Friday, January 12, 2007

കല്യാണത്തലേന്ന്

സ്നേഹലതക്ക്‌ സെപ്റ്റംബറിന്റെ സന്തോഷമായിരുന്നു. ചിമിഴു തുറന്ന്‌ ചൂണ്ടുവിരല്‍കൊണ്ട്‌ കറുത്ത സുറുമ തോണ്ടിയെടുത്ത്‌ കണ്ണെഴുതി. കൈകളില്‍ ജുഗല്‍ബന്ദിയും കഴുത്തില്‍ പൂത്താലിയുമണിഞ്ഞപ്പോള്‍ അവള്‍ കുറെക്കൂടി സുന്ദരിയായി.

"എനിക്കീ കാത്തിരുപ്പു വയ്യാട്ടോ. ഉം, ഓടിവരൂന്നേ."അവള്‍ കണ്ണാടിയില്‍ നോക്കി.

വാതായനത്തിലൂടെ വീശിയടിച്ച കള്ളക്കാറ്റ്‌ പോച്ചമ്പള്ളി സാരിയുടെ പല്ലവ്‌ തോളില്‍നിന്നു തട്ടിമാറ്റിയപ്പോള്‍ അവള്‍ക്കു നാണം വന്നു. നവംബറിന്റെ നാണം.

"ഒന്നു പോ", പെണ്ണുകാണാന്‍ വന്നപ്പോള്‍ അവന്റെ കണ്ണിലെ കുസൃതി ഓര്‍ത്ത്‌ അവള്‍ ആല്‍മഗതിച്ചു.

"വേണ്ടാട്ടോ, ഞാന്‍ വെറുതെ പറഞ്ഞതല്ലേ. പ്ലീസ്‌ ഡൊണ്ട്‌ ഗോ. ഐ ലവ്‌ യൂ ഡാ."

"ഐ ലവ്‌ യൂ ടൂ ചേച്ചി. അതിനു ഞാന്‍ പോണില്ലല്ലോ. ചേച്ചിയുടെ അടുത്തു നില്‍ക്കാന്‍ എനിക്കെന്തിഷ്ടമാ.", നിക്കറിന്റെ വള്ളി ഇടത്തേ തോളിലേക്കു വലിച്ചിട്ടുകൊണ്ട്‌ ബാബുക്കുട്ടന്‍ പറഞ്ഞു.
"എന്തു നല്ല മണമാ ചേച്ചിക്ക്‌"
ബാബുക്കുട്ടന്‍ മുറിയിലുണ്ടായിരുന്ന കാര്യം അവള്‍ മറന്നു.

"എന്റെ ചക്കരക്കുട്ടനല്ലേ. കുസൃതിക്കുട്ടന്‍" അവള്‍ അവനെ കെട്ടിപ്പിടിച്ച്‌ കവിളിലൊരുമ്മ കൊടുത്തു.
"ഉം പൊക്കോ. പുറത്തുപോയി കളിച്ചോ"ബാബുക്കുട്ടന്‍ ഓലപ്പെന്തുമെടുത്തുകൊണ്ട്‌ പുറത്തേക്കോടി.

"നാളെ കല്യാണം കഴിഞ്ഞാല്‍ ചെറുക്കന്‍ പിറ്റേന്നുതന്നെ സ്നേഹലതയേയും കൂട്ടി ഡെല്‍ഹിക്കുപോകും അല്ലേ ചേച്ചി? ലീവില്ലാത്രേ. "
"അവനു പ്രധാനമന്ത്രീടെ ഓഫീസിലു വല്യ ഉദ്യോഗാത്രേ. സുമിത്രേടത്തീടെ ഭാഗ്യം "രമണി ധന്യേടത്തീടെ നെറ്റിയിലേക്കു വീണുകിടന്ന ഒരു നരച്ച മുടി പിഴുതു ദൂരെയെറിഞ്ഞു.
"പോട്ടെ".
"വിമലേച്ചിയുടെ മുടി കണ്ടില്ലേ രമണീ. ഒരെണ്ണം പോലും നരച്ചിട്ടില്ല. എന്റെ മിക്കതും നരച്ചു."
"വെറുത്യാ ധന്യേടത്തി. പഞ്ഞിക്കൊടം പോലെയായി. ഡൈ ചെയ്തിരിക്ക്യാ"
"അതിനു നീ കണ്ടോ? ഡൈ ചെയ്യണത്‌?"
"ഞാന്‍ കണ്ടു വല്യമ്മേ. ഞാനും ചന്ദ്രനും കൂടി കണ്ണിമാങ്ങ പറിക്കാന്‍ മാവേക്കേറിയപ്പോ പപ്പമ്മാവന്‍ അമ്മായീടെ തലയില്‍ തേച്ചുകൊടുക്കുന്നു", ബാബുക്കുട്ടന്‍ ഓലപ്പന്തും തട്ടിക്കൊണ്ട്‌ ഓടിപ്പോകവേ വിളിച്ചുകൂവി.
ഇതുകേട്ടുകൊണ്ടാണു വിമല അങ്ങോട്ടു കടന്നുവന്നത്‌. മുഖം അരിശം കൊണ്ട്‌ ചുവന്നു തുടുത്തിരുന്നു.

"മാനേഴ്‌സില്ലാത്ത വര്‍ഗ്ഗം. അതെങ്ങിന്യാ കുളിമുറിക്കു മേച്ചിലൊന്നുമില്ലല്ലോ. കുളിമുറിയിലെന്താ നടക്കുന്നതെന്നു നോക്കി നടക്കുന്ന കുറെ അശ്രീകരങ്ങളും"
"വേണ്ട എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. കുളിക്കാന്‍ നായരേയും കൂട്ടി മുറിയില്‍ കേറുന്ന തോന്ന്യാസങ്ങളൊന്നും ഈ വീട്ടിലാരും കാണിച്ചിട്ടില്ല."
"അതൊക്കെയങ്ങ്‌ ബോംബേക്കാണിച്ചാ മതി. നിന്റെ ഒരു മാനേഴ്‌ സ്‌" ധന്യയും വിട്ടുകൊടുത്തില്ല.
രംഗം വഷളാകേണ്ടെന്നുകരുതി രമണി ധന്യേടത്തിയേയും കൊണ്ട്‌ അടുക്കളയിലേക്കു പോയി.

അടുക്കളയിലെത്തിയപ്പോള്‍ രമണി ധന്യയുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു.

"കളി പറയാതെ രമണീ"

"സത്യം"
"പിന്നെ"
"ഊം. ബോംബേലൊക്കെ ഒരു തരം ബ്രാ കിട്ടും ഏട്ടത്തി. അതിട്ടാപ്പിന്നെ ..."
"ഇട്ടാപ്പിന്നെ?..തെളിച്ചുപറ രമണീ" ധന്യക്കറിയാന്‍ ആകാംക്ഷയായി.
"ആരും അടുത്തുവരാന്‍ പേടിക്കും”
"അതെന്താ രമണീ?"
"അത്രക്കെടുപ്പും കുന്തിപ്പുമായിരിക്കും ഏടത്തി"
"അതൊന്നും വെറുതെകിട്ടിയാലും വേണ്ട രമണ്യേ. ഇനി പിള്ളേരുടഛന്‍ നെഞ്ചുകുത്തിക്കീറിച്ചത്തു എന്നൊരപവാദത്തിനു ഞാനില്ല", ധന്യ തറപ്പിച്ചു പറഞ്ഞു.

"ങേ, എന്താ പറഞ്ഞേ?" വടിയും കുത്തി കുനിഞ്ഞ്‌ അപ്പോള്‍ അങ്ങോട്ടു കയറിവന്ന ഇച്ചിര മുത്തശ്ശി ചോദിച്ചു.

"ഇക്കൊല്ലം നമ്മുടെ മൂവാണ്ടന്‍ മാവേലു നല്ലോണം മാങ്ങ പിടിച്ചിട്ടുണ്ടെന്നു പറയുവായിരുന്നു മുത്തശ്ശീ"

"ഒറക്കെപ്പറ" മുത്തശ്ശി ചെവി വട്ടം പിടിച്ച്‌ രമണിയുടെ മുഖത്തേക്കു നോക്കി.
"മാവേലു നല്ലോണം മാങ്ങയുണ്ടെന്നു പറഞ്ഞതാ മുത്തശ്ശീ" രമണി നല്ലതുപോലെ ശബ്ദമുയര്‍ ത്തി പറഞ്ഞു.
"പിന്നെ എന്തോന്നാ കുന്തിച്ചുനിക്കണൂന്നു പറഞ്ഞേ?"
"എന്റെ ഗുരുവായൂരപ്പാ,അല്ലെകില്‍ കതിന പൊട്ടിച്ചാല്‍ കേള്‍ക്കില്ല. അരുതാത്തതെന്തെങ്കിലുമാണെങ്കില്‍ ചുണ്ടനക്കിയാല്‍ മതി. എന്നിട്ട്‌ ഒന്നുമറിയാത്തപോലൊരു കിന്നാരോം"
രമണി ധന്യയേയും കൊണ്ട്‌ അടുത്ത മുറിയിലേക്കു പോയി.

അതിഥികള്‍ ഒറ്റയായും കൂട്ടമായും വന്നുകൊണ്ടിരുനു.വരാന്തയില്‍ കിണ്ടി നിറയെ വെള്ളം വച്ചാല്‍ ആളുകള്‍ക്ക്‌ കാല്‍ കഴുകി വരാന്തയിലേക്കു കയറാം. അമ്മാവന്‍ പറഞ്ഞ പ്രകാരം രമേശന്‍ കിണ്ടി അന്വേഷിച്ച്‌ മുറിയിലേക്കു കടന്നു.

അവന്‍ അകത്തു കയറിയപ്പോള്‍ മാലതി ധാവണി ചുറ്റുകയായിരുന്നു. പെട്ടെന്നു രമേശനെക്കണ്ട്‌ മാലതിയൊന്നു ഞെട്ടി.
"മാലുവോ? ഞാനെവിടെയൊക്കി നോക്കിയെന്നറിയ്‌വോ?"

"ഞാന്‍ കണ്ടു, കാറില്‍ നിന്നിറങ്ങുന്നത്‌" മാലതി മൊഴിഞ്ഞു.
"എന്നിട്ടെന്തേ വരാത്തെ?"
അതിനുത്തരം പറയാതെ മാലതി പറഞ്ഞു: " മീശക്കൊക്കെ എന്തൊരു കറുപ്പാ. ഇപ്പഴും തീപ്പട്ടിക്കൊള്ളി ഉരച്ചു എണ്ണയില്‍ മുക്കി തേക്കാറുണ്ടോ രമേശെട്ടന്‍?.."
"എനിക്കിഷ്ടാട്ടോ"

രമേശന്‍ മാലതിയുടെ അടുത്തേക്കു ചേര്‍ന്നു നിന്നു. എന്നിട്ട്‌ അവളുടെ കയ്യിലൊന്നു നുള്ളി, വേദനിപ്പിക്കാതെ.
"ദേ, ആരെങ്കിലും കാണും"
"കണ്ടോട്ടെ"
"പിന്നെ, ഈ രമേശേട്ടന്‍"
"ഞാനൊരു സാധനം കൊണ്ടു വന്നിട്ടുണ്ട്‌ നിനക്ക്‌"
"എന്താ രമേശേട്ടാ?"
"പറയില്ല"
"ഉം പറയൂ രമേശേട്ടാ, പ്ലീസ്‌"
"നീ ഇരുട്ടിയിട്ടു വരുമോ ആ പാലമരച്ചുവട്ടിലേക്കു?"
"എന്തിനാ?"
"അതപ്പോപറയാം"

"കിട്ട്യോ രമേശാ?" അമ്മാവന്റെ ഘനഗംഭീരമായ വിളി കാതില്‍ മുഴങ്ങി.
"വരണം, തന്നെ. കഴിഞ്ഞ തവണത്തെപ്പോലെ ആ ബാബുക്കുട്ടനേയും കൂട്ടി വരരുത്‌.എന്നെ പറ്റിക്കാന്‍" രമേശന്‍ കിണ്ടിയുമെടുത്തുകൊണ്ടു പോകും മുമ്പേ മാലതിയുടെ കാതില്‍ മന്ത്രിച്ചു.

പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പന്തല്‍ പാലൊളി വീശി.

വലിച്ചുകെട്ടിയ വെള്ളത്തുണികൊണ്ടുള്ള മേല്‍ക്കട്ടിയില്‍ കടലാസുപൂക്കളെക്കൊണ്ട്‌ അലങ്കാരപ്പണികള്‍ നടത്തുന്നതില്‍ വ്യാപൃതരായിരുന്നു കുറെ ചെറുപ്പക്കാര്‍.ചുറ്റും കുരുത്തോല കൊണ്ടുള്ള തോരണങ്ങള്‍ തൂക്കിയിരുന്നു.ഇടക്കിടക്ക്‌ മാവിലകളും പഴുക്കടക്കയും കുത്തി പന്തല്‍; മോടിപിടിപ്പിച്ചിരുന്നു.

വല്യവീട്ടില്‍ സുഭദ്രയുടേയും പ്രഭാകരവര്‍മ്മയുടേയും ഏകമകള്‍ സ്നേഹലതയുടെ വിവാഹം പൊടിപൊടിക്കണം.
എല്ലാ ബന്ധുക്കളും തലേന്നു തന്നെ എത്തണമെന്നു പ്രത്യേകം ക്ഷണിച്ചിരുന്നു.

ആണായിട്ടും പെണ്ണായിട്ടും ആകെ ഉള്ള പെണ്‍തരിയാണു.ഇനി ഈ തറവാട്ടില്‍ ഒരു വിവാഹമുണ്ടാകണമെങ്കില്‍ എത്ര നാള്‍ കാത്തിരിക്കണം?സ്നേഹലതക്ക്‌ ഒരു പുത്രിയുണ്ടായി വിവാഹപ്രായമെത്തിയാല്‍ ഈ വീട്ടില്‍ വച്ചുനടത്തുമെന്നെന്താണുറപ്പ്‌? ഇല്ല, സാധ്യതയില്ല.ഒന്നിനും ഒരു കുറവു വരാന്‍ പാടില്ല.

"സുഭദ്രേച്ചി വിഷമിക്കണ്ട. നമ്മള്‍ ഈ കല്യാണം പൊടിപൊടിച്ചിരിക്കും" ചെറുപ്പക്കാര്‍ ആവേശത്തോടെ തോരണങ്ങളിലേര്‍പ്പെട്ടു.

"ഈ ഫ്യൂഡല്‍ വ്യവസ്ഥിതി മാറണം.അല്ലെങ്കില്‍ മാറ്റും.പ്രൊലിറ്റേറിയന്‍സിനു പവറു കിട്ടുന്ന കാലം വിദൂരമല്ല. ഭൂമിയില്‍ നിന്നുള്ള ആദായം അതില്‍ പണിയെടുക്കുന്ന തൊഴിലാളിക്കു തന്നെ കിട്ടണം. വായിച്ചിട്ടുണ്ടോ കുട്ടേട്ടന്‍ മര്‍ക്സിന്റെ വൈരുധ്യാദ്ധിഷ്ടിതഭൗതികവാദം. ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം?"
പന്തലില്‍ ചാരുകസാലയില്‍ കിടന്നുകൊണ്ട്‌ രാഷ്ട്രീയം പറയുകയായിരുന്നു രാമന്‍കുട്ടി.

"അപ്പഴേ, ആ ഭൗതികവാദം കേട്ടോണ്ടിരുന്നാല്‍ സംഗതി പാളും. കുട്ടേട്ടനിങ്ങോട്ടൊന്നു വന്നേ. ഒരു കയ്യൊന്നു പിടിച്ചേ. അതിക്രമഭാരമണീ വര്‍പ്പിനു."
കുമാരേട്ടനും മാധവേട്ടനും കൂടി അടുപ്പിനരികില്‍നിന്നു വിളിച്ചു പറഞ്ഞു.

"എടാ, നീയൊരു പത്തുകുടം വെള്ളം കോരിക്കൊണ്ടു വന്ന്‌ വാര്‍പ്പിലൊഴിക്ക്‌" ചെമ്പു തേച്ചുകഴുകിക്കൊണ്ടിരുന്ന വേലായുധനെ നോക്കി കുമാരേട്ടന്‍ പറഞ്ഞു.
"നല്ലതുപോലെ വെട്ടിത്തിളച്ചിട്ടുവേണം അട പരത്തിയതിടാന്‍"
"അടയുടെ കാര്യത്തില്‍ ഒരു കണ്ണുവേണം കേട്ടോ ഗംഗാരേട്ടാ. ഒട്ടും കനം പാടില്ല.എന്നാല്‍ ഇലയില്‍ നേര്‍മയില്‍ പറ്റിപ്പിടിച്ചിരിക്കുകയും വേണം"
"അങ്ങ്യേറ്റം വന്നാല്‍ ഒരു മന്‍മലുമുണ്ടിന്റെ കനം", ഗംഗാരേട്ടന്‍ പിന്‍താങ്ങി.

എല്ലാവരുംകൂടി അട പരത്താനൊരുങ്ങുമ്പോഴാണു തെങ്ങിന്‍ചോട്ടില്‍നിന്നു അപ്പൂപ്പന്റെ ശകാരം കേട്ടത്‌.

"പൊലിയാനായിട്ട്‌. ഏതു ശുംഭനാടാ കിണ്ടിയില്‍ എണ്ണ നിറച്ചു വച്ചത്‌?"
ഗോപാലന്‍ അടുപ്പിനരുകിലേക്കു നോക്കി. കിണ്ടി കാണാനില്ല.
"ദൈവമേ പറ്റിച്ചോ?"ഉരുളിയില്‍ കായ വറുത്ത എണ്ണ ശകലം ബാക്കി ഉണ്ടായിരുന്നത്‌ ഗോപാലനായിരുന്നു തല്‍ക്കാലം കിണ്ടിയിലൊഴിച്ചുവച്ചത്‌.

അപ്പൂപ്പന്‍ അരിക്കിലാമ്പും തൂക്കി പറമ്പിലേക്കു പോണ കണ്ടു. കൂടെ കിണ്ടിയുമെടുത്തുകൊണ്ടുപോയതു കണ്ടില്ല.

ഇനിയിപ്പോള്‍ എന്തു ചെയ്യും? ആകപ്പാടെ അഴകൊഴാന്നായിക്കാണും.

"കാരമാ നല്ലത്‌. കുറച്ചു കാരമിങ്ങെടുത്തോ ധന്യേടത്തീ, കുറച്ചു ചകിരീം."
എല്ലാവര്‍ക്കും ചിരി പൊട്ടിപ്പൊട്ടിവരുന്നുണ്ടായിരുന്നു.

കാരവും ചകിരിയും എടുത്തുകൊണ്ട്‌ ധന്യ രമേശനെ തിരക്കി.
"പാലമരച്ചോട്ടിലേക്കു പോണ കണ്ടു വല്യമ്മേ" ബാബുക്കുട്ടന്‍ പറഞ്ഞു.
"അവനീ രാത്രിയെന്തിനാ അങ്ങോട്ടു പോയത്‌?"
" ആ, തൂറാനായിരിക്കും"
"ങാ, എന്നാ മോനിതു കൊണ്ടുപോയി അപ്പൂപ്പനു കൊടുക്ക്‌"
ബാബുക്കുട്ടന്‍ ഒരു കയ്യില്‍ കാരം നിറച്ച ചിരട്ടയും മറ്റേ കയ്യില്‍ ചകിരിയുമായി ട്ര്ര്‍ര്‍....എന്നു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ തെങ്ങിന്‍ചോട്ടിലെക്കോടി.

വീട്ടിനകത്തും പുറത്തും വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ബഹളം നടക്കുമ്പോള്‍ സുഭദ്രയുടെ മനസ്സു പിടഞ്ഞു. വിക്ഷുബ്ധമായ സമുദ്രത്തെപ്പോലെ.
പറയണോ? കഴിഞ്ഞ പതിനേഴു വര്‍ഷങ്ങള്‍ താന്‍ മനസ്സിന്റെ സിന്ദൂരച്ചെപ്പില്‍ കുന്നിക്കുരുപൊലെ കൊണ്ടു നടന്ന ആ രഹസ്യം പുറത്തു പറയണോ?

ഒരു നിമിഷത്തിന്റെ ബലഹീനതയില്‍ വന്നു പോയ ആ തെറ്റ്‌ തന്റെ ഗര്‍ഭപാത്രത്തില്‍ ഒരു ബിന്ദുവായി ഉദയം ചെയ്തപ്പോള്‍ അതു വളര്‍ന്നു പ്രസവിച്ചപ്പോള്‍ ആരും അവളെ സംശയിച്ചില്ല.പ്രഭാകരവര്‍മയുടെ മകളായി അവള്‍ പിറന്നു.

വിവാഹത്തിനുമുന്‍പ്‌ ദക്ഷിണ കൊടുത്ത്‌ അഛന്റെ അനുഗ്രഹം വാങ്ങുന്ന മകളുടെ ചിത്രം അവളുടെ ഉള്ളില്‍ പൊന്തി വന്നു. ജന്മം കൊടുക്കാത്ത പിതാവിന്റെ അനുഗ്രഹം.ഇന്നു തന്നെയെങ്കിലും സ്നേഹലതക്ക്‌ സ്വന്തം പിതാവിന്റെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കണം എന്നവള്‍ ആശിച്ചു.

സത്യത്തിന്റെ നിശ്ശബ്ദമായ നിശിത ശരങ്ങള്‍ അവളെ വേട്ടയാടി.വയ്യ, പറയാതിരിക്കാന്‍ വയ്യ.
അവള്‍ വിറകുപുരയിലേക്കു നടന്നു.എന്നിട്ടു വിളിച്ചു,"ഇങ്ങു വരൂ വേലായുധാ"ആ വിശ്വസ്തനായ ഭൃത്യന്‍ ഭവ്യതയോടെ അവളുടെ മുമ്പിലെത്തി.

എങ്ങിനെ തുടങ്ങണമെന്ന്‌ അവള്‍ക്കറിയില്ലായിരുന്നു.അവന്റെ ഉപ്പുരസമുള്ള വിയര്‍പ്പിന്റെ മണം ഇന്നലെയെന്നപോലെ അവളുടെ നാസാരന്‍ദ്ധ്രങ്ങളില്‍ അരിച്ചെത്തി.

ആ രാത്രി ഒരു കൊള്ളിയാന്‍ പോലെ അവളുടെ മനസില്‍ മിന്നിമാഞ്ഞു.

ധനുമാസത്തിലെ തിരുവാതിരനാള്‍. പാലൊളിച്ചന്ദ്രന്‍ വെളുത്ത മേഘക്കീറുകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കിയപ്പോള്‍ അവളുര്‍ന്നു.ശാന്തമായി കിടന്നുറങ്ങുന്ന തന്റെ ഭര്‍ത്താവിന്റെ വലതുകൈ തന്റെ മാറില്‍നിന്ന്‌ ഒരു താമരനൂലുകണക്കെ* അവള്‍ എടുത്തു മാറ്റി.അര മുതല്‍ താഴോട്ടു തളര്‍ന്നു പോയ അയാളുടെ കാലുകളില്‍നിന്ന്‌ ഉതിര്‍ന്നുപോയ പുതപ്പ്‌ അവള്‍ യഥാസ്ഥാനത്തെടുത്തുവച്ചു.

സ്വീകരണമുറിയിലെ ഗ്രാന്‍ഡ്‌ഫാദര്‍ക്ലോക്ക്‌ പന്ത്രണ്ടു തവണ അടിച്ചു.ഒപ്പം അങ്ങകലെനിന്നു തിരുവാതിരപ്പാട്ടിന്റെ ഈരടികള്‍.

അടുത്ത മുറിയില്‍നിന്ന്‌ ദീര്‍ഘനിശ്വാസത്തിന്റെ നിസ്വനം. വികാരത്തിന്റെ സീല്‍ക്കാരങ്ങള്‍.തെറ്റാണെന്നറിയാമായിരുന്നു.എന്നിട്ടും അവളുടെ പാദങ്ങള്‍ അവളറിയാതെ ചലിച്ചു.

താക്കോല്‍ പഴുതിലൂടെ അവള്‍ മുറിക്കകത്തേക്കു നോക്കി.

കൊളുത്തിവച്ച നിലവിളക്കിന്റെ പ്രഭയില്‍ കിടക്കയില്‍ സര്‍പ്പങ്ങളെപ്പോലെ കെട്ടിമറിയുന്ന രണ്ടു രൂപങ്ങള്‍.രമണിയുടെ നെറ്റിയില്‍ ഉരുണ്ടുകൂടിയ സ്വേദബിന്ദുക്കള്‍ അവള്‍ കണ്ടു. അവളുടെ നഗ്നമായ അരക്കെട്ടിലെ സ്വര്‍ണനൂപുരം പ്രകാശരേണുക്കള്‍ തട്ടി പ്രതിഫലിച്ചു.

പകല്‍ താന്‍ തന്നെ കെട്ടി അവളുടെ മുടിയില്‍ ചൂടിച്ച മുല്ലമാല ആ കിടക്കയില്‍ പൊട്ടിച്ചിതറിക്കിടന്നു.ഒറ്റപ്പാലത്ത്‌ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ മാസത്തിലൊരിക്കലുള്ള വരവും കാത്ത്‌ ആ പകല്‍ മുഴുവന്‍ എത്ര അക്ഷമയായിരുന്നു രമണി എന്നവള്‍ ഓര്‍ത്തു.

"രമണീ", വിശ്വനാഥന്റെ അടക്കിപ്പിടിച്ച വിളി.
"എന്തോ.." അവളുടെ ശബ്ദത്തില്‍ വികാരത്തിന്റെ ആഴക്കടല്‍ സുഭദ്ര ദര്‍ശിച്ചു. ആ വിളി ഒന്നു കേള്‍ക്കാന്‍ സഹസ്രാബ്ദങ്ങള്‍ കാത്തിരുന്ന ഒരു വേഴാമ്പലിനെപ്പോലെ."എന്തോ...എന്തോ...എന്തോ...", ആ ശബ്ദം എവിടെയൊക്കെയോ തട്ടി ഒരായിരം പ്രതിധ്വനികളായി സുഭദ്രയുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു.

പ്രകാശനാളത്തില്‍ വെള്ളതേച്ച ചുവരില്‍ ആലിംഗനബദ്ധരായ രണ്ടു രൂപങ്ങള്‍.അതില്‍ സ്ത്രീരൂപത്തിന്റെ മുഖം പുരുഷന്റെ നഗ്നമേനിയിലൂടെ ഇഴഞ്ഞിഴഞ്ഞ്‌ അയാളുടെ ചുടുചുംബനങ്ങള്‍ക്കുവേണ്ടി കാട്ടുചോലയില്‍ മുങ്ങിനിവര്‍ന്നു വരുന്ന ഒരപ്സരകന്യകയെപ്പോലെ മെല്ലെ മെല്ലെ ഉയര്‍ന്നുവരുന്നതവള്‍ കണ്ടു.

എവിടെയൊക്കെയോ ഒരിക്കിളി. മനസ്സിന്റെ തടവറയില്‍ നട്ടുവളര്‍ത്തിയ വികാരപുഷ്പങ്ങള്‍ ഒന്നൊന്നായി വിടരാനാരംഭിച്ചു.

പാതി ചാരിയ വാതില്‍പ്പഴുതിലൂടെ സുഭദ്ര‍ തന്റെ കിടപ്പറയിലേക്കു നോക്കി.ജാലകത്തിലൂടെ അരിച്ചെത്തിയ ചന്ദ്രരശ്മികളില്‍ ശാന്തമായുറങ്ങുന്ന ഭര്‍ത്താവിന്റെ മുഖം.ജീവിതത്തിലാദ്യമായി അവള്‍ക്കയാളോടു വെറുപ്പു തോന്നി.

ഉള്ളില്‍ എന്തൊക്കെയോ ഒരിത്‌. ആശ്ലേഷിക്കപ്പെടുവാനും കീഴടക്കപ്പെടുവാനും എന്തെന്നില്ലാത്ത ഒരഭിനിവേശം. ഒരു വെമ്പല്‍.

അവള്‍ വിറകുപുരയിലേക്കു നടന്നു. കയറ്റുകട്ടിലില്‍ കിടന്നുറങ്ങുന്ന വേലായുധന്റെ വക്ഷസ്സിലേക്കവള്‍ ചാഞ്ഞു.

പരിഭ്രമത്തോടെ ഞെട്ടിയുണര്‍ന്ന അയാളുടെ ചുണ്ടുകളില്‍നിന്നു ശബ്ദം പുറപ്പെടുന്നതിനുമുമ്പേ അവള്‍ അവയെ തന്റെ അധരങ്ങളുടെ തടവുകാരാക്കി.

വടവൃക്ഷത്തിന്റെ തായ്‌ വേരു നനഞ്ഞ മണ്ണിലേക്കാഴ്‌ന്നിറങ്ങിയപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ സുഖദമായ ഒരു ഞടുക്കം.എവിടെയൊക്കെയോ അമൃതബിന്ദുക്കള്‍ പൊട്ടിയൊഴുകുന്നു.അയാളുടെ കൈകളിലെ ഉരുണ്ടുകളിക്കുന്ന മസിലുകളില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു.

"എന്താ സുഭദ്രാമ്മേ?"വേലായുധന്റെ ശബ്ദം അവളെ വര്‍ത്തമാനകാലത്തേക്കു തിരികെക്കൊണ്ടുവന്നു.
"വല്ലാതെ വിയര്‍ക്കുന്നുവല്ലോ", അവളുടെ നെറ്റിയില്‍നിന്നുതിര്‍ന്നുവീഴുന്ന സ്വേദകണങ്ങളെ ചൂണ്ടി അയാള്‍ പറഞ്ഞു.

അവള്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല. വാക്കുകള്‍ തൊണ്ടയില്‍ തട്ടിയുടക്കിനിന്നു.

ദീര്‍ഘനേരത്തെ നിശ്ശബ്ദത.

"എന്താ സുഭദ്രാമ്മേ?" വേലായുധന്‍ ആശങ്കാകുലനായി.

ഒരു വിധത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു:"വേലായുധാ, സ്നേഹലത നിന്റെ മകളാണു. നിന്റെ മകള്‍"
ആ വാക്കുകള്‍ അയാളില്‍ അശിനിപാതം പോലെ പതിച്ചു.
ഏതോ ഒരജ്ഞാതശക്തി ആവേശിച്ചപോലെ അയാള്‍ പുലമ്പി," ഹെന്റെ മകള്‍?"

"അരുത്‌, ശബ്ദിക്കരുത്‌." സുഭദ്രയുടെ മുഖം കോപിഷ്ടയായ ദുര്‍ഗ്ഗയുടേതുപോലെയായി.

"ശബ്ദിക്കരുത്‌. ഈ സൗഭാഗ്യങ്ങള്‍ , ഈ വിവാഹം എല്ലാം കളഞ്ഞുകുളിക്കണോ നിനക്ക്‌. വല്യവീടിന്റെ അന്തസ്സും അഭിമാനവും തകര്‍ന്നടിയുന്നത്‌ കാണാനാണോ നീ ആഗ്രഹിക്കുന്നത്‌?"
അവളുടെ വാക്കുകളിലെ കാര്‍ക്കശ്യം അവനെ ഞെട്ടിവിറപ്പിച്ചു.
എന്തോ ആലോചിച്ചുറച്ചപോലെ അവള്‍ ആക്രോശിച്ചു:" അതിരാണിപ്പുഴയില്‍പ്പൊന്തണമോ നിന്റെ ശവം?"

തന്റെ യജമാനത്തിയുടെ ആജ്ഞാശക്തിക്കുമുമ്പില്‍ അയാള്‍ ചുരുങ്ങി.വിറപൂണ്ട ചുണ്ടുകളാല്‍ അയാള്‍ പുലമ്പി, "ഇല്ല, ഇല്ല"

"നീ അവളെ അനുഗ്രഹിക്കണം, മൗനമായിട്ട്‌" എങ്ങിനേയോ സമനില തിരിച്ചെടുത്ത്‌ അവള്‍ പറഞ്ഞു.എന്നിട്ട്‌ അവള്‍ മകളെ വിളിച്ചു.
"മോളേ, നമ്മുടെ ജോലിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ ഇപ്പോള്‍ത്തന്നെ കൊടുക്കാം. നേരം വെളുത്താല്‍പ്പിന്നെ സമയം കിട്ടില്ല"

സ്നേഹലത പൊതികളുമായെത്തി."

ആ പച്ചപ്പൊതി വേലായുധനു കൊടുക്കൂ മോളേ"
അവള്‍ ആ പൊതി അയാള്‍ക്കു വച്ചുനീട്ടി.വിറക്കുന്ന കരങ്ങള്‍കൊണ്ട്‌ അയാള്‍ അതു വാങ്ങി.

മനസിന്റെ കിളിക്കൂട്ടില്‍ പിതൃസ്നേഹത്തിന്റെ കൊച്ചുകിളി ചിറകിട്ടടിച്ചു.അയാളുടെ കൈ അവളുടെ ശിരസ്സില്‍ തൊടാന്‍ നീണ്ടു.അവള്‍ ഞെട്ടി പിന്നോട്ടു മാറി. എന്നിട്ട്‌ പളുങ്കുപോലെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അകത്തേക്കോടിപ്പോയി.പിറകെ സുഭദ്രയും.

അയാള്‍ക്കു വികാരാവേശം കൊണ്ടു വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു.
വിറക്കുന്ന കൈകള്‍കൊണ്ട്‌ അയാള്‍ ആ പൊതിയഴിച്ചു.

വെട്ടിത്തിളങ്ങുന്ന ഒരു കസവുമുണ്ട്‌.ജീവിതത്തിലാദ്യമായി അയാള്‍ ഒരു കസവുമുണ്ടിനുടമയായിരിക്കുന്നു.

അയാള്‍ ആ മുണ്ടുടുത്തു. എന്നിട്ട്‌ ആവേശിതനെപ്പോലെ കോടാലിയെടുത്ത്‌ മുറ്റത്തേങ്ങിറങ്ങി.

അയാള്‍‌ അവിടെ കൂട്ടിയിട്ടിരുന്ന വിറകുമുട്ടികളിലോരോന്നും അനാവശ്യമായ ഊക്കോടെ വെട്ടിക്കീറാന്‍ തുടങ്ങി.
വിറകുകഷണങ്ങള്‍ ചീളുകളായി നാലുപാടും തെറിച്ചു.

"എന്താ ഈ വേലായുധനു? നിര്‍ത്തടാ", ഒരായിരം ശബ്ദങ്ങള്‍ ഒരു തേനീച്ചക്കൂട്ടം പോലെ അയാളുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു.

അയാള്‍ നിര്‍ത്തിയില്ല.കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ കൂടുതല്‍ കൂടുതല്‍ ഊക്കോടെ അയാള്‍ ആ മരമുട്ടികളില്‍ ആഞ്ഞാഞ്ഞു കൊത്തി.ഒരു ഭ്രാന്തനെപ്പോലെ......

*' താമരനൂലുകണക്കെ' എന്ന പ്രയോഗത്തിനു കേശവദേവിന്റെ ഓടയില്‍നിന്ന്‌ എന്ന ആഖ്യായികയോടു കടപ്പാട്‌.

8 comments:

വേണു venu said...

മാഷേ,
നല്ല കഥ. ഒഴുക്കുള്ള എഴുത്തു്.
നാലുപാടും തെറിച്ച വിറകുകഷണങ്ങളുടെ‍ ചീളുകളിലുടെ വേലായുധന്‍റെ മനസ്സു കോറിയിട്ടവസാനിപ്പിച്ച ഈ കഥ എനിക്കിഷ്ടപ്പെട്ടു.
ആ കിണ്ടിയിലെ എണ്ണ ഒപ്പിച്ച ഹാസ്യവും രസിപ്പിച്ചു.


ഓ.ടൊ.
ബൂലോക മലയാളത്തില്‍ ഈ വാക്കുകള്‍ പുതിയതാണെന്നെനിക്കു തോന്നി.
ആല്‍മഗതിച്ചു.
അതിക്രമഭാരം.

ആവനാഴി said...

വേണു മാഷെ,

എന്റെ കഥ വായിച്ചതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും വളരെ നന്ദിയുണ്ട്. അങ്ങയുടെ നിരീക്ഷണങ്ങളെ ഞാന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

Unknown said...

വളരെ നല്ലൊരു കഥ.

വായിച്ചു കഴിഞ്ഞപ്പോള്‍ ഉഗ്രനൊരു (അഗ്രജനല്ലാട്ടാ)കല്ല്യാണ സദ്യയുണ്ട സന്തോഷം.

യഥാതഥമായ രചനാശൈലി.

ശരിക്കുമൊരു കല്ല്യാണവീട്ടിലെത്തിയ അനുഭവം തന്നു.അഭിനന്ദനങ്ങള്‍.

ആവനാഴി said...

പൊതുവാളാ,

നിരിക്ഷണങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.
ആവനാഴി

Siju | സിജു said...

നല്ല കഥ
മനസ്സിരുത്തിന്‍ തന്നെ വായിച്ചു

ആവനാഴി said...

സിജു,

എന്റെ കഥ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതില്‍ വളരെ സന്തോഷിക്കുന്നു. നന്ദി.

ആവനാഴി

കുറുമാന്‍ said...

രാഘവേട്ടാ, ഇന്നാ ഈ കഥ വായിക്കുന്നത്. മുന്‍പ് വായിക്കാഞ്ഞതെന്റെ തെറ്റ്...അതി മനോഹരമായിരിക്കുന്നു.

സുധി അറയ്ക്കൽ said...

ഇന്നാണു കാണുന്നേ.നന്നായിരിക്കുന്നു.

 

hit counter
Buy.com Coupon Code