Saturday, June 9, 2007

ഏഴര വെളുപ്പിനു

ദുഫായില്‍നിന്നുള്ള എമറാത്ത് ഫ്ലൈറ്റ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ബാലന്‍ ചേട്ടന്‍ സ്കോര്‍പ്പിയോയില്‍ കായബലമുള്ള രണ്ടു ചുമട്ടുകാരുമായി വന്നു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

പെട്ടി കുട്ട വട്ടി ഇത്യാദി സാധനങ്ങള്‍ തലച്ചുമടായി ചുമന്നു ചുമട്ടുകാര്‍ സ്കോര്‍പ്പിയോയില്‍ നിക്ഷേപിച്ചു.

ബാലന്‍ ചേട്ടന്‍ കാലെടുത്ത് ആക്സിലറേറ്ററില്‍ വക്കുന്നതിനുമുമ്പേ ശകടം കയറു പൊട്ടിച്ച് എം.സി റോഡു വഴി റോക്കറ്റു വിട്ട മാതിരി‍‍ പാഞ്ഞു.

വീട്ടിലെത്തിയപ്പോള്‍ നേരം വെളുക്കാന്‍ ഇനിയും കിടക്കുന്നു മണിക്കൂറുകള്‍.

വണ്ടിയില്‍ നിന്നു മുറ്റത്തേക്കിറങ്ങിയ ഉടന്‍ കയ്യിലുണ്ടായിരുന്ന ടോര്‍ച്ച് പറമ്പിന്റെ തെക്കു പടിഞ്ഞാറേ മൂലയില്‍ നിന്നിരുന്ന ചൂണ്ടപ്പനയുടെ മണ്ടയിലേക്കടിച്ചു.

തീപ്പന്തം പോലെ രണ്ടു കണ്ണുകള്‍.

‘ഫയര്‍’

ഇതു കേട്ട പാതി കേക്കാത്ത പാതി ഒരു കിങ്കരന്‍ ഇരട്ടക്കുഴല്‍ തോക്കുമായി പനയുടെ ചുവട്ടിലേക്കോടി.

‘ഠേ’

വെടി പൊട്ടി.

‘ബ്ധീം’

മൃതിച്ച ഒരു മരപ്പട്ടി ധരണിപ്പുറത്തു വീണു.

‘തൊലിയുരിഞ്ഞ് നല്ലോണം തേങ്ങാക്കൊത്തു ചേര്‍ത്ത് വയ്ക്ക്. ചാറധികം വേണ്ട’

പ്രാതലിനു മരപ്പട്ടി പെരളനും പുട്ടും ചേര്‍ത്ത് ഒരു പിടി പിടിച്ചു.

പിന്നെ ഒരു മൊന്ത ചായ മോന്തി ഏമ്പക്കം വിട്ട് പൂമുഖത്ത് ചാരുകസാലയില്‍ വന്നിരുന്നു.

അപ്പോഴാണു ഷെവലിയാര്‍ ചക്രപാണികൈമള്‍ രാവിലെ പശുവിനെ കറന്നു പാലുമായി ചായക്കടയിലേക്കു ഗേറ്റിനു മുമ്പിലൂടെ കടന്നു പോയത്.

‘അപ്പോള്‍, മാഷ് എപ്പോഴാണു വന്നു?’

‘ഏഴര വെളുപ്പിനു’

‘ഇനി എന്നൊക്കെയാണാവോ പോകും?’

‘മൂവന്തികളാകുമ്പം’

പിന്നെ കയ്യിലിരുന്ന പത്രം നോക്കി മൂന്നാറില്‍ നടക്കുന്ന ഇടിപൊളിയെപ്പറ്റി വായിച്ചു.

*****************

പകര്‍പ്പവകാശം: ആവനാഴി

Thursday, June 7, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 17

അഗ്നിനക്ഷത്രം ഉദിക്കണം എന്നു തന്നെയായിരുന്നു വിധി.

പിന്നെ താമസിച്ചില്ല.

പ്ലാവിന്‍‌കാതലും, ചന്ദനമുട്ടിയും, കര്‍പ്പൂരവും, ചന്ദനത്തിരികളും എല്ലാം കൂട്ടി വലിയൊരു ചിത കോളേജിന്റെ ഈശാനകോണില്‍ ബ്രാഹ്മമുഹൂര്‍ത്തത്തോടെ തയ്യാറായി.

കോളേജു വാര്‍ഷികത്തില്‍ പങ്കെടുത്ത ഓത്തന്‍‌മാരും ഓതിക്കന്‍‌മാരും അഗ്നിയെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങള്‍ ഉരുവിട്ടു ചിതയുടെ ചുറ്റും നിലകൊണ്ടു.

സര്‍വസംഹാരകനും സര്‍വരക്ഷകനുമായ അഗ്നി.

ജീവന്റെ നിലനില്‍പ്പിനു കാരണഭൂതനായ അഗ്നി അതിന്റെ സംഹാരത്തിനും ഹേതുവായിത്തീരുന്നല്ലോ. സ്വയം അഴുക്കുകളെ ഉള്‍ക്കൊള്ളാതെ അതു എല്ലാ മാലിന്യങ്ങളെയും നിര്‍മാര്‍ജ്ജനം ചെയ്യുന്നുവല്ലോ.

ഉത്താനായാമജനയന്‍‌ത്‌സുഷൂതം
ഭുവദഗ്നി:പുരുപേശാസുഗര്‍ഭ:
ഗിരിണായാം ചിഭക്തുനാമഹോഭി
രപരീവൃതോ വസതിപ്രചേതാ:

മലര്‍ന്നു കിടക്കുന്ന അരണിയില്‍ അഗ്നിഹോത്രത്തിനുവേണ്ടി അധര്യു മുതലായവര്‍ അഗ്നിയെ സംസൃഷ്ടിച്ചു. ആ അഗ്നിയാകട്ടെ പലവക വൃക്ഷങ്ങളില്‍ ഗര്‍ഭരൂപനായി ഭവിച്ചു. ഇരുട്ടിന്റെ സ്പര്‍ശമേല്‍ക്കാതെ അതുകൊണ്ടു തന്നെ അങ്ങ് തേജോമയനായി ഉത്തമജ്ഞാനയുക്തനായി പ്രകാശമാനമായി വര്‍ത്തിക്കുന്നുവല്ലോ.

അങ്ങിനെയുള്ള ഹേ അഗ്നേ, നീ മഥനം കൊണ്ട് എപ്രകാരം ക്ഷീരത്തില്‍ നിന്നു വെണ്ണ വേര്‍പെടുന്നുവോ അതു പോലെ ഈ ചമതക്കോലില്‍‍നിന്നു പ്രത്യക്ഷീഭവിച്ചാലും.

ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഓത്തന്‍‌മാര്‍ ചമത കടഞ്ഞു.

മഥനത്താലും മന്ത്രോച്ചാരണങ്ങളാലും സം‌പ്രീതനായ അഗ്നി ഒരു സ്ഫുലിംഗമായി അങ്കുരിച്ചു.

ഓത്തന്‍‌മാര്‍ ആ സ്ഫുലിംഗത്തെ കേരവൃക്ഷത്തിന്റെ നാരുകളില്‍ ആവാഹിച്ച് ഒരു ജ്വാലയാക്കിത്തീര്‍ത്തു.

പിന്നീട് മന്ത്രോച്ചാരണങ്ങളാല്‍ അഗ്നിയെ സ്തുതിച്ചുകൊണ്ട് ഉരുക്കിയ നവഘൃതത്തില്‍ മുക്കിയെടുത്ത പന്തത്തിലേക്കു അതിനെ പ്രകര്‍ഷിപ്പിച്ചു.

ജാജ്വല്യമാനമായി കത്തുന്ന ആ പന്തം പണ്ഡിതനും അനേകായിരം ശിഷ്യഗണങ്ങളാല്‍ സം‌പൂജിതനും മഹാനുഭാവനും ബ്രഹ്മചര്യാനുഷ്ടാനത്താല്‍ തേജസ്വിയും ആയ ഉദാരന്‍ മാസ്റ്റരുടെ ഹസ്തങ്ങളിലേക്കു സാദരം ആനയിക്കപ്പെട്ടു.

‘ഉല്പന്നമായതേതൊക്കെയോ അതെല്ലാമറിയാവുന്ന അല്ലയോ അഗ്നേ, അവിടത്തേ സ്തുതിക്കുന്ന ഋത്വിക്കുകളും പണ്ഡിതന്‍‌മാരായ യജമാനന്‍‌മാരും, രണ്ടുകൂട്ടരുമായ ഞങ്ങള്‍, അവിടുത്തെ സംബന്ധിച്ച മംഗല്യത്തില്‍ ക്ഷേമത്തില്‍ വര്‍ത്തിക്കുന്നു. അവിടുന്നു ഞങ്ങള്‍ക്കു ജീവിതോപയോഗിയായ ഗൃഹവാസോപയോഗിയായ ധേനു മുതലായ ധനവും ഏറ്റവും ആഹ്ലാദദായകമായി ധാരാളം ഭൃത്യന്‍‌മാരോടുകൂടിയ സല്‍പ്പുത്രസമ്പത്തുക്കളും തരുവാന്‍ കെല്‍പ്പുള്ളവനാകുന്നു. ആകയാല്‍, സകരുണം അവകളെ ഞങ്ങള്‍ക്കു തന്നരുളിയാലും.’ ഈ ഋഗ്വേദമന്ത്രം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് പരമശിവനേയും ചുടലഭദ്രകാളിയേയും പ്രത്യേകം വണങ്ങി സവിനയം ചിതയുടെ സവിധം പൂകി പന്തത്തില്‍ കത്തിക്കാളുന്ന അഗ്നിയെ ചിതയിങ്കലേക്കു സന്നിവേശിപ്പിച്ചു.

സം‌പ്രീതനായ അഗ്നിയാകട്ടെ ചിതയില്‍ സ്ഥാപിതമായിരുന്ന കര്‍‌പ്പൂരം, ചന്ദനമുട്ടി, പനസവൃക്ഷത്തിന്റെ കാതല്‍ ഇവളെ ആവോളം ആഹരിച്ചു ബലവാനായി വാനോളം ഉയര്‍ന്നു.

ടീച്ചര്‍ അഗ്നിയെ തന്റെ നാഥനായി വരിക്കുവാനായിക്കൊണ്ട് നീട്ടിപ്പിടിച്ച വരണമാല്യവുമായി മന്ദം മന്ദം മുന്നോട്ടു നീങ്ങി.

അവരുടേ ഓരോ കാല്‍‌വയ്പ്പിലും ചുറ്റും കൂടിയിരുന്ന കാണികളുടെ മനസ്സില്‍ ഭയത്തിന്റേയും ഭക്തിയുടേയും ആശ്ചര്യത്തിന്റേയും സമ്മിശ്രമായ വികാരവിക്ഷോഭമുണ്ടായി.

പെരുമ്പറയുടേയും, ശംഖനാദത്തിന്റേയും കുഴല്‍ കൊമ്പ് ഇത്യാദി വാദ്യവിശേഷങ്ങളുടേയും ഋഗ്വേദമന്ത്രോച്ചാരണങ്ങളുടേയും ശബ്ദധോരണിയില്‍ ടീച്ചര്‍ അഗ്നിയെ തന്റെ പ്രാണനാഥനായി മനസാ വരിച്ചുകൊണ്ട് ചിതയിലേക്കെടുത്തു ചാടി.

‘ഉഷേ, ഉഷേ’

ഈരേഴുലോകങ്ങളും ഞെട്ടിത്തെറിക്കുമാറ് ഉച്ചത്തില്‍ ഉല്‍ഘോഷിച്ചുകൊണ്ട് ഉദാരന്‍ മാസ്റ്റര്‍ ടീച്ചറെ തന്റെ കരവലയത്തിലാക്കി.

‘ഹെന്ത്’ എന്നുച്ചരിക്കാന്‍ പിളര്‍ന്ന ടീച്ചറുടെ ചുണ്ടുകളെ ശബ്ദം പുറത്തു വിടാന്‍ അസാധ്യമാകുമാറ് മാസ്റ്റര്‍ തന്റെ അധരങ്ങളുടെ തടവുകാരാക്കി.

ഇതു കണ്ടുകൊണ്ടാണ് ദിനകരന്‍ തന്റെ സ്വര്‍ണ്ണരശ്മികള്‍ പ്രസരിപ്പിച്ചുകൊണ്ട് അന്നുദയം ചെയ്തത്.

ആകാശത്ത് സന്നിഹിതരായിരുന്ന ഇന്ദ്രാദി ദേവതകള്‍ ആഹ്ലാദചിത്തരായി പുഷ്പവൃഷ്ടി നടത്തി.

**********************

കൃത്യം ഒരാഴ്ചക്കുശേഷം.

മധ്യധരണ്യാഴിക്കു മുകളിലൂടെ യൂറോപ്പു ഭൂഖണ്ഡത്തിന്റെ തെക്കു ഭാഗത്തുനിന്നു വന്ന വിമാനം ഫ്രഞ്ചു റിവീരക്കു മുകളിലുള്ള ആകാശദേശത്ത്‍ പ്രവേശിച്ചു.

അപ്പോള്‍ രണ്ടു പേര്‍ ആ വ്യോമയാനത്തില്‍ നിന്നു താഴേക്കു ചാടി.

ഭൂമിയെ സ്പര്‍ശിക്കാന്‍ ഏതാണ്ട് നാലായിരം അടി ബാക്കി നില്‍ക്കേ വര്‍ണ്ണഭംഗിയാര്‍ന്ന പാരച്യൂട്ടുകള്‍ വിടരുകയും രണ്ടു പേരും കൈ കോര്‍ത്തുപിടിച്ച് താഴേക്കു മന്ദം മന്ദം നിപതിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ അതില്‍ ഒരാള്‍ മറ്റേ ആളോടു ചോദിച്ചു.

‘ഉദാരേട്ടാ, എന്റെ പേരു നേരത്തെ അറിയാമായിരുന്നോ ഉദാരേട്ടനു?’

‘ഒഫ്കോഴ്സ്; യെസ്’

‘എന്നിട്ടേന്താ നേരത്തെ എന്റെ കഴുത്തില്‍ ഒരു കറുത്ത ചരടു വാങ്ങി കെട്ടാത്തെ?’

‘അതിനു ചരടുവാങ്ങാന്‍ കായ് വേണ്ടേ ഡാര്‍‌ലിങ്?’

‘കാശില്ലാത്തൊരാളേ! ഒന്നു പോ ഉദാരേട്ടാ’

അതിനുത്തരമെന്നോണം, മാസ്റ്റര്‍ അങ്ങു താഴെ ഹരിതാഭമണിഞ്ഞുകിടന്ന റവീരയുടെ മാദകസൌന്ദര്യം നോക്കി മന്ദഹസിച്ചു.


**************


(അവസാനിച്ചു)

പകര്‍പ്പവകാശം: ആവനാഴി

Saturday, June 2, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 16

അവസാന ഇനം ടീച്ചറുടെ പദ്യപ്രശ്നോത്തരി.

തിരശ്ശീല പൊങ്ങിയപ്പോള്‍ പാലക്കാടന്‍ ചുരങ്ങളിലൂടെ ആഞ്ഞടിച്ച ഉഷ്ണക്കാറ്റ് കരിമ്പനയുടെ ഓലകളില്‍ തട്ടി ചൂളം വിളിച്ച് ശ്രീലങ്കയുടെ ഉള്‍പ്രവിശ്യകളില്‍ നിരനിരയായി നില്‍ക്കുന്ന തേയില‍ത്തോട്ടങ്ങള്‍ ലക്ഷ്യമാക്കി പലായനം ചെയ്തു.

രംഗം ഒരു വിവാഹവേദിയായി പരിണാമസിദ്ധാന്തം കൈക്കൊണ്ടതുകണ്ട് അന്ധാളിച്ച ജനം അന്ധാളിപ്പു മാറ്റാന്‍ തീപ്പെട്ടിക്കോള്ളി ഉരച്ചു ദിനേശുബീഡിക്കു തീകൊടുത്തു.

ഹാളിന്റെ ചുമരുകളില്‍ അര മീറ്റര്‍ ഇടവിട്ട് ഫയര്‍ എക്സ്റ്റിങ്ഗിഷറുകള്‍ ഫിറ്റു ചെയ്തിരുന്നതുകൊണ്ട് ഇനി ഒരു ഇന്‍ഫെര്‍ണോ വന്നാലും പുല്ലു പോലെ നേരിടാമെന്ന ധൈര്യമുണ്ടായിരുന്നു.

പൂക്കുല കുത്തിയ നിറപറക്കു മുന്നില്‍ എഴു തിരിയിട്ട നിലവിളക്കു കത്തിജ്വലിച്ചു.

വെള്ളിത്താലത്തില്‍ പഴുത്തുവിളഞ്ഞ ചെറുനാരങ്ങകള്‍ ഒരു കൊച്ചു മലയായി കുന്തിച്ചു നിന്നതിന്നടുത്ത് വാഴപ്പിണ്ടിയില്‍ കുത്തിനിര്‍ത്തിയ ചന്ദനത്തിരികള്‍ പാര്‍ഫം നിറഞ്ഞുകുമിഞ്ഞ ധൂമപാളികളെ എമിറ്റു ചെയ്ത് ഹാളു മുഴുവന്‍ പരിമളത്തിന്റെ പ്രേമസൌരഭം വിതറി.

ശങ്കുണ്ണി മാസ്റ്റര്‍ മുന്നോട്ടു വന്നു അനൌണ്‍സ് ചെയ്തു.

“മാന്യമഹാജനങ്ങളെ, നാം കാത്തു കാത്തിരുന്ന ആ സുമുഹൂര്‍ത്തം സമാഗതമായി. നമ്മുടെ ടീച്ചര്‍ ഈ രംഗവേദിയിലേക്ക് അനാഗതശ്മശ്രുവായി മന്ദം മന്ദം സമാഗതയായിക്കൊണ്ടിരിക്കുന്നു.”

ഓര്‍ക്കെസ്ട്രയുടെ നാദവിന്യാസത്തില്‍ തോഴിമാര്‍ ഒപ്പന ചൊല്ലി ടീച്ചറെ രംഗത്തേക്കാനയിച്ചു.

പിന്നണിയില്‍ വില്ലടിച്ചാന്‍ പാട്ടിന്റേയും പരിചമുട്ടുകളിയുടേയും വടക്കന്‍ പാട്ടിന്റേയും ചവിട്ടുനാടകത്തിന്റേയും സമ്മിശ്രമന്ദ്രമധുരാരവാഘോഷം.

ഗജരാജവിരാജിതമന്ദഗതിയായി വരണമാല്യവുമേന്തി ടീച്ചര്‍ രംഗപ്രവേശം ചെയ്തു.

റിക്റ്റര്‍ സ്കെയിലില്‍ 7.9

തോഴിമാര്‍ ആദാബു പറഞ്ഞു രണ്ടടി പിന്നാക്കം മാറി താലമേന്തി നിലകൊണ്ടു.

ടീച്ചറുടെ കരിവണ്ടീന്‍ നിറം തോല്‍ക്കും ചികുരഭാരത്തില്‍ നിന്നു ഒരു ചുവന്ന റോജാപ്പൂ നസീര്‍വര്‍മ്മയെ നോക്കി കണ്ണിറുക്കി.

പതിവിന്‍ പടി വര്‍മ്മ കൊടുത്തയച്ചിരുന്ന റോജയായിരുന്നു അത്.

ടീച്ചറുടെ കരത്തില്‍ തൂങ്ങിക്കിടന്നിരുന്ന വരണമാല്യം തന്റെ കഴുത്തില്‍ വീഴുന്നത് നസീര്‍ വര്‍മ്മ സ്വപ്നം കണ്ടു.

പിന്നെ ആളിമാരില്‍ അതിസുന്ന്ദരിയായവളെ നോക്കി അയാള്‍ പ്രണയമസൃണമായി മനസ്സിലൊരു കഥകളിപ്പദമാടി.

“പനിമതിമുഖിബാലേ ചാരുശീലേ പെരുത്താരോമലേ മമ ഗേഹേ വരു നീയും”

എടി പെണ്ണേ നീയും പോരെ എന്റെ കൂടെ.

മത്സരത്തിനുള്ള സമയമായി.

“സഹൃദയരേ, ഇനി ടീച്ചര്‍ ഒരു പദ്യം ചൊല്ലും. അതില്‍ നിന്നു ടീച്ചറുടേ പേരു പറയുന്ന ആളെ ടീച്ചര്‍ ഈ സദസ്സില്‍ വച്ച് വിവാഹം കഴിക്കുന്നതാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ചോദിക്കാനുണ്ടെങ്കില്‍ പേരു പറഞ്ഞു സ്വയം പരിചയപ്പെടുത്തിയതിനുശേഷം ചോദിക്കാവുന്നതാണു.”

മാസ്റ്റര്‍ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ സഭയുടെ നടുവില്‍ നിന്നു വെള്ളത്താടിക്കാരനായ എണ്‍പതോടടുത്തു പ്രായം തോന്നുന്ന ഒരു ഹാജിയാര്‍ എഴുനേറ്റു നിന്നു.

“അന്റ പേരു അവറാനിക്ക.മലപ്പുറത്താണു വീട്. മൂന്നു നിക്കാഹു കയിഞ്ഞ്”

“എങ്കിലും ടീച്ചറിന്റെ മൊഞ്ചു കണ്ടപ്പോ ഒരു പൂതി. പേരു പറഞ്ഞാ ജ്ജ് കെട്ടുമോ അന്നെ?”

“തീര്‍ച്ചയായും” ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.

“പച്ചേ, മൂത്ത ബീവി ആമിനാക്കു ഹാലിളകും. ഒരു ബെടക്കു സൊപാവക്കാരിയാണു. അന്റെ എളേ ബീവിമാരെ ആമിനാക്കു കണ്ണെടുത്താല്‍ കണ്ടൂടാ ടീച്ചറേ”

“സ്പൌസല്‍ ജലസി. എ വുമണ്‍ വാണ്ട്സ് ടു കീപ് ഹര്‍ മാന്‍ ടു ഹഴ്സെല്‍ഫ്” ടീച്ചര്‍ അതിന്റെ മന:ശ്ശാസ്ത്രം വിശദീകരിച്ചു.

“അതിനു ബയീണ്ട് ടീച്ചറെ. പെരുന്തല്‍മണ്ണയില്‍ അഞ്ചാറു പീട്യമുറികള്‍ വാടക്കു കൊടുത്തിട്ടുണ്ട്. അതിലൊരാളെ ഒയിപ്പിച്ച് ടീച്ചറെ അവിടെ പാര്‍പ്പിക്കാം. ആമിനായുടെ കണ്ണു വെട്ടിച്ച് ഞാന്‍ ബരും ടീച്ചറേ, ഞാന്‍ ബരും ആയ്ച്ചേലൊരു തവണയെങ്കിലും”

“അതു മതി. പിന്നെ, എനിക്കു രണ്ടു പഴേ ചെരിപ്പു തരുമോ?”

“ഇതെന്താണപ്പാ പയേതാക്കണത്? പുതീത് മേങ്ങിച്ചു തരാലോ?”

“എനിക്കു അങ്ങയുടെ പഴയ രണ്ടു ചെരിപ്പുകളാണു വേണ്ടത്”

“അതെന്തിനാണപ്പാ?”

“അങ്ങില്ലാത്തപ്പോള്‍ അവിടത്തെ പാദരേണുക്കള്‍ പുരണ്ട പാദുകങ്ങള്‍ വച്ചാരാധിക്കാന്‍. എനിക്കതു മതി. അതു മാത്രം”

അപ്പോള്‍ സദസ്സിന്റെ പുറകില്‍ നിന്നു വേറൊരു ചോദ്യം.

“ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശരിയായ പേരു പറഞ്ഞാല്‍?”

“അവരെയെല്ലാം ഞാന്‍ എന്റെ ഭര്‍ത്താക്കന്‍‌മാരായി സ്വീകരിക്കും.ദ്രൌപദിക്കു കാന്തന്മാര്‍ അഞ്ചായിരുന്നില്ലേ. എന്നിട്ട് വല്ല കുഴപ്പവുമുണ്ടായോ?”

ടീച്ചര്‍ ഉരുളക്കുപ്പേരിപോലെ മറുപടി നല്‍കി.

ചോദ്യോത്തരങ്ങള്‍ക്കു ശേഷം ശങ്കുണ്ണി മാസ്റ്റര്‍ മത്സരത്തിന്റെ നിബന്ധനകള്‍ വിശദീകരിച്ചു.

“ടീച്ചര്‍ പദ്യം ചൊല്ലിയതിനു ശേഷം അര മണിക്കൂര്‍ സമയം അനുവദിക്കും.”

“ഓരോരുത്തരുടെയും ഇരിപ്പിടത്തിനു താഴെ കടലാസും പെന്‍സിലും അടക്കം ചെയ്ത ചെറിയ ബാഗു വച്ചിട്ടുണ്ട്. ആ സമയത്തിനുള്ളില്‍ പേരു കണ്ടു പിടിക്കുന്നവര്‍ കടലാസില്‍ പേരെഴുതുക. അതിനു താഴെ നിങ്ങളുടെ പേരും തിരിച്ചറിയല്‍ കാര്‍‌ഡിലെ നമ്പറും രേഖപ്പെടുത്തണം. സംഘാടകസമിതി നിയോഗിച്ചിട്ടുള്ള വാളണ്ടിയര്‍മാര്‍ കടലാസുതുണ്ടുകള്‍ ശേഖരിച്ച് സ്റ്റേജില്‍ വച്ചിരിക്കുന്ന കുടത്തില്‍ നിക്ഷേപിക്കുന്നതാണ്.ശരിയുത്തരം നല്‍കിയവരെ ടീച്ചര്‍ ഈ വേദിയില്‍ വച്ചു വിവാഹം കഴിക്കുന്നതായിരിക്കും”

“ഓവര്‍ ടു യൂ ടീച്ചര്‍”

ടീച്ചര്‍ കണ്ഠശുദ്ധി വരുത്തി ആലപിച്ചു.

“മമ നാമസ്യ പൂര്‍‌വാര്‍‌ദ്ധം ഉദകേ സലിലേ നഹി
ഉത്തരാര്‍‌ദ്ധമതാകട്ടെ വൃഷഭേ കളഭേ നഹി
ബാലാര്‍ക്കനെന്റെ നാമത്തില്‍ ലത വൃക്ഷത്തിലെന്നപോല്‍
കഥിക്കൂ അവിലും പഴവും നല്‍കാം പേരെന്റെ ശാരികേ”

ഇതു മൂന്നു പ്രാവശ്യം ചൊല്ലി തന്റെ പാണിഗ്രഹണത്തിനു യോഗ്യനായ പുമാനെ കാത്തു നിലകൊണ്ടു.

“യുവര്‍ ടൈം സ്റ്റാര്‍ട്സ് നൌ”

വിവാഹാര്‍ത്ഥികള്‍ തല പുകഞ്ഞാലോചിച്ചു.

ചിലര്‍ കേട്ട പാടെ കടലാസില്‍ പേരെഴുതി ആരും കാണാതെ മടക്കി പിടിച്ചു.

അര മണിക്കൂര്‍ കഴിഞ്ഞു വാളണ്ടിയര്‍മാര്‍ കടലാസുതുണ്ടൂകള്‍ ശെഖരിച്ച് കുടത്തില്‍ നിക്ഷേപിച്ചു.

അഡ്ജൂഡിക്കേറ്റേഴ്സ് ഓരോരുത്തരാ‍യി തുണ്ടുകടലാസുകള്‍ നിവര്‍ത്തി എഴുതിയ ആളുടെ പേരും ടീച്ചറുടെ പേരും ഉറക്കെ വായിച്ചു.

ശക്തി നമ്പീശന്‍: വസന്തകോകിലം

പരശുരാമപ്പണിക്കര്‍: ശാര്‍ദ്ദൂലവിക്രീഡിത

അഷ്ടവക്ത്രന്‍ നായര്‍ : കോമളവല്ലി

അവറാനിക്ക: കുഞ്ഞാമിന

പൂന്തോട്ടത്തില്‍ വാറപ്പന്‍ മുതലാളീ: ചിമ്മാരു മറിയം

നസീര്‍ വര്‍മ്മ: മൃഛകടിക

എന്നിങ്ങനെയുള്ള പേരുകളായിരുന്നു അവ.

ഉദാരന്‍ മാസ്റ്റര്‍ മത്സരത്തില്‍ പങ്കെടുത്തില്ല. അതിനാല്‍ തുണ്ടുകടലാസുണ്ടായില്ല.

ആരും ശരിയായ പേരു സമര്‍പ്പിക്കാത്തതുകൊണ്ടു ടീച്ചര്‍ അതീവ ദു:ഖിതയായി കാണപ്പെട്ടു.

അവര്‍ ഹതാശയാല്‍ കലിപൂണ്ട ഒരു ദുര്‍ഗ്ഗയായി മാറി.

“എനിക്കിനി ഇഹലോകവാസം വേണ്ട. ചിത പൂട്ടൂ. ഞാന്‍ എന്റെ കാന്തനായി അഗ്നിയെ വരിക്കും അഗ്നിയെ.”

ടീച്ചറുടെ ശബ്ദം ഒരാജ്ഞയായി ഹാളില്‍ മുഴങ്ങി.

സദസ്യര്‍ അല്‍ഭുതപരതന്ത്രരായി നിലകൊണ്ടു.

ടീച്ചര്‍ ഗര്‍ജ്ജിച്ചു.

“ഉം ചിതയൊരുക്കൂ”

“ശങ്കുണ്ണി മാഷേ, അങ്ങെന്താണു നിഷ്ക്രിയനായിരിക്കുന്നത്. ഉം വേഗമാകട്ടെ. ചിതയൊരുക്കാനുള്ള സന്നാഹങ്ങള്‍ ചെയ്യൂ”

“ചമതയും ദര്‍ഭയും ചന്ദനവും പ്ലാവിന്‍‌കാതലും കര്‍പ്പൂ‍രവും കൊണ്ടു തീര്‍ക്കൂ ചിത ഈ കോളേജങ്കണത്തിന്റെ ഈശാനകോണില്‍. ആളിക്കത്തുന്ന അഗ്നിജിഹ്വകളില്‍ ഞാന്‍ വിലയം പ്രാപിക്കട്ടെ. അഗ്നിദേവന്റെ ധര്‍മപത്നിയായി ഞാന്‍ ഇഹലോകവാസം പരിത്യജിക്കട്ടെ”

ടീച്ചര്‍ ആവേശിതയായി കാണപ്പെട്ടു.

മാസ്റ്റര്‍ സമാധാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.

“നിങ്ങള്‍ ചിത നിര്‍മിക്കുന്നില്ലെങ്കില്‍ വേണ്ട. ഞാനിതാ ഈ നിമിഷം മുതല്‍ ഈ കോളേജങ്കണത്തില്‍ ജലപാനം പോലും ഉപേക്ഷിച്ച് ഒറ്റക്കാലില്‍ നിന്നു സൂര്യദേവനില്‍ ദൃഷ്ടി പതിപ്പിച്ച് ജീവത്യാഗം ചെയ്യും. ഇതു സത്യം, ഇതു സത്യം, ഇതു സത്യം.”

തനിക്കു മുന്നില്‍ ഈ രണ്ടു വഴികള്‍ മാത്രമേ ഉള്ളു എന്നു ടീച്ചര്‍ ശഠിച്ചപ്പോള്‍ രണ്ടിലൊന്നു അഡ്ജൂഡിക്കേറ്റേഴ്സ് തീരുമാനിക്കട്ടെ എന്നു ശങ്കുണ്ണി മാസ്റ്റര്‍ കല്‍പ്പിച്ചു.

ഉടന്‍ ഒരു രഹസ്യ വോട്ട് എടുക്കപ്പെട്ടു.

ഫലം.

രണ്ടു വോട്ട് ചിതയില്‍ ചാടാന്‍; മറ്റേ രണ്ടെണ്ണം സൂര്യനില്‍ ദൃഷ്ടി നട്ട് ആല്‍മത്യാഗം ചെയ്യാനും.

“സുഹൃത്തുക്കളെ, വീണ്ടും ഒരു ടൈ ആയിരിക്കുന്നു.”

ഇനി എന്തു ചെയ്യും എന്നു മാസ്റ്റര്‍ കൂലങ്കഷമായി ചിന്തിച്ചു.

ഒരു മാര്‍ഗ്ഗം തെളിഞ്ഞുകിട്ടിയ ആഹ്ലാദത്തില്‍ മാസ്റ്റര്‍ ഉദാരന്‍ മാസ്റ്ററുടെ അടുത്തു ചെന്നു.

“മാഷെ ഒരൊറ്റ രൂപ തരുമോ?”

പോക്കറ്റു കുടഞ്ഞു കാട്ടിക്കൊണ്ടു ഉദാരന്‍ മാസ്റ്റര്‍ പ്രതിവചിച്ചു.

“എലിവിഷം മേടിക്കാന്‍ പോലും ഒരു ചില്ലി എന്റെ പോക്കറ്റിലില്ല മാഷേ”

പിന്നെ ശങ്കുണ്ണി മാഷ് ഒട്ടു വൈകിച്ചില്ല.

അദ്ദേഹം നേരെ അണിയറയിലേക്കു നടന്നു. തന്റെ അരഞ്ഞാച്ചരടില്‍ കോര്‍ത്തിട്ടിരുന്ന ഓട്ടക്കാലണ ഊരി കയ്യില്‍ പിടിച്ചുകൊണ്ട് സ്റ്റേജിലേക്കു വന്നു.

ചോക്കു കൊണ്ടു അതിന്റെ ഒരു വശം അടയാളപ്പെടുത്തിയതിനുശേഷം മാസ്റ്റര്‍ ആ നാണയം സദസ്യരെ പൊക്കിക്കാണിച്ചു.

“സുഹൃത്തുക്കളെ. ഈ കാലണ നമുക്കു മാര്‍ഗ്ഗദര്‍ശിയാകട്ടെ.”

“ഞാനിതു മുകളിലേക്കെറിയാന്‍ പോവുകയാണു. അടയാളം ചെയ്ത വശം മുകളില്‍ കാണും വിധം വീണാല്‍ ടീച്ചര്‍ ചിതയില്‍ ചാടും”

ഇത്രയും പറഞ്ഞു മാസ്റ്റര്‍ കണ്ണടച്ചു ഈശ്വരനേയും കാര്‍ന്നമ്മാരേയും പരദേവതകളേയും മനസ്സില്‍ ധ്യാനിച്ചു ആ നാണയം ചുഴറ്റി മുകളിലേക്കൊരേറു കൊടുത്തു.

സദസ്യര്‍ ഒന്നടങ്കം നിശ്ശബ്ദരായി മുകളിലേക്കു ദൃഷ്ടി പായിച്ചു.


..................

(തുടരും)

പകര്‍പ്പവകാശം: ആവനാഴി
 

hit counter
Buy.com Coupon Code