Wednesday, February 10, 2010

അങ്ങനെ ഒരു വികലാംഗൻ

കേരളത്തിലെ ട്രാൻസ്പോർട്ടു ബസ്സുകളിൽ ഒരു നല്ല കാര്യം ചെയ്തിട്ടുണ്ട്. അതായത് രണ്ടു സീറ്റുകൾ വികലാംഗർക്കുവേണ്ടി നീക്കി വച്ചിരിക്കുന്നു. സീറ്റുകൾക്കു മുകളിൽ ബസ്സിനകത്തു പാർശ്വഭാഗത്തായി വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട് “ വികലാംഗർ”.

കയ്യോ കാലോ നഷ്ടപ്പെട്ട നിർഭാഗ്യവന്മാർക്കു ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശം നമ്മുടെ സർക്കാർ നിയമപരമായി പരിരക്ഷിച്ചിരിക്കുകയാണു ആ റിസർവേഷനിലൂടെ.

കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയപ്പോൾ ഒരു “വിരുതൻ വികലാംഗനെ” കാണാനിടയായി.

ഒരു ദിവസം എറണാകുളത്തു ഒരു ചെറിയ ഷോ‍പ്പിംഗ് പരിപാടിയുമായി ഞാനും ധർമ്മദാരവും കൂടി മൂവാറ്റുപുഴയിൽ നിന്നു രാവിലത്തെ ട്രാൻസ്പോർട്ടിൽ യാത്ര തിരിച്ചു. ഷോപ്പിംഗ് ചെറുതായിരുന്നെങ്കിലും അതു കഴിഞ്ഞപ്പോൾ രാത്രി ഏഴു മണിയായി. ചെന്നൈ സിൽക്കിന്റെ മുമ്പിൽ നിന്നു ഒരു ഓട്ടോ പിടിച്ചു ട്രാൻസ്പോർട്ടു ബസ് സ്റ്റാന്റിലെത്തിയപ്പോൾ മൂവാറ്റുപുഴക്കുള്ള ബസ്സ് റെഡിയായി നിൽക്കുന്നു.

സ്ത്രീകൾക്കു മാത്രം നീക്കി വച്ചിരിക്കുന്ന സീറ്റിൽ ധർമ്മദാരത്തിനു ഇരിപ്പിടം കിട്ടി.

ഞാൻ നോക്കിയപ്പോൾ സീറ്റുകളൊന്നും ഒഴിവില്ല. ഒന്നു കൂടി കൂലങ്കഷമായി നോക്കിയ വാറെ അതാ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. വികലാംഗർക്കു നീക്കി വച്ചിരിക്കുന്ന രണ്ടു സീറ്റുകളിൽ ഒരെണ്ണം വേറൊരു യാത്രക്കാരൻ കരസ്ഥമാക്കിയിരുന്നു.

ഒഴിഞ്ഞു കിടന്ന സീറ്റിൽ ഞാനും ഉപവിഷ്ടനായി.

കയ്യിൽ ഷോപ്പിംഗ് ബാഗുകളുമേന്തി മൂവാറ്റുപുഴ വരെ നിന്നു യാത്ര ചെയ്യേണ്ടി വന്നില്ലല്ലോ എന്നുള്ള സന്തോഷം എന്റെ ഉള്ളിൽ തിരതല്ലുന്നുണ്ടായിരുന്നു.

ആ സന്തോഷം സഹയാത്രികനുമായി പങ്കു വെക്കാനും ഞാൻ മറന്നില്ല.

വീണ്ടും യാത്രക്കാർ കയറിക്കൊണ്ടേയിരുന്നു.

സൂചി കുത്താൻ പഴുതില്ലാത്ത വിധം ബസ്സിനകം യാത്രക്കാരെക്കൊണ്ടു നിറഞ്ഞു.

അപ്പോഴതാ തൊട്ടടുത്തു നിന്നു ഒരു സ്വനം.

“സീറ്റു വേണം!”

ആ ശബ്ദം പുറപ്പെട്ട ദിക്കിലേക്കു ഞാനും സഹയാത്രികനും തിരിഞ്ഞു നോക്കി.

“സീറ്റു വേണമെന്നു പറഞ്ഞതു കേട്ടില്ലേ?”

നല്ല തടിമിടുക്കും ആരോഗ്യവുമുള്ള ഒരു മധ്യവയസ്കൻ!

“എന്താ, റിസർവേഷൻ ടിക്കറ്റാണോ?” ഞാൻ അയാളെ നോക്കി ചോദിച്ചു. റിസർവേഷനാണെങ്കിൽ ന്യായമായും അയാൾക്കു ഞാൻ സിറ്റൊഴിഞ്ഞു കൊടുക്കണമല്ലോ.

“എന്താ നിങ്ങളുടെ സീറ്റു നമ്പർ?”

അപ്പോൾ അയാൾ “വികലാംഗർ” എന്നെഴുതി വച്ചിടത്തേക്കു വിരൽ ചൂണ്ടി.
എന്നിട്ടു വീണ്ടും ആവർത്തിച്ചു.
“സീറ്റു വേണം”

ഒരു തരത്തിലുള്ള അംഗവൈകല്യവും അയാളിൽ കാണാത്തതിനാൽ ഞാൻ ചോദിച്ചു. “ താങ്കൾ വികലാംഗനാണോ?”

“അല്ലെങ്കിൽ ചോദിക്കുമോ?” അയാൾ ഒരു മറു ചോദ്യമെറിഞ്ഞു.

അപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ എന്റെ സഹയാത്രികൻ ഉരിയാടി.“അയാൾ ഇരിക്കട്ടെ. നമുക്കു ഒന്നരാടം വിട്ടു എഴുനേറ്റു നിൽക്കാം സാറെ”

സഹയാത്രികൻ എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു.

“വേണ്ട സാറെ; ഞാനല്ലേ അവസാനം വന്നത്. ഞാൻ എഴുനേറ്റു നിൽക്കാം”

ഇത്രയും പറഞ്ഞു ഞാൻ എന്റെ ഷോപ്പിംഗ് ബാഗുകൾ പൊക്കിയെടുത്തു എഴുനേറ്റുനിന്നു.

“വികലാംഗനാകട്ടെ” വിസ്തരിച്ചു എന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അന്യായമാണു അയാൾ ചെയ്തതു എന്നു സഹയാത്രികനു ബോദ്ധ്യമായതിനാൽ എനിക്കു എങ്ങിനേയും ഒരു സീറ്റു ഉടനെ തരപ്പെടണം എന്ന ആഗ്രഹത്തോടെ അദ്ദേഹം കണ്ടക്റ്ററോടൂ ചോദിച്ചു. “സാറേ, ഇവിടെ അടുത്തു ഇറങ്ങുന്നവരാരെങ്കിലുമുണ്ടോ?”

“തൃപ്പൂണിത്തുറ എത്തിയാൽ, ദാ ആ പുറകിലെ സീറ്റിൽ ഒരാൾ ഇറങ്ങും”

കണ്ടക്റ്റർ പ്രതിവചിച്ചു.

അങ്ങിനെ തൃപ്പൂണിത്തുറ വരെ തിക്കിലും തിരക്കിലും പെട്ടു ഉഴറിയ എനിക്കു തൃപ്പൂണിത്തുറ എത്തിയപ്പോൾ സീറ്റു കിട്ടി.

“ഇങ്ങിനേയും വികലാംഗരോ?” എന്ന ചോദ്യം അപ്പോഴും എന്റെ ഉള്ളിൽ കിടന്നു ഉത്തരം കിട്ടാതെ വട്ടം കറങ്ങുന്നുണ്ടായിരുന്നു!

ആ ആനവണ്ടിയാകട്ടെ, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ മൂവാറ്റുപുഴ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
 

hit counter
Buy.com Coupon Code