Friday, January 26, 2007

ഭൂപതി

ഇന്നായിരുന്നു ഭൂപതിയുടേയും കനകാംബരത്തിന്റേയും വിവാഹം. ശ്രീ കുരുംബക്ഷേത്രത്തില്‍ വച്ച്‌.

ഭൂപതിയുടെ ചെറുപ്പന്നാളില്‍ അയാളുടെ മാതാപിതാക്കള്‍ നാട്ടിലെ വലിയ ജന്മിയുടെ പണിയാളന്മാരായിരുന്നു.

ഫ്യൂഡല്‍ വ്യവസ്ഥ നിലനിന്നിരുന്ന കാലമായിരുന്നു അത്‌.

കിഴക്കു വെള്ള കീറുമ്പോള്‍ ചാന്നനും ചെറുമിയും തങ്ങളുടെ ചാളയില്‍നിന്നെഴുനേറ്റ്‌ ജന്മിയുടെ മാളിക ലഷ്യമാക്കി നടക്കും.

വീട്ടില്‍ ബ്രേക്‌ ഫാസ്റ്റുണ്ടാക്കാന്‍ മിനക്കെടാറില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.ജന്മിയുടെ വീട്ടില്‍ വയറു നിറച്ച്‌ പഴം കഞ്ഞിയും തലേന്നത്തെ മീന്‍ ചാറും അവര്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടാകും.

ചാന്നനൊരു പുത്രനുണ്ടായപ്പോള്‍ അയാളുടെ മനസ്സ്‌ തിറപ്പൂതം പോലെ തുള്ളിച്ചാടി.

"നമ്മുടെ പുത്തിരനു എന്തു പേരിടും ചെറുമീ?"

അവളും അതുതന്നെ ആലോചിക്കുകയായിരുന്നു.

പാടത്തു ഞാറു നടുമ്പോഴും ചാണകക്കുഴിയില്‍നിന്നു ചാണകവും ചാരവും ചുമക്കുമ്പോഴും തന്റെ അടിവയറില്‍ തള്ളുകയും കുത്തിമറിയുകയും ചെയ്ത ചെറുമനിതാ കണ്ണും മിഴിച്ച്‌ തഴപ്പായേക്കിടക്കുന്നു.

"അവനെന്തു പേരിടും?" അവളാലോചിച്ചു.

“ചുപ്രാന്നു വിളിക്കാം, എന്താ ചെറുമീ?“

"മാണ്ട"

“കോരാന്നായാലോ?"

"അതും മാണ്ട"

"പിന്നെ?"

"ഭൂപതീന്നു വിളിക്കാം."

"ഭൂപതി....." ചാന്നനും അതു തൃപ്തിയായി.

"ഈ ചെറുമന്‍ അടങ്ങിക്കെടക്കൂല്ലല്ലോ..." തഴപ്പായില്‍ കിടന്നു കൈകാലിട്ടടിച്ച്‌ കുത്തിമറിയുന്ന മകനെ നോക്കി ചാന്നന്‍ പറഞ്ഞു.

"ഓ പിന്നെ, അടങ്ങിക്കിടക്കണ ഒരാളേ...?" ചെറുമി ചാന്നനെ ഇടം കണ്ണാല്‍ നോക്കി.
ഒരു കള്ളച്ചിരി ആ കടക്കണ്ണില്‍ തത്തിക്കളിക്കുന്നില്ലേ?

ഇണ്ട്‌.

അവള്‍ അയാളുടെ അരികിലേക്കു ഒന്നുകൂടി മുട്ടിച്ചേര്‍ന്നിരുന്നു.

കിടക്കപ്പായിലെ അയാളുടെ പരാക്രമവും അടക്കമില്ലായ്മയും അവള്‍ക്കിഷ്ടമായിരുന്നു.

ചാന്നനും ചെറുമിയും ഐഡിയല്‍ ദമ്പതീദമ്പതന്മാരായിരുന്നു.

“ഭൂപതി..... ”

പേരു കൊള്ളാമെങ്കിലും അതിലെന്തോ ഒരാപകത ഇല്ലേ എന്നു ചാന്നനു തോന്നി. ഒരു വൈരുദ്ധ്യാല്‍മകഭൗതികവാദം.

പാടത്തിനരികെ ജന്മിയുടെ കാരുണ്യം കൊണ്ടു കിട്ടിയ ഒരു കൊച്ചു പുരയിടം. അതിനു നടുവിലായിരുന്നു ചാന്നന്റെ കുടില്‍. ചുറ്റുവട്ടവും ഒരാള്‍ക്കു കഷ്ടിച്ചു നടക്കാനുള്ള സ്ഥലം.

നാളെ ഇറങ്ങിപ്പൊക്കോ എന്നു പറഞ്ഞാല്‍ ഇറങ്ങിക്കൊടുക്കണം. എന്നിട്ടും പുത്രന്റെ പേരു ഭൂപതി.

"ങ്ങ്‌ ള്‌ നോക്കിക്കോ. നുമ്മടെ ചെറുമന്‍ വല്യോനാകും.”

ചെറുമിയുടെ വാക്കുകള്‍ക്ക്‌ അവാച്യമായ ഏതോ ഒരു ശക്തി ഉണ്ടായിരുന്നു. ഭാവിയെപ്പറ്റിയുള്ള ഒരു ഡെജാവു
.......................................


കല്യാണപ്പന്തലില്‍ സദ്യയുടെ ബഹളം.

വധൂവരന്മാരെ പന്തലില്‍ ആരോ പിടിച്ചിരുത്തി. ഭൂപതിയുടെ ഇടതുവശത്തായി കനകാംബരം ഇരുന്നു.

വിളമ്പുകാര്‍ തൂശനിലയില്‍ ചോറും വിഭവങ്ങളും വിളമ്പി.

വിളമ്പുകാരെ കനകാംബരത്തിന്റെ വീട്ടുകാര്‍ പ്രത്യേകം ശട്ടം കെട്ടിയിരുന്നതിനാല്‍ പന്തലില്‍ മിലിട്ടറിച്ചട്ടത്തിന്റെ അച്ചടക്കമായിരുന്നു.

ചുറ്റും നല്ല തടിമിടുക്കുള്ള സെക്യൂരിറ്റിക്കാര്‍ ജാഗ്രതയായി നിന്നിരുന്നതിനാല്‍ ക്ഷണിക്കാതെ വന്ന ഒരണ്ടനും അടകോടനും പന്തിയില്‍ കേറിയിരിക്കാന്‍ ധൈര്യപ്പെട്ടില്ല.

പന്തലില്‍ ഒരായിരം പേര്‍ക്കിരിക്കാനുള്ള സ്ഥലം. ഇനി ഒരു നാലു പന്തി കൂടി വേണ്ടി വരും.

എര്‍ണാകുളത്തെ പട്ടമ്മാരായിരുന്നു ദഹണ്ഡക്കാര്‍. ‍കലവറയില്‍നിന്നു ഒന്നിനു പിറകെ ഒന്നായി വിളമ്പുകാര്‍ പദാര്‍ത്ഥങ്ങളുമായി മുന്നോട്ടു നീങ്ങിയപ്പോള്‍ തൂശനിലയില്‍ പുതിയ പുതിയ വിഭവങ്ങള്‍ കുന്നുകൂടി ഉണ്ണുന്നോരുടെ മുഖം മറച്ചു.

ചെറുകറികളും വറുത്തുപ്പേരിയുമാണു ആദ്യം വിളമ്പിയത്‌. വട്ടം വെട്ടിയതും താവലുപ്പേരിയും ശര്‍ക്കരപുരട്ടിയും ചക്ക വറുത്തതും അതിനോടു ചേര്‍ന്ന് രണ്ടു ചെറിയപപ്പടങ്ങളും ഒരു വലിയ പപ്പടവും വിളമ്പി. അതിനടുത്തായി ഇഞ്ചിക്കറി മാങ്ങാക്കറി ഉള്ളിക്കറി പാവക്കാത്തീയല്‍ ഇവകള്‍ വിളമ്പിക്കൊണ്ട്‌ വെയിറ്റര്‍മാര്‍ മുന്നോട്ടു നീങ്ങി.

അതിനു പിറകെ വന്നവര്‍ തോരന്‍ അവിയല്‍ കൂട്ടുകറി ഓലന്‍ ഇവ വിളമ്പി.

പിന്നെ കുറുക്കുകാളന്‍.

തളിരെ അരിഞ്ഞ്‌ ഇഞ്ചിയും പച്ചമുളകും കരിയാപ്പിലയും തേങ്ങാപ്പാലും ഇളം പയറും ചേര്‍ത്ത്‌ തയ്യാറാക്കിയ ഓലനിലെ കുമ്പളങ്ങാക്കഷണങ്ങള്‍ക്ക്‌ കനകാംബരത്തിന്റെ മേനിയുടെ മാര്‍ദ്ദവമായിരുന്നു.

ചോറു ചിറ്റേനിനെല്ലിന്റെയായിരുന്നു.കയ്യില്‍ കൂട്ടിപ്പിടിക്കുമ്പോള്‍ നെയ്‌ കിനിഞ്ഞു വരുന്ന ചിറ്റേനിച്ചോറു.

അതിനോടു ചെര്‍ന്നു പരിപ്പും നെയ്യും വിളമ്പി.

"രണ്ടൊണക്കമുള്ളന്‍ ചുട്ടതുണ്ടായിരുന്നെങ്കില്‍....." ഭൂപതി ഇടതുകൈ കൊണ്ട്‌ കനകാംബരത്തിന്റെ എളിയില്‍ തോണ്ടി.

"ഒവ്വ" മതിമുഖി മനസ്സില്‍ മൊഴിഞ്ഞു. പുതുമാരന്റെ പുതുമോത്തുനോക്കി മതരോന്താസം തൂകി.

ഒന്നാം പന്തി കഴിഞ്ഞപ്പോള്‍ ഇനി കല്യാണക്കുടി ഇറങ്ങിയതിനുശേഷം ബാക്കി എന്നു മൂത്ത കാര്‍ണവര്‍ കല്‍പിച്ചു. അതും പ്രകാരം പന്തലില്‍ നിലവിളക്കു കൊളുത്തി വക്കുകയും ചെറുക്കന്‍ പക്ഷക്കാര്‍ പെണ്ണുമായി ഇറങ്ങുകയും ചെയ്തു.

പുതിയ ഹുണ്ടയ്‌ സാന്‍ട്രോയിലാണു ചെറുക്കനും പെണ്ണും കയറേണ്ടത്‌.

വെള്ളകോട്ടും കാല്‍സ്രായിയും വെള്ളത്തൊപ്പിയും ധരിച്ച ഷോഫര്‍ കാര്‍ പന്തലിനരികിലേക്ക്‌ നീക്കി നിര്‍ത്തുകയും ഉപചാരപൂര്‍വം പുറകിലെ വാതില്‍ തുറന്നു പിടിക്കുകയും ചെയ്തു.

മടിച്ചുനിന്ന കനകാംബരത്തെ കൂട്ടുകാരികള്‍ കളിവാക്കു പറഞ്ഞ്‌ കാറിനുള്ളിലേക്കു തള്ളിയിട്ടു.

സാന്‍ട്രോ മുന്നിലും അതിനു പിറകിലായി ബന്ധുക്കളും സുഹൃത്തുക്കളും കയറിയ നൂറു കാറുകളും ആ ഗ്രാമവീഥിയിലൂടെ നീങ്ങി.

ആ വാഹനവ്യൂഹത്തില്‍ അംബാസഡര്‍ കാര്‍ ഉണ്ടായിരുന്നില്ല.ടൊയോട്ട, മെഴ്സീഡസ്‌, ഫോര്‍ഡ്‌ , ബിയെം ഡബ്ലിയു, നിസന്‍ , വോള്‍വോ, ഹോണ്ട, ഫെറാറി തുടങ്ങിയ വിദേശജനുസ്സുകളായിരുന്നു എല്ലാം.

ഏറ്റവും മുന്നിലെ ശകടത്തിനു പിറകില്‍ ജസ്റ്റ്‌ മാരീഡ്‌ എന്നു ജമന്തിപ്പൂക്കളാല്‍ ചെയ്തു വച്ചിരുന്നു.

കറുത്ത ഗ്ലാസായിരുന്നതിനാല്‍ അകത്ത്‌ എന്താ നടക്കണേന്നറിയാന്‍ തരോണ്ടായിരുന്നില്ല

.......................

ആ വാഹനവ്യൂഹം നീങ്ങിയത്‌ എര്‍ണാകുളത്തുള്ള ഹോട്ടല്‍ ഇന്റര്‍നാഷണലിലേക്കായിരുന്നു.

ഭൂപതി ബിസിനസ്‌ എമ്പയറിന്റെ ഉത്തരേന്ത്യയിലേയും വിദേശങ്ങളിലേയും ശാഖകളിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കും സായിപ്പന്മാരടങ്ങിയ വിദേശ പാര്‍ട്‌ ണര്‍മാര്‍ക്കും ക്ലയന്‍സിനും പാര്‍ട്ടി ഏര്‍പ്പാടാക്കിയിരുന്നത്‌ അവിടെയായിരുന്നു.

ഷാനണും ഷെര്‍മെയ്‌നും ഗഗനമാര്‍ഗ്ഗമാണു പുറപ്പെട്ടത്‌. മകന്റെ വാഹനവ്യൂഹം പുറപ്പെട്ട ഉടന്‍ തന്നെ അവര്‍ കൊയ്ത്തു കഴിഞ്ഞ പാടത്ത്‌ പാര്‍ക്കു ചെയ്തിരുന്ന ഹെലികോപ്റ്ററില്‍ കയറി ട്രിവാന്‍ഡ്രം ലഷ്യമാക്കി പറന്നു.

തങ്ങളുടെ വിദേശക്ലയന്‍സിനു ഉച്ചരിക്കാനുള്ള എളുപ്പത്തിനുവേണ്ടിയാണു ചാന്നനും ചെറുമിയും അവരുടെ പേരുകള്‍ക്കു പരി‍ഷ്കാരം വരുത്തിയത്‌.

പറക്കും പക്ഷിയുടെ കൊക്ക്‌ തിരുവനന്തപുരത്ത്‌ ബെല്‍ എയര്‍ ഹോട്ടലിലേക്കു ചൂണ്ടി നിന്നു. അവിടെയാണു അവര്‍ക്കു സ്വീട്‌ ബുക്കു ചെയ്തിരുന്നത്‌.

അവിടെ‍ വിശാലമായ നീന്തല്‍ക്കുളമുണ്ട്‌. പതിവുള്ള നീന്തല്‍ മുടക്കാന്‍ ഷാനണ്‍ ഇഷ്ടപ്പെട്ടില്ല.

ഒരര്‍ത്ഥത്തില്‍ പിതാവിനേക്കാളുപരി ഇതില്‍ പിടിവാശി പുത്രനായിരുന്നു. ഭൂപതിയാണു ബെല്‍ എയര്‍ തന്നെ തിരഞ്ഞെടുത്തത്‌.

ഒന്നു കുളിച്ചു ഫ്രഷാകണം. ഹോട്ടലിലെ ബ്യൂട്ടിപാര്‍ലറില്‍ പോയി ഷെര്‍മെയ്‌ന്റെ മുടി പുട്ടപ്പു ചെയ്യണം.ആര്‍ട്ടിഫിഷ്യല്‍ ഐലാഷസ്സും കൃത്രിമനഖങ്ങളും കൂടി അണിഞ്ഞാല്‍ ഷെര്‍മെയ്‌ന്‍ കസറും.

കസറണം.

എന്നിട്ടുവേണം എര്‍ണാകുളത്തേക്കു പുറപ്പെടാന്‍.

ഷാനണ്‍ തന്റെ ഇടതു കൈത്തണ്ടയില്‍ കെട്ടിയിരുന്ന റോളക്സ്‌ ഓയിസ്റ്റര്‍ പെര്‍പ്പെറ്റ്വലില്‍‍ നോക്കി. രണ്ടു മണി. രാത്രി ഏഴു മണിക്കേ പാര്‍ട്ടി തുടങ്ങൂ.

സമയമുണ്ട്‌.

മേഘക്കീറുകള്‍ക്കിടയിലൂടെ കോപ്റ്റര്‍ പറന്നുകൊണ്ടിരുന്നു.

സുഖമുള്ള ഒരാലസ്യത്തിലേക്കു വഴുതിവീഴാന്‍ തുടങ്ങുകയായിരുന്നു ഷാനണ്‍.അപ്പോഴാണു ആ ശബ്ദം കേട്ടത്‌.

"സംതിങ്ങ്‌ ടു ഡ്രിങ്ക്‌ സേര്‍?"അരികത്തൊരു മൊഞ്ചത്തി ഹോസ്റ്റസ്സ്‌.

"സ്കോച്ച്‌ ഓണ്‍ ദ റോക്സ്‌"

"ഓകെ സര്‍"അവള്‍ നിതംബം കുലുക്കി ഗാലിയിലേക്കുപോയി.

കല്യാണഘോഷയാത്രയുടെ വാഹനവ്യൂഹം ഗ്രാമവീഥി വിട്ട്‌ നാഷണല്‍ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു.

ഏറ്റവും മുന്നില്‍ പീരങ്കി ഘടിപ്പിച്ച പൈലറ്റു വാഹനം നിര്‍ത്താതെ ഹോണടിച്ചു പാഞ്ഞു പോയിരുന്നതിനാല്‍ എതിരെ വന്ന വാഹനങ്ങളും, കാല്‍നടയാത്രക്കാരും, ചാളക്കച്ചോടക്കാരും റോഡില്‍നിന്നോടി മാറി കമ്മ്യൂണിസ്റ്റു പച്ചക്കിടയിലൊളിച്ചു.

..................................

വിവാഹത്തിന്റെ തിരക്കില്‍ ഇ മെയില്‍ ചെക്കു ചെയ്യാനൊത്തില്ല.

ഭൂപതി തന്റെ ബ്ലാക്ബെറി തുറന്നു.

രണ്ടു മെസ്സേജുകള്‍.ഒന്നില്‍ അര്‍ജന്റ്‌ എന്നു രേഖപ്പെടുത്തിയിരുന്നു.

അതാദ്യം തുറന്നു.

ന്യൂയോര്‍ക്കില്‍നിന്നു ജോസഫ്‌ നായര്‍. ഭൂപതി ഇന്റര്‍ നാഷണലിന്റെ ന്യൂയോര്‍ക്ക്‌ ശാഖയിലെ എക്സിക്യൂട്ടീവ്‌.

തൃശ്ശൂക്കാരന്‍ നായര്‍ക്ക്‌ ചെങ്ങനശേരിക്കാരി നസ്രാണിച്ചിയില്‍ പിറന്ന സന്താനം.

നായരുടെ സാരസ്യവും നസ്രാണിച്ചിയുടെ ചൂഴ്‌ന്ന ബുദ്ധിയും ഒത്തു ചേര്‍ന്ന ജോസഫ്‌ നായര്‍.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലിലെ ബാച്ചില്‍ ഐ പി എസ്‌ ഒന്നാം റാങ്കോടെ പസ്സായ ജോസഫ്‌ നായര്‍ ഇന്റര്‍ പോളിലും സ്കോട്‌ലെന്‍ഡ്‌ യാര്‍ഡിലും പരിശീലനം നേടി സി ബി ഐ യില്‍ വര്‍ക്കു ചെയ്യുമ്പോള്‍ ഉദ്യോഗം പുല്ലുപോലെ വലിച്ചെറിഞ്ഞ്‌ ഭൂപതി ഇന്റര്‍നാഷണലില്‍ ചേര്‍ന്നു.

അല്ല, താന്‍ അയാളെ ഹണ്ടു ചെയ്തു വീഴ്ത്തി.

ഭൂപതി ഇന്റര്‍നാഷണലിനു അയാളെപ്പോലുള്ള കുശാഗ്രബുദ്ധ്തികളെ വേണം.

അയാള്‍ ഇ മെയില്‍ വായിച്ചു.

"സര്‍, ഗുജറാത്തിലെ മാളവികാ പോളിമേഴ്‌ സ്‌ ലിക്വിഡേഷനാകാന്‍ പോകുന്നു. ഷെയേഴ്സിന്റെ വില നിലം പൊത്തിയിരിക്കുന്നു."

"എല്ലാവരും കയ്യിലുള്ള ഷെയറുകള്‍ വിറ്റഴിക്കാന്‍ നെട്ടോട്ടമോടുകയാണു. പക്ഷേ, മേടിക്കാനാളില്ല. ആര്‍ക്കും വേണ്ട."

"എന്നാല്‍, അമേരിക്കയിലെ ഡ്യൂപോണ്ഡ്‌ കമ്പനി മാളവികാ പോളിമേഴ്സ്‌ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം നമ്മുടെ ചാരന്മാര്‍ വഴി അറിഞ്ഞു."

ബിസിനസ്‌ എസ്പിയൊണാജ്‌.

“പരമ രഹസ്യമാണു. ഇതെങ്ങും പുറത്തായാല്‍ ഷെയര്‍ വില കുതിക്കും, ആകാശ മുട്ടും. “

“എന്താ, വാങ്ങട്ടോ?"

“മേങ്ങ്‌ നായരേ."ഭൂപതി ധൃതിയില്‍ ഒരു ഇ മെയില്‍ കമ്പോസു ചെയ്തു വിക്ഷേപിച്ചു.

രഹസ്യ സ്വഭാവമുള്ള മാറ്ററുകളൊന്നും ഭൂപതിയുമായി സ്റ്റാഫ്‌ ഫോണില്‍ സംസാരിക്കാറില്ല. ആരെങ്കിലും ടെലിഫോണ്‍ ടാപ്പു ചെയ്താലോ?

ഇമെയിലാകുമ്പോള്‍ മെസ്സേജ്‌ എന്‍ ക്രിപ്റ്റ്‌ ചെയ്തയക്കാം. സോഫ്റ്റ്‌ വെയര്‍ മെസ്സേജിനെ ഒരു സ്ക്രാംബ്‌ ള്‍ഡ്‌ എഗ്ഗിന്റെ പരുവത്തിലാക്കും. എന്നിട്ടാണു വിക്ഷേപിക്കുക. ആര്‍ക്കും ഒരു ചുക്കും പിടിയും കിട്ടുകയില്ല.മേല്‍വിലാസക്കാരന്റെ സെല്‍ഫോണില്‍ അതു അണ്‍സ്ക്രാംബിള്‍ ചെയ്ത്‌ പ്രത്യക്ഷപ്പെടും.

രണ്ടാമത്തേത്‌ ഡാഡിയുടേതായിരുന്നു.

"ഹൗ ആര്‍ യൂ മൈ സണ്‍? യുവര്‍ മമ്മി വാണ സീ യൂ ബോത്‌, യൂ ആന്‍ഡ്‌ കനകം...ബൈ ദ വേ, വി ആര്‍ റ്റ്വെന്റി മിനിറ്റ്‌ ഫ്രം ട്രിവാന്‍ഡ്രം"

മമ്മിക്കെപ്പോഴും അങ്ങിനേയാണു. എപ്പോഴും തന്നെ കണ്ടുകൊണ്ടിരിക്കണം.

അതിനാണോ വിഷമം? ഭൂപതി നോക്കിയ തങ്ങളുടെ നേര്‍ക്കു തിരിച്ചു പിടിച്ച്‌ ക്ലിക്ക്‌ ചെയ്തു.

എന്നിട്ട്‌ തന്റെ വക്ഷസ്സില്‍ തളര്‍ന്നുറങ്ങുന്ന പ്രേയസിയുടെ കപോലങ്ങളില്‍ പ്രേമപൂര്‍വം കാല്‍പനികമായി കിസ്സു ചെയ്തു.

ടിന്റഡ്‌ ഗ്ലാസായിരുന്നതിനാല്‍ ആര്‍ക്കുമത്‌ കാണാന്‍ തരായില്ല.

പിന്നെ സെന്‍ഡ്‌ എന്ന ബട്ടണില്‍‍ പിടിച്ചു ഞെക്കി.

ഫോട്ടം എം എം എസ്സായി അറബിക്കടലിനു മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്റര്‍ ലക്ഷ്യമായി പാഞ്ഞു
.....................................

ഇന്റര്‍നാഷണല്‍ ഹോട്ടലിലേയും കാസിനോ ഹോട്ടലിലേയും എല്ലാ സ്വീട്ടുകളും ഭൂപതിയുടെ വിവാഹം പ്രമാണിച്ചു ബുക്കു ചെയ്തിരുന്നു.

അമേരിക്കയില്‍നിന്നും ജര്‍മനിയില്‍നിന്നും വന്ന സായ്പ്പന്മാര്‍ക്കു അക്കോമഡേഷന്‍ തരാക്കിയിരുന്നത്‌ ഫോര്‍ട്ടു കൊച്ചിയിലെ ബ്രണ്ടന്‍ ബോട്‌യാര്‍ഡ്‌ ഹോട്ടലിലും ലേ മെറിഡിയനിലുമായിരുന്നു.

കൂടാതെ ടാജ്‌ മലബാറിലേയും ക്വാളിറ്റി ഇന്നിലേയും സ്വീട്ടുകളും ഗസ്റ്റുകള്‍ക്കുവേണ്ടി ബുക്കു ചെയ്തിരുന്നു.
ഗസ്റ്റുകളെ കൊണ്ടുവരാന്‍ ഭൂപതി ഇന്റര്‍നാഷണലിന്റെ മുംബായ് ബ്രാഞ്ചില്‍നിന്നു ഒരു എക്സിക്യൂടീവ്‌ ഹെലികോപ്റ്റര്‍ വരുത്തിയിരുന്നു.

ട്രാഫിക്‌ ജാം ഭയന്ന് ഷാനണ്‍ തന്നെയാണു ഹെലികോപ്പ്റ്റര്‍ കൊണ്ടുവരണമെന്നു നിഷ്കര്‍ഷിച്ചത്‌.
ഒരു മുന്‍കരുതലെന്നവണ്ണം ലിമൂസിന്‍സും തയ്യാറാക്കി നിര്‍ത്തിയിയിരുന്നു.

ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ റൂഫ്ടോപ്പില്‍നിന്നു അവസാനത്തെ ട്രിപ്പ്‌ ഗസ്റ്റുകളെ കൊണ്ടുവരാനായി എക്സിക്യൂട്ടീവ്‌ ഹെലികോപ്പ്റ്റര്‍ പറന്നു പൊങ്ങി.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഷാനന്റെ പേഴ്‌സണല്‍ ഹെലികോപ്റ്റര്‍ റൂഫ്‌ ടോപ്പില്‍ ലാന്‍ഡ്‌ ചെയ്തു.

അവിടെ കാത്തുനിന്നിരുന്ന ബട്ട്ലര്‍ അവരെ രണ്ടു പേരേയും കൊണ്ട്‌ എലിവേറ്ററില്‍ മൂന്നാം നിലയിലേക്കു പോയി.

അവിടെയായിരുന്നു പാര്‍ട്ടി അറേഞ്ചു ചെയ്തിരുന്നത്‌.

കമ്പനിയുടെ പാര്‍ട്‌ണര്‍മാരേയും മുന്തിയ ക്ലയന്‍സിനേയും ഷാനണ്‍ കൈപിടിച്ചുകുലുക്കി.

"വാട്ട്‌ എ പ്ലെഷര്‍ റ്റു സീ യു. യു ആര്‍ വെല്‍കം ടു ദ വെഡ്ഡിംഗ്‌ സെലിബ്രേഷന്‍ ഓഫ്‌ മൈ സണ്‍ ഭൂപതി."

"പ്ലീസ്‌ എന്‍ജോയ്‌ യുവേഴ്‌സെല്‍ഫ്‌."

ഹാളിന്റെ ഒരു വശത്തു സജ്ജമാക്കിയിരുന്ന സ്റ്റേജില്‍നിന്ന് ഓര്‍-കെസ്ട്ര ടെഡ്ഡി പെന്‍ഡര്‍ ഗ്രാസ്സിന്റെ പ്രേമഗാനങ്ങള്‍ ആലപിക്കുന്നുണ്ടായിരുന്നു.

ഐ ഹോള്‍ഡ്‌ യൂ ആന്‍ഡ്‌ റ്റച്ച്‌ യൂ, ആന്‍ഡ്‌ മേക്‌ യു മൈ വുമണ്‍ ടുനൈറ്റ്‌......

ഗസ്റ്റുകളെ ഉപചാരപൂര്‍വം സുന്ദരികളായ ഹോസ്റ്റസ്സുമാര്‍ അവരവരുടെ ഇരിപ്പിടങ്ങളിലേക്കാനയിച്ചു.

അവരില്‍ തലേക്കെട്ടുകെട്ടിയ സിക്കുകാരും അവരുടെ കൊലുന്നനെയുള്ള ഭാര്യമാരും മധ്യവയ്സ്‌കരായ സായിപ്പന്‍മാരും അവരുടെ കൈകളില്‍ തൂങ്ങിയ വിലാസവതികളായ മദാമ്മമാരും ഉണ്ടായിരുന്നു.

ഊട്ടിയില്‍നിന്നും കോടൈക്കനാലില്‍നിന്നും കൊണ്ടു വന്ന റോസാപ്പുഷ്പ്പങ്ങള്‍ മേശപ്പുറത്ത്‌ വേസുകളില്‍ കുത്തിനിര്‍ത്തിയിരുന്നു.ഹാളിന്റെ ഡെക്കൊര്‍ ശ്രീകൃഷ്ണന്റെ രാസലീലയായിരുന്നു.

എന്റെ കണ്ണാ, എന്റെ സ്കേര്‍ട്ടും എന്റെ ടോപ്പും എന്റെ ജീസ്ട്രിംഗ്സും എന്റെ ബ്രായും തിരിച്ചു തരൂ കണ്ണാ. ഡോണ്‍ട്‌ ബി മിസ്ചീവസ്‌; പ്ലീസ്‌ കണ്ണാ എന്നു ജംനാനദിയില്‍നിന്നു കെഞ്ചുന്ന വിവസ്ത്രകളായ ഗോപികമാര്‍.

"ങൂഹും, നിങ്ങളുടെ മനസ്സില്‍ ഇപ്പോഴും സംശുദ്ധമായ ഭഗവല്‍ഭക്തി ഉളവായിട്ടില്ല."

"ബാലേ, യഥാര്‍ത്ഥ പ്രേമം ആല്‍മനിബദ്ധമാണെന്നറിക. അതു തന്നെയാണു ഭക്തിയും. നശ്വരമായ ശരീരവുമായി അതിനു യാതൊരു ബന്ധവുമില്ല."

"നശിച്ചുപോകുന്ന ഈ ശരീരത്തെ അല്‍പജ്ഞാനികള്‍ പുതുവസ്ത്രങ്ങളാലും സുഗന്ധലേപനങ്ങളാലും അലങ്കരിക്കുന്നു."

"നിന്നില്‍ അഹം എന്ന ഭാവം അപകടകരമാം വിധം വളര്‍ന്നിരിക്കുന്നു. അതു നിന്നെ എന്നില്‍നിന്നകറ്റുന്നു."

"നീ നിന്റെ ഈഗോ കളയൂ. പരമസത്യമായ എന്നില്‍ വിശ്വസിക്കൂ. എന്നിട്ട്‌ രണ്ടു കൈകളുമുയര്‍ത്തി എന്നെ നമിക്കൂ" പെണ്‍ക്ടാങ്ങടെ വസനങ്ങളേന്തി വസുദേവസുതന്‍ വടവൃക്ഷശാഖയിലിരുന്ന് സാരോപദേശം നല്‍കി.

"പ്രഭോ, അപ്പോള്‍ ഈ ഭൗതികാഡംബരങ്ങളെല്ലാം നിരര്‍ത്ഥകമാണല്ലേ?"

"അതെ ധനഞ്ജയാ. നിരാമയവും നിര്‍മലവുമായ ആല്‍മാവു മാത്രമാണു സത്യം. അതിനു മരണമില്ല. പഴയവ മാറ്റി പുതുവസ്ത്രങ്ങളണിയുമ്പോലെ ദേഹി ദേഹത്തെ മാറി മാറി പ്രാപിക്കുന്നു."

"പ്രഭോ ക്ഷമിച്ചാലും. ഹേ കൃഷ്ണാ, അനന്തപുരിയില്‍ നിന്ന് നിന്റെ പേരുള്ള ഒരു സചിവന്‍ ഗുരുപവനപുരത്തെത്തി സ്വര്‍ണ്ണം കൊണ്ടൊരു കിരീടം സമര്‍പ്പിച്ചു തിരിച്ചുപോയല്ലോ. നീ അതു തിരസ്കരിക്കാത്തതെന്ത്‌? അതു ഹിപ്പോക്രസിയല്ലെ ഭഗവന്‍?"

"അല്ല ധനഞ്ജയ, അല്ല. ഒന്നാമതായി മൂഢന്മാര്‍ എന്നെ ഒരു കൃഷ്ണശിലയില്‍ തളച്ചിടാന്‍‍ ശ്രമിക്കുന്നു. സര്‍വവ്യാപിയും ഈ ബ്രഹ്മാണ്ഡകടാഹം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന മഹല്‍ശക്തിയുമാണു ഞാന്‍ എന്ന സത്യം അവര്‍ മറക്കുന്നു."

"ഞാന്‍ എല്ലാം അറിയുന്നു. തൂണിലും തുരുമ്പിലും എന്നു വേണ്ട സര്‍വ ചരാചരങ്ങളിലും ഞാന്‍ അതിസൂക്ഷ്മമായി അന്തര്‍ലീനമായിരിക്കുന്നു."

രാധേയന്‍ തുടര്‍ന്നു.

"പിന്നെ സ്വര്‍ണ്ണകിരീടം. അമിതമായ സമ്പത്താണു ഫല്‍ഗുനാ മനുഷ്യന്റെ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. അവര്‍ അതു കിരീടമായും ആനക്കുട്ടികളായും എന്റെ മുമ്പില്‍ സമര്‍പ്പിക്കട്ടെ."

"ശരിയാണു മഹാപ്രഭോ"

"പാര്‍ത്ഥാ, പിന്നെ ഞാന്‍ പറഞ്ഞുവരുന്നത്‌ ആനകളെപ്പറ്റിയാണു."

"പ്രതീകാല്‍മകമായ നടയിരുത്ത്‌ എനിക്കിഷ്ടമല്ല അര്‍ജ്ജുനാ."

"പ്രഭോ അടിയന്‍ അതിന്റെ കാരണം ചോദിച്ചാല്‍ അവിടുത്തേക്ക്‌ തിരുവുള്ളക്കേടാവ്‌വോ എന്തോ?"

"പൊന്നത്തൂര്‍ കോട്ടയില്‍ അല്ലെങ്കില്‍ത്തന്നെ ഫൈവ്‌ സ്റ്റാര്‍ ലക്ഷ്വറിയിലാണു ആനകള്‍ കഴിയുന്നത്‌. പ്രതീകാല്‍മകമായ നടയിരുത്താകുമ്പോള്‍ ദേവസ്വം ആപ്പീസില്‍ ചീട്ടാക്കി പൊന്നത്തൂര്‍ കോട്ടയിലെതന്നെ ഒരു കൊമ്പനെയല്ലേ നടയിരുത്ത്വാ"

"അതല്ല അതിന്റെ ഒരു ശരി പാര്‍ത്ഥാ. ”

“എത്രയോ ആനകള്‍ തടിവലിച്ചു വലഞ്ഞും ക്രൂരന്മാരായ പപ്പാന്മാരുടെ കുന്തമുനയേറ്റും നരകിക്കുന്നു. അവറ്റകളെ കൊണ്ടു വന്നു നടയിരുത്തട്ടെ."

"ഒവ്വ" അര്‍ജുനോവാച.

"ഒന്ന്വല്ലെങ്കില്‍ അവറ്റകള്‍ക്കു മൂന്നു നേരവും വെള്ളവും പനമ്പട്ടയും കിട്ടൂല്ലോ. തടി പിടിക്കാനൊട്ടു പൂവ്വേം വേണ്ട." കാര്‍വര്‍ണ്ണന്‍ അരുളിച്ചെയ്തു.

"കര്‍ക്കടകത്തില്‍ സുഖചികില്‍സയും ഏര്‍പ്പാടാക്കീട്ടുണ്ട്‌ പ്രഭോ" ധനഞ്ജയന്‍ ഭഗവാനെ അപ്ഡേറ്റു ചെയ്തു.
"ഉവ്വോ? അതാപ്പൊ നന്നായെ"

.....................................

റോയല്‍ ഡൗല്‍ട്ടന്റെ ഡിന്നര്‍ വെയറുകളായിരുന്നു വെളുത്ത വിരിയിട്ട മേശപ്പുറത്ത്‌ സെറ്റു ചെയ്തിരുന്നത്‌.ക്രിസ്റ്റല്‍ഗ്ലാസില്‍ പ്യുവര്‍ കോട്ടന്റെ കര്‍ചീഫ്‌ ഒരു വിശറിപോലെ ഞൊറിഞ്ഞ്‌ വച്ചിരുന്നു.

മാസ്റ്റര്‍ ഓഫ്‌ സെറിമണി ഗസ്റ്റുകളെ സ്വാഗതം ചെയ്തു.

ലെറ്റ്‌ ദ ഡിന്നര്‍ ബിഗിന്‍ ..(തൊടങ്ങാല്ലെ)

സ്റ്റാര്‍ട്ടറായിട്ടു ഫിഷ്‌ഫിംഗറും പിക്‌ക്‍ള്‍ഡ്‌ ഒലീവുമായിരുന്നു.പിന്നെ ഫൈവ്‌ കോഴ്‌സ്‌ ഡിന്നറിന്റെ ആരംഭമായി സൂപ്പു വിളമ്പി. ക്രീം ഓഫ്‌ ക്വാളിഫ്ലവര്‍ സൂപ്പ്‌.

തുടര്‍ന്നു ചിക്കന്‍വിണ്ടലു ആന്‍ഡ്‌ ഘീ റൈസ്‌.

സൈഡ്‌ ഡിഷായി ഫ്രൈഡ്‌ ലേഡീസ്‌ഫിംഗര്‍........

ഒരു സക്ലിംഗ്‌ പിഗ്ഗിനെ മുഴുവനോടെ റോസ്റ്റു ചെയ്ത്‌ വായിലൊരു ആപ്പിളും കുത്തിക്കേറ്റി വെള്ളിത്താലത്തില്‍ അലങ്കരിച്ചുവച്ചിരുന്നു.

അതു കഷ്‌ണിച്ചതും എല്ലാവര്‍ക്കും വിളമ്പി. ക്രിസ്റ്റല്‍ ഗ്ലാസുകളില്‍ വീഞ്ഞു വേണ്ടവര്‍ക്കതും അല്ലാത്തവര്‍ക്ക്‌ ബിയറോ കോളയോ എന്താണു വേണ്ടതെന്നു വച്ചാല്‍ അതും ഒഴിച്ചു.

ഹെല്‍ത്ത്‌ കോണ്‍ഷ്യസ്സായ ചില പെണ്ണുങ്ങള്‍ക്കു വേണ്ടത്‌ സ്പ്രിംഗ്‌ വാട്ടറായിരുന്നു.

"സ്റ്റില്‍ ഓര്‍ സ്പാര്‍ക്ലിംഗ്‌ മേഡം?" കൈകളില്‍ വെള്ളഗ്ലൗസിട്ട വെയിറ്റര്‍ ചോദിച്ചു.

സ്റ്റില്ലു വേണ്ടോര്‍ക്കതും അല്ലാത്തോര്‍ക്കു മറ്റതും കൊടുത്തു.

എല്ലാവര്‍ക്കും വിലക്കെ വിളമ്പി.

അവിടെ വെലക്ക്യോ ഇവിടെ വെലക്ക്യോ എന്നിങ്ങനെ വെയിറ്റര്‍മാര്‍‍ കോഡുഭാഷയില്‍ അന്യോന്യം കമ്മ്യൂണിക്കേറ്റുചെയ്തുകൊണ്ടിരുന്നതിനാല്‍ എല്ലാവര്‍ക്കും എല്ലാം ഇഷ്ടം പോലെ കിട്ടി എന്നുറപ്പായി.

ഡിസേര്‍ട്ടു കഴിച്ചതിനുശേഷം ഷാനണ്‍ ഒരു കൊറോണക്കു തീ കൊളുത്തി.

സിഗാറിന്റെ ഊതിവിട്ട പുകയിലൂടെ അയാള്‍ ഷെര്‍മെയ്ന്റെ നനവുള്ള ചുണ്ടുകള്‍ കണ്ടു. റെവ്‌ലണ്‍റ്റെ വൈറ്റ്‌ ഗ്ലോസ്‌ ലിപ്സ്റ്റിക്‌ അവളുടെ അധരങ്ങള്‍ക്കു അഭൗമികമായ ഒരു സെക്സിനെസ്‌ നല്‍കിയിരിക്കുന്നു.

ഭോജനാന്ത്യം കാപ്പി, ചായ ഇവയെത്തി. കപ്പുച്ചിനോ വേണ്ടവര്‍ക്കതും എസ്പ്രസോ വേണ്ടവര്‍ക്കതും റെഡിയായിരുന്നു.

ഷാനന്റെ കോട്ടിന്റെ ബ്രെസ്റ്റ്‌ പോക്കറ്റില്‍ എറിക്സന്റെ മോബെയില്‍ വിറച്ചു. ഹാളിലേക്കു പ്രവേശിക്കും മുമ്പ്‌ അയാളത്‌ വൈബ്രേറ്റ്‌ മോഡില്‍ സെറ്റു ചെയ്തിരുന്നു.

അയാള്‍ ഫോണ്‍ കാതോടു ചേര്‍ത്തു.

"ഹായ്‌ ഷാനണ്‍, ഡിഡ്‌ യു സീ മൈ എസ്‌ എം എസ്‌?" പരിചിതമായ സ്ത്രീശബ്ദം.
ഫോണ്‍ നിശ്ശബ്ദമായി.

കല്യാണത്തിരക്കില്‍ എസ്‌ എം എസ്‌ നോക്കാന്‍ പറ്റിയില്ല.ഷാനണ്‍ മോബൈല്‍ തുറന്നു.

സ്ക്രീനില്‍ തുടിക്കുന്ന ഹൃദയത്തിന്റെ ഐക്കോണ്‍. കൂടെ ഒരു മെസ്സേജും.
"ലൗവ്‌ കാത്തി"

ഒറ്റ രാത്രിയേ കൂടെ കഴിഞ്ഞുള്ളുവെങ്കിലും ഇന്നും ഓര്‍ക്കുമ്പോള്‍ സിരകളില്‍ വികാരത്തിന്റെ തീജ്വാലകളുതിര്‍ക്കുന്ന ജര്‍മന്‍‌കാരി മദാമ്മ.

ഭൂപതി ഇന്റര്‍‌നാഷണലിന്റെ ജര്‍‌മനിയിലെ ഓഫീസില്‍ പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്ന കാത്തി എന്ന കാതറിന്‍.

അടുപ്പമുള്ളവരെല്ലാം അവളെ കാത്തി എന്നു വിളിച്ചു.

ഗസ്റ്റുകളുടെ ലിസ്റ്റില്‍ അവളുമുണ്ടായിരുന്നു. കാണാന്‍ തരപ്പെട്ടില്ല.

ഷാനണ്‍ തലയുയര്‍ത്തി ചുറ്റുപാടും നോക്കി.

ഹാളിന്റെ ഒരറ്റത്ത് ജനലരുകിലെ ടേബിളില്‍ കാത്തി.

ബോബു ചെയ്ത അവളുടെ സ്വര്‍ണ്ണമുടികളില്‍ ഒരു ഹൈബിസ്കസ് പുഷ്പം തിരുകി വച്ചിരുന്നു.

അവളുടെ മാറിടത്തില്‍ ഉടക്കി നിന്ന ഡയമണ്ഡ് പെന്റന്റ് താന്‍ ഗോത്തന്‍ബര്‍ഗ്ഗില്‍നിന്നു വാങ്ങി അവള്‍ക്കു സമ്മാനിച്ചതാണെന്നറിയാന്‍ ഷാനണു ബുദ്ധിമുട്ടേണ്ടി വന്നില്ല.

സര്‍ജ്ജിക്കലായി ഓഗ്മെന്റു ചെയ്തോ എന്ന സംശയം മാത്രം ബാക്കി നിന്നു.

അവരുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.

“ഹായ് ഷാനണ്‍” പിടക്കോഴി കൈപൊക്കി വീശി.

അയാള്‍ തന്റെ ഉള്ളംകയ്യില്‍ ചുംബിച്ചശേഷം അവളുടെ നേര്‍ക്കൂതി വിട്ടു.

അവളാകട്ടെ അതു പിടിച്ചെടുത്ത് അവളുടെ ചുണ്ടുകളോടു ചേര്‍ത്തമര്‍ത്തി.

ഷാനണ്‍ തന്റെ പോക്കറ്റില്‍നിന്നു കര്‍ചീഫെടുത്ത് ചുണ്ടു തുടച്ചു.

ലിപ്സ്റ്റിക് ആരും കാണണ്ട.

..............................................

ലിഫ്റ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ അഞ്ചാം നിലയില്‍ വന്നു നിന്നു.
പുറത്തിറങ്ങിയ ഭൂപതി സ്യൂട് നമ്പര്‍ 501 ല്‍ പ്രവേശിച്ചു.

നീല ഡെനിം പാന്റും വെള്ള ഷര്‍ട്ടും ധരിച്ച ഒരു ഇരുനിറക്കാരന്‍ യുവാവിനെ നോക്കി അയാള്‍ പറഞ്ഞു:

“നല്ല സാധനോണല്ലോ, അല്ലെട കന്നാലീ?”

“അതെ സര്‍”

“എന്നു പറഞ്ഞാലെന്തട കന്നാലീ?”

“ഓറിജിനലാണു സാര്‍, വേണ്ടതൊക്കെ ചേര്‍ത്തിട്ടുണ്ട്.”

വേണ്ടതൊക്കെ എന്നു പറഞ്ഞതില്‍ നവസാരവും കൊത്തിയരിഞ്ഞ നമ്പൂരിയട്ടയും ഉള്‍പ്പെടും എന്ന വിവരം യുവാവു പറഞ്ഞില്ല.

“കാറ്റു പൂവ്വോട ഉവ്വേ?”

“പാതി” യുവാവു മൊഴിഞ്ഞു.

“അപ്പോ മുയ്മനും പോവൂല്ല, അല്ലേ?”

“അതിനു വേറേ സാധനമുണ്ടു സാര്‍.”

“അതു വേണ്ടട കന്നാലീ.”

“എക്സൈസ് കാരുടെ ശല്യമുണ്ടായിരുന്നോട ഉവ്വേ?”

“ഓന്ണക്കാലമായതുകൊണ്ട് പിടുത്തത്തിനു ശക്തി കൂടുമെന്നു കേട്ടല്ലോ.” ഭൂപതി ആശങ്ക പ്രകടിപ്പിച്ചു.

“ഇല്ല സാര്‍.”

“ങൂം....?”

“എന്റെ ഒരളിയന്‍ എക്സൈസിലാണു സാര്‍.”

അപ്പോള്‍ അരണ്ട വെലിച്ചമുള്ള ആ മുറിയുടെ മൂലയില്‍ സോഫയില്‍ ചാരിയിരുന്ന ഒരു സായിപ്പ് “ ഹേ വെയിറ്റര്‍‍, ഗിമ്മി വണ്‍ മോര്‍” എന്നു വിളിച്ചു പറഞ്ഞു.

യുവാവു കന്നാസില്‍നിന്നു സാധനം പകര്‍ന്നു സായിപ്പിനു വച്ചു നീട്ടി.

ഭൂപതി ഇന്റര്‍നാഷണലിന്റെ ന്യൂയോര്‍ക്കിലെ ഒരു വലിയ ക്ലയന്റായിരുന്നു ആ സായിപ്പ്.

“ഹലോ ഹാരി, ഹൌ ആര്‍ യൂ? ആര്‍ യു എന്‍‌ജോയിങ് വെരി വെല്‍?” ഭൂപതി സായിപ്പിന്റെ കൈ പിടിച്ചു കുലുക്കി.

“അബ്സൊലൂറ്റ്‌ലി. എന്തോരു സുകം” സായിപ്പു പ്രതിവചിച്ചു.

ഔണ്‍സു ഗ്ലാസിലെ ദ്രാവകം ഒറ്റ വലിക്കു കുടിച്ചുതീര്‍ത്തതിനുശേഷം അയാള്‍ വെയിറ്ററെ വിളിച്ചു.

“വണ്‍ മോര്‍.”

കല്യാണസല്‍ക്കാരത്തോടനുബന്ദ്ധിച്ച് വിപ്ലവാരിഷ്ടവും ഏര്‍പ്പാടാക്കിയിരുന്നു.

പത്തനംതിട്ടഭാഗത്തുനിന്ന് ഈ ബിസിനസ്സില്‍ തഴക്കവും പഴക്കവുമുള്ള ഒരു പാര്‍ട്ടിയെയാണു അതു സപ്ലൈ ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത്.

സാധനവും സെറ്റിങ്സും ഒറിജിനലായിരിക്കണം എന്നു കല്പിച്ച പ്രകാരം ഒറിജിനല്‍ കന്നാസും ഔണ്‍സുഗ്ലാസുകളുമായിട്ടായിരുന്നു യുവാവെത്തിയത്.

മൂന്നാം നിലയില്‍ ഹൂളിയോ ഇഗ്ലീസിയാസിന്റെ ഒരു നമ്പറായിരുന്നു അപ്പോള്‍ കീച്ചിക്കൊണ്ടിരുന്നത്.

ആണും പെണ്ണും അരയില്‍ കൈചുറ്റി ആ പ്രേമഗീതത്തിനൊപ്പം മന്ദം മന്ദം ചുവടു വച്ചു നൃത്തം ചെയ്തു.

.....................................

പിറ്റേന്നു ഷാനണു കോലാലമ്പൂരില്‍ എത്തണമായിരുന്നു.

പെട്രോണാസ് ടവറില്‍ വച്ച് , ഷാര്‍സനഗര്‍ അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കണം.

ഭൂപതി ഇന്റര്‍നാഷണലിന്റെ ബാനറിലാണു പടം പിടുത്തം.

ചെന്നയില്‍നിന്നു പിറ്റേന്നുച്ചക്ക് ഒരു മണിക്കു പുറപ്പെടുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ രണ്ടു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്കു ചെയ്തിരുന്നു.

അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഷാനണും ഷര്‍മെയ്നും എല്ലാവര്‍ക്കും ഗുഡ്നൈറ്റ് പറഞ്ഞ് ഹെലികോപ്റ്ററില്‍ ചെന്നയിലെ ചോളാ ഷെറാട്ടനിലേക്കു പറന്നു.

കൊറിക്കാന്‍ കോഴിയുടെ പെട്ടി വറുത്തതും വയാഗ്രയും കൂടെ ഒരു ലാര്‍ജും അനുഭവിച്ചതിനുശേഷമാണു ‍ സെന്‍‌ട്രല്‍ എയര്‍ കണ്ടീഷനിംഗിന്റെ സുഖകരമായ തണുപ്പില്‍ പതിനേഴാം നമ്പര്‍ സ്വീട്ടിലെ പതുപതുത്ത മെത്തയിലേക്കു ഷാനണ്‍ മറിഞ്ഞത്.

രാവിലെ പത്തുമണി വരെ കിടന്നുറങ്ങാം.

പിന്നെ കുളിച്ച് ബ്രഞ്ചു കഴിച്ചു നേരെ എയര്‍പോര്‍ട്ടിലേക്ക്.

ഷര്‍മെയ്ന്‍ തന്റെ ആറിഞ്ചു മുടമ്പുള്ള ചെരിപ്പൂരി മുറിയുടെ മൂലയിലേക്കെറിഞ്ഞു.

പിന്നെ ഫുള്‍ ബേര്‍ത്ത്ഡേ സൂട്ടില്‍ സപ്രമഞ്ചത്തിലേക്കു കയറി.

“ചെറുമീ...”

“ഓ...”

“എനിക്കു നിന്റെ കൊയ്ത്തുപാട്ടൊന്നു കേക്കണം. നീയൊന്നു പാടിക്കേ.”

അവര്‍ പഴയ ചാനനും ചെറുമിയുമായി മാറുകയായിരുന്നു.

കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ അവര്‍ കെട്ടിമറിഞ്ഞ് കിടക്കപ്പായില്‍ പുതപ്പിനുള്ളിലേക്കു മറഞ്ഞതിനാല്‍ പിന്നെ നടന്നതൊന്നും കാണാന്‍ പാങ്ങുണ്ടായില്ല.

അപ്പോള്‍ ഒരു വെളുത്ത ബി എം ഡബ്ലിയു എര്‍‌ണാ‍കുളത്ത് ഷേണായ് തീയേറ്ററിന്റെ പിറകുവശത്തുള്ള വാരിയം റോഡിലൂടെ ഒരു അണ്‍‌ഡിസ്ക്ലോസ്ഡ് ഡെസ്റ്റിനേഷന്‍ ലഷ്യമാക്കി പാഞ്ഞുപോയി.

പിന്‍സീറ്റില്‍ ഭൂപതിയും നവവധുവുമായിരുന്നു.


***********************

9 comments:

ആവനാഴി said...

ഭഗവാനെ , പടക്കുനടുവിലാണല്ലോ ഞാന്‍. എനിക്കു വയ്യ. അങ്ങയുടെ മോട്ടിവേഷണല്‍ സ്പീച്ച് കേട്ടപ്പഴാണു ഒരു ശകലം ധൈര്യം കിട്ടിയത്. എന്റെ കൃഷ്ണാ, എല്ലാം അങ്ങയുടെ ഇഷ്ടം. ഞാനിതാ ഒരസ്ത്രം വിക്ഷേപിക്കുകയാണു.

Unknown said...

കൊള്ളാം, തകര്‍ത്തിരിക്കുന്നൂ..

ഒന്നൂടെ വായിക്കട്ടേ..!

ആവനാഴി said...

താങ്ക് യൂ ഏവൂരാന്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആവനാഴിയില്‍ നിന്നും പുറപ്പെട്ടത്‌ ആഗ്നേയാസ്ത്രം അല്ലേ?

വേണു venu said...

ഭഗവാനേ ഇതൊരൊന്നര അസ്ത്രമാണല്ലോ.

Areekkodan | അരീക്കോടന്‍ said...

ഇത്രയും നീളത്തില്‍ പോസ്റ്റിയാല്‍ ബൂലോകം മുഴുവന്‍ ബ്ളോക്കാവും...

ആവനാഴി said...

പണിക്കര്‍ സാറെ വേണുമാഷേ അരീക്കോടാ

നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദിയുണ്ട്.

Anonymous said...

ഓണ്‍ലൈന്‍ കമന്ററി ഇഷ്‌ടപ്പെട്ടു.

സുധി അറയ്ക്കൽ said...

ചാള//// ചാണകം///പഴങ്കഞ്ഞി/// കഞ്ഞിയും തലേന്നത്തെ മീന്‍ ചാറും/////സ്കോച്ച്‌ ഓണ്‍ ദ റോക്സ്‌"////
കൊറോണ////
ദൈവമേ എനിക്ക് വട്ടായോന്ന് സംശയിച്ചുപോയി ...ഹ ഹ ഹ.....

 

hit counter
Buy.com Coupon Code