരുന്നു.

മൂത്രത്തിന്റെ ഫീസു വാ‍ങ്ങാനിരിക്കുന്ന ഉദ്യോഗസ്ഥന്‍. ഇങ്ങിനെയൊരു ലാവണം നമ്മുടെ കേരളത്തിലേ കാണൂ.

ഏതു കോന്തച്ചാരാണാവോ കേരളത്തിനു “God's own country" എന്നു പേരിട്ടത് ? G യും d യും സ്ഥാനം മാറിയല്ലേ കിടക്കുന്നത് എന്നൊരു ശങ്ക.

രാജീവ്::rajeev said...

ആവനാഴി said...
ശബരിമല സീസണായാല്‍ പിന്നെ പറയണ്ട. അമേധ്യത്തിനും ദൈവീകത്വം കല്‍പ്പിച്ച് അതിനെ “പൂസ്വാമി” എന്നു വിളീക്കുന്നവരാണു കേരളീയര്‍. പമ്പാനദിയില്‍ ഒഴുകി നടക്കുന്ന അമേധ്യപ്പൂക്കളെ കൈകൊണ്ടു തട്ടിമാറ്റിയിട്ടാണു
സ്വാമിമാര്‍ (തീര്‍ഥാടകര്‍)പാചകത്തിനുള്ള വെള്ളം മുക്കിയെടുക്കുന്നത് എന്നു ഞങ്ങളുടെ നാട്ടില്‍നിന്നു ശബരിമലക്കു പോകുന്ന ആളുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്.


എല്ലാ വര്‍ഷവും മാലയിട്ട് ശബരിമലക്ക് പോകുന്ന എന്നെ സംബന്ധിച്ചിടത്തോളം പമ്പയിലെ മാലിന്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് എന്നതാണ് സത്യം. എങ്കിലും താങ്കള്‍ പറയുന്നത് പോലെ പമ്പാ നദിയില്‍ അമേധ്യം ഒഴുകി നടക്കുന്നതൊന്നും ഇതു വരേക്കും കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, പമ്പാനദിയിലെ വെള്ളമൊന്നും സ്വാമിമാര്‍ പാചകത്തിന് ഉപയോഗിക്കുകയും ഇല്ല. പറഞ്ഞുകേട്ട അറിവുകള്‍
എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നതും ഒരു തരത്തില്‍ അന്ധവിശ്വാസമല്ലെ സുഹൃത്തെ?

Siju | സിജു said...

പോസ്റ്റിനോട് പൂര്‍ണമായും യോജിക്കുന്നു
ഇന്നിവിടെയുള്ള ആരാധനാലയങ്ങള്‍ ആര്‍ക്കു വേണ്ടിയാണോ മത്സരിച്ചു ഈ ബഹളം മൊത്തം ഉണ്ടാക്കുന്നത്
ആവശ്യമുള്ളവര്‍ അവിടെയെത്തിക്കൊള്ളും, അല്ലാതെ വഴിയെ പോകുന്നവരേയും വീട്ടിലിരിക്കുന്നവരേയും കേള്‍പ്പിക്കേണ്ട കാര്യമില്ല

ബയാന്‍ said...

ആവനാഴി: ഇപ്പോഴാണു നിങ്ങളുടെ കമന്റ്‌ വായിച്ചതു:

sound pollution ആരുണ്ടാക്കിയാലും, അതു സിനിമാ
ശാലയില്‍ നിന്നോ,വണ്ടിയുടെ ഹോണായാലോ- മെഷിനറിയില്‍ നിന്നോ, രാഷ്ട്രീയ-മത-ആഘോഷ-സമ്മേളനങ്ങളില്‍ നിന്നോ, ബാര്‍-സ്കൂള്‍-‍പള്ളി-മോസ്കു-ക്ഷേത്ര-പാതിരാപ്രസംഗം-സുപ്രഭാതം-സൈക്കിള്‍ ഓട്ടം-കോഴി വളര്‍ത്തല്‍ കേന്ദ്രം, എല്ലാം തുല്യം.- എത്ര dB സൗണ്ട്‌ പുറത്തു വിടുന്നു എന്നു മാത്രം നോക്കിയാല്‍ മതി - ആരില്‍നിന്നയാലും തെറ്റു തന്നെ- silent is golden.

പിന്നെ ഇത്തരം സമൂഹിക കാര്യങ്ങള്‍ പറയുമ്പോള്‍,നേര്‍ക്കു നേരെ പറഞ്ഞു -അടികൂടി കെട്ടിപ്പിടിക്കുന്നതാണു നല്ലതു - ഇതൊരു സമൂഹിക പ്രശ്നമാണു- മത കാര്യമല്ല. പല നല്ല മനസ്സുകളും ഇത്തരം വിഷയം കാണുമ്പോള്‍ ഓടുകയാണു പതിവു. ഇതൊരു ആരോഗ്യമുള്ള സമൂഹത്തിനു യോജിച്ചതല്ല.

chithrakaran:ചിത്രകാരന്‍ said...

ആവനാഴിയുടെ ലെഖനം ഉചിതമായിരിക്കുന്നു.

ആവനാഴി said...

പ്രിയ രാജീവ്, ബയാന്‍, സിജു & ചിത്രകാരന്‍

കമന്റുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും നന്ദി.

രാജിവ് സ്വാനുഭവത്തില്‍നിന്നു വിവരിക്കുന്നതാകകൊണ്ട് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ ഞാന്‍ വളരെയധികം മാനിക്കുന്നു. ഞാന്‍ ശബരിമലയില്‍ പോയിട്ടില്ല. എന്നാല്‍ മണ്ഡലക്കാലത്ത് വടശ്ശേരിക്കരക്കരയില്‍ (റാന്നിക്കു സമീപം)പോകാന്‍ ഇടയായിട്ടുണ്ട്. എന്റെ ചില ബന്ധുക്കള്‍ അവിടെ ഉള്ളതുകൊണ്ടാണു അവീടെ പോകാന്‍ ഇടയായത്.

ധാരാളം അയ്യപ്പന്മാര്‍ കാല്‍നടയായും അല്ലാതേയും ആ ഭാഗത്തുകൂടി പോകുന്നത് കണ്ടു. ചിലര്‍ അവിടത്തെ ആറ്റില്‍‍ കുളിക്കുന്നു; ചിലര്‍ വിശ്രമിക്കുകയൂം വഴിവക്കില്‍ ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു. ചിലര്‍ ശരണം വിളികളോടെ നടന്നു പോകുന്നു.

ഇതൊക്കെ കണ്ടുകൊണ്ടാണു ഞാന്‍ വടശ്ശേരിക്കര ടൌണില്‍‍ വന്നിറങ്ങിയത്. അസഹ്യമായ ദുര്‍ഗ്ഗന്ധമായിരുന്നു അവിടം മുഴുവന്‍. നല്ല ചൂടന്‍ അമേധ്യത്തിന്റെ ഗന്ദ്ധം.

ടൌണില്‍ത്തന്നെയാണു ചന്ത. അവിടെ‍ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങണമായിരുന്നു. പോകും വഴി നിറയെ അമേധ്യപുഷ്പങ്ങളുടെ പരവതാനി കണ്ടു.

ഇവിടെ തീര്‍ഥാടകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മലമൂത്രവിസര്‍ജ്ജനത്തിനുള്ള സൌകര്യങ്ങളൊന്നും ആ ടൌണില്‍ ഉണ്ടാക്കിയിട്ടില്ല.

കേരളത്തില്‍ എവിടെയുമുള്ള സ്ഥിതിയാണിത്.

കേരളത്തിന്റെ സസ്യശ്യാമളതയെക്കുറിച്ചും കലാരൂപങ്ങളെക്കുറിച്ചുമെല്ലാം വലിയ അഭിമാനത്തോടെ എന്റെ വിദേശസുഹൃത്തുക്കളോടു സംസാരിക്കുന്ന എനിക്കു അവരെ എന്റെ നാട്ടിലേക്കു ക്ഷണിക്കാനുള്ള ധൈര്യം പോരാ. അവരേയും കൊണ്ട് പുറത്തു പോയാല്‍ ഒന്നു മൂത്രമൊഴിക്കാനോ വേണ്ടി വന്നാല്‍ നമ്പര്‍ ടുവിനോ എവിടെ പോകും?

എന്തിനു നാട്ടില്‍ പോയാല്‍ കുടുംബസഹിതം പുറത്തുപോകാന്‍ പേടിയാണു. കൂടെയുള്ളവര്‍ സ്ത്രീജനങ്ങളാണെങ്കില്‍ ആകപ്പാടെ കുഴഞ്ഞതു തന്നെ.

ഒരിക്കല്‍ മലപ്പുറത്തുപോയി തിരിച്ചു വരികയായിരുന്നു. തൃശ്ശൂരിറങ്ങിയപ്പോള്‍ മകള്‍ക്ക് മൂത്രമൊഴിക്കണം. പബ്ലിക് കക്കൂസുകളൊന്നും കാണാത്തതുകൊണ്ട് കുറെ നടന്നു ഒരു ഹോട്ടലില്‍ കയറി. ടോയിലെറ്റുണ്ടോ എന്നു ചോദിച്ചപ്പോള്‍ വെയിറ്റര്‍ പുറകോട്ടു ചൂണ്ടി. ഒരു ഏടാകൂടത്തിലൂടെ ടോയിലെറ്റ് എന്നു പേരുള്ള മുറിയിലെത്തി. അസഹ്യമായ നാറ്റം. നിലം നിറയെ വെള്ളവും. ഒരു കണക്കിനു “മൂസ്ത്രി”ച്ച് പുറത്തിറങ്ങി. പിന്നെ, വേണ്ടിയിട്ടല്ല എങ്കിലും ഓരോ ചായ ഓര്‍ഡര്‍ ചെയ്തു.

ഇനി ഞാന്‍ പറയുന്നത് ബയാന്റെ കമന്റ്റുകളുടെ വെളിച്ചത്തിലാണു.

ശബ്ദം അതിന്റെ ഉല്‍പ്പത്തി എവിടെനിന്നു തന്നെയായാലും ഒരു പരിധിക്കപ്പുറമായാല്‍ അസഹനീയമാണു. സന്ദര്‍ഭവശാല്‍ സ്ഥിരമായി എന്നും രാവിലേയും വൈകുന്നേരവും ഉച്ചത്തില്‍ ശബ്ദം പുറപ്പെടുന്നത് ദേവാലയങ്ങളിലെ ഉച്ചഭാഷിണികളില്‍നിന്നാണു. അതുകൊണ്ടു തന്നെയാണു അതു നിരോധിക്കണമെന്നു പറയുന്നത്.

അമ്പലങ്ങളിലേയും പള്ളികളിലേയും കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ നടക്കുന്ന ഉത്സവ വാദ്യമേളങ്ങളും വെടിക്കെട്ടുകളും നിരോധിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഉത്സവങ്ങളും വെടിക്കെട്ടും ഒക്കെ നല്ലതാണു, ആവശ്യവുമാണു. ഒരു ജനതയുടെ സംസ്കാരം കല ഇവയൊക്കെ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണു ഉത്സവങ്ങള്‍.

എന്നാല്‍ ഈ ഉച്ചഭാഷിണിപ്രയോഗം അങ്ങിനേയല്ല. അതു എന്നും രാവിലേയും വൈകുന്നേരവും കര്‍ണശൂലയായി വര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെ അവ പരിപൂര്‍ണമായും നിരോധികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

hit counter
Buy.com Coupon Code