Monday, October 27, 2008

ഗര്‍ഭപ്രേതം

ചക്രപാണി ജോത്സ്യര്‍ ഏഴരവെളുപ്പിന് എഴുനേറ്റു.

പഴുത്ത മാവിലയും ഉമിക്കരിയും ചേര്‍ത്തു ദന്തധാവനം ചെയ്തു. നേരെ കുളക്കടവിലേക്കു പോയി.

കിഴക്കോട്ടു തിരിഞ്ഞു നിന്ന് കൈക്കുമ്പിളില്‍ വെള്ളമെടുത്തു സൂര്യനെ ധ്യാനിച്ച് സലിലം ഭഗവാനു സമര്‍പ്പിച്ചു. മൂന്നു മുങ്ങി. ഈറനുമുടുത്ത് നേരെ പോയത് ഭഗവതിയുടെ കാവിലേക്കു.

അമ്മേ, ഭഗവതീ, മഹാമായികേ.

പോറ്റി നല്‍കിയ തീര്‍ത്ഥം കൈക്കുമ്പിളില്‍ വാങ്ങി ഭക്തിപൂര്‍‌വം പാനം ചെയ്തു. ചന്ദനം തൊട്ടു. തുളസിപ്പൂവ് ചെവിക്കിടയില്‍ തിരുകി.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചു വരുന്നതേ ഉള്ളു.

ഇറയത്തു ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കു.

“പാല്‍ക്കഞ്ഞി പാകമായിട്ടുണ്ട്. വിളമ്പട്ടെ?”

വെളുപ്പിനെ എഴുനേറ്റു കുളിച്ചു വിളക്കു കൊളുത്തി ഭര്‍ത്താവിനു പാല്‍ക്കഞ്ഞിയും പപ്പടം ചുട്ടതും ഉണ്ടാക്കുന്നതില്‍ ഭാഗീരഥി ഇതു വരെ ഭംഗം വരുത്തിയിട്ടില്ല.

കഞ്ഞി കുടി കഴിഞ്ഞു ജോത്സ്യര്‍ ഖോരാശാസ്ത്രത്തിലെ ചില ശ്ലോകങ്ങള്‍ വായിക്കാന്‍ തുടങ്ങിയപ്പോളാണു ഒരു മുരടനക്കം കേട്ടത്.

“ചാന്നനോ? എന്താ ചാന്നാ വിശേഷിച്ച്?”

“ആശാനേ, ആകപ്പാടേ കുഴപ്പം. കുടുംബത്തില്‍ കരകയറ്റമില്ല.” ചാന്നന്‍ മുറ്റത്തു പ്ലാവിന്റെ ചുവട്ടില്‍ ഇരുന്നു.

മുപ്പതുകളുടെ അവസാനമായിരുന്നു അതു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം. കീഴ്ജാതിക്കാര്‍ ഇറയത്തു കയറി ഇരിക്കാറില്ല.

“ഒന്നു പ്രശ്നം വച്ചു നോക്കണം ആശാനെ”

“എന്താ നാളു?”

“പൂഷം”

ചാന്നന്‍ പൂയത്തിനു പൂഷമെന്നാണു പറയുക.

ജോത്സ്യര്‍ രാശിചക്രം വരച്ച പലക മുന്നില്‍ വച്ചു സുബ്രഹ്മണ്യനെ ധ്യാനിച്ചു കവടി നിരത്തി.

“ദൈവാധീനത്തിനു കുറവു കാണുന്നു. വ്യാഴം മറഞ്ഞിരിക്കുന്നു.”

“കാലം കുറെ ആയി. ഒരു സമാധാനോമില്ല ആശാനേ”

“കണ്ടകശ്ശനി കാലമാണു. ചിങ്ങം കഴിയണം. ഒരു മാറ്റം വരും”

ജോത്സ്യര്‍ തുടര്‍ന്നു.

“ചില ബാധോപദ്രവങ്ങളും കാണുന്നുണ്ട്. ഒരു ഗര്‍ഭപ്രേതത്തിന്റെ ഉപദ്രവം ശക്തിയായി കാണുന്നു”

ചാന്നന്റെ മുഖത്തു പല വിധ വികാരങ്ങള്‍‍ മിന്നി മറഞ്ഞു.

അയാള്‍ കണ്ണടച്ചു ഗുരുകാരണവമ്മാരെ മനസ്സില്‍ ധ്യാനിച്ചു. വലതു കൈപ്പത്തി ശക്തിയായി മാറില്‍ അടിച്ചു.

“ആശാനേ, ഇനി ഒന്നു ഒഴിവു നോക്കിക്കേ. നെല്ലും പതിരും തിരിച്ചു സത്യം അറിയണം ആശാനേ! ”

“ഉം എന്താ പറഞ്ഞോളൂ”

“ആ ഗര്‍ഭ പ്രേതമില്ലേ ആശാനേ?”

“ഗര്‍ഭ പ്രേതം?” ജോത്സ്യര്‍ ആകാംക്ഷയോടെ ചാന്നന്റെ മുഖത്തേക്കു നോക്കി.

“ആ ഗര്‍ഭപ്രേതം. അതു ആണോ പെണ്ണോ? ”
 

hit counter
Buy.com Coupon Code